ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. കനത്ത ചൂടിനെത്തുടർന്ന് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉഷ്ണതരംഗം അതിശക്തമായി തുടരുന്നതിനാൽ ഹീറ്റ്സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
44.9 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഞായറാഴ്ച്ച രേഖപ്പെടുത്തിയ താപനില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലും ഉഷ്ണതരംഗം അതിശക്തമാണ്. പല സ്ഥലങ്ങളിലും താപനില 46 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം 60 ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല ഡൽഹിൽ കുറച്ച് മാസങ്ങളായി കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ഡൽഹിയിലെ പല പ്രദേശങ്ങളിലും വാട്ടർ ടാങ്കറുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. വെള്ളം പാഴാക്കുന്നവർക്കെതിരെ പിഴയും ചുമത്തിയിട്ടുണ്ട്.