Sat. Jan 18th, 2025

 

ടോക്യോ: 48 മണിക്കൂറിനുള്ളില്‍ മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ള മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ജപ്പാനില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബ്ലുംബെര്‍ഗാണ് വാര്‍ത്ത പുറത്തുവിട്ടത്. ബാക്ടീരിയ മൂലമുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോമാണ് ജപ്പാനില്‍ പടരുന്നത്.

ജൂണ്‍ രണ്ട് വരെ 977 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 941 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 1999 മുതല്‍ പകര്‍ച്ചവ്യാധികളെ കുറിച്ച് പഠനം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസാണ് രോഗബാധയെ സംബന്ധിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.

നീര്‍ക്കെട്ടും തൊണ്ടവേദനയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ രോഗബാധ ഗുരുതരാവസ്ഥയിലേക്ക് എത്താം. ഇത്തരക്കാരില്‍ കൈകാലുകള്‍ക്ക് വേദന, നീര്‍ക്കെട്ട്, പനി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകും. ഒടുവില്‍ അവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ച് രോഗി മരിക്കാന്‍ വരെ സാധ്യതയുണ്ട്.

രോഗം ബാധിച്ചുള്ള ഭൂരിപക്ഷ മരണങ്ങളും 48 മണിക്കൂറിനുള്ളിലാണ് സംഭവിച്ചിട്ടുള്ളതെന്ന് ടോക്യോ വനിത മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെല്‍ കികുച്ചി പറഞ്ഞു.

‘രാവിലെ ഒരു രോഗിയുടെ കാലില്‍ വീക്കം ശ്രദ്ധയില്‍പ്പെട്ടാല്‍, അത് ഉച്ചയോടെ കാല്‍മുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും. മരണനിരക്ക് 30% ആണ്. നിലവിലെ അണുബാധകളുടെ കണക്ക് നോക്കുമ്പോള്‍ ജപ്പാനിലെ കേസുകളുടെ എണ്ണം ഈ വര്‍ഷം 2,500 ല്‍ എത്തും.’, കികുച്ചി കൂട്ടിച്ചേര്‍ത്തു.

കൈകളുടെ ശുചിത്വം പാലിക്കാനും ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടാനും കികുച്ചി അഭ്യര്‍ത്ഥിച്ചു. സാധാരണ രോഗം ആര്‍ക്കും വരാമെന്നും എന്നാല്‍ 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലാണ് കൂടുതല്‍ ബാധിക്കുകയെന്നും കികുച്ചി കൂട്ടിച്ചേര്‍ത്തു.

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജപ്പാനെ കൂടാതെ മറ്റ് പല രാജ്യങ്ങളിലും സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം അടുത്തിടെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. 2022 ന്റെ അവസാനത്തില്‍ കുറഞ്ഞത് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളെങ്കിലും ലോകാരോഗ്യ സംഘടനയ്ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് കേസുകളുടെ വര്‍ദ്ധനവ് ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.