Sat. Jan 18th, 2025

ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തി എടുത്തത് കുട്ടിയുടെ കൂട്ടുകാരായ എല്ലാവര്‍ക്കും ആദ്യ അലോട്ട്‌മെന്റില്‍ തന്നെ പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടി, രണ്ടാം അലോട്ട്‌മെന്റ് ആയിട്ട് പോലും 86 ശതമാനം മാര്‍ക്കുള്ള തനിക്ക് കിട്ടിയില്ലാ എന്ന സാഹചര്യമാണ്

കേരളത്തിലെ വിദ്യാഭ്യാസ കച്ചവടവല്‍ക്കരണത്തെ തന്റെ ജീവിതം കൊണ്ട് ചോദ്യം ചെയ്താണ് 2004 ജൂലൈ 22 ന് രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്യുന്നത്. വെള്ളറട പാട്ടക്കുടിവിള സ്വദേശിയായിരുന്ന രജനി അടൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ, പഠന തുടരാന്‍ സാധിക്കാതെ വന്നതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന രജനി പഠനം തുടരാനായി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് വായ്പ നിഷേധിച്ചു. ഇതില്‍ മനം നൊന്തായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഹൗസിംങ് ബോര്‍ഡ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി രജനി ആത്മഹത്യ ചെയ്തത്.

രജനിയുടെ രക്തസാക്ഷിത്വത്തിന് 20 വയസ്സായിട്ടും വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനവല്‍കൃത കൊലപാതങ്ങള്‍ അവസാനിച്ചിട്ടില്ല. ഉന്നത പഠനം തുടരാന്‍ പണമില്ലത്തതിന്റെ പേരിലാണ് രജനി ആത്മഹത്യ ചെയ്തതെങ്കില്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ ഹാദി റുഷ്ദ എന്ന 15കാരി ആത്മഹത്യ ചെയ്തത് പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ്.

2024-2025 അധ്യായന വര്‍ഷത്തേയ്ക്കുള്ള പ്ലസ് വണ്‍ പ്രവേശന നടപടികള്‍ സംസ്ഥാനത്ത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ തനിക്ക് അഡ്മിഷന്‍ ലഭിച്ചില്ലാ എന്ന വിഷമത്തിലാണ് ഹാദി റുഷ്ദ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. എസ്എസ്എല്‍സിയ്ക്ക് 85 ശതമാനത്തിലധികം മാര്‍ക്കുള്ള ഒരു കുട്ടിയ്ക്ക് മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് സീറ്റ് ലഭിച്ചില്ലാ എന്ന വിഷയം വിരല്‍ചൂണ്ടുന്നത് ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലേയ്ക്കാണ്.

82,446 കുട്ടികളാണ് ഇത്തവണ മലപ്പുറം ജില്ലയില്‍ നിന്നും പ്ലസ് വണ്‍ പ്രവേശനത്തിന് മെറിറ്റില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. മറ്റുള്ള ജില്ലയില്‍ നിന്നും 7,606 ആപ്ലിക്കേഷന്‍ ഇത്തവണയുണ്ട്. ആകെ 49,620 മെറിറ്റ് സീറ്റാണ് ജില്ലയിലുള്ളത്. ഭിന്നശേഷിക്കാരുടെയും കൂട്ടി 50207 സീറ്റ്. ഒന്നാംഘട്ട അലോട്ട്‌മെന്റില്‍ 36,393 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചു. ഇതില്‍ 33,170 വിദ്യാര്‍ഥികള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചു.

രണ്ടാം ഘട്ടത്തില്‍ 2,437 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് അഡ്മിഷന്‍ ലഭിച്ചത്. 46,839 വിദ്യാര്‍ഥികള്‍ അവസരം കാത്തുനില്‍ക്കുമ്പോള്‍ ജില്ലയില്‍ ഇനി മെറിറ്റ് സീറ്റില്‍ ആകെ അവശേഷിക്കുന്നത് 14,600 സീറ്റുകള്‍ മാത്രമാണ്. ഇതും കൂടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ 32239 കുട്ടികള്‍ പഠനത്തിനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും.

ഹാദി റുഷ്ദ Screengrab, Copyright: Facebook

ഐക്യകേരളം രൂപീകരിക്കുമ്പോള്‍ സാമ്രാജത്വ പോരാട്ടങ്ങളുടെ അവശേഷിപ്പുകള്‍ പേറിയിരുന്ന മലബാര്‍ മേഖല തിരുവിതാംകൂര്‍, കൊച്ചി ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും പിന്നാക്കമായിരുന്നു. മുസ്ലീം ന്യൂനപക്ഷ മേഖലായ മലബാറിന്റെ പുരോഗതിയ്ക്ക് വേണ്ടത്ര താല്‍പ്പര്യം ഐക്യകേരളത്തില്‍ അധികാരത്തില്‍ വന്ന ഒരൊറ്റ ഭരണകൂടങ്ങളും എടുത്തില്ല. വിദ്യാഭ്യാസ പുരോഗതിയില്‍ മലബാര്‍ ഒഴികെയുള്ള ഭൂപ്രദേശങ്ങള്‍ ബഹുദൂരം മുന്നോട്ടുപോയപ്പോള്‍ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളോട് പൊരുതിയാണ് മലബാറിലെ ഓരോ വിദ്യാര്‍ഥിയും തങ്ങള്‍ക്കുള്ള വഴിവെട്ടിയത്. ഇന്ന് വിദ്യാഭ്യാസത്തില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം ഉറപ്പിച്ച് മലബാറിലെ കുട്ടികള്‍ കേരളത്തിനു തന്നെ അഭിമാനമാകുമ്പോഴും വിവേചനങ്ങളും അവഗണനകളും അതേപോലെ തുടരുകയാണ്.

ഹാദി റുഷ്ദ മലബാര്‍ മേഖലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിയാണ്. വിശേഷിച്ചും മുസ്ലീം ന്യൂനപക്ഷം ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ പെണ്‍കുട്ടി. വിദ്യാഭ്യാസത്തിലൂടെ സാമ്പത്തിക സ്വതന്ത്രരായ, സ്വയം പര്യാപ്തരായ പെണ്‍കുട്ടികള്‍ സ്വയം വഴിവെട്ടി നടക്കുന്ന കാലത്ത്, ഭരണകൂടങ്ങളുടെ നിരന്തരമായ അനാസ്ഥകള്‍ കൊണ്ട് വിദ്യാഭ്യാസം നേടാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഹാദി റുഷ്ദ സ്വയം മരണം തിരഞ്ഞെടുക്കുന്നത്. ഇത് സ്ഥാപനവല്‍കൃത കൊലപാതകമല്ലാതെ മറ്റെന്താണ്.

ഈ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് 4,25,563 കുട്ടികളാണ് എസ്എസ്എല്‍സി പാസായത്. മലപ്പുറം ജില്ലയിലെ 11,974 പേര്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി. രണ്ടാം സ്ഥാനം കോഴിക്കോടിനാണ്. 8563 പേര്‍ ഫുള്‍ എ പ്ലസ് നേടി. ഫുള്‍ എ പ്ലസ് കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 4934 പേരാണ് ജില്ലയില്‍ നിന്ന് ഫുള്‍ എ പ്ലസ് നേടിയത്. കണ്ണൂര്‍ ജില്ല 99.87 ശതമാനത്തോടെ സംസ്ഥാനത്ത് തന്നെ വിജയിച്ചവരില്‍ രണ്ടാം സ്ഥാനത്തായി. മലപ്പുറം ജില്ലയില്‍ 99.79 ശതമാനമാണ് എസ്എസ്എല്‍സി വിജയം.

പിന്നാക്കം നില്‍ക്കുന്ന ഒരു ഭൂപ്രദേശ വിജയശതമാനത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നത് കണക്കിലെടുത്ത് ഇത്തവണയെങ്കിലും കുട്ടികള്‍ക്ക് പഠനം തുടരാനുള്ള അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമായിരുന്നു. എന്നാല്‍ പ്ലസ് വണ്ണിന് ചേര്‍ന്ന് പഠിക്കാന്‍ സീറ്റില്ലാ എന്ന വിദ്യാര്‍ഥികളുടെ ആവശ്യം രാഷ്ട്രീയ പ്രേരിതം ആണെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് നിരാകരിക്കുകയാണുണ്ടായത്. എന്നാലിതാ ഉയര്‍ന്ന ഗ്രേഡ് ഉണ്ടായിട്ടും ഒരു കുട്ടി മലപ്പുറത്ത് സീറ്റ് കിട്ടാതെ ആത്മഹത്യ ചെയ്തിരിക്കുന്നു.

പരപ്പനങ്ങാടി എസ്എംഎന്‍എച്ച്എസ്എസില്‍ നിന്നാണ് ഹാദി റുഷ്ദ പത്താംതരം വിജയിച്ചത്. റുഷ്ദയുടെ ആത്മഹത്യ സീറ്റ് ലഭിക്കാത്തത് കൊണ്ടല്ല, മറിച്ച് മാനസിക പ്രശ്‌നങ്ങള്‍ മൂലമാണ് എന്നാണ് പരപ്പനങ്ങാടി പോലീസ് പറയുന്നത്. കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയില്‍ 5 A+ ലഭിച്ചിട്ടുണ്ടെന്നും എന്തോ മാനസിക പ്രശ്‌നമുള്ളതായി അറിഞ്ഞെന്നും പൊലീസ് പറയുന്നു. അതിന് ചികിത്സ തേടിയിട്ടുള്ളതായും പൊലീസ് പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതാണ് മരണകാരണം എന്ന് പൂര്‍ണമായി പറയാനാവില്ലെന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി Screengrab, Copyright: One India

റുഷ്ദയുടെ ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. ‘പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്നം ഇല്ലെന്നാണ് മനസിലാക്കുന്നത്. ഒന്നാംഘട്ട അലോട്ട്മെന്റ് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. രണ്ടാംഘട്ട അലോട്ട്മെന്റ് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് തുടങ്ങുന്നത്. മിക്കവാറും എല്ലാവര്‍ക്കും മൂന്നാമത്തെ അലോട്ട്മെന്റോട് കൂടി സീറ്റുകള്‍ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകളും ഉണ്ടാകും. ജൂണ്‍ 24ന് മാത്രമാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. അതിന് മുന്നോടിയായി തന്നെ എല്ലാ കുട്ടികള്‍ക്കും വിവിധ കോഴ്സുകളില്‍ പ്രവേശനം ഉറപ്പാകുന്നതാണ്.’, മന്ത്രി പറയുന്നു.

മലപ്പുറം ജില്ലയിലെ എല്ലാ മെറിറ്റ് സീറ്റുകളിലും അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ 32,239 കുട്ടികള്‍ പുറത്തുനില്‍ക്കുമെന്ന വസ്തുത നിലനില്‍ക്കെ ക്ലാസുകള്‍ തുടങ്ങുന്നതിനു മുമ്പേ എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ കിട്ടുമെന്ന് പറയുന്നതിലെ മന്ത്രിയുടെ യുക്തി എന്താണ് മനസ്സിലാക്കാന്‍ പറ്റുന്നില്ല. സര്‍ക്കാര്‍-എയ്ഡഡ് വിഭാഗത്തിലായി 52,600, അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 11,300, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്‌നിക് എന്നിവയെല്ലാമായി 4,800 എന്നിങ്ങനെയാണ് മലപ്പുറം ജില്ലയിലുള്ള സീറ്റുകള്‍. ഇതെല്ലാം കൂടി കൂട്ടിയാല്‍ 68,700 സീറ്റുകള്‍ വരും. എന്നാലും 14,000 കുട്ടികള്‍ പുറത്തുതന്നെ. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 11,300 സീറ്റുകള്‍ ഉണ്ടെങ്കിലും ഈ സീറ്റുകളില്‍ പണം കൊടുത്ത് പഠിക്കാനുള്ള സാമ്പത്തിക സ്ഥിതി എത്ര കുട്ടികള്‍ക്കുണ്ടാവും? ഇത്തരം യഥാര്‍ത്ഥങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല എന്നത് വിവേചനമല്ലാതെ മറ്റെന്താണ്?

“പ്ലസ് വണ്ണിന്റെ രണ്ടാമത്തെ അലോട്ട്‌മെന്റ് വന്നിട്ടും സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിലാണ് ഹാദി റുഷ്ദ ആത്മഹത്യ ചെയ്യുന്നത്. മലപ്പുറത്തെ വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന സമീപനവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരുകളുടെ നിസ്സംഗതയുടെയും ഭരണകൂട വിവേചനത്തിന്റെയും ഇരയാണ് യഥാര്‍തത്തില്‍ ഹാദി റുഷ്ദ. ഹാദി റുഷ്ദയുടെ ആത്മഹത്യ ഒരു സ്ഥാപനവല്‍കൃത കൊലപാതമായാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മനസ്സിലാക്കുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന രോഹിത് വെമുലയുടെ മരണവും മദ്രാസ് ഐഐടിയില്‍ സ്ഥാപനവല്‍കൃത വിവേചനത്തിന്റെയും പീഡനത്തിന്റെയും ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന ഫാത്തിമ ലത്തീഫയുടെയും മരണ പാശ്ചാത്തലവും ഹാദി റുഷ്ദയുടെ മരണ പശ്ചാത്തലവും തമ്മില്‍ ബന്ധമുണ്ട് എന്ന് പൊതു സമൂഹം തിരിച്ചറിയണം. ഒന്നര പതിറ്റാണ്ട് കാലമായി മാറി മാറി ഭരിച്ച മലപ്പുറം ജില്ലയോട് ഭരണകൂടങ്ങള്‍ തുടര്‍ന്നിട്ടുള്ള വിവേചനത്തിന്റെ രക്തസാക്ഷിയാണ് ഹാദി റുഷ്ദ.

മലബാറിലെ വിദ്യാര്‍ഥികള്‍ അങ്ങേയറ്റത്തെ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന സമയമാണ് ജൂണ്‍ മാസം. പ്രത്യേകിച്ചും പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍. ഇവിടെ സ്ഥാപനവല്‍കൃത കൊലാതകത്തിന് വിധേയമാക്കപ്പെട്ട ഹാദി റുഷ്ദ ആണെങ്കില്‍ പോലും 85 ശതമാനം മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിയാണ്. അത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പോലും രണ്ട് അലോട്ട്‌മെന്റ് കഴിയുമ്പോള്‍ തുടര്‍ പഠനത്തിന് അവസരം കിട്ടാത്ത സാഹചര്യം എന്തുകൊണ്ട് മലപ്പുറം ജില്ലയില്‍ മാത്രം സംജാതമാകുന്നു എന്നതിന് ഭരണകൂടം മറുപടി പറയണം. ഈയൊരു സാഹചര്യം തെക്കന്‍ കേരളത്തിലെ ഏതെങ്കിലും ജില്ലകളില്‍ ഉണ്ടോ എന്ന് സര്‍ക്കാര്‍ കണക്ക് വെച്ച് മറുപടി പറയാന്‍ സന്നദ്ധമാവണം.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീല്‍ അബൂബക്കര്‍ Screengrab, Copyright: Facebook

ഇത്ര ഭീകരമായ പ്രതിസന്ധിയും മാനസിക സംഘര്‍ഷങ്ങളും സാമൂഹിക വിവേചനങ്ങളും മലപ്പുറത്തെ കുട്ടികള്‍ അനുഭവിക്കുമ്പോഴും നിസ്സംഗമായ സമീപനം സ്വീകരിച്ച് നിയമസഭയില്‍ അടക്കം സത്യപ്രതിജ്ഞാ ലംഘനങ്ങള്‍ നടത്തി വ്യാജ കണക്കുകള്‍ ഉദ്ധരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടി കേരളത്തിന് അപമാനവും അദ്ദേഹം അടിയന്തമായി രാജിവെക്കുകയും ചെയ്യണം. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പഠിപ്പുമുടക്കി കൊണ്ടുള്ള വിഭ്യാഭ്യാസ സമരമാണ് ഹാദി റുഷ്ദയുടെ മരണത്തില്‍ ഭരണകൂടത്തിന്റെ ശ്രദ്ധ എത്തിക്കുന്നതിനു വേണ്ടി പ്രഖ്യാപിച്ചിട്ടുള്ളത്.’, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീല്‍ അബൂബക്കര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

“മരണത്തെ കുറിച്ച് പോലീസ് പറയുന്നത്, ആത്മഹത്യയിലെയ്ക്ക് നയിക്കാനുണ്ടായ കാരണം സീറ്റ് കിട്ടത്തതല്ല, സെക്കന്‍ഡ് അലോട്ട്‌മെന്റ് അല്ലെ ആയൊള്ളൂ. മൂന്നും നാലും ആലോട്ട്‌മെന്റുകള്‍ ബാക്കിയുണ്ടല്ലോ എന്നാണ്. കുട്ടി ഡിപ്രഷന്‍ ഉള്ളൊരു കുട്ടിയാണ്. കുട്ടിയ്ക്ക് ചികിത്സ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കാതില്‍ സര്‍ജറി കഴിഞ്ഞിട്ടുണ്ട് എന്നൊക്കെയാണ് പോലീസ് പറയുന്ന വാദം.

അങ്ങനെയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള കുട്ടിയാണെന്നിരിക്കട്ടെ, എങ്കില്‍ പോലും ആ സാഹചര്യത്തില്‍ കുട്ടിയെ ആത്മഹത്യ ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുത്തി എടുത്തത് കുട്ടിയുടെ കൂട്ടുകാരായ എല്ലാവര്‍ക്കും ആദ്യ അലോട്ട്‌മെന്റില്‍ തന്നെ പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടി, രണ്ടാം അലോട്ട്‌മെന്റ് ആയിട്ട് പോലും 86 ശതമാനം മാര്‍ക്കുള്ള തനിക്ക് കിട്ടിയില്ലാ എന്ന സാഹചര്യമാണ്. ഈ സാഹചര്യമാണ് കുട്ടിയെ അത്ര ഡിപ്രഷനിലെയ്ക്ക് കൊണ്ട് പോയതും ആത്മഹത്യയിലേയ്ക്ക് എത്തിച്ചതും. യഥാര്‍ത്ഥത്തില്‍ അവിടെ ആ സാഹചാര്യം സൃഷ്ടിക്കപ്പെട്ടതാണ് ആത്മഹത്യക്ക് കാരണം. ഇവിടെ പ്രതി സര്‍ക്കാരാണ്.

എങ്ങനെയാണ് മലബാറില്‍ സീറ്റ് പ്രതിസന്ധി വന്നു എന്നുള്ളത് പരിശോധിക്കേണ്ടതുണ്ട്. മലയാള ഭാഷ സംസാരിക്കുന്ന ഒരു സംസ്ഥാനം രൂപീകൃതമാവുമ്പോള്‍ ഭൂമിശാസ്ത്രപരമായി മലബാറില്‍ സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് തകര്‍ന്നുപോയ ഒരു പ്രദേശമാണ്. അതേസമയം, കൊച്ചിയും തിരുവിതാംകൂറും ആ കാലത്ത് തന്നെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. ആ അര്‍ത്ഥത്തില്‍ കേരളത്തെ പൊതുവായി എടുക്കുമ്പോള്‍ എല്ലാ വിഭവങ്ങളുടെയും വിതരണത്തില്‍ മലബാര്‍ താഴ്ന്നുനില്‍ക്കുന്ന പ്രദേശമാണ്. ആ നിലയില്‍ ആ പ്രദേശത്തിന് പ്രത്യേകമായ പരിഗണന കൊടുക്കേണ്ടത് അതാത് സര്‍ക്കാരുകളുടെ ബാധ്യത ആയിരുന്നു.

ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്ന പ്ലസ് വണ്‍ വിഷയത്തിലേയ്ക്ക് വന്നാല്‍, പ്ലസ് വണ്‍ സിസ്റ്റം കൊണ്ടുവരുന്നത് 1998 ലാണ്. അന്ന് ഈ സംവിധാനം വിതരണം ചെയ്യപ്പെട്ടപ്പോള്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മലബാറിലും കേരളത്തിലെ മറ്റു മേഖലകളെ പോലെ വിഭവങ്ങളുടെ തുല്യമായ വിതരണം നടന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നത് അന്നത്തെ സര്‍ക്കാരാണ്. അന്ന് ഭരിച്ചിരുന്നത് ഇകെ നായനാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഇന്ന് ഈ പ്രശ്‌നം ഇത്ര ഭീകരമാകാനുള്ള ഒന്നാമത്തെ കാരണം.

2006ലാണ് മലപ്പുറം ജില്ലയില്‍ വിജയഭേരി പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നത്. അതുവരെ 22 ഉം 28ഉം ശതമാനം മാത്രം വിജയം പത്താം ക്ലാസില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും വിജയഭേരി പദ്ധതി 70 ശതമാനം വിജയത്തിലേയ്ക്ക് എത്തിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും ഗ്രാമ പഞ്ചായത്തുകളെയും ചേര്‍ത്തുവെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് രാത്രിയില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ കൊടുത്ത് വിജയഭേരി പദ്ധതിയിലൂടെ ഒറ്റ വര്‍ഷം കൊണ്ട് 60 ഉം 70 ഉം ശതമാനത്തിലെയ്ക്ക് മലപ്പുറത്തിന്റെ വിജയ ശതമാനം വര്‍ധിപ്പിച്ചു. എന്ന് വെച്ചാല്‍ അത്രയും പ്ലസ് വണ്‍ സീറ്റുകള്‍ മലപ്പുറത്ത് ആവശ്യം വന്നു. അന്ന് ഭരിച്ചിരുന്ന ഭരണകൂടം ഈ മാറ്റം കണ്ടറിഞ്ഞ് അധികമായി മലപ്പുറം ജില്ലയെ പരിഗണിക്കണമായിരുന്നു. അന്ന് ഭരിച്ചിരുന്നത് വിഎസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ ആയിരുന്നു. അന്നും കാര്യമായ പരിഗണന കിട്ടാതിരുന്നത് രണ്ടാമത്തൊരു ദുരന്തം മലപ്പുറം മേഖലയില്‍ ഉണ്ടാക്കി.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് Screengrab, Copyright: Facebook

98 മുതല്‍ 2024 വരെ ആറു സര്‍ക്കാരുകളാണ് കേരളം ഭരിച്ചത്. ഇതില്‍ നാല് സര്‍ക്കാരുകളും ഭരിച്ചത് സിപിഎം ആണ്. രണ്ട് തവണ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ഒന്ന് നായനാര്‍ സര്‍ക്കാരിന് ശേഷം 2001 ല്‍ ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ആ സമയത്ത് എല്ലാ ഹൈസ്‌കൂളുകളെയും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ആക്കുകയും പുതിയ ബച്ചുകള്‍ അനുവദിക്കുകയും ചെയ്തു. അതിന് ശേഷം വന്ന വിഎസ് അച്ചുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് വിജയഭേരി പദ്ധതി നടപ്പാക്കുന്നത്. അന്നത്തെ അദ്ദേഹത്തിന്റെ പ്രശസ്തമായ പരാമര്‍ശം ഉണ്ടല്ലോ ‘മലപ്പുറത്തെ കുട്ടികള്‍ കോപ്പി അടിച്ചാണ് ജയിക്കുന്നത്’ എന്ന്. അന്ന് അദ്ദേഹം വിദ്യാര്‍ഥികളുടെ വിജയത്തെ പോസിറ്റീവ് ആയി കാണാതെ മറ്റൊരു അര്‍ത്ഥത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

അതിനു തൊട്ടുപിറകെ അധികാരത്തില്‍ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 1402 ബാച്ചുകള്‍ കേരളത്തില്‍ മൊത്തം അനുവദിച്ചു. അന്ന് 86000 കുട്ടികള്‍ക്ക് അവസരം കൊടുത്തു. അന്ന് ഏറ്റവും കൂടുതല്‍ സീറ്റ് കൊടുത്തത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ മാത്രം 42 ഓളം ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ആക്കി മാറ്റിയിട്ടുണ്ട്. മലബാറിലെ സീറ്റ് പ്രതിസന്ധിയ്ക്ക് കാരണമായി പറയാവുന്ന മറ്റൊന്ന് മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നയമാറ്റങ്ങളാണ്. ശാശ്വതമായി ഈ പ്രശ്‌നം പരിഹരിക്കാതെ കിടക്കുന്നതും ഇതുകൊണ്ടാണ്.’ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വോക്ക് മലയാളത്തോട് പറഞ്ഞു.

മലബാറിലെ/ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ തെക്കന്‍ ജില്ലയില്‍ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ മലബാറിലേയ്ക്ക് മാറ്റണമെന്നും ഹൈസ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പദവികള്‍ നല്‍കണമെന്നും കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ബാച്ച് കൂട്ടുന്നതിന് പകരം സീറ്റ് കൂട്ടി പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആണ് കാലകാലങ്ങളായി ഭരണകൂടങ്ങള്‍ നടത്തിയത്. ഇതോടെ 50 കുട്ടികള്‍ ഇരിക്കേണ്ട ക്ലാസില്‍ 70 വരെ കുട്ടികളെ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയായി. മലബാറിലെ സീറ്റ് ക്ഷാമം പഠിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയമിച്ച വി കാര്‍ത്തികേയന്‍ നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില ശുപാര്‍ശകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മലബാറില്‍ 150 ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകള്‍ വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്.

സ്‌കൂളുകളില്‍ ബാച്ച് അനുവദിച്ചാല്‍ അതോടൊപ്പം പുതിയ തസ്തികകളും അനുവദിക്കേണ്ടി വരും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് ഈ പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധിക ബാച്ചുകള്‍ കൊണ്ടുവരാന്‍ എന്താണ് തടസ്സമെന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഒന്നുങ്കില്‍ തെക്കന്‍ ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ മലബാര്‍ മേഖലയ്ക്ക് അനുവദിക്കുക, അല്ലെങ്കില്‍ കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പദവി നല്‍കുക. ഇതിനെല്ലാം മുമ്പ് ഈ വിഷയത്തില്‍ മലബാറിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന ആശങ്ക പരിഹരിക്കാനുള്ള നടപടികളിലേയ്ക്ക് അടിയന്തരമായി നീങ്ങുക. അല്ലെങ്കില്‍ ഇനിയും ഹാദി റുഷ്ദമാരുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം.

FAQs

എന്താണ് വിദ്യാഭ്യാസം?

അധ്യാപനവും അദ്ധ്യയനവും ചേരുന്നതാണ് വിദ്യാഭ്യാസം. ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് അറിവ് പകർന്നു നൽകപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.

എന്താണ് ആത്മഹത്യ?

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്.

എന്താണ് മലപ്പുറം ജില്ല?

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്.

Quotes

“ഏതൊരു സമൂഹത്തിന്‍റെയും പുരോഗതി ആ സമൂഹത്തിലെ വിദ്യാഭ്യാസ പുരോഗതിയെ ആശ്രയിച്ചിരിക്കുന്നു- ഡോ. ബി ആർ അംബേദ്ക്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.