Sun. Nov 17th, 2024

ആ സമയത്ത് 119 ത്തോളം ടീച്ചിംഗ് ഫാക്കല്‍റ്റിയെ വിവിധ പോസ്റ്റുകളില്‍ നിയമിച്ചു. സര്‍ക്കാരിന്റെ കണ്‍കറന്‍സ് ഇല്ലാതെ കൊച്ചിന്‍ സര്‍വകലാശാല തന്നെ ചെയ്തതാണ്. സര്‍ക്കാര്‍ അംഗീകരിച്ച പോസ്റ്റുകള്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടാത്ത പോസ്റ്റുകളുമായി കൂട്ടിക്കലര്‍ത്തി സംവരണം അട്ടിമറിച്ചു

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) യില്‍ അധ്യാപക നിയമനത്തില്‍ സംവരണം അട്ടിമറിച്ചെന്ന് ആക്ഷേപം. സര്‍ക്കാര്‍ അനുമതിയില്ലാത്ത സ്വാശ്രയ അധ്യാപക തസ്തികകള്‍ സംവരണ റോസ്റ്ററില്‍ ഉള്‍പ്പെടുത്തി സംവരണം അട്ടിമറിച്ച് അധ്യാപക നിയമങ്ങള്‍ വിജ്ഞാപനം ചെയ്തതായാണ് ആക്ഷേപം.

ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിസിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഡോ. പി ജി ശങ്കരന്റെ സേവന കാലാവധി അവസാനിക്കാന്‍ മൂന്നുമാസം മാത്രം ബാക്കി നില്‍ക്കെയാണ് തിരക്കിട്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കൂട്ടത്തോടെ നിയമിക്കുന്നത്.

കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന വിസിമാര്‍ സ്ഥിരം അധ്യാപക നിയമനങ്ങള്‍ നടത്താതിരിക്കുമ്പോഴാണ് കുസാറ്റിലെ താല്‍ക്കാലിക വിസി സംവരണം അട്ടിമറിച്ച് നിയമനങ്ങള്‍ നടത്താന്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികള്‍ ചട്ടവിരുദ്ധമായി മറ്റു ചില വകുപ്പുകളിലെയ്ക്ക് മാറ്റി വിജ്ഞാപനം ചെയ്താണ് പുതിയ നിയമനങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. സര്‍വകലാശാല അധികാരികള്‍ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ സംവരണ സീറ്റുകള്‍ അട്ടിമറിക്കുന്നത്.

വ്യാപകമായ അധ്യാപക നിയമനങ്ങള്‍ മൂലംകടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുസാറ്റില്‍ പുതിയ നിയമനങ്ങള്‍ കൂടി നടത്തുന്നതോടെ കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഉണ്ടാകും. കൂടാതെ അധ്യാപകരുടെ അധ്വാന ഭാരം പുനര്‍നിര്‍ണയം ചെയ്യാതെയാണ് പുതിയ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

കൊച്ചിന്‍ സര്‍വകലാശാല Screengrab, Copyright: Website/Cusat

അതേസമയം, സംവരണം പൂര്‍ണമായി അട്ടിമറിച്ചുകൊണ്ടുള്ള നിയമന വിജ്ഞാപനത്തിന്മേലുള്ള തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

സംവരണ അട്ടിമറി കുസാറ്റ് കാലങ്ങളായി ചെയ്യുന്നതാണെന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ജീവനക്കാരന്‍ വോക്ക് മലയാളത്തോട് പറഞ്ഞു. സ്വാശ്രയ കോളേജ് ആയ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിന്റെ മറവിലാണ് സംവരണ അട്ടിമറി പ്രധാനമായും നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

“പിഎസ്‌സി റൊട്ടേഷന്‍ ചാര്‍ട്ട് അനുസരിച്ചാണ് നിയമനം നടക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ മൂന്ന് റോസ്റ്റുകളുണ്ട്. ഈ റോസ്റ്റ് ഒരു കാരണവശാലും മിക്‌സ് ചെയ്യാന്‍ പാടില്ല. ഈ റോസ്റ്റില്‍ വരുന്ന വേക്കന്‍സി അനുസരിച്ചാണ് സാധാരണ നോട്ടിഫിക്കേഷന്‍ വരുന്നത്. പിഎസ്‌സിയുടെ അതേ ഫോര്‍മാറ്റ് ആണ് കൊച്ചിന്‍ സര്‍വകലാശാല പിന്തുടരുന്നത്.

സംവരണ കാറ്റഗറിയില്‍ ആര്‍ക്ക് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം. പക്ഷെ ഈ പോസ്റ്റ് പോകുന്നത് എപ്പോഴും ഓപ്പണ്‍ റിസര്‍വേഷന്‍ എന്ന രീതിയിലാണ്. റോസ്റ്ററില്‍ വേക്കന്‍സി എന്റര്‍ ചെയ്യുന്നത് രണ്ട് രീതിയിലാകാം. ഒരാള്‍ ജോലിയില്‍ കയറിയതിനു ശേഷം രാജി വെക്കുന്നു അല്ലെകില്‍ അയാള്‍ക്ക് മരണം സംഭവിക്കുന്നു. ഇങ്ങനെ വേക്കന്‍സി ഉണ്ടാകാം. സിന്‍ഡിക്കേറ്റ് വഴി അക്കാദമിക് കൗണ്‍സിലിന് പോസ്റ്റ് ക്രിയേറ്റ് ചെയ്യാം. ഇങ്ങനെ ക്രിയേറ്റ് ചെയ്യുന്ന പോസ്റ്റിന് സര്‍ക്കാരിന്റെ കണ്‍കറന്‍സ് വേണം.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കണ്‍സിസ്റ്റ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഉള്ള പോസ്റ്റുകള്‍ എല്ലാം അംഗീകാരമുള്ള പോസ്റ്റുകള്‍ ആണ്. അതിന് വേറെ റോസ്റ്റര്‍ ആണ് വേണ്ടത്. പക്ഷെ കൊച്ചിന്‍ സര്‍വകലാശാല സാധാരണ ചെയ്തു കൊണ്ടിരിക്കുന്നത്, പണ്ട് തൊട്ടേ ചെയ്യുന്നതാണ്, അതായത് സ്‌കൂള്‍ ഓഫ് എഞ്ചിനീറിങ് എന്ന് പറഞ്ഞ് ഒരു സെല്‍ഫ് ഫിനാന്‍സ് കോഴ്‌സ് തുടങ്ങി.

ആ സമയത്ത് 119 ത്തോളം ടീച്ചിംഗ് ഫാക്കല്‍റ്റിയെ വിവിധ പോസ്റ്റുകളില്‍ നിയമിച്ചു. സര്‍ക്കാരിന്റെ കണ്‍കറന്‍സ് ഇല്ലാതെ കൊച്ചിന്‍ സര്‍വകലാശാല തന്നെ ചെയ്തതാണ്. സര്‍ക്കാര്‍ അംഗീകരിച്ച പോസ്റ്റുകള്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടാത്ത പോസ്റ്റുകളുമായി കൂട്ടിക്കലര്‍ത്തി സംവരണം അട്ടിമറിച്ചു. സ്വാശ്രയ കോഴ്‌സുകള്‍ക്ക് ടീച്ചിംഗ് ഫാക്കല്‍റ്റിയെ ഒരിക്കലും സ്ഥിരനിയമനം ചെയ്യാന്‍ പാടില്ല. കാരണം ഇതിന് സര്‍ക്കാരിന്റെ കണ്‍കറന്‍സ് ഇല്ലല്ലോ. സര്‍ക്കാരിന് ഇക്കാര്യത്തെ കുറിച്ച് അറിയില്ലല്ലോ.

ഉദാഹരണത്തിന്, ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ വേക്കന്‍സി വരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇയാള്‍ വിരമിക്കും. റോസ്റ്റ് അനുസരിച്ച് ഈ വേക്കന്‍സി പോകേണ്ടത് ഒരു എസ്ടിക്കാണെന്ന് വെച്ചോ. ഈ പോസ്റ്റില്‍ ആരെയെങ്കിലും കയറ്റാന്‍ ആക്കാദമിക്ക് കൗണ്‍സിലും എല്ലാവരും ചേര്‍ന്ന് പദ്ധതി ഇട്ടിട്ടുണ്ടെങ്കില്‍ ആദ്യം ഒരു പോസ്റ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ ക്രിയേറ്റ് ചെയ്യും.

അത് ഈ റോസ്റ്ററുമായി കൂട്ടിക്കലര്‍ത്തും. അപ്പോള്‍ വേക്കന്‍സിയുടെ ഓര്‍ഡര്‍ തെറ്റും. പോസ്റ്റ് ഓപ്പണ്‍ റിസര്‍വേഷന്‍ ആവുകയും ചെയ്യും. ഓപ്പണ്‍ റിസര്‍വേഷന്‍ ആകാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ പോസ്റ്റ് ഓപ്പണ്‍ ആക്കിയിട്ട് അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം കൊടുക്കും. ഇങ്ങനെ ഉണ്ടാക്കിയ പോസ്റ്റ് കാന്‍സല്‍ ചെയ്തു കളയുകയും ചെയ്യും. കാരണം ഇങ്ങനെ ഉണ്ടാക്കുന്ന പോസ്റ്റില്‍ സ്ഥിര നിയമനം നടത്താന്‍ പറ്റില്ല. കോണ്‍ട്രാക്റ്റ് ബേസിലെ പറ്റൂ.

സ്ഥിരം നിയമനം കിട്ടിയ ഒരു ഫാക്കല്‍റ്റി ആണെങ്കില്‍ അയാളുടെ പോസ്റ്റ് നോട്ടിഫൈ ചെയ്തു കഴിഞ്ഞാല്‍ ആ റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ ഗസറ്റില്‍ പബ്ലിഷ് ചെയ്യണം. ഇത് പബ്ലിഷ് ചെയ്യാന്‍ പറ്റില്ല. സ്ഥിരം നിയമനമായി വിളിക്കാന്‍ പറ്റുകയുമില്ല. കോണ്‍ട്രാക്റ്റ് ആയി വിളിക്കാം. അങ്ങനെ ചാപിള്ള പോലെ കുറച്ച് പോസ്റ്റുകള്‍ ഈ റോസ്റ്റില്‍ കിടക്കുന്നുണ്ട്. ആരെയും നിയമിക്കുകയുമില്ല. പകരം സംവരണം അട്ടിമറിക്കാന്‍ വേണ്ടി മാറ്റിവെക്കുകയും ചെയ്യും.

കൊച്ചിന്‍ സര്‍വകലാശാല Screengrab, Copyright: Website/Cusat

ഇനി മറ്റൊരു കാര്യം ഏതൊരു വേക്കന്‍സിയും നോട്ടിഫൈ ചെയ്യണം എന്നാണ്. എല്ലാവര്‍ക്കും അവസരം കിട്ടണമല്ലോ. കൊച്ചിന്‍ സര്‍വകലാശാല ചെയ്തത്, കഴിഞ്ഞ വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്, ഇവര്‍ക്ക് വേണ്ടപ്പെട്ട ആളുകളെ തിരികി കയറ്റുകയാണ്. ഉദാഹരണത്തിന് അപ്ലെയ്ഡ് കെമിസ്ട്രിയില്‍ അസിസ്റ്റന്റ്‌റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് രണ്ട് ഓപ്പണ്‍ റിസര്‍വേഷന്‍ പോസ്റ്റ് വിളിച്ചു. എന്നിട്ട് രണ്ട് പേരെ എടുത്തു.

ആ റാങ്ക് ലിസ്റ്റില്‍ നിന്ന് തന്നെ അവിടുന്ന് റിട്ടയര്‍ ആയ രണ്ട് പേരുടെ വേക്കന്‍സിയിലേയ്ക്ക് രണ്ട് പേരെ നിയമിച്ചു. അതായത് രണ്ട് ഓപ്പണ്‍ പോസ്റ്റ് വിളിച്ചിട്ട് നാല് ഓപ്പണ്‍കാരെ നിയമിച്ചു. ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഏത് വേക്കന്‍സിയും നോട്ടിഫൈ ചെയ്യണം. അവിടെ ജോലി ചെയ്യുന്ന ഫാക്കല്‍റ്റിയ്ക്ക് മാത്രമേ നോട്ടിഫൈ ചെയ്യാതെ നിയമനം കൊടുക്കാന്‍ പാടുള്ളൂ. നോട്ടിഫൈ ചെയ്ത വേക്കന്‍സിയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ട് വര്‍ഷമാണ്.

മറ്റൊന്ന്, പോസ്റ്റ് നോട്ടിഫൈ ചെയ്യാതെ മൂന്നുപേരെ സര്‍വകലാശാല നിയമിച്ചിട്ടുണ്ട്. അതില്‍ ഒരു പോസ്റ്റ് പിഡബ്ല്യൂഡി (Persons with Disabilities) റിസര്‍വേഷന്‍ പോസ്റ്റാണ്. സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ് അനുസരിച്ച് 1.34.67 പോസ്റ്റുകള്‍ പിഡബ്യൂഡിയ്ക്ക് പോകണം. ഈ പോസ്റ്റിലാണ് അപ്ലെയ്ഡ് കെമിസ്ട്രിയില്‍ നിയമനം നടത്തിയത്. എന്ന് റാങ്ക് ലിസ്റ്റ് വന്നോ അന്ന് തന്നെ എക്‌സിസ്റ്റിംഗ് റാങ്ക് ലിസ്റ്റില്‍ നിന്നും ഈ പോസ്റ്റിലേയ്ക്ക് നിയമനം നടന്നു. കൊച്ചിന്‍ സര്‍വകലാശാല പിഡബ്ല്യൂഡി സംവരണം പൂര്‍ണമായും തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്.

ഇപ്പോള്‍ വന്ന നോട്ടിഫിക്കേഷന്‍ തന്നെ തെറ്റാണ്. സുപ്രീം കോടതിയുടെ ഓര്‍ഡറിന്റെ ലംഘനമാണ്. കാലിക്കറ്റ് സര്‍വകലാശാല പണ്ട് ഇതുപോലെ ഒരു നോട്ടിഫിക്കേഷന്‍ നടത്തി. ആദ്യം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുമ്പോള്‍ ജാതി തിരിച്ച് വിളിക്കാന്‍ പാടില്ല എന്ന ഒരു ജഡ്ജ്‌മെന്റ് ഉണ്ട്. അത് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചതാണ്.

ആദ്യം വിളിക്കുമ്പോള്‍ വേക്കന്‍സിയെ വിളിക്കാന്‍ പാടുള്ളൂ, ജാതി പറഞ്ഞുവിളിക്കരുത്. എന്നാലെ എല്ലാവര്‍ക്കും അപേക്ഷിക്കാന്‍ പറ്റൂ. പക്ഷെ അതിന് വിരുദ്ധമായാണ് ഇപ്പോള്‍ കൊച്ചിന്‍ സര്‍വകലാശാല നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഓപ്പണ്‍ റിസര്‍വേഷനില്‍ ജാതി തിരിച്ചാണ് വിളിച്ചിരിക്കുന്നത്. ഇതിനു മുമ്പേയും ഇങ്ങനെ വിളിച്ച് നിയമനം നടത്തിയിട്ടുണ്ട്. കമ്മ്യൂണല്‍ റിസര്‍വേഷന്‍ അട്ടിമറിക്കലാണിത്. ഇങ്ങനെ ചെയ്യുമ്പോള്‍ അര്‍ഹതപ്പെട്ട ജാതിയ്ക്ക് അവസരം ലഭിക്കാതെ പോവുകയാണ്.

കൊച്ചിന്‍ സര്‍വകലാശാല അടുത്തിടെ ഭാര്യയെയും ഭര്‍ത്താവിനെയും അസിസ്റ്റന്റ്‌റ് പ്രോഫസര്‍മാരായി മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിച്ചിട്ടുണ്ട്. ഇതൊക്കെ പൈസ വാങ്ങിക്കാതെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ?”,  ജീവനക്കാരന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

കുസാറ്റില്‍ നിന്ന് തന്നെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കിയ ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനത്തിനുള്ള യോഗ്യത ഉണ്ടായിട്ടും സര്‍വകലാശാല ജോലി കൊടുത്തിട്ടില്ല. എസ്‌സി സംവരണത്തിലാണ് പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഉദ്യോഗാര്‍ത്ഥിയ്ക്ക് ജോലി ലഭിച്ചത്. എന്നാല്‍ പലവിധ നീക്കുപോക്കുകള്‍ പറഞ്ഞ് കുസാറ്റ് നിയമനത്തിന് തടസ്സം നില്‍ക്കുകയാണ്. 2022 മുതല്‍ ഈ വിഷയത്തില്‍ കുസാറ്റിനെതിരെ കേസ് നടത്തുന്നുണ്ട് ഈ ഉദ്യോഗാര്‍ത്ഥി.

റാങ്ക് ലിസ്റ്റ് പ്രകാരം ഉദ്യോഗാര്‍ത്ഥിയെ നിയമിക്കണം എന്നാവശ്യപ്പെട്ടുള്ള ഹൈക്കോടതിയുടെ വിധി Copyright: Woke Malayalam

കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയുടെ എസ്സി റിസര്‍വേഷന്‍ റാങ്ക് ലിസ്റ്റില്‍ എനിക്ക് രണ്ടാം റാങ്ക് ആയിരുന്നു. രണ്ട് വര്‍ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. ഒന്നാം റാങ്ക് കിട്ടിയ ആള്‍ ഒരു വര്‍ഷം കഴിഞ്ഞ് ജോലി രാജിവെച്ച് മറ്റൊരു ജോലിയില്‍ പ്രവേശിച്ചു.

ലിസ്റ്റ് പ്രകാരം (റൊട്ടേഷന്‍ ബേസ്) എനിക്ക് നിയമനം ലഭിക്കണം. പക്ഷെ, കൊച്ചിന്‍ സര്‍വകലാശാല നിയമനം നടത്തിയില്ല. സര്‍വകലാശാലയില്‍ ഞാന്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായി പറഞ്ഞത്, രാജിവെച്ച ആളുടെ ‘lien’ കാലാവധിയ്ക്ക് ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ എന്നാണ്.

റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളില്‍ ‘lien’ കഴിയാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. നിയമനം ഒരു മാസത്തിനുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തു. സമാനമായി ‘lien’ ബാധകമല്ലാത്തതിനാല്‍ കുസാറ്റില്‍ ജനാല്‍ വിഭാഗത്തില്‍ ഹിന്ദി പോസ്റ്റില്‍ റൊട്ടേഷന്‍ ബേസില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നടന്നിട്ടുണ്ട്.

ഞങ്ങള്‍ രണ്ട് പേരും കൂടിയാണ് കേസ് ഫയല്‍ ചെയ്തത്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ ജഡ്ജ്‌മെന്റ് ആണ് ഹൈക്കോടതി എഴുതിയത്. ആറ് മാസം കഴിഞ്ഞപ്പോള്‍ ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജനറല്‍ കാറ്റഗറിയില്‍ അവര്‍ക്ക് ജോലി കൊടുത്തു. എനിക്ക് തന്നില്ല.

സര്‍വകലാശാലയില്‍ നിന്നും ഒരറിയിപ്പും ലഭിക്കാത്തതിനാല്‍ അഭിഭാഷകന്‍ മുഖേനെ ബന്ധപ്പെട്ടപ്പോള്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കത്തിലൂടെ അറിയിച്ചത് എന്റെ നിയമനം സംവരണ പ്രകാരം നടത്താന്‍ സാധിക്കുകയില്ലാ എന്നാണ്.

എസ്‌സി സംവരണ സീറ്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്താതിരിക്കുന്നത് കുസാറ്റിന്റെ നിയമലംഘനമാണ്. ഞാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ അപ്പീലിന് പോയി. ജഡ്ജ്‌മെന്റ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. നിലവില്‍ ഡിവിഷന്‍ ബെഞ്ചില്‍ കേസ് നടക്കുന്നുണ്ട്. രജിസ്ട്രാറുമായി കമ്മീഷനില്‍ ഒരു സിറ്റിംഗ് നടത്തിയിരുന്നു. കമ്മീഷന്‍ പറഞ്ഞത് ഇത് കേസിലല്ലേ, അതുപോലെ ചെയ്യൂ എന്നാണ്.

ഉദ്യോഗാര്‍ത്ഥിയ്ക്ക് നിയമം നല്‍കാന്‍ കഴിയില്ലാ എന്നറിയിക്കുന്ന കൊച്ചിന്‍ സര്‍വകലാശാലയുടെ കത്തുകള്‍ Copyright: Woke Malayalam

ഇതുപോലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെയും സംവരണം കുസാറ്റ് അട്ടിമറിച്ചു. ആര്‍ക്കും ഇവര്‍ പോസ്റ്റ് കൊടുക്കില്ല. സര്‍വകലാശാലയ്ക്ക് വേണ്ട പാര്‍ട്ടിക്കാരോ ബന്ധക്കാരോ ആണെങ്കില്‍ അവര്‍ ജോലി കൊടുക്കും. എന്നാലും എസ്‌സി, എസ്ടിയ്ക്ക് ജോലി കൊടുക്കില്ല. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഇന്ന് വരെയുള്ള എസ്ടിയുടെ നിയമനം പൂജ്യമാണ്.

ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തത് കൊണ്ടല്ല, ഇന്റര്‍വ്യൂവിന് ഇവര്‍ വിളിക്കില്ല. എസ്‌സി തസ്തികകളില്‍ നാല് ശതമാനം പോലും നിയമനം നടത്തുന്നില്ല. ജനറല്‍ കാറ്റഗറി ആണെങ്കില്‍ ഒരു പ്രശ്‌നവും ഇല്ല. അവര്‍ ഉടനെ നിയമനം നടത്തും. കേരളത്തിലെ സര്‍വകലാശാലകളില്‍ ഏറ്റവും കൂടുതല്‍ സംവരണം അട്ടിമറിക്കുന്നത് കുസാറ്റാണ്. എഞ്ചിനീയറിങ് കോളേജും സര്‍വകലാശാലയും കൂടി കൂട്ടിക്കലര്‍ത്തിയാണ് അവര്‍ നിയമനം നടത്തുന്നത്.”, ഉദ്യോഗാര്‍ത്ഥി വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് സംവരണം?

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിൽ മേഖലകളിലും സംവരണം ഏർപ്പെടുത്തിയത് ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിലേക്കുള്ള പ്രാപ്യത വർധിപ്പിക്കാനും ഉദ്ദേശിച്ചാണ്.

എന്താണ് കുസാറ്റ്?

1971-ൽ കൊച്ചിയിൽ സ്ഥാപിക്കപ്പെട്ട ഒരു സ്വയംഭരണ സർ‌വ്വകലാശാലയാണ്‌ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി. ഈ സർവ്വകലാശാലയ്ക്ക് കൊച്ചിയിൽ രണ്ടും, ആലപ്പുഴയിലെ കുട്ടനാട്ടിൽ ഒന്നും കാമ്പസുകൾ ഉണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നു.

എന്താണ് നിയമം?

ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേൽ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.

Quotes

“പഠനം എല്ലായിടത്തും അതിൻ്റെ ഉടമയെ പിന്തുടരുന്ന നിധിയാണ്- ചൈനീസ് പഴഞ്ചൊല്ല്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.