Sat. Jan 18th, 2025

പാരിസ്: പാര്‍ലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മാക്രോണ്‍. 

യൂറോപ്യൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടിയായ മറൈൻ ലെ പെന്നിൻ്റെ നാഷണല്‍ റാലി പരാജയപ്പെടുത്തുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ലോവര്‍ ഹൗസ് നാഷണല്‍ അസംബ്ലിയിലേക്കുള്ള ആദ്യ റൗണ്ട് തിരഞ്ഞെടുപ്പുകള്‍ ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ 7 നും നടക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു.

‘തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ എല്ലായിടത്തും മുന്നേറുകയാണ്. എനിക്ക് സ്വയം രാജിവെക്കാന്‍ കഴിയാത്ത സാഹചര്യമാണിത്. അതിനാല്‍ തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ക്ക് തരുന്നു. ഞാന്‍ ഇന്ന് രാത്രി ദേശീയ അസംബ്ലി പിരിച്ചുവിടും. ഈ തീരുമാനം ഗൗരവമേറിയതും ഭാരമേറിയതുമാണ്. പക്ഷേ ഇത് ആത്മവിശ്വാസത്തിൻ്റെ പ്രതിഫലനം കൂടിയാണ്,’ മാക്രോണ്‍ പറഞ്ഞു.

ആദ്യ എക്സിറ്റ് പോൾ പ്രകാരം മാക്രോണിൻ്റെ പാർട്ടി നേടിയത് 15 ശതമാനം വോട്ടുകളാണ്. തീവ്രവലതുപക്ഷ പാർട്ടി 32% വോട്ട് നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.