Sat. Jan 18th, 2025

1994 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മനുഷ്യാവയവ കൈമാറ്റ നിയമം അനുസരിച്ച് മാത്രമേ കേരളത്തില്‍ അവയവദാനങ്ങള്‍ നടത്താന്‍ പാടുള്ളൂ

വയവക്കച്ചവടം വലിയ വിവാദമായ സാഹചര്യത്തില്‍ അവയവദാനങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത്തരം ശസ്ത്രക്രിയകള്‍ അഞ്ചുവര്‍ഷത്തിനിടെ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ-സോട്ടോ (കേരള സ്‌റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) യുടെ നേതൃത്വത്തില്‍ ഓഡിറ്റ് നടത്തുന്നത്. സംസ്ഥാനത്തെ പ്രധാന മൂന്ന് ട്രാന്‍സ്പ്ലാന്റ് സെന്ററുകളില്‍നിന്ന് ഇതിനകം പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. വിശദ പരിശോധന നടത്തി സമഗ്ര റിപ്പോര്‍ട്ട് സാധ്യമാകും വേഗത്തില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കെ-സോട്ടോ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് അറിയിച്ചു.

കേരളത്തിലെ പ്രധാന സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അവയവക്കച്ചവട മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് അവയവദാന മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ ജി ശ്രീജിത്ത് 2020 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവയവദാന ഇടപാടില്‍ പങ്കുണ്ടെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെങ്ങും അവയവ മാഫിയക്ക് ഏജന്റുമാരുണ്ടെന്നും ഇവര്‍ കിഡ്നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ (2020 ന് മുമ്പ്) 35 അവയവ കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ആറ് മുതല്‍ 12 ലക്ഷം രൂപ വരെ വിവിധ അവയവങ്ങള്‍ക്കായി ഈടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവയവദാനം, പ്രതീകാത്മക ചിത്രം Screengrab, Copyright: Wikipedia

1994 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മനുഷ്യാവയവ കൈമാറ്റ നിയമം അനുസരിച്ച് മാത്രമേ കേരളത്തില്‍ അവയവദാനങ്ങള്‍ നടത്താന്‍ പാടുള്ളൂ. Transplantation of Human Organs and Tissues Act, 1994 അടിസ്ഥാനപ്പെടുത്തി 2012ല്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് കേരളത്തില്‍ അവയവ കൈമാറ്റം നടക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോഴും കാര്യക്ഷമമല്ല എന്നുള്ളതും സര്‍ക്കാര്‍ സംവിധാനം വഴിയുള്ള അവയവ മാറ്റത്തിന് വര്‍ഷങ്ങളോളം കാത്തിരിക്കണമെന്നതുമാണ് അവയവ മാഫിയകളെ സമീപിക്കാന്‍ രോഗികളെ പ്രേരിപ്പിക്കുന്ന ഘടകം. മാഫിയയുടെ ഏജന്റുമാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവയവദാതാവിനെ കണ്ടെത്തി സ്വകാര്യ ആശുപ്രതികളില്‍നിന്ന് അവയവമാറ്റ ശസ്ത്രകിയ നടത്തി കൊടുക്കും. ഇതിനുവേണ്ടി ഒരുപക്ഷെ കൂടുതല്‍ പണം ചെലവാകുമെന്ന് മാത്രം.

മൃതസഞ്ജീവനി പദ്ധതി പ്രകാരം, ഈ സംവിധാനം ആരംഭിച്ച 2012 ആഗസ്റ്റ് മുതല്‍ 2024 ജൂണ്‍ വരെ 983 അവയവമാറ്റ ശസ്ത്രക്രിയകള്‍ മാത്രമാണ് നടന്നത്. ഇതില്‍ 594 എണ്ണം കിഡ്നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയും 274 കരള്‍മാറ്റ ശസ്ത്രകിയയും 70 എണ്ണം ഹൃദയമാറ്റ ശസ്ത്രകിയകളുമാണ്. 2265 കിഡ്നി രോഗികള്‍ കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ദാതാവിനെ തേടി മൃതസഞ്ജീവനി പദ്ധതിയില്‍ കാത്തിരിക്കുന്നുണ്ട്.

കെ-സോട്ടോയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന 5,418 അവയവമാറ്റ ശസ്ത്രക്രിയകളില്‍ 286 എണ്ണം മരണമടഞ്ഞ ദാതാക്കളില്‍ നിന്നും ബാക്കിയുള്ളവ (5132) ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നുമാണ്.

രണ്ടു തരത്തിലാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍നിന്നും, ജീവിച്ചിരിക്കുന്നവരില്‍നിന്ന് സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലും. ജീവിച്ചിരിക്കുന്ന ആള്‍ക്ക് രക്തബന്ധത്തിലുള്ളവര്‍ക്ക് വേഗത്തില്‍ അവയവം ദാനം ചെയ്യാം. ബന്ധുത്വം തെളിയിച്ചാല്‍ മതി. ബന്ധുവല്ലാത്ത ദാതാവാണെങ്കില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി കേസ് പരിശോധിക്കും. ദാതാവ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരായി ഈ അവയവ കൈമാറ്റത്തില്‍ ഡോണര്‍ക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തിക ലാഭവുമില്ലെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും സ്വീകര്‍ത്താവും ദാതാവും തമ്മില്‍ സൗഹൃദമോ പരിചയമോ ഉണ്ടെന്ന് വ്യക്തമാകുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. അത് ഓതറൈസേഷന്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ അപേക്ഷ നിരസിക്കുകയും ചെയ്യും.

അച്ഛന് കരൾ പകുത്തുനൽകിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ദേവനന്ദ Screengrab, Copyright: India Today

അവയവദാനത്തില്‍ കച്ചവട താല്‍പര്യം കടന്നുകയറരുതെന്ന നിര്‍ബന്ധമുള്ളതിനാല്‍ ബന്ധുവേതര അവയവദാനത്തിന് കൂടുതല്‍ നടപടി ക്രമങ്ങളുണ്ട്. ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ട് – 1994, ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ റൂള്‍സ് – 2014 എന്നിവയാണ് ഇതു സംബന്ധിച്ച നിയമങ്ങള്‍. ബന്ധുക്കള്‍ തമ്മിലുള്ള അവയവദാനം, മാറ്റിവെക്കല്‍ നടക്കുന്ന ആശുപത്രികളില്‍ രൂപീകരിച്ചിട്ടുള്ള മെഡിക്കല്‍ ബോര്‍ഡാണ് നിയന്ത്രിക്കുന്നത്.

ഇത്തരം നൂലാമാലകള്‍ ഒന്നും അവയവക്കച്ചവടത്തിനില്ല. കൂടുതലും ദാതാക്കളുടെ ദാരിദ്രത്തെ ചൂഷണം ചെയ്താണ് കച്ചവടം നടക്കുന്നത്. വൃക്ക, കരള്‍ എന്നീ അവയവങ്ങളാണ് ഇത്തരത്തില്‍ കൂടുതലും വില്‍പ്പന നടത്തുന്നത്. അവയവ ദാതാക്കളോടും സ്വീകരിക്കുന്നവരോടും വിലപറഞ്ഞുറപ്പിക്കുന്നത് ഏജന്റുമാരായതിനാല്‍ മിക്കപ്പോഴും ദാതാക്കള്‍ക്ക് പറഞ്ഞ വില ലഭിക്കാറില്ല. അനധികൃത ഇടപാടായതിനാല്‍ വഞ്ചിതരായവര്‍ക്ക് പരാതിപ്പെടാന്‍ കഴിയാത്ത സാഹചര്യവുമാണുള്ളത്.

അവയവക്കച്ചവടത്തിനായി ഇറാനിലെയ്ക്ക് മനുഷ്യക്കടത്ത് നടത്തിയ മലയാളികളെ കഴിഞ്ഞ മാസം പോലീസ് പിടികൂടിയിരുന്നു. ഇരകളായവരില്‍ 19 പേര്‍ ഉത്തരേന്ത്യക്കാരാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്റായി മാറിയ സാബിത്ത് നാസര്‍ എന്നയാള്‍ പിടികൂടിയവരില്‍ ഉള്‍പ്പെടുന്നുണ്ട്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ താവളമെന്നും സാബിത്തിന്റെ മൊഴിയിലുണ്ട്.

അതേസമയം, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രാജ്യത്ത് 15,000 അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്നതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 27 ശതമാനത്തിന്റെ വര്‍ധനയാണ് ഈ മേഖലയിലുണ്ടായത്. ആദ്യമായാണ് ഈ വര്‍ധനയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഇതിനാവശ്യമായ ശാസ്ത്ര-സാങ്കേതിക- മാനവവിഭവശേഷി സജ്ജീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ളാന്റ് ഓര്‍ഗനൈസേഷന്റെ ശാസ്ത്ര സംവാദത്തിലാണ് (നോട്ടോ സയന്റിഫിക് ഡയലോഗ് -2023) രാജേഷ് ഭൂഷണ്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

FAQs

എന്താണ് അവയവദാനം?

ശരീരകലകളും അവയവങ്ങളും ജീവനുള്ളതോ മറിച്ചോ ആയ ഒരു മനുഷ്യ ശരീരത്തിൽ നിന്നും ജീവനുള്ള ഒരാളുടെ ശരീരത്തിലേക്ക് ശസ്ത്രക്രിയ വഴി മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി.

എന്താണ് മൃതസഞ്ജീവനി പദ്ധതി?

കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി. 1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്.

എന്താണ് കെ-സോട്ടോ?

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന ഔദ്യോഗിക ഏജന്‍സിയാണ് കെ-സോട്ടോ.

Quotes

“നമ്മുടെ ശരീരം നമ്മുടെ പൂന്തോട്ടങ്ങളാണ്, നമ്മുടെ ഇഷ്ടങ്ങൾ നമ്മുടെ തോട്ടക്കാരാണ്- വില്യം ഷേക്സ്പിയർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.