തമിഴ്നാട് ജില്ലയിലെ തുറമുഖ നഗരമായ തൂത്തുക്കുടി വ്യാവസായിക ഹബ്ബാണ്. പരമ്പരാഗതമായി ‘പേള്‍ സിറ്റി’ എന്നറിയപ്പെടുന്ന തൂത്തുകുടി എഡി ഏഴാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയില്‍ പാണ്ഡ്യ രാജ്യത്തിന്റെയും ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തില്‍ ചോളരുടെയും അധീനതിലായിരുന്നു. കടല്‍ തുറമുഖമായ തൂത്തുക്കുടി സഞ്ചാരികളെയും സാഹസികരെയും ആകര്‍ഷിച്ചു. എഡി 1532 ല്‍ തൂത്തുക്കുടിയില്‍ ആദ്യമായി എത്തിയത് പോര്‍ച്ചുഗീസുകാരാണ്. തുടര്‍ന്ന് എഡി 1658 ല്‍ ഡച്ചുകാരും എത്തി. ഒടുവില്‍ 1782 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി തൂത്തുക്കുടിയുടെ നിയന്ത്രണം പിടിച്ചെടുത്തു.ബജറ (pearl millet)യും പരുത്തിയും ഉഴുന്നും ആയിരുന്നു ഗ്രാമത്തിലെ പ്രധാന കൃഷി. കൂടെ കന്നുകാലി വളര്‍ത്തലും. ജലക്ഷാമത്തില്‍ കൃഷി നശിച്ചതോടെ തൊഴിലിനെയും ബാധിച്ചു. നാലു കിലോമീറ്റര്‍ താണ്ടി സൊക്കലിങ്കപുരം പോയാല്‍ കുടിവെള്ളം കിട്ടും. മാത്രമല്ല, ബസ് കയറാനും സാധനങ്ങള്‍ വാങ്ങിക്കാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും കീഴെ സെക്കരക്കുടിയിലേയ്ക്ക് പോകണം
തൂത്തുകുടി കേന്ദ്രീകരിച്ച് വ്യാപാരത്തിന്റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ 1842 ല്‍ തുറമുഖം സ്ഥാപിക്കാനുള്ള നടപടികള്‍ അരംഭിച്ചു. തുറമുഖത്തിന്റെ ആദ്യത്തെ തടി ജെട്ടി 1864 ല്‍ കമ്മീഷന്‍ ചെയ്തു. തുടര്‍ന്ന് ഉപ്പ്, പരുത്തി നൂല്‍, നിലവാക ഇലകള്‍, ഈന്തപ്പന തണ്ടുകള്‍, ഈന്തപ്പന നാരുകള്‍, ഉണങ്ങിയ മത്സ്യം, നാടന്‍ മരുന്നുകള്‍ മുതലായവ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ഈ തുറമുഖം ഉപയോഗിച്ചുപോന്നു.
കാലക്രമേണ തൂത്തുകുടിയുടെ മുഖ്യആകര്‍ഷണമായി തുറമുഖം മാറി. ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യാപാരം നടക്കുന്ന തുറമുഖമാണ് തൂത്തുകുടി. പരമ്പരാഗതമായി പരുത്തി, മുത്ത്, ഉപ്പ് തുടങ്ങിയവയുടെ വ്യാവസായിക ശാലകള്‍ തുറമുഖ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും 1979ല്‍ കമ്മീഷന്‍ ചെയ്ത താപവൈദ്യുത നിലയം, 1998 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇംഗ്ലണ്ട് ആസ്ഥാനമായുള്ള വേദാന്ത ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങള്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ചെമ്പ് ഉല്‍പ്പാദിപ്പിച്ചിരുന്ന ഫാക്ടറിയായ സ്റ്റെര്‍ലൈറ്റ് 2018 മെയ് 22 ന് നടന്ന വെടിപെപ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടി. നിലവില്‍ അഞ്ച് താപവൈദ്യുത നിലയങ്ങള്‍ തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ നിരവധി രാസ വ്യവസായങ്ങളും പ്രവര്‍ത്തിക്കുന്നു.
ചെമ്പ് ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭ ജലമാണ് സ്റ്റെര്‍ലൈറ്റ് കമ്പനി ഊറ്റിയത്. കൂടാതെ പരിസരത്തെ ജലസംഭരണികള്‍ മലിനീകരിക്കുകയും ചെയ്തു. താപ വൈദ്യുത നിലയങ്ങള്‍ക്കും രാസവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമുണ്ട്. ഇതിനുവേണ്ടി കമ്പനികള്‍ ആശ്രയിക്കുന്നത് ഭൂഗര്‍ഭജലത്തെയാണ്. ഇതുമൂലം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കനത്ത വളര്‍ച്ചയിലൂടെയാണ് തൂത്തുകുടി ജില്ല കടന്നുപോകുന്നത്.
തൂത്തുകുടി വ്യാവസായിക നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒറ്റപ്പിദരം താലൂക്കും വ്യാവസായിക പ്രദേശമാണ്. ജില്ലയുടെ മഴയെ ആശ്രയിച്ച് കാര്‍ഷിക വൃത്തി ചെയ്ത് ഉപജീവനം നയിക്കുന്നവാരാണ് ഒറ്റപ്പിദരം താലൂക്കിലെ ഭൂരിഭാഗം പേരും. തൂത്തുകുടി താലൂക്കിലെ പോലെതന്നെ ഒറ്റപ്പിദരവും വരള്‍ച്ചാബാധിതമായ പ്രദേശമാണ്. വലിയ തോതിലുള്ള ഉല്‍പാദനം നടത്തുന്ന വ്യവസായങ്ങളുടെ പ്രയോജനത്തിനായി കുഴല്‍ക്കിണറുകള്‍ കുഴിച്ചതാണ് ഇവിടെ ഭൂഗര്‍ഭജല ദൗര്‍ലഭ്യം രൂക്ഷമാക്കിയത്. ഇന്ന് വരള്‍ച്ചയും തൊഴിലില്ലായ്മയും പ്രധാനമായ പ്രശ്‌നങ്ങളാണിവിടെ.
ഒറ്റപ്പിദരം താലൂക്കിലെ കാര്‍ഷിക ഗ്രാമമാണ് മീനാക്ഷിപുരം. ഒരുകാലത്ത് കാര്‍ഷിക ഗ്രാമം ആയിരുന്നു എന്ന് പറയാം. ഭൂഗര്‍ഭജല ദൗര്‍ലഭ്യം രൂക്ഷമായതോടെയും അടിസ്ഥാന വികസനം നടക്കാത്തത് കൊണ്ടും ഗ്രാമത്തിലെ ഒരാള്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ അവിടെ നിന്നും പലായനം ചെയ്തു. ആ ഒരാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച കന്തസാമി നായിക്കര്‍.
ഒരുകാലത്ത് 300 കുടുംബങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ട് ജീവിച്ചിരുന്ന ഗ്രാമത്തില്‍ എട്ടു വര്‍ഷം മുന്‍മ്പ് 50 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. മഴയേയും അധികാരികളെയും വിശ്വസിച്ച് ഗ്രാമത്തില്‍ പിടിച്ചുനിന്നവര്‍ ഒടുവില്‍ ഗ്രാമം വിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ പെയ്ത്ത് താളംതെറ്റി. ഒരു കുഴല്‍ക്കിണര്‍ സ്ഥാപിച്ചുകൊടുക്കാന്‍ പോലും അധികാരികള്‍ ഗ്രാമത്തിലേയ്ക്ക് കാലുകുത്തിയില്ല.
ബജറ (pearl millet)യും പരുത്തിയും ഉഴുന്നും ആയിരുന്നു ഗ്രാമത്തിലെ പ്രധാന കൃഷി. കൂടെ കന്നുകാലി വളര്‍ത്തലും. ജലക്ഷാമത്തില്‍ കൃഷി നശിച്ചതോടെ തൊഴിലിനെയും ബാധിച്ചു. നാലു കിലോമീറ്റര്‍ താണ്ടി സൊക്കലിങ്കപുരം പോയാല്‍ കുടിവെള്ളം കിട്ടും. മാത്രമല്ല, ബസ് കയറാനും സാധനങ്ങള്‍ വാങ്ങിക്കാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും കീഴെ സെക്കരക്കുടിയിലേയ്ക്ക് പോകണം.
2016 ലെ സര്‍ക്കാരിന്റെ കണക്കെടുപ്പ് പ്രകാരം 1269 ആളുകളാണ് ഗ്രാമത്തില്‍ ഉണ്ടായിരുന്നത്. കൂടെ ജീവിച്ചവര്‍ ഉപജീവനം തേടി പലായനം ചെയ്തപ്പോള്‍ കന്തസാമിയ്ക്ക് ഗ്രാമം വിടാന്‍ തോന്നിയില്ല. ആളും ആരവവും ഇല്ലാതെ ഈ വിജനമായ ഗ്രാമത്തില്‍ അദ്ദേഹത്തെ തുടരാന്‍ പ്രേരിപ്പിച്ചത് ഭാര്യയോടുള്ള സ്‌നേഹവും താന്‍ ജനിച്ചു വളര്‍ന്ന പച്ചപ്പ് നിറഞ്ഞ ഗ്രാമം ഒരിക്കല്‍ വീണ്ടും പച്ചപ്പണിയും എന്ന പ്രതീക്ഷയുമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് മരണപ്പെട്ടുപോയ ഭാര്യ വീരലക്ഷ്മി മരിച്ച അതേ മുറിയില്‍ തന്നെ കിടന്നു മരിക്കണം എന്നായിരുന്നു കന്തസാമിയുടെ തീരുമാനം. മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അതേ മുറിയില്‍ കിടന്ന് കന്തസാമി മരണപ്പെടുകയും ചെയ്തു.
ജനങ്ങള്‍ ഗ്രാമം ഉപേക്ഷിച്ച് പോയതിനു ശേഷം റോഡ് സൗകര്യം, ഒരു വാട്ടര്‍ ടാങ്ക്, കുഴല്‍ കിണര്‍, തെരുവ്‌വിളക്കുകള്‍ തുടങ്ങിയവയെല്ലാം ഗ്രാമത്തിലെത്തി. ജലക്ഷാമം പരിഹരിക്കാന്‍ കേവലം ഒരു വാട്ടര്‍ ടാങ്കിന് കഴിയില്ലെന്ന് ബോധ്യമുള്ള ഗ്രാമവാസികള്‍ ആരും തന്നെ മീനാക്ഷിപുരത്തേയ്ക്ക് മടങ്ങിവന്നിട്ടില്ല. പക്ഷേ, നാടുവിട്ടു പോയവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പരാശക്തി മാരിയമ്മന്‍ കോവിലില്‍ വൈകാശി മാസത്തില്‍ നടക്കുന്ന ഉത്സവത്തിനു വരും. പിറ്റേദിവസം മടങ്ങിപ്പോവുകയും ചെയ്യും.
താമിരഭരണി ആറാണ് തൂത്തുകുടി ജില്ലയുടെ പ്രധാന ജലസംഭരണി. തൂത്തുക്കുടിയില്‍ ലഭിക്കുന്ന ശരാശരി മഴ (708 മില്ലി മീറ്റര്‍) സംസ്ഥാനത്തിന്റെ ശരാശരിയേക്കാള്‍ (945 മില്ലി മീറ്റര്‍) കുറവാണ്. പശ്ചിമഘട്ടത്തിലെ പോത്തിഗൈ മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന താമരഭരണി നദി തൂത്തുക്കുടി ജില്ലയിലെ 4,107 ഏക്കര്‍ കൃഷിയ്ക്കാണ് ജലസേചനം നടത്തുന്നത്. എന്നാല്‍ വര്‍ഷങ്ങളായി വ്യവസായ ശാലകള്‍ വെള്ളമൂറ്റുന്നതിനാല്‍ നദിയിലെ ജലത്തിന്റെ സംഭരണ ശേഷിയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. തല്‍ഫലമായി ഗ്രാമപ്രദേശങ്ങളില്‍ ജലക്ഷാമാം രൂക്ഷമായി. മീനാക്ഷിപുരം പോലെ അടുത്തുള്ള ഗ്രാമങ്ങളും ഈ ജലദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്.
തുടര്‍ച്ചയായ പാരിസ്ഥിതിക മാറ്റങ്ങളും ക്രമരഹിതമായ മഴയും മാരകമായ വരള്‍ച്ചയും ആണ് മീനാക്ഷിപുരം ഗ്രാമത്തിലുള്ളവരുടെ കൂട്ട പലായനത്തിലേക്ക് നയിച്ചത്. ഒരിക്കല്‍ ഫലഭൂയിഷ്ഠമായ വയലുകള്‍ തരിശുഭൂമിയായി മാറിയത് ദിവസവും കണ്ടുകൊണ്ടാന് കന്തസാമി മീനാക്ഷിപുരം ഗ്രാമത്തിലെ ഏകാന്ത തടവുകാരനായി ജീവിച്ചു മരിച്ചത്.
FAQs
എന്താണ് താമിരഭരണി നദി?
അംബാസമുദ്രം താലൂക്കിലെ പാപനാശത്തിന് മുകളിൽ, പശ്ചിമഘട്ടത്തിലെ പോത്തിഗൈ മലനിരകളിലെ അഗസ്ത്യാർകൂടം കൊടുമുടിയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് താമിരഭരണി. നദി കരയാറിൽ ചേരുന്നിടത്ത് കാരയാർ ഡാം റിസർവോയറിലേക്ക് ഒഴുകുന്നതിന് മുമ്പ് നദി അതിന്‍റെ പ്രധാന കൈവഴികളായ പേയാർ, ഉള്ളാർ, പാമ്പാർ എന്നിവയിൽ ചേരുന്നു.
എന്താണ് തൂത്തുക്കുടി തുറമുഖം?
തമിഴ്നാട്ടിലെ ഒരു പ്രധാന തുറമുഖമാണ് തൂത്തുക്കുടി തുറമുഖം. മുൻ ചിദംബരനാർ ജില്ലയുടെ ആസ്ഥാന പട്ടണമായിരുന്നു. തൂത്തുക്കുടി മാന്നാർ ഉൾക്കടൽ തീരത്തെ ഒരു തുറമുഖ പട്ടണം എന്ന നിലയിലാണ് പ്രസിദ്ധമായിട്ടുള്ളത്. തമിഴ്നാട്ടിലെ ഒരു പ്രധാന തീരദേശ ഗതാഗത-വാണിജ്യ-മത്സ്യബന്ധന കേന്ദ്രം എന്ന നിലയിലും തൂത്തുക്കുടി ശ്രദ്ധേയമാണ്.
എന്താണ് വ്യവസായം?
ആയവ്യയ ചിട്ടയോടുകൂടി ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ ആവശ്യാനുസരണം വസ്തുക്കളോ സേവനമോ ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണ് വ്യവസായം.
Quotes
“പരിസ്ഥിതി നശിപ്പിച്ചാൽ നമുക്ക് ഒരു സമൂഹം ഉണ്ടാകില്ല – മാർഗരറ്റ് മീഡ്.