പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍ ഒഴുകിയൊടുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തണ്ണീര്‍ത്തടാകമായ വേമ്പനാട് കായലിലേക്കാണ്. റാംസര്‍ ഉടമ്പടി അനുസരിച്ച് ലോകത്തിലെ സംരക്ഷിക്കപ്പെടേണ്ട തണ്ണീര്‍ത്തടങ്ങളുടെ പട്ടികയിയിലുള്ള വേമ്പനാട് കായല്‍ ഇന്ന് ഒഴുകുന്നത് പെരിയാറിന്റെ ഇരു കരയിലുമുള്ള വ്യാവസായിക ശാലകള്‍ പുറംന്തല്ലുള്ള അത്യന്തം അപകടകരമായ രാസ മാലിന്യങ്ങളും വഹിച്ചുകൊണ്ടാണ്.
ഏലൂര്‍-എടയാര്‍ മേഖലയില്‍ 285-ലധികം വ്യാവസായിക കമ്പനികളുണ്ട്. അവയില്‍ 100-ലധികം കമ്പനികള്‍ റെഡ് കാറ്റഗറിയിലാണ്. അപകടകരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ് റെഡ് കാറ്റഗറി വ്യവസായങ്ങള്‍. ഈ വ്യവസായങ്ങളില്‍ ഭൂരിഭാഗവും ശരിയായി പ്രവര്‍ത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റുകളില്ല. അവയില്‍ 48 ലധികം കമ്പനികള്‍ മാലിന്യം പെരിയാറിലേക്കാണ് നേരിട്ട് ഒഴുക്കിവിടുന്നത്.
കഴിഞ്ഞ 75 വര്‍ഷത്തിലധികമായി ഏലൂര്‍-എടയാര്‍ മേഖലയില്‍ നടക്കുന്ന വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മൂലം പെരിയാര്‍ നദിയും വേമ്പനാട് കായലും മാത്രമല്ല, തീരപ്രദേശങ്ങളും പരിസ്ഥിതിയും ജീവജാലങ്ങലുമെല്ലാം വലിയതോതില്‍ വിഷമയമായിക്കഴിഞ്ഞു. പെരിയാര്‍ നദിയുടെയും ഈ മേഖലയിലെ വ്യവസായശാലകളുടെ മലിനീകരണവും ആയി ബന്ധപ്പെട്ട ജനകീയ സമരങ്ങള്‍ക്ക് തന്നെ മൂന്നര പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പഠനം, ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍, മറ്റു വിവിധ ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകള്‍ ഇവയെയെല്ലാം നോക്കുകുത്തികള്‍ ആക്കി കൊണ്ടാണ് വ്യവസായശാലകള്‍ രാസ മാലിന്യം വലിയ രീതിയില്‍ തള്ളിക്കൊണ്ടിരിക്കുന്നത്.
രാസമലിനജലത്തിലൂടെ മെര്‍ക്കുറി, സിങ്ക്, ക്രോമിയം, കോപ്പര്‍ അടങ്ങിയ ഘനലോഹങ്ങള്‍ ടെണ്‍ കണക്കിനാണ് പുഴയുടെ വൃഷ്ടിപ്രദേശത്ത് വര്‍ഷം തോറും എത്തിച്ചേരുന്നത്. കേവലം 1 mg എന്ന ചെറിയ അളവില്‍ പോലും ഈ ഘനലോഹങ്ങള്‍ മനുഷ്യനും പ്രകൃതിക്കും അപകടകരമാകുമ്പോഴാണ് നിയന്ത്രണമില്ലാതെ രാസമലിനീകരണം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പെരിയാറിലെ മത്സ്യക്കുരുതിക്കും നിറംമാറ്റത്തിനും കാരണം ഈ രാസമലിനീകരണമാണ്.
കുടിവെള്ളം, മത്സ്യം തുടങ്ങി പെരിയാറില്‍ നിന്ന് ലഭ്യമാകുന്ന അടിസ്ഥാന വിഭവങ്ങളിലെല്ലാം ഈ രാസവിഷമാലിന്യത്തിന്റെ സാന്നിധ്യം അപകടകരമായ അളവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പോലും രാസമാലിന്യം പുഴയിലേയ്ക്ക് ഒഴുക്കിയത് അതിഭീകര മത്സ്യക്കുരുതിയ്ക്ക് കാരണമായി. കൂട് മത്സ്യ കൃഷിക്കാരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 10 കോടിയുടെ മത്സ്യങ്ങള്‍ ചത്തുപോയി എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
പെരിയാര്‍ നദിയുടെ വൃഷ്ടിപ്രദേശങ്ങളിലും കൊച്ചി കായലിലുമുള്ള ആയിരകണക്കിന് ഹെക്ടര്‍ കെട്ട്-കൂട് മത്സ്യകൃഷി, പൊക്കാളി കൃഷി എന്നിവ പൂര്‍ണമായി പെരിയാര്‍ നദിയുടെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ആശ്രയച്ചാണിരിക്കുന്നത്. ജില്ലയിലെ മത്സ്യ സാമ്പത്തിന്റെ ഭൂരിഭാഗവും പെരിയാര്‍ നദി, കായല്‍, തീരദേശ മേഖലയില്‍ നിന്നുള്ളവയാണ്.
രാസമാലിന്യ തള്ളല്‍മൂലം പെരിയാര്‍ നദിയിലെ മത്സ്യങ്ങളിലെ എണ്ണത്തിലും വൈവിധ്യത്തിലും ഗുണമേന്മയിലും വലിയ മാറ്റങ്ങള്‍ ഉള്ളതായി വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നൂ. ഇന്ത്യയിലെ വിവിധ നദികളില്‍ പഠനം നടത്തിയപ്പോള്‍ ഏറ്റവും നാശം വന്നിരിക്കുന്ന നദികളില്‍ മുന്‍നിരയിലാണ് പെരിയാര്‍. 14 ഓളം കുറുവ, പൂളാന്‍, കൂരി, ഈല്‍ ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ നദിയില്‍ നിന്നും പൂര്‍ണമായി അപ്രത്യക്ഷമായി. 19 ഓളം വിവിധ ഇനത്തില്‍ പെട്ട മത്സ്യങ്ങള്‍ വംശനാശഭീഷണി നേരിടുന്നുണ്ട്.
ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടന എന്നിവര്‍ നിഷ്‌കര്‍ഷിക്കുന്നതിന്റെ പലമടങ്ങ് അധികമാണ് മേഖലയിലുള്ള മത്സ്യങ്ങളിലെ ഖനലോഹങ്ങളുടെ സാന്നിധ്യം. കിളിമീന്‍, നരിമീന്‍, വറ്റ, അയല, മാന്തള്‍, കരിമീന്‍, കാളാഞ്ചി, ഏട്ട തുടങ്ങിയ മത്സ്യങ്ങളിലും വിവിധയിനം കക്കകളിലും ചെമ്മീനുകളിലും മാരകമായ വിഷമാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
20ാം തീയതി പെരിയാറില്‍ നടന്ന മത്സ്യക്കുരുതിയ്ക്ക് കാരണം ഏലൂര്‍ പാതാളം റഗുലെറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നുവെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവകാശവാദം. മത്സ്യക്കുരുതിയുടെ കുറ്റം ജലസേചന വകുപ്പിന്റെ ചുമലില്‍ കെട്ടിവെക്കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശ്രമിക്കുന്നത്.
നിലവില്‍ വ്യവസായ ശാലകള്‍ പെരിയാറിലേയ്ക്ക് അനധികൃതാമോ സംസ്‌ക്കരിക്കാത്തതോ ആയ മലിനജലം പുറംന്തള്ളുന്നത് കണ്ടെത്തിയിട്ടില്ലാ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍വയലന്‍സ് ക്യാമറ പരിശോധിച്ചിട്ടും അനധികൃതമായത് ഒന്നും കണ്ടെത്തിയില്ല. അലയന്‍സ് മറൈന്‍ പ്രോഡക്റ്റ്‌സ് എന്ന ചിക്കന്‍ വേസ്റ്റ് യൂണിറ്റില്‍ നിന്നും മലിന ജലം പുറത്തേക്ക് ഒഴുക്കിയതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ സാധിച്ചെന്നും കമ്പനിക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ ഓക്സിജന്‍ ലെവല്‍ 6.8 mg/L ആയിരുന്നു എന്നും ഷട്ടര്‍ തുറന്ന ശേഷം ഓക്സിജന്‍ ലെവല്‍ 3.2 mg/L ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഷട്ടറുകള്‍ ഒരുമിച്ച് തുറന്നിരുന്നില്ലെന്നും ഇത്തവണ വെള്ളം നിയന്ത്രിച്ച് വിടുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളിക്കളയുന്ന റിപ്പോര്‍ട്ട് ആണ് കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാലയുടേത്. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ മുതലാണ് പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതെന്ന് പെരിയാര്‍ മാലിനികരണവിരുദ്ധ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായ പുരുഷന്‍ ഏലൂര്‍ പറഞ്ഞു. രാവിലെ ബണ്ടിന് മുകളിലുള്ള നാല് കമ്പനികളില്‍ നിന്നാണ് പെരിയാറിലേയ്ക്ക് മലിന ജലം ഒഴുക്കിവിടുന്നത് കണ്ടെത്തിയതെന്ന് പുരുഷന്‍ ഏലൂര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
”പെരിയാര്‍ മലിനീകരണ വിരുദ്ധ പ്രവര്‍ത്തകര്‍ ആയിട്ടുള്ള ഇക്ബാലും അജീഷും പോയി നോക്കുമ്പോള്‍ മലിന ജലം ഒഴുക്കിവിടുന്നത് കാണുന്നുണ്ട്. അതിന്റെ പരിസരത്താകെ അമോണിയ ഗന്ധമുണ്ട്. അവര്‍ നോക്കുമ്പോള്‍ ഇതിനു പരിസരത്തെ മീനുകള്‍ ചിലത് ചാത്തിട്ടുണ്ട്. ചിലത് ഒക്‌സിജനു വേണ്ടി പരക്കം പായുന്നുണ്ട്. അവര്‍ അപ്പോള്‍ തന്നെ വിളിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വന്നില്ല. തുടര്‍ന്ന് ആ മഴയത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫീസില്‍ നേരിട്ട് ചെന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ വന്ന് സാമ്പില്‍ എടുത്ത് പരിശോധന നടത്തണമെന്ന് അപ്പോള്‍ തന്നെ ആവശ്യപ്പെട്ടു. പക്ഷെ അവര്‍ വരാന്‍ തയ്യാറായില്ല.
വൈകുന്നേരം ഷട്ടര്‍ ഉയര്‍ത്തി. ഈ പറയുന്ന മലിന ജലവും നേരത്തെ കെട്ടിക്കിടന്ന വിഷജലവും ഒരുമിച്ച് താഴേക്ക് ഒഴുകിയാണ് മത്സ്യക്കുരുതി സംഭവിക്കുന്നത്. അപ്പോള്‍ പെരിയാറിന്റെ കളര്‍ വെളുത്ത നിറത്തിലായി. ഇടക്ക് കറുത്ത നിറവും. തൊട്ടു താഴെയുള്ള ഒരു കമ്പനിയില്‍ നിന്ന് കുറച്ചധികം വിഷം, മലിന ജലം എന്നല്ല, വിഷം എന്നുതന്നെ പറയണം. അത് താഴേക്കു ഒഴുകുകയും മത്സ്യക്കുരുതിയുടെ ആഴം വര്‍ദ്ധിക്കുകയും ചെയ്തു. ഒരു ലെതര്‍ കമ്പനി, രണ്ട് റബ്ബര്‍ കമ്പനികള്‍, ഒരു അമോണിയ നിര്‍മാണം കമ്പനി, താഴെയുള്ളത് ഒരു കെമിക്കല്‍ കമ്പനി എന്നിവരാണ് രാസ മാലിന്യം ഒഴുക്കിയത്.
കോടിക്കണക്കിന് രൂപയുടെ മത്സ്യനാശം സംഭവിച്ചു. പെരിയാറില്‍ ഉണ്ടായിരുന്ന മുഴുവന്‍, അതായത് കുഞ്ഞു മീനുകള്‍ അടക്കം പൂര്‍ണമായും ചത്തു. കൂട് കൃഷി ചെയ്തിരുന്നവരും മുഴുവന്‍ മത്സ്യങ്ങളും ചത്തു. ഒരു കൂടുകൃഷിയില്‍ എട്ട് ലക്ഷം, പത്തു ലക്ഷം രൂപയുടെ മല്‍സ്യങ്ങളുണ്ട്. ചില വലിയ കൂടുകളില്‍ 25 ലക്ഷം രൂപയുടെ മല്‍സ്യങ്ങളുണ്ട്. എല്ലാം വിലകൂടിയ മത്സ്യങ്ങളാണ്. കാളാഞ്ചി, വറ്റ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങള്‍ ആയിരുന്നു കൂടുകൃഷിയില്‍ ഉണ്ടായിരുന്നത്. എനിക്കറിയാവുന്ന രണ്ട് കര്‍ഷകര്‍ ദിവസം എണ്ണായിരം രൂപയുടെ മത്സ്യം കൂടുകൃഷിയില്‍ നിന്നും വില്‍ക്കുന്നവരാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഏലൂര്‍ പാതാളം ഷട്ടര്‍ ബണ്ട് മുതല്‍ കടുങ്ങലൂര്‍, ചേരാനല്ലൂര്‍, വരാപ്പുഴ, കടമക്കുടി, പിഴാല, കോതാട്, പനമ്പുകാട് വരെയുള്ള ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ അന്നമാണ് മുട്ടിയിരിക്കുന്നത്. ഏതാണ്ട് ഒരു വര്‍ഷത്തേയ്ക്ക് ഒന്നും കിട്ടാത്തതായി മാറും.
സംഭവത്തില്‍ വ്യത്യസ്ത സംഘടനയിലെ വിവിധ ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞത്, ഇനി ഒരു മത്സ്യക്കുരുതി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും ഇനി ഒരിക്കലും ഇത്തരമൊരു മല്‍സ്യക്കുരുതി സംഭവിക്കില്ലാ എന്നുമാണ്. സമരത്തെ തുടര്‍ന്ന് രണ്ടോ മൂന്നോ കമ്പനികളില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഒരു കമ്പനിയ്ക്ക് അടച്ചുപൂട്ടാനുള്ള ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. റേഷന്‍ ഏര്‍പ്പെടുത്തണം, ആവശ്യമായ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കണം എന്നൊക്കെയുള്ള ആവശ്യങ്ങള്‍ ഞങ്ങള്‍ മലിനീകരണ നിയന്ത്ര ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുകളിലേയ്ക്ക് ഈ നിര്‍ദേശങ്ങള്‍ പറയാമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.”, പുരുഷന്‍ ഏലൂര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
ചേനൂരിലെ കൂട് മത്സ്യകൃഷി കര്‍ഷകനായ സനീഷിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ കൂടുകളിലെ മത്സ്യങ്ങള്‍ പിടഞ്ഞ് ചത്തത് നോക്കിനില്‍ക്കാനേ കഴിഞ്ഞൊള്ളൂ എന്ന് സനീഷ് വോക്ക് മലയാളത്തോട് പറഞ്ഞു.
”എനിക്ക് ഒരു ചീന വലയും രണ്ട് കൂടുമുണ്ട്. നാലു മീറ്റര്‍ നീളം, രണ്ടു മീറ്റര്‍ വീതി. ഒരെണ്ണത്തില്‍ 300 കാളാഞ്ചി ഇട്ടിട്ടുണ്ട്. ഒരെണ്ണത്തില്‍ 300 കരിമീന്‍ ഇട്ടിട്ടുണ്ട്. ഏഴര എട്ടുമണി ആയപ്പോള്‍ ചീന വല വലിച്ചപ്പോള്‍ ഒരുപാട് മീന്‍ കിട്ടി. അഞ്ചു കിലോ മീനോളം ഒറ്റ വലിയില്‍ കിട്ടി. സാധാരണ ഇങ്ങനെ കിട്ടാറില്ല. അപ്പോള്‍ തന്നെ ഒരു പന്തികേട് തോന്നിയിരുന്നു. വെള്ളം പാലിന്റെ കളറായിട്ടാണ് എത്തിയത്. ഭയങ്കര ദുര്‍ഗന്ധവും. പുഴയുടെ അടുത്തേയ്ക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പുഴയില്‍ മീന്‍ പൊങ്ങി പടിഞ്ഞാറേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതായത് കടലിന്റെ ഭാഗത്തേയ്ക്ക്. ഓക്‌സിജന്‍ കിട്ടാത്തത് കൊണ്ടാണ്. കൂടിലെ ഡ്രമ്മിലാണ് വല സെറ്റ് ചെയ്തിരിക്കുന്നത്. പത്തുമണി ആയപ്പോള്‍ തന്നെ കൂടിലെ കാളാഞ്ചി ഡ്രമ്മില്‍ വന്ന് അടിക്കാന്‍ തുടങ്ങി. ജീവന്‍ കിട്ടാതെ എല്ലാ മല്‍സ്യങ്ങളും ഒരുമിച്ച് പെടക്കാന്‍ തുടങ്ങി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ആയിപ്പോയി. മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് പിടിച്ചിടാനോ ഒന്നിനും പറ്റില്ലായിരുന്നു. രാത്രി രണ്ടു മണി വരെ നോക്കി നിന്നു. ഒരു മീന്‍ ഇല്ലാതെ ചത്തുപോയി.
ഒരു കിലോ ആയ കാളാഞ്ചികളാണ് ചത്തത്. മാര്‍ക്കറ്റില്‍ കൊടുത്ത് കഴിഞ്ഞാല്‍ ഒരു കിലോയ്ക്ക് 650 രൂപ വരെ കിട്ടും. 300 എണ്ണം എന്ന് പറയുമ്പോള്‍ തന്നെ ഒന്നര ലക്ഷത്തില്‍ കൂടുതല്‍ നഷ്ടം ഞങ്ങള്‍ക്ക് വന്നിട്ടുണ്ട്. കൂടാതെ കരിമീനും. ചീനവല ഉള്ളത് കൊണ്ടാണ് എനിക്കിപ്പോള്‍ ഈ മീനിനിയൊക്കെ വളര്‍ത്താന്‍ പറ്റിയത്. 300 കാളാഞ്ചിയ്ക്ക് ഒരു ദിവസം ഒരു നേരം നാല് കിലോ തീറ്റ വേണം. ചെമ്മീന്‍ അല്ലെങ്കില്‍ നന്ദന്‍ ആണ് കൊടുക്കുന്നത്. ഞങ്ങള്‍ രണ്ട് നേരവും തീറ്റ കൊടുക്കുന്നുണ്ട്. വലയില്‍ വലിക്കുന്ന ചെമ്മീനും പൊടി മീനും ഞങ്ങള്‍ വില്‍ക്കാറില്ല. മൂന്ന് മണിക്കൂറെങ്കിലും വലിച്ചാലാണ് ഒരു നേരത്തെ തീറ്റയ്ക്കുള്ളത് കിട്ടുക. എട്ട് മാസം ആയി രാവിലെയും വൈകീട്ടും അധ്യാനിച്ച് തീറ്റ കൊടുക്കാണ്. എനിക്ക് രണ്ട് കൂടയേ ഉള്ളൂ. പത്തും ഇരുപതും കൂടയൊക്കെ ഇട്ടവരുടെ കാര്യം ആലോചിച്ച് നോക്ക്. എത്ര രൂപയുടെ തീറ്റ ഇതിന് ഒരു ദിവസം വാങ്ങിക്കണം.
എന്റെ ജിവിതത്തില്‍ ഇതുവരെയും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല. കാളാഞ്ചിയെ തെരഞ്ഞെടുക്കാന്‍ കാരണം കാളാഞ്ചിയ്ക്ക് ഒരു വിധം കെമിക്കലുകളെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് കൂടുകൃഷിയില്‍ കൂടുതലായും കാളാഞ്ചിയെ വളര്‍ത്തുന്നത്. പിലോപ്പി, കരിമീന്‍ എന്നിവയൊക്കെ ചെറിയൊരു വിഷ വെള്ളം വന്നാല്‍ തന്നെ ചത്ത് പോകും. പക്ഷെ കാളാഞ്ചി വിഷ വെള്ളം വന്നാല്‍ തീറ്റ എടുക്കില്ല. ഇതിന്റെ ചെകിള പൊളിക്കുമ്പോഴാണ് വിഷ വെള്ളം അകത്തേക്ക് കടക്കുന്നത്. തീറ്റ കൊടുക്കാതിരുന്നാല്‍ ഇത് അനങ്ങാതെ കിടന്നോളും. കഴിഞ്ഞ വര്‍ഷം വിഷ വെള്ളം വന്നിട്ടും കാളാഞ്ചി ചത്തിട്ടുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം കൃഷി വിജയിച്ചത് കൊണ്ടാണ് ഈ വര്‍ഷവും കൂട് ഇറക്കിയത്. എന്തു പറയാനാണ്…
ഞങ്ങളെ പോലെ പത്തും പതിനഞ്ചും കൂടുകള്‍ ഒറ്റയടിക്ക് ചെയ്യുന്ന ആള്‍ക്കാര്‍ ഒരുപാടുണ്ട്. ഏലൂരില്‍ നിന്നും കോതാട് എത്തുമ്പോള്‍ പുഴ സ്പ്‌ളിറ്റ് ചെയ്ത് പോകുന്നുണ്ട്. അതുകൊണ്ട് ഒരിക്കലും കടമക്കുടിയുടെ ഉള്‍ പ്രദേശങ്ങളിലേയ്ക്ക് ഇതുവരെ വിഷ വെള്ളം ബാധിച്ചിട്ടില്ല. ഇത്തവണ കടമക്കുടിയെ ബാധിച്ചു. വളരെ ക്രൂരതയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. എല്ലാ കമ്പനികളും ഒരുമിച്ച് കെമിക്കലുകള്‍ തുറന്നുവിട്ടു. സാമാന്യ ബോധം ഇല്ലാതെയാണ് ഇവര്‍ ചെയ്തിരിക്കുന്നത്. സാധാരണ മഴക്കാലത്ത് പുഴയില്‍ ഒഴുക്ക് ഉള്ളപ്പോഴാണ് ഇവര്‍ മലിന ജലം തുറന്നുവിടാറ്. ഉദ്യോഗസ്ഥരുടെ അലംഭാവം ആണിത്. ബണ്ട് തുറക്കുന്നത് മത്സ്യത്തൊഴിലാളികളെയോ അല്ലെങ്കില്‍ മറ്റ് ആരെയെങ്കിലും അറിയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇതിന്റെ ആഘാതം കുറയ്ക്കാമായിരുന്നു. എല്ലാവരുടെയും മത്സ്യങ്ങള്‍ ഒരു കിലോയും രണ്ട് കിലോയും എത്തിയിരുന്നു. അതൊക്കെ എടുത്ത് വില്‍ക്കാമായിരുന്നു.
കാളാഞ്ചിയ്ക്ക് പത്തു മാസം വേണം വളര്‍ച്ച എത്താന്‍. രാവിലെയും വൈകീട്ടും നന്നായി തീറ്റ കൊടുത്താല്‍ പത്ത് മാസംകൊണ്ട് ഒരു കിലോ വളര്‍ച്ച എത്തും. ഒരു കിലോ എങ്കിലും മിനിമം ആയാലേ മാര്‍ക്കറ്റില്‍ വില കിട്ടൂ. ഒരു കിലോയ്ക്ക് താഴെയുള്ള കാളാഞ്ചിയ്‌ക്കൊക്കെ ഏകദേശം 300 രൂപ, 350 രൂപയെ കിട്ടുകയൊള്ളൂ. വരാപ്പുഴ മാര്‍ക്കറ്റ് ഉള്ളത് കൊണ്ടാണ് ഈ പ്രദേശത്ത് ഇത്രയും കൂട് കൃഷി ഉള്ളത്. എത്ര തന്നെ മത്സ്യം ഉണ്ടെങ്കിലും അത് വരാപ്പുഴ മാര്‍ക്കറ്റില്‍ വിറ്റ് പോകും. ഒരുമിച്ച് എടുക്കുന്നവര്‍ ഉണ്ട്. അവിടെ വെച്ച് വില്‍ക്കുന്നവര്‍ ഉണ്ട്, മൊത്ത വിലയ്ക്ക് എടുക്കുന്നവര്‍ ഉണ്ട്. കരിമീന് ഒരു വര്‍ഷം പോര. ഒന്നര രണ്ടു വര്‍ഷം കൊണ്ടാണ് 400 ഗ്രാം 500 ഗ്രാം ആവുള്ളൂ. രണ്ട് വര്‍ഷത്തോളം കാത്ത് നിന്നിട്ടാണ് കരിമീന്‍ വില്‍ക്കുന്നത്. ഇനിയിപ്പോ ഒരു കൊല്ലത്തേക്ക് പുഴയില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഒരു മീന്‍ പോലും ഇല്ല. എല്ലാം ചത്തുപോയി.
രണ്ടു ദിവസമായി വീട്ടില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ദുര്‍ഗന്ധം കാരണം ഡോര്‍ അടച്ചാണ് വീടിനുള്ളില്‍ ഇരിക്കുന്നത്. ഞങ്ങള്‍ക്ക് നഷ്ടപരിഹാരം തരും എന്നൊക്കെയാണ് പറയുന്നത്. എന്തോരം കിട്ടും എന്നൊന്നും അറിയില്ല. എന്റെ തൊട്ടടുത്ത് വിത്സണ്‍ എന്ന കര്‍ഷകനുണ്ട്. അദ്ദേഹത്തിന് 10 ലക്ഷം രൂപയുടെ മത്സ്യമാണ് ചത്തുപോയത്.”, സനീഷ് വോക്ക് മലയാളത്തോട് പറഞ്ഞു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഭരണകൂടത്തിന്റെയും ആവര്‍ത്തിച്ചുള്ള അനാസ്ഥയാണ് ഈ മത്സ്യക്കുരുതിയ്ക്ക് പിന്നിലെന്ന് ജനജാഗ്രത സമിതി പ്രവര്‍ത്തകന്‍ ഷബീര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
”മലിനീകര നിയന്ത്ര ബോര്‍ഡിന്റെ അനാസ്ഥയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കമ്പനികള്‍ അവശിഷ്ടങ്ങള്‍ ഒഴുക്കുന്നതിനെ കുറിച്ച് നേരത്തെതന്നെ ഞങ്ങള്‍ പറഞ്ഞിരുന്നതാണ്. എന്നാല്‍ കൃത്യമായ നടപടികളിലേയ്ക്ക് അവര്‍ പോകുന്നില്ല. ഇതിനെല്ലാം ഉത്തരവാദി മലിനീകരണ നിയന്ത്ര ബോര്‍ഡും ഭരണകൂടവുമാണ്. കമ്പനികളില്‍ നിന്നുള്ള പുറംന്തള്ളലുകള്‍ തടയാനുള്ള സംവിധാനത്തെ പറ്റി നേരത്തെ പറയുന്നതാണ്. നിരീക്ഷണ പാത, ഡൈക്ക് വാള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞിരുന്നതാണ്. 2023 ല്‍ ഒന്നാം ഘട്ടമായി പൂര്‍ത്തീകരിക്കേണ്ടത് വരെ അവര്‍ ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങളൊക്കെ നേരത്തെ ചെയ്യുകയായിരുന്നെങ്കില്‍ ഈ ദുരന്തങ്ങളിലേക്കൊന്നും പോകില്ലായിരുന്നു. ഇത് ഭരണകൂടത്തിന്റെ നിരുത്തരവാദിത്തമാണ്.
റിവര്‍ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി 2023 നകത്ത് ഇത് പൂര്‍ത്തീകരിക്കും എന്നാണ് എന്‍ജിടി (ദേശീയ ഹരിത ട്രൈബ്യൂണല്‍)യുടെ അടുത്ത് പറഞ്ഞിരിക്കുന്നത്. ഇതിനായി ജലസേചന വകുപ്പ് 20 കോടി രൂപ മാറ്റി വെക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ, അവരത് ചെയ്തില്ല. ജലസേചന വകുപ്പ് സാമ്പത്തിക അനുമതി 20 കോടി കൊടുത്തിട്ടില്ല. വകുപ്പിന് ഇഷ്ടംപോലെ ഫണ്ടുണ്ട്. ആവശ്യമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ സൈഡ് ഭിത്തി കെട്ടാനും അല്ലെങ്കില്‍ മറ്റു വര്‍ക്കുകള്‍ക്കൊക്കെയും ഫണ്ടുകള്‍ ഒരുപാട് വിനിയോഗിക്കുന്നുണ്ട്. കുടിവെള്ള മേഖലയും നമ്മുടെ പുഴയും സംരക്ഷിക്കേണ്ട ഗൗരവം മനസ്സിലാക്കി ഇതിനു വേണ്ടിയുള്ള ഫണ്ട് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തത്തോടുകൂടി മാറ്റിവെക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
സര്‍വയലന്‍സ് റോഡിന് വേണ്ടി അവര്‍ക്ക് ഭൂമി കിട്ടണമല്ലോ. പുഴ പുറമ്പോക്ക് ഭൂമിയുണ്ട്. അത് ജലസേചന വകുപ്പിന്റെതാണ്. ഈ പുഴ പുറമ്പോക്കുകള്‍ അളന്ന് തിട്ടപ്പെടുത്തി കൊടുക്കേണ്ടത് റവന്യൂ വകുപ്പാണ്. അതിനുവേണ്ടി തഹ്‌സില്‍ദാര്‍ക്ക് കത്ത് കൊടുത്തു, അതിനു ശേഷം കളക്ടര്‍ക്ക് കത്ത് കൊടുത്തു. എന്നിട്ടും അവിടെ നിന്നും അനുകൂലമായ നീക്കങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതെല്ലാം ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നത്. കാരണം എത്രയോ വര്‍ഷം പഴക്കമുള്ള വിഷയമാണല്ലോ ഇത്.
നിരവധി ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകള്‍ വന്നതാണ്. 2004 ലെ സുപ്രീം കോടതി മോണിറ്ററിങ്ങ് കമ്മറ്റിയ്ക്ക് മുമ്പില്‍ വെച്ച ഒരു ബൃഹത്തായ പഠന റിപ്പോര്‍ട്ടുണ്ട്. അതിനു ശേഷം ഒരുപാട് പഠന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടായി. അവസാനം 2016ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശ പ്രകാരം പെരിയാറിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പഠിച്ച് ഒരു റിപ്പോര്‍ട്ടുണ്ട്. അതിനകത്ത് എടയാര്‍-ഏലൂര്‍ മേഖലയിലെ വ്യാവസായികശാലകളില്‍ നിന്നുണ്ടാകുന്ന കൃത്യമായ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പഠന റിപ്പോര്‍ട്ടുകള്‍ ഒന്നും ഗൗരവമായി സര്‍ക്കാരുകള്‍ എടുത്തിട്ടില്ല. പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ പുതിയ പഠനങ്ങള്‍ നടക്കട്ടെ എന്നുള്ളതാണ് രീതി.
നേരത്തെയും ഒരുപാട് തവണ പെരിയാറില്‍ മത്സ്യക്കുരുതി നടന്നിട്ടുണ്ട്. ഇതിപ്പോള്‍ വ്യക്തികള്‍ ആയിട്ടുള്ള കൂട് കൃഷിക്കാര്‍ക്ക് ഭീമമായ നഷ്ടം സംഭവിച്ചത് കൊണ്ടാണ് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയായത്. ഒരുപക്ഷെ പുഴയിലും കായലിലും ഒക്കെയായാണ് ഇത്രയും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതെങ്കില്‍ വലിയ പ്രതിഷേധം ഉണ്ടാവാനേ പോകുന്നില്ല. ഏതൊക്കെ തരത്തില്‍ നമ്മുടെ കുടിവെള്ളത്തെ ബാധിക്കുന്നുണ്ട്, പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുചേര്‍ന്നിട്ടുള്ള അവഷിഷ്ടങ്ങള്‍ ഇനിയും എത്രത്തോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കും എന്നുള്ള ഗൗരവമായ ചിന്തകളൊന്നും നമ്മുടെ ഭരണകൂടങ്ങള്‍ക്ക് തോന്നുന്നില്ല എന്നുള്ളതും പ്രധാന പ്രശ്‌നമാണ്.
പുഴ മലിനീകരിക്കപ്പെടുന്നത് പോലെ മലിനീകരിക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ സിസ്റ്റങ്ങളും. ഈ സിസ്റ്റങ്ങളെയൊക്കെ നേരെയാക്കാന്‍ വേണ്ടി ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രതിഷേധങ്ങളുമായി മുന്നോട്ടുപോയാല്‍ മാത്രമാണ് ഇതിനൊരു പരിഹാരമുണ്ടാകാന്‍ പോകുന്നുള്ളൂ. സര്‍ക്കാരിന്റെയും കളക്ടറുടെയും റിപ്പോര്‍ട്ടുകള്‍ താല്‍ക്കാലികമായ പ്രതിഷേധങ്ങളെ ശമിപ്പിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. കാരണം ഇവരുടെയടുത്തൊക്കെ ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളും എല്ലാം ഉണ്ടല്ലോ. എല്ലാ കേസിലും സര്‍ക്കാര്‍ കക്ഷിയാണ്. സര്‍ക്കാരിന് അറിയാവുന്നതാണല്ലോ ഈ റിപ്പോര്‍ട്ടുകളെ കുറിച്ചൊക്കെ. സര്‍ക്കാരിന്റെ വക്കീല്‍ തന്നെ ഈ മലിനീകരണങ്ങളെ വെള്ളപൂശാനും ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകള്‍ കോടതികളുടെ ശ്രദ്ധയില്‍ പെടുത്തുമ്പോള്‍ അതിനെ തെട്ടിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുമാണ് നടത്തുന്നത്. അപ്പോള്‍ അതിനെ മറികടന്ന്, ഇതിനെയൊക്കെ നേരെയാക്കണം എന്നുണ്ടെങ്കില്‍ ജനങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഒറ്റക്കെട്ടായി നില്‍ക്കണം. എന്നാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂ.
പുഴയില്‍ രാസ മാലിന്യം കണ്ടെത്തിയിട്ടില്ലാ എന്നാണ് പറയുന്നത്. അത്രയും അഴിമതി നിറഞ്ഞതാണ് നമ്മുടെ സിസ്റ്റം. ഭരണ തലത്തിലെ സ്വാധീനം കൊണ്ടാണല്ലോ തെറ്റായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുന്നത്. കൂട് കൃഷിക്കാരുടെ നഷ്ടം എത്രയെന്ന് കണക്കാക്കാം. കൂട് കൃഷി അല്ലാതെ പുഴയില്‍ ചത്തുപൊങ്ങിയ മത്സ്യങ്ങളുടെ നഷ്ടങ്ങള്‍ ആരാണ് പറയുന്നത്. നമ്മുടെ ആവാസവ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്ന പുഴയിലുള്ള സൂക്ഷ ജീവികളുടെ നഷ്ടങ്ങള്‍, പരിസ്ഥിതിയ്ക്കുണ്ടായ നഷ്ടങ്ങള്‍ ഇതിന്റെയൊക്കെ കണക്ക് ആരാണ് പറയേണ്ടത്.”, ഷബീര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
FAQs
എന്താണ് പെരിയാര്‍?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു. 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്.
എന്താണ് മലിനീകരണം?
മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. എല്ലാ തരം മലിനീകരണങ്ങളും പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്.
എന്താണ് വ്യവസായം?
ആയവ്യയ ചിട്ടയോടുകൂടി ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ ആവശ്യാനുസരണം വസ്തുക്കളോ സേവനമോ ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണ് വ്യവസായം.
Quotes
“നമുക്കെല്ലാവർക്കും പൊതുവായുള്ളത് ഭൂമിയാണ് —വെൻഡൽ ബെറി.