Wed. Dec 18th, 2024

ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം. വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് എം എം സുന്ദ്രേഷ്, എസ്‍ വി എം ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ എന്‍ ഐ എയുടെ ഹർജിയിലാണ് തീരുമാനം.

യുഎപിഎയുടെ 15-ാം വകുപ്പ് പ്രകാരം നവ്‌ലാഖ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് അനുമാനിക്കാന്‍ കഴിയുന്ന തെളിവുകളൊന്നുമില്ലെന്ന് ബോംബൈ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കഴിഞ്ഞ ഡിസംബറില്‍ ബോംബൈ ഹൈക്കോടതി നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.

വിചാരണ പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും സുപ്രീം കോടതി വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. കേസില്‍ പ്രതികളായ 16 പേരില്‍ ചിലര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ്‌ ഗ്രാമത്തിൽ ഉണ്ടായ അക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നവ്‌ലാഖയെ അറസ്റ്റ് ചെയ്യുന്നത്.