Sat. Jan 18th, 2025

ലഖ്‌നൗ: ഉത്തർപ്രദേശിൽ വോട്ട് ചെയ്യാനെത്തിയ മുസ്ലിം വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാതെ തല്ലിയോടിച്ച് പോലീസ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സംഭാല്‍ ജില്ലയിലാണ് സംഭവം.

സംഭാല്‍ ലോക്‌സഭാ അസംബ്ലിയിലെ 181, 182, 183, 184 ബൂത്തുകളിലാണ് പോലീസ് അതിക്രമം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും പോലീസ് അക്രമിക്കുന്നുണ്ട്.

“ഞങ്ങളുടെ ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് പറഞ്ഞ് പോലീസ് ഞങ്ങളെ തിരിച്ചയക്കാന്‍ നോക്കി. പിന്നാലെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.”, വോട്ട് ചെയ്യാനെത്തിയ പ്രായമായ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.

വോട്ട് ചെയ്യാൻ തന്നെയും അനുവദിച്ചില്ലെന്ന് എസ് പി സ്ഥാനാർത്ഥി സിയാ ഉർ റഹ്മാനും പരാതിയുന്നയിച്ചു. തുടർന്ന് സിയാ ഉർ റഹ്മാനും പോലീസ് ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. യുപിയിലെ സമാജ്‌വാദി സ്ഥാനാര്‍ത്ഥിയും പോലീസും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടിട്ടുണ്ട്.

അതേസമയം, സംഭാല്‍ ജില്ലയില്‍ കള്ളവോട്ട് ചെയ്യുന്നതിനിടെ 50 ലധികം ആളുകളെ പോലീസ് പിടികൂടിയെന്നും അന്വേഷണത്തിന് ശേഷം ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുംമെന്നും വോട്ടെടുപ്പ് സമാധാനപരമായി നടക്കുകയാണെന്നും യുപി പോലീസ് എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.