Mon. Dec 23rd, 2024

ന്യൂഡൽഹി: ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹനുമാനെ കക്ഷി ചേർത്ത യുവാവിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി. സ്വകാര്യ ഭൂമിയിലെ ഒരു ക്ഷേത്രത്തിൽ പൂജ നടത്താനുള്ള അവകാശം സംബന്ധിച്ച് ഡൽഹി ഉത്തംനഗർ സ്വദേശി അങ്കിത് മിശ്ര നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് സി ഹരിശങ്കർ പിഴ ചുമത്തിയത്.

സൂരജ് മലിക് എന്നയാളുടെ സ്ഥലത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് അങ്കിത് മിശ്ര ഹർജി നൽകിയത്. സ്ഥലത്തെ ക്ഷേത്രത്തിൽ പതിവായി പൂജ നടത്തിയിരുന്നുവെന്നും അതിനാൽ സ്ഥലത്തിന്റെ അവകാശം മറ്റാർക്കും നൽകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അങ്കിതിന്റെ ഹർജി.

സ്ഥലം ഭഗവാൻ ഹനുമാന്റെതാണെന്നും ഹനുമാന്റെ അടുത്ത സുഹൃത്തായാണ് താൻ വന്നിരിക്കുന്നത് എന്നുമായിരുന്നു കോടതിയിൽ അങ്കിതിന്റെ വാദം. വിചാരണ ക‍ോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

സ്ഥലം കൈവശപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് ഹർജി നൽകിയതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഹർജി തള്ളുകയും പിഴത്തുകയായ ഒരു ലക്ഷം രൂപ സൂരജ് മലികിന് നൽകാൻ വിധിക്കുകയും ചെയ്തു.

ക്ഷേത്രമിരിക്കുന്നതിനാൽ സൂരജ് മലിക് തന്റെ സ്ഥലം കൈമാറ്റം ചെയ്യണമെന്നായിരുന്നു അങ്കിത് മിശ്ര ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ, കുറച്ചധികം പേർ ആരാധന നടത്തുന്ന ക്ഷേത്രമായത് കൊണ്ട് അതിരിക്കുന്ന സ്ഥലം പൊതുസ്വത്തായി പ്രഖ്യാപിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദൈവം ഒരു കേസിൽ കക്ഷിയായി വരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്നായിരുന്നു ജസ്റ്റിസ് സി ഹരിശങ്കർ പരാമർശിച്ചത്.