Mon. Dec 23rd, 2024

ന്യൂഡൽഹി: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70 ലേറെ വിമാന സർവീസുകൾ മുടങ്ങി. 300 ഓളം സീനിയർ കാബിൻ ക്രൂ അംഗങ്ങൾ സർവീസുകൾക്ക് തൊട്ടുമുമ്പായാണ് കൂട്ട അവധിയെടുത്തത്. യാത്ര മുടങ്ങിയതോടെ പലയിടത്തും പ്രതിഷേധമുയർന്നു.

അലവൻസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നടത്തിയ സമരമാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളുൾപ്പെടെ 79 ഓളം സർവീസ് റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് തുടങ്ങിയത്. ജീവനക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

യാത്രക്കാർക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.

ഏപ്രിലിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാർ എയർ ഇന്ത്യ മാനേജ്‌മെന്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.