Wed. Jan 22nd, 2025

ബെംഗളുരു: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് യുവതി മകനെ മുതലകളുള്ള നദിയിലേക്ക് എറിഞ്ഞ് കൊന്നു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.

ജനനം മുതൽ കേൾവിയും സംസാരശേഷിയും ഇല്ലാത്ത മകൻ വിനോദിനെയാണ് അമ്മ സാവിത്രി മുതലകൾക്ക് എറിഞ്ഞ് കൊടുത്തത്. സംഭവത്തിൽ കുട്ടിയുടെ അമ്മ സാവിത്രിയെയും അച്ഛൻ രവികുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ ശാരീരികാവസ്ഥയെ ചൊല്ലി ദമ്പതികൾ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി ഇത്തരത്തിൽ വഴക്ക് ഉണ്ടായി. വഴക്ക് രൂക്ഷമായതിനെ തുടർന്ന് സാവിത്രി മകനെ മുതല നിറഞ്ഞ മാലിന്യ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

തുടർന്ന് സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചു. പോലീസും ഫയർഫോഴ്‌സ് മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മുതല ഭാഗികമായി ഭക്ഷിച്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.