ബെംഗളുരു: ഓൺലൈൻ തട്ടിപ്പിലൂടെ 52 കാരിയായ വനിത സംരംഭകയ്ക്ക് നഷ്ടമായത് 2.7 കോടി രൂപ. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഏപ്രിൽ ആറിനും ഏപ്രിൽ 22നും ഇടയിലായിരുന്നു സംഭവം.
സ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പിൽ അകപ്പെടുകയായിരുന്നു.
ഒരു ഇൻസ്റ്റഗ്രാം ഗ്രൂപ്പിലേക്കായിരുന്നു സ്ത്രീയെ തട്ടിപ്പുകാർ ആദ്യം ക്ഷണിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് ചെയ്തത്. യൂട്യൂബ് ചാനലുകൾ ലൈക് ചെയ്യാനായിരുന്നു ഇവരോട് തട്ടിപ്പുകാർ ആദ്യം പറഞ്ഞിരുന്നത്. ഇങ്ങനെ ചെയ്‌താൽ ധാരാളം പണം ലഭിക്കുമെന്നും തട്ടിപ്പുകാർ പറഞ്ഞിരുന്നു.
പിന്നീട് പണം പെട്ടെന്ന് ഇരട്ടിയാകുമെന്ന വാഗ്ദാനം നൽകി സ്ത്രീയിൽ നിന്ന് ധാരാളം പണം നിക്ഷേപമായി തട്ടിപ്പുകാർ വാങ്ങി. 2.7 കോടി രൂപയാണ് സ്ത്രീ ഇത്തരത്തിൽ നിക്ഷേപമായി നൽകിയത്.
തട്ടിപ്പ് മനസ്സിലായ സ്ത്രീ സൈബർ ക്രൈം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് കുറ്റവാളികളുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിച്ചു. തട്ടിപ്പുകാരെ കണ്ടെത്തിയ പോലീസ് സ്ത്രീക്ക് പണം തിരികെ നൽകാനുള്ള നടപടികളിലാണ്.
അതേസമയം, കോടതിയുടെ അനുമതിയോടെ 1.7 കോടി രൂപ ഇരയ്ക്ക് ഒറ്റ ഗഡുവായി തിരികെ നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബാക്കിയുള്ളതിൽ 30 ലക്ഷം രൂപയുടെ ക്ലിയറൻസിനായി കാത്തിരിക്കുകയാണെന്നും ഡിസിപി (ഈസ്റ്റ്) കുൽദീപ് കുമാർ ജെയിൻ വെളിപ്പെടുത്തി.