Mon. Dec 23rd, 2024

മുംബൈ: സ്വര്‍ണം കടത്തിയ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈ വിമാനത്താവളത്തില്‍ പിടിയിൽ. 25 കിലോ സ്വര്‍ണമാണ് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ സാക്കിയ വര്‍ദകിൽ നിന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. പിടിച്ചെടുത്ത സ്വർണം 18.6 കോടി രൂപ വിലവരും.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സാക്കിയ വര്‍ദക് ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ മുംബൈയിലെത്തുകയായിരുന്നു.

ഏപ്രില്‍ 25 ന് വൈകിട്ട് മകനോടൊപ്പമാണ് സാക്കിയ വര്‍ദക് വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കേണ്ട വസ്തുക്കളൊന്നും കൈയിലില്ലെന്ന് അവകാശപ്പെട്ട് ഗ്രീൻ ചാനൽ വഴി ഇവർ പുറത്തുകടന്നിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നതിനിടെ ഇവരെ ഡിആര്‍ഐ സംഘം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇവർ പറഞ്ഞത്. തുടർന്ന് സാക്കിയ വര്‍ദകിനെ ശരീരപരിശോധനയ്ക്ക് വിധേയയാക്കുകയും പരിശോധനയിൽ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തു.

സാക്കിയ വര്‍ദക് ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇവരുടെ മകനിൽ നിന്നും ഒന്നും കണ്ടെടുത്തില്ല.

സ്വര്‍ണവുമായി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവർ രേഖകൾ ഹാജരാക്കിയിരുന്നില്ല. തുടർന്ന് കസ്റ്റംസ് ആക്ട് അനുസരിച്ചാണ് സ്വര്‍ണം പിടിച്ചെടുത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ സാക്കിയ വര്‍ദകിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.