Sun. Nov 17th, 2024

അങ്കാറ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടേ പേരിൽ ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലുള്ളവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായമെത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിക്കെതിരെയാണ് തുർക്കിയുടെ ഈ തീരുമാനമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗാസയിലേക്കുള്ള സഹായം എത്തിക്കുന്നതിൽ തടസം നീക്കുന്നതുവരെയാണ് ഇസ്രായേലുമായുള്ള വ്യാപാര ബന്ധം തുർക്കി നിർത്തി വെച്ചിരിക്കുന്നത്. ഗാസയിലെ ജനങ്ങൾക്ക് സഹായം നിലക്കാതിരിക്കാൻ ഈ നിലപാട് സഹായിക്കുമെന്നാണ് തുർക്കി വിശദമാക്കുന്നത്.

അതേസമയം, തുർക്കിയിലെ ജനങ്ങളുടെയും വ്യാപാരികളുടെയും താൽപര്യങ്ങളെ മുൻ നിർത്തിയല്ല തുർക്കി പ്രസിഡന്റ് എർദോഗന്റെ നിലപാടെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

വ്യാപാര ബന്ധത്തിനായി തുർക്കി അല്ലാതെ മറ്റ് ബദൽ മാർഗങ്ങൾ കണ്ടെത്താനും ഇസ്രായേൽ നിർദേശം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം 7 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇസ്രായേലും തുർക്കിയും തമ്മിലുണ്ടായിരുന്നത്.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് കൊളംബിയ രംഗത്തെത്തിയത്. ഗാസയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ചായിരുന്നു കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രഖ്യാപനം.