Wed. Jan 22nd, 2025

എറണാകുളം : എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദർ. കുഞ്ഞിൻ്റെ അമ്മയായ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയമുണ്ടെന്നും പോലീസ് പറയുന്നു.

23 വയസുള്ള യുവതി ഗർഭിണിയായിരുന്ന വിവരവും പ്രസവിച്ച വിവരവും മാതാപിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ പ്രസവിച്ച കാര്യവും റോഡിലേക്ക് വലിച്ചെറിഞ്ഞ കാര്യവും യുവതി സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ കൊലപാതക കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നോ റോഡിലേക്കെറിഞ്ഞതിന് ശേഷമാണോ മരിച്ചത് തുടങ്ങിയ കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മനസിലാക്കാൻ കഴിയുവെന്നും പോലീസ് വ്യക്തമാക്കി.

ഇന്ന് രാവിലെ എട്ടരയോടെയാണ് കുഞ്ഞിനെ കൊറിയർ കവറിൽ പൊതിഞ്ഞ നിലയിൽ പനമ്പിള്ളിയിലെ വിദ്യാനഗർ റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ്  കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞതായി കണ്ടത്.