Fri. Jul 19th, 2024

മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്തിരുന്ന കാലത്ത് ചെട്ടിയാരുടെ ഉള്ളിൽ ഒരു  വിപ്ലവാശയം ഉണ്ടായി. അങ്ങനെയാണ് 1918 ഏപ്രിൽ 27 ന് ഇന്ത്യയിലെ ആദ്യത്തെ സംഘടിത ട്രേഡ് യൂണിയൻ രൂപംകൊള്ളുന്നത്

ലോകമെമ്പാടുമുള്ള തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ പ്രതീകമായാണ് മെയ് ഒന്നിന് തൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളുടെ പോരാട്ടദിനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ എപ്പോഴും ഉയർന്നുകേൾക്കുന്ന പേരാണ് ശിങ്കാരവേലു ചെട്ടിയാരുടേത്

കാൺപൂർ സമ്മേളന അധ്യക്ഷൻ എന്ന വിശേഷണത്താൽ  കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിൽ ഇടംനേടിയ വ്യക്തിയാണ് മലയപുരം ശിങ്കാരവേലു ചെട്ടിയാർ. 1860 ഫെബ്രുവരി 11ന് മദ്രാസിലെ ഒരു മത്സ്യ തൊഴിലാളി കുടുംബത്തിലാണ് ശിങ്കാരവേലു ചെട്ടിയാർ ജനിച്ചത്. നിയമപഠന കാലത്തുതന്നെ നവോത്ഥാന പ്രസ്ഥാനങ്ങളിൽ ശിങ്കാരവേലു ചെട്ടിയാർ സജീവമായിരുന്നു. 

ബുദ്ധമാർഗമായിരുന്നു ചെട്ടിയാർ അതിനായി സ്വീകരിച്ചിരുന്നത്. 1902 ൽ ലണ്ടനിലേക്ക് പോയ ശിങ്കാരവേലു ബുദ്ധമത സമ്മേളനത്തിൽ പങ്കെടുക്കുകയും തിരികെ ഇന്ത്യയിലെത്തി മഹോബോധി സൊസൈറ്റിയിൽ പ്രവർത്തിക്കുകയും ചെയ്തു. പിന്നീട് ബുദ്ധമത ആചാരങ്ങൾ പ്രചരിപ്പിച്ചാണ് ജാതിവിവേചനത്തിനെതിരെ ചെട്ടിയാർ പ്രവർത്തിച്ചത്. 

ഇംഗ്ലീഷും ഫ്രഞ്ചുമുൾപ്പെടെ അഞ്ച് ഭാഷകൾ ശിങ്കാരവേലു ചെട്ടിയാർക്ക് അറിയാമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ സജീവമാകുന്നതിനായി കോൺഗ്രസ് പ്രവർത്തകനായി. മദ്രാസ് കോർപറേഷനിലും ചെട്ടിയാർ അംഗമായിരുന്നു. ഗാന്ധിജി  നിസ്സഹരണ സമരം പ്രഖ്യാപിച്ചപ്പോൾ തൻ്റെ വക്കീൽ ഗൗൺ കത്തിച്ചാണ് ശിങ്കാരവേലു ചെട്ടിയാർ ഐക്യദാർഢ്യം അറിയിച്ചത്. 

1917ലെ റഷ്യൻ വിപ്ലവത്തിൽ നിന്നും പ്രചോദമുൾക്കൊണ്ട ശിങ്കാരവേലു ലഭ്യമായ കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ വായിക്കുകയും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാകുകയുമായിരുന്നു. പിന്നീട് പല പത്രങ്ങളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ലേഖനങ്ങൾ എഴുതി. താഷ്കൻ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആരംഭത്തിന് നേതൃത്വം നൽകിയ എം എൻ റോയിക്ക് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടകരെ ആവശ്യമായിരുന്നു. ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ മുഖപത്രമായ വാൻഗാർഡിൻ്റെ രഹസ്യപ്രചാരണത്തിനായി ഇന്ത്യയിൽ നിന്നും എം എൻ റോയി തിരഞ്ഞെടുത്ത മൂന്നു പേരിലൊരാൾ ശിങ്കാരവേലു ചെട്ടിയാരായിരുന്നു.

മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്തിരുന്ന കാലത്ത് ചെട്ടിയാരുടെ ഉള്ളിൽ ഒരു  വിപ്ലവാശയം ഉണ്ടായി. അങ്ങനെയാണ് 1918 ഏപ്രിൽ 27 ന് ഇന്ത്യയിലെ ആദ്യത്തെ സംഘടിത ട്രേഡ് യൂണിയൻ രൂപംകൊള്ളുന്നത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന ബക്കിംഹാം ആൻ്റ് കർണാട്ടിക് മില്ലിലാണ് മദ്രാസ് ലേബർ യൂണിയൻ എന്ന പേരിൽ ആദ്യത്തെ ട്രേഡ് യൂണിയൻ രൂപംകൊണ്ടത്. ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയൻ്റെ പ്രസിഡൻ്റ് സ്ഥാനം വഹിച്ചതും ചെട്ടിയാരായിരുന്നു.

മദ്രാസ് ലേബർ യൂണിയൻ്റെ രൂപീകരണത്തിനു ശേഷം തമിഴ് ആക്ടിവിസ്റ്റുകളുമായി ചേർന്ന് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍ , ട്രാം വേ വര്‍ക്കേഴ്‌സ് യൂണിയന്‍, പെട്രോളിയം എംപ്ലോയീസ് യൂണിയന്‍ തുടങ്ങി നിരവധി ട്രേഡ് യൂണിയൻ സംരഭങ്ങൾക്കും ശിങ്കാരവേലു ചെട്ടിയാർ തുടക്കം കുറിച്ചു. തൊഴിലാളികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അനീതികൾക്കെതിരെ പ്രവർത്തിക്കുക എന്നിവയായിരുന്നു ശിങ്കാരവേലു ചെട്ടിയാരുടെ ലക്ഷ്യങ്ങൾ. 

1920 ഒക്ടോബർ 17നാണ് സോവിയറ്റ് യൂണിയനിലെ താഷ്കൻ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടത്. താഷ്കൻ്റിലെ പാർട്ടി രൂപീകരണം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്കുശേഷം 1925 ഡിസംബർ 26നാണ് ഇന്ത്യയിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനം നടന്നത്.  കാൺപൂരിൽ വെച്ച് നടന്ന സമ്മേളനത്തിൻ്റെ അധ്യക്ഷനായത് ദക്ഷിണേന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റായ ശിങ്കാരവേലുവായിരുന്നു. എസ് വി ഘാട്ടേ,  ജെ പി   ബഹർഹട്ട എന്നിവരായിരുന്നു സെക്രട്ടറിമാർ. സമ്മേളനത്തിൽ ഒരു കേന്ദ്ര കമ്മിറ്റിയേയും തിരഞ്ഞെടുത്തിരുന്നു.

കാൺപൂർ സമ്മേളനത്തിനു മുൻപ് 1923 മെയ് ദിനത്തിൽ ശിങ്കാരവേലു ചെട്ടിയാർ തൊഴിലാളി റാലി സംഘടിപ്പിക്കുകയും ഹിന്ദുസ്ഥാൻ ലേബർ കിസാൻ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. ഭരണകൂടം എപ്പോഴും മുതലാളിത്തത്തോടൊപ്പമായിരിക്കുമെന്നും ഐക്യത്തോടെ സംഘടിക്കുകയാണ് തൊഴിലാളികളുടെ വഴിയെന്നും പാർട്ടി രൂപീകരണ വേളയിൽ ചെട്ടിയാർ പറഞ്ഞു. 

മെയ് ദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയവും സമ്മേളനത്തിൽ അംഗീകരിച്ചു.  അതേ ദിവസം ട്രിപ്ലിക്കേൻ ബീച്ചിലും മദ്രാസ് ഹൈക്കോടതിക്ക് സമീപവും മെയ് ദിനാചരണത്തിൻ്റെ ഭാഗമായി യോഗങ്ങൾ നടന്നു. ശിങ്കാരവേലു ചെട്ടിയാർ തന്നെയായിരുന്നു നേതൃത്വം വഹിച്ചത്. രാജ്യത്തെ ആദ്യത്തെ തൊഴിലാളി ദിനാചരണമായിരുന്നു അത്. ഇന്ത്യയിൽ ആദ്യമായി ചെങ്കൊടി ഉയർത്തിയതും ഈ യോഗങ്ങളിലാണ്. ഈ ദിനാചരണത്തിൻ്റെ സ്മാരകമായാണ് 1959ൽ മറീന ബീച്ചിൽ തൊഴിലാളികളുടെ വിജയ സ്തൂപം (ഉഴൈപ്പാളർ സിലൈ) സ്ഥാപിച്ചത്. 

മെയ് ദിനാചരണത്തിന് പിന്നാലെ മെയ് 20ന് മറ്റൊരു സമ്മേളനം കൂടി ശിങ്കാരവേലു ചെട്ടിയാർ വിളിച്ചുചേർത്തു. ഒക്ടോബറിൽ ‘ലേബർ കിസാൻ ഗസറ്റി’ൻ്റെയും ‘തൊഴിലാള’ൻ്റെയും പ്രസിദ്ധീകരണം പ്രഖ്യാപിക്കുകയും ചെയ്തു. ലേബർ കിസാൻ ഗസറ്റ് പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമാക്കിയിരുന്നു. 

മെയ് ദിനാചരണ വാർത്തകൾ പുറത്തുവന്നതോടെ ബ്രിട്ടീഷ് പോലീസ് ശിങ്കാരവേലുവിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ  നിരീക്ഷിക്കാൻ തുടങ്ങി. 1924 ൽ കാൺപൂർ ഗൂഢാലോചന കേസിൽ പല പ്രമുഖ നേതാക്കൾക്കൊപ്പം അറസ്റ്റിലാകുമ്പോൾ  63 വയസായിരുന്നു ശിങ്കാരവേലു ചെട്ടിയാർക്ക്. പിന്നീട് ആരോഗ്യകരമായ പ്രശ്നങ്ങളെ തുടർന്ന്  ചെട്ടിയാരെ വിട്ടയക്കുകയായിരുന്നു. 

കാൺപൂർ സമ്മേളനത്തിന് ശേഷം ശിങ്കാരവേലു ജാതിവിവേചന സമരങ്ങളിൽ പെരിയാറിനൊപ്പം ചേർന്ന് പ്രവർത്തിച്ചു. പിന്നീട് പെരിയാറുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോഴും ശിങ്കാരവേലു ചെട്ടിയാരുടെ ലേഖനങ്ങൾ പെരിയാർ തൻ്റെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 

പാർട്ടി ലേഖനങ്ങൾക്കു പുറമെ  ജനങ്ങളില്‍ ശാസ്ത്രീയാഭിമുഖ്യം വളര്‍ത്തുന്നതിനായി ധാരാളം ശാസ്ത്ര ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിൻ്റെ സ്‌പെഷല്‍ റിലേറ്റിവിറ്റിയെക്കുറിച്ചും നെബുലര്‍ ഹൈപ്പോതീസിസിനെക്കുറിച്ചുമെല്ലാം ശിങ്കാരവേലു മാസികകളിലെഴുതി. ശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘പുതു ഉലക്’ എന്ന ജേണലും ആരംഭിച്ചു. 

1928 ലെ സൗത്ത് ഇന്ത്യൻ റെയിൽവേ പണിമുടക്കിൻ്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു ചെട്ടിയാർ. പണിമുടക്കിനെ തുടർന്ന് അറസ്റ്റിലായ ചെട്ടിയാർ രണ്ട് വർഷത്തെ ജയിൽവാസത്തിനു ശേഷം 1930ലാണ് മോചിതനാകുന്നത്. 

1946 ഫെബ്രുവരി 11 നാണ് എം ശിങ്കാരവേലു ചെട്ടിയാർ മരിക്കുന്നത്. ശിങ്കാരവേലുവിൻ്റെ ഓർമക്കായാണ് ചെന്നൈ കളക്ടറേറ്റ് നിൽക്കുന്ന കെട്ടിടത്തിന് ശിങ്കാരവേലു മാളികൈ എന്ന പേര് നൽകിയത്. 

FAQs

ആരാണ് പെരിയാർ?

സാമൂഹ്യ പരിഷ്കരണത്തിനും ദ്രാവിഡരുടെ ആത്മാഭിമാനത്തിനും വേണ്ടിയുള്ള ഒരു സംഘടനയായ ദ്രാവിഡർ കഴകത്തിൻ്റെ സ്ഥാപകനായിരുന്നു പെരിയാർ എന്നറിയപ്പെടുന്ന ഇ വി രാമസ്വാമി നായ്ക്കർ.

എന്താണ് കാൺപൂർ സമ്മേളനം?

ഇന്ത്യയിലെ മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് ഗ്രൂപ്പും വിഭാഗങ്ങളും പങ്കെടുത്ത, ഇന്ത്യൻ മണ്ണിൽ ചേർന്ന ആദ്യത്തെ യോഗമായിരുന്നു 1925 ഡിസംബർ 26 മുതൽ 28 വരെ നടന്ന കാൺപുർ കമ്യൂണിസ്റ്റ് സമ്മേളനം.

ആരാണ് എം എൻ റോയി?

ഒരു രാഷ്ട്രീയ പ്രവർത്തകനും, രാഷ്ട്രീയ തത്ത്വചിന്തകനുമായിരുന്നു എം എൻ റോയി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മെക്സിക്കോയുടേയും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടേയും സ്ഥാപക നേതാവാണ്.

Quotes

തൊഴിലാളി വർഗ്ഗമാണ് സമൂഹത്തിൻ്റെ നട്ടെല്ല്- ഫ്രെഡറിക് ഏംഗൽസ്

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.