Wed. Dec 18th, 2024

മുൻ ഐസിഐസിഐ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി.

സിബിഐയുടെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ജസ്റ്റിസുമാരായ അനുജ പർഭുദേശായിയും എൻആർ ബോർക്കർ എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചു.

“പ്രായോഗികമല്ലാത്തതും നിയമം പാലിക്കാത്തതുമായ ഈ അറസ്റ്റ് അധികാര ദുര്‍വിനിയോഗമാണ്. ഇത് സെഷന്‍ 41A(3) ക്ക് വിരുദ്ധമാണ്” എന്നാണ് ബെഞ്ച് വിമര്‍ശിച്ചത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ അനുവദിച്ച ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചാർ ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഇവര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തി.

അറസ്റ്റ് ചെയ്യാൻ തീരുമാനമെടുത്ത സാഹചര്യങ്ങളോ തെളിവുകളോ തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.

ദമ്പതിമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സിബിഐയുടെ വാദം കോടതി പരിഗണിച്ചില്ല. “നിശബ്ദതയ്ക്കുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20(3) നല്‍കുന്നുണ്ട്. നിശബ്ദത പാലിക്കാനുള്ള അവകാശം ഉപയോഗിക്കുന്നതിനെ സഹകരിക്കുന്നില്ല എന്നതിനോട്  തുല്യമാക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.

വീഡിയോകോണ്‍ ഐസിഐസിഐ ബാങ്ക് വായ്പ കേസില്‍ 2022 ഡിസംബര്‍ 23 നാണ് കൊച്ചാർ ദമ്പതിമാരെ അറസ്റ്റ് ചെയ്യുന്നത്. 2019 ൽ കൊച്ചാര്‍ ദമ്പതിമാര്‍ക്കും വീഡിയോകോണ്‍ സിഇഒ വേണുഗോപാൽ ദൂതിനുമെതിരെ സിബിഐ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ചന്ദ ചുമതലയേറ്റ ശേഷം 2009 നും 2011 നും ഇടയിലായി ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പ് കമ്പനികൾക്ക് ആറ് വായ്പ അനുവദിച്ചു എന്നാണ് ആരോപണം. ദീപക്കുമായി ബന്ധമുള്ള ന്യൂപവർ എന്ന കമ്പനിയിലാണ് വീഡിയോകോൺ നിക്ഷേപം നടത്തിയത്.

തങ്ങൾക്കെതിരെ കാര്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റിന് പിന്നാലെ കൊച്ചാർ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഈ വർഷം ജനുവരി ഒമ്പതിനാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.