Wed. Jan 22nd, 2025

കുഞ്ഞ് ജനിച്ച് രണ്ടാമത്തെ ദിവസമാണ് പരീക്ഷയെഴുതാന്‍ ശ്രീപതി 200 കിലോമീറ്റർ യാത്ര ചെയ്ത് ചെന്നൈയില്‍ എത്തുന്നത്

മിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി കുന്നുകളില്‍ താമസിക്കുന്ന മലയാലി എന്ന ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ സിവില്‍ ജഡ്ജിയാണ് ഇരുപത്തിമൂന്നുകാരിയായ ശ്രീപതി.

കർഷകനായ എസ് കാളിയപ്പൻ്റെയും കെ മല്ലികയുടെയും മൂത്ത മകളായ ശ്രീപതി ഡോ.അംബേദ്കർ ഗവൺമെൻ്റ് ലോ കോളേജിലാണ് നിയമപഠനം നടത്തിയത്. പഠനം പൂര്‍ത്തിയാക്കി ആംബുലന്‍സ് ഡ്രൈവറെ വിവാഹം കഴിച്ചു.

കുഞ്ഞ് ജനിച്ച് രണ്ടാമത്തെ ദിവസമാണ് പരീക്ഷയെഴുതാന്‍ ശ്രീപതി 200 കിലോമീറ്റർ യാത്ര ചെയ്ത് ചെന്നൈയില്‍ എത്തുന്നത്. അന്നത്തെ കഷ്ടപാടിന്റെയും കഠിനധ്വാനത്തിന്റെയും ഫലമായാണ് ശ്രീപതി ഇന്ന് സിവില്‍ ജഡ്ജിയായത്.

സ്വന്തം കമ്മ്യൂണിറ്റിയിലെ ആളുകൾക്ക് അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതുകൊണ്ട് അവർക്ക് നിയമസഹായം നൽകാനാണ് താന്‍ നിയമം പഠിക്കാന്‍ തീരുമാനിച്ചതെന്ന് ശ്രീപതി ദി ഹിന്ദുവിനോട് വ്യക്തമാക്കുന്നു.

ശ്രീപതി കുഞ്ഞിനൊപ്പം Screen-grab, Copyrights: Hindustan Times

തമിഴ്നാട് സര്‍ക്കാരിന്റെ ദ്രവീഡിയന്‍ മോഡല്‍ പദ്ധതിയാണ് ശ്രീപതിയുടെ നിയമനത്തിന് സഹായകമായത്. തമിഴ് മീഡിയത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും ബിരുദധാരി (first generation graduates) കള്‍ക്കും കോവിഡ് 19 മുതല്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ജോലിയില്‍ മുന്‍ഗണന നല്‍കുന്ന പദ്ധതിയാണ്  2021 ല്‍ നിലവില്‍ വന്ന ദ്രവീഡിയന്‍ മോഡല്‍.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മലയോര ഗ്രാമത്തിൽ നിന്നും ഒരു ആദിവാസി സ്ത്രീ ഇത്രയും ചെറുപ്പത്തിൽ ഈ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

‘തമിഴ് ഭാഷയിൽ പഠിച്ചവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകിക്കൊണ്ടുള്ള ഡിഎംകെ സര്‍ക്കാരിന്റെ ദ്രവീഡിയന്‍ മോഡൽ പദ്ധതിയിലൂടെയാണ് ശ്രീപതിയെ ജഡ്ജിയായി തിരഞ്ഞെടുത്തത് എന്നതിൽ അഭിമാനമുണ്ട്. സാമൂഹ്യനീതി എന്ന വാക്ക് ഉച്ചരിക്കാൻ പോലും മടിക്കുന്ന തമിഴ്നാട്ടിലുള്ളവര്‍ക്ക് ശ്രീപതിയെപ്പോലുള്ളവരുടെ വിജയം എന്നുമൊരു മറുപടിയാണെന്നും’ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസം മാത്രമാണ് തകര്‍ക്കാന്‍ കഴിയാത്ത സമ്പത്തെന്ന് കാണിച്ചുകൊടുത്ത ശ്രീപതി മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് യുവജനക്ഷേമ – കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍ എക്സില്‍ പറഞ്ഞു.

FAQs

എന്താണ് മലയാലി ഗോത്രവിഭാഗം?

തമിഴ്‌നാട്ടിലെ മലയോര പ്രദേശങ്ങളിലെ ഗോത്രവിഭാഗമാണ് മലയാലി. ‘മല’ എന്നർത്ഥമുള്ള ‘മലയ്’, ‘ജനങ്ങൾ’ എന്നർത്ഥമുള്ള ‘യാലി’ എന്നീ വാക്കുകളിൽ നിന്നാണ് മലയാലി എന്ന വാക്കുണ്ടായത്.

ആരാണ് എം കെ സ്റ്റാലിൻ?

തമിഴ്‌നാട്ടിലെ എട്ടാമത്തെയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ് എം കെ സ്റ്റാലിൻ. എം കരുണാനിധിയുടെ മകനായ സ്റ്റാലിൻ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടിയുടെ പ്രസിഡൻ്റാണ്.

ആരാണ് ഉദയനിധി സ്റ്റാലിൻ?

രാഷ്ട്രീയക്കാരനും ചലച്ചിത്ര നിർമ്മാതാവും നടനുമാണ് ഉദയനിധി സ്റ്റാലിൻ. നിലവിൽ യുവജനക്ഷേമ – കായിക മന്ത്രിയാണ് ഉദയനിധി.

Quotes

നിങ്ങളുടെ സ്വപ്നങ്ങളുടെ ദിശയിലേക്ക് ആത്മവിശ്വാസത്തോടെ പോവുക. നിങ്ങൾ സങ്കൽപ്പിച്ച ജീവിതം നയിക്കുക – ഹെൻറി ഡേവിഡ് തോറോ