Mon. Nov 18th, 2024

ടൈം സിറ്റി ഹൗസിംഗ് സൊസൈറ്റി 1.13 കോടി രൂപയ്ക്കാണ് സരയു നദിക്കടുത്തുള്ള ഭൂമി കര്‍ഷകരില്‍ നിന്നും പലതവണയായി വാങ്ങിയത്. ആഴ്ചകള്‍ക്കുശേഷം ഈ ഭൂമി മൂന്നിരട്ടി വിലക്ക് അദാനി ഗ്രൂപ്പിന് മറിച്ചുവില്‍ക്കുകയും ചെയ്തു

യോധ്യയ്ക്ക് സമീപം സരയു നദിയോട് ചേര്‍ന്നുള്ള അതീവ പരിസ്ഥിതി ലോല പ്രദേശം അദാനിക്ക് വിറ്റ്‌ ബിജെപി നേതാക്കള്‍. ബിജെപി മുന്‍ എംഎല്‍എയും സഹാറ ഗ്രൂപ്പിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായിരുന്ന ചന്ദ്ര പ്രകാശ് ശുക്ലയുടെ സ്ഥാപനമായ ടൈം സിറ്റി മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയാണ് അദാനിക്ക് ഭൂമി കച്ചവടം ചെയ്തിരിക്കുന്നത്. സ്ക്രോളാണ് ഭൂമി ഇടപാടുമായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ടൈം സിറ്റി ഹൗസിംഗ് സൊസൈറ്റി 2023 ഒക്ടോബറിനും ഡിസംബറിനും ഇടയിലായി 1.13 കോടി രൂപയ്ക്കാണ് സരയു നദിക്കടുത്തുള്ള ഭൂമി കര്‍ഷകരില്‍ നിന്നും പലതവണയായി വാങ്ങിയത്. ആഴ്ചകള്‍ക്കുശേഷം ഈ ഭൂമി മൂന്നിരട്ടി വിലക്ക് അദാനി ഗ്രൂപ്പിന് മറിച്ചുവില്‍ക്കുകയും ചെയ്തു.

അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മജ്ഹ ജംതാരയിലെ ഒരു സ്ഥലം Screen-grab, Copyrights: Scroll

അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മ്മിച്ച രാമക്ഷേത്രത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയായും ഫൈസാബാദിനും അയോധ്യയ്ക്കും സരയു നദിക്കും ഇടയിലുമായി സ്ഥിതിചെയ്യുന്ന ജനവാസമില്ലാത്ത പ്രദേശമായ മജ്ഹ ജംതാരയിലെ ഭൂമിയാണ് അദാനി ഗ്രൂപ്പിന് വിറ്റിരിക്കുന്നത്.

തണ്ണീർത്തടങ്ങള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശമാണ് മജ്ഹ ജംതാര. സാരസ് കൊക്ക് (സാരസ് ക്രെയിൻ), ഗ്രേ ഹെറോൺ, ഇന്ത്യൻ കുറുക്കന്‍  എന്നിവയുടെ ആവാസകേകേന്ദ്രം കൂടിയാണിത്. 2022 ഡിസംബർ മുതൽ ഇവിടെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ സർക്കാർ നിരോധിച്ചിരുന്നു.

മജ്ഹ ജംതാരയിലെ തണ്ണീർത്തടത്തിൽ നിർമ്മാണം നടയുന്നതിന് അയോധ്യ വികസന അതോറിറ്റി സ്ഥാപിച്ച ബോർഡ് Screen-grab, Copyrights: Scroll

2023 ഒക്ടോബറില്‍ ല്‍ മജ്ഹ ജംതാരയിലെ ഘന്‍സീര യാദവ്, കബൂത്ര ദേവി യാദവ് എന്നിവരുടെ ഒരു ഹെക്ടര്‍ ഭൂമി ടൈം സിറ്റി വാങ്ങി. വളരെ കുറഞ്ഞ വിലക്കാണ് കര്‍ഷകര്‍ ടൈം സിറ്റിക്ക് ഭൂമി വിറ്റത്.

“2019 നവംബറിൽ ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഹിന്ദു വിഭാഗത്തിന് നല്‍കിയ സുപ്രീം കോടതി വിധിക്ക് ശേഷം ഈ പ്രദേശത്തെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ പോകുന്നുവെന്ന് ഞങ്ങൾ കേട്ടു. ഞങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് കുറഞ്ഞ വിലക്ക് സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി വിൽക്കാൻ തീരുമാനിച്ചത്.” കബൂത്ര ദേവിയുടെ ചെറുമകൻ അജയ് യാദവ് സ്ക്രോളിനോട് പറഞ്ഞു.

2021 ഫെബ്രുവരിയിൽ 0.56 ഹെക്ടർ ഭൂമി കാൺപൂരിലെ സുധാ ദീക്ഷിത് എന്ന വ്യക്തിക്ക് രണ്ട് ഇടപാടുകളിലായി 33.53 ലക്ഷം രൂപക്ക് യാദവ കുടുംബം വിറ്റു. ഈ തുക ജില്ലാ ഭരണകൂടം നിശ്ചയിച്ച ഭൂമിയുടെ വിപണി വിലയേക്കാള്‍ വളരെ കുറവായിരുന്നു. അന്ന് ഭൂമിയുടെ വില 77.46 ലക്ഷം രൂപയായിരുന്നു. ഈ രണ്ട് ഇടപാടുകളിലും പൊതുസാക്ഷി ടൈം സിറ്റിയുടെ നിയമോപദേഷ്ടാവായ സൂര്യഭാൻ സിംഗ് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 ഒക്ടോബര്‍ 31ന് ദീക്ഷിത് ഈ സ്ഥലം സിറ്റി ടൈംസിന് 40 ലക്ഷം രൂപയ്ക്ക് രണ്ട് വില്‍പ്പന രേഖകളിലായി വിറ്റു. ഈ രണ്ടു വില്‍പ്പന രേഖകളിലെയും സാക്ഷികള്‍ ജയ്ഭാൻ സിംഗ്, അവിനാഷ് സിംഗ് എന്നിവരാണ്.

2023 നവംബറിര്‍ 6 ന് യാദവ കുടുംബം 0.44 ഹെക്ടറിന്റെ മറ്റൊരു സ്ഥലം ടൈം സിറ്റിക്ക് 33 ലക്ഷം രൂപയ്ക്ക് നേരിട്ട് വിറ്റു. ഇത്തവണയും തുക ഭൂമിയുടെ വിപണി വിലയേക്കാള്‍ കുറവായിരുന്നു. അവിനാഷ് സിംഗ്, സിതാരാം യാദവ് എന്നിവരായിരുന്നു ഇടപാടിലെ സാക്ഷികള്‍.

ഈ മൂന്നു ഇടപാടുകളിലെ സാക്ഷികളും പ്രാദേശിക ബിജെപി രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവരാണ്. ബിജെപി പ്രവര്‍ത്തകനും അയോധ്യ ജില്ലാ പഞ്ചായത്ത് അംഗമായ ചന്ദ്രഭാന്‍ സിംഗിന്റെ സഹോദരങ്ങളാണ് സൂര്യഭാൻ സിംഗും ജയ്ഭാൻ സിംഗും. ചന്ദ്രഭാന്‍ സിംഗിന്റെ മകനാണ് അവിനാഷ് സിംഗ്. ഫൈസാബാദിലെ അമനിഗഞ്ചിൽ നിന്നുള്ള ബിജെപി മുനിസിപ്പൽ കൗൺസിലറായ സുമൻ യാദവിന്റെ ഭാര്യാ പിതാവാണ് സീതാറാം യാദവ്.

ഘന്‍സീര യാദവിന്റെയും കബൂത്ര ദേവി യാദവിന്റെയും കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു ഹെക്ടർ ഭൂമിക്ക് ആകെ 73 ലക്ഷം രൂപയാണ് ടൈം സിറ്റി നൽകിയത്.

2023 നവംബർ 25 ന് ഈ ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ആസ്ഥാനമായ ഹോംക്വസ്റ്റ് ഇൻഫ്രാസ്പേസ് പ്രൈവറ്റ് ലിമിറ്റഡിന് (എച്ഐപിഎല്‍) 2.54 കോടി രൂപയ്ക്ക് ടൈം സിറ്റി മറിച്ച് വിറ്റു.

2023 ഡിസംബര്‍ 14 ന് ഘന്‍സീര യാദവിന്റെ മകന്‍ ഭാരത്‌ ഭൂഷന്‍ യാദവ് മറ്റൊരു 0.4 ഹെക്ടര്‍ ഭൂമി 39.92 ലക്ഷം രൂപയ്ക്ക് ടൈം സിറ്റിക്ക് വിറ്റു. 15 ദിവസങ്ങള്‍ക്ക് ശേഷം എച്ഐപിഎല്‍ 1.02 കോടി രൂപയ്ക്കാണ് ടൈം സിറ്റിയില്‍ നിന്നും ഈ ഭൂമി വാങ്ങിയത്. മൊത്തത്തില്‍ നടന്ന കച്ചവടത്തില്‍ ടൈം സിറ്റിയുടെ ആകെ ലാഭം 2.44 കോടി രൂപയാണ്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സ്റ്റാമ്പ്‌ ആന്‍ഡ്‌ രജിസ്ട്രേഷന്‍ ഡിപാര്‍ട്മെന്റ് വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, 2019 ഒക്ടോബര്‍ മുതല്‍  2022 ഏപ്രില്‍ വരെ  മജ്ഹ ജംതാരയില്‍ നിന്നുള്ള  31 ഭൂമി ഇടപാടുകള്‍ ടൈം സിറ്റി നടത്തിയിട്ടുണ്ട്. 2.15 കോടി രൂപയാണ് ഈ ഭൂമിയുടെ ആകെ മൂല്യം. 0.48 ഹെക്ടര്‍ ഭൂമി ചെറിയ പ്ലോട്ടുകളാക്കി തിരിച്ച് ഒരു ചതുരശ്ര അടിയ്ക്ക് ശരാശരി 400 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്.

“എനിക്ക് പങ്കജ് പതക്കിനെയും സൂര്യഭാനെയും കഴിഞ്ഞ എട്ട് വര്‍ഷമായി അറിയാം. ടൈം സിറ്റി പറഞ്ഞത് ഭൂമി അവര്‍ കൈവശം വയ്ക്കുമെന്നാണ്. ടൈം സിറ്റി ഭൂമി അദാനിക്ക് കൈമാറിയ കാര്യം അറിഞ്ഞിട്ടില്ല. എനിക്കിപ്പോള്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു.” അജയ് യാദവ് പറഞ്ഞു.

മജ്‌ഹ ജംതാര തണ്ണീർത്തടത്തിന് ചുറ്റുമുള്ള പ്രദേശം സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ളതാണെന്ന് 2019-ൽ ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഖരമാലിന്യ മാനേജ്മെന്റ് നിരീക്ഷണ സമിതി മജ്ഹ ജംതാരയിലെ ജലമലിനീകരണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.

ഉത്തര്‍പ്രദേശ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന അവനിഷ് അവസ്തിക്ക്  ജഗത്ഗുരു രാമനുജ് ആചാര്യ നല്‍കിയ പരാതിയില്‍ മേലായിരുന്നു ഹരിത ട്രിബ്യൂണലിന്റെ മുന്നറിയിപ്പ്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ അലഹബാദ്‌ ഹൈക്കോടതിയിലെ ജസ്റ്റിസ് ആയിരുന്ന ദേവി പ്രസാദ്‌ സിംഗ് അധ്യക്ഷയായ സമിതി മജ്ഹ ജംതാരയിലെ നദീതട ഭൂമിയുമായി ബന്ധപെട്ട സര്‍വേ നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടു. ദേശം മുഴുവന്‍ തണ്ണീര്‍ത്തടങ്ങള്‍ ആയിരുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.

മജ്ഹ ജംതാരയിൽ അദാനി ഗ്രൂപ്പ് വാങ്ങിയ ഭൂമിയുടെ വലിയൊരു ഭാഗം തണ്ണീര്‍ത്തടങ്ങളുടെ പരിധിയിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഗൗതം അദാനി Screen-grab, Copyrights: Timeline Daily

ടൈം സിറ്റി അദാനി ഗ്രൂപ്പിന് മജ്ഹ ജംതാരയിലെ ഭൂമി വില്‍ക്കുന്നതിന് ആറു ദിവസം മുന്‍പ് ഗുഡംബ പോലീസ് സ്റ്റേഷനില്‍ ടൈം സിറ്റി ഗ്രൂപ്പിലെ 17 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിശ്വാസ വഞ്ചന, വ്യാജരേഖ ചമക്കല്‍, ഭീക്ഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ടൈം സിറ്റിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ ഗംഗ സാഗർ യാദവാണ് കേസ് കൊടുത്തിരിക്കുന്നത്.

ആളുകളില്‍ നിന്ന് പണം സ്വീകരിച്ച് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുകയാണ് ടൈം സിറ്റി ചെയ്യുന്നത്. 2018 വരെ നിക്ഷേപത്തില്‍ നിന്നുള്ള ലാഭവിഹിതം എല്ലാവര്‍ക്കും ലഭിച്ചിരുന്നുവെന്ന് ഗംഗ സാഗർ യാദവ് പറയുന്നു. പക്ഷെ അതിന് ശേഷം പണമൊന്നും ലഭിച്ചിട്ടില്ലെന്നും ഫോണ്‍ കോളുകള്‍ക്ക് വരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഗംഗ സാഗർ പറയുന്നു. രണ്ടായിരത്തിനടുത്ത് ആളുകള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 35 കോടി രൂപയാണ് ലാഭവിഹിതമായി ഇവര്‍ക്ക് ലഭിക്കാനുള്ളത്.

2023 ഡിസംബര്‍ 28 ന് ടൈം സിറ്റിക്കെതിരെ മറ്റൊരു എഫ്ഐആറും ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ദിയോറിയ ജില്ലയിൽ നിന്നുള്ള നിക്ഷേപകനായ ധർമേന്ദ്രനാണ് പരാതിക്കാരന്‍. ടൈം സിറ്റിയുടെ നിക്ഷേപ പദ്ധതികൾ വിൽക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് വ്യാജമായി ഉണ്ടാക്കിയെന്നാണ് ധർമേന്ദ്രയുടെ പരാതിയില്‍ പറയുന്നത്.

രണ്ട് എഫ്‌ഐആറുകളിലും ടൈം സിറ്റിയുടെ നിയമോപദേഷ്ടാവ് സൂര്യഭൻ സിംഗാണ് പ്രതി. എഫ്‌ഐആറ്‌ ഇടാത്ത 10 പരാതികളുടെ പകര്‍പ്പ്  പോലീസ് സ്റ്റേഷനില്‍ കാണാന്‍ കഴിഞ്ഞെന്ന്  സ്ക്രോളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ക്രോളിന്റെ In Ayodhya, firm linked to BJP leaders sold ecologically sensitive land to Adani – for a big profit എന്ന ലേഖനത്തിന്റെ സംഗ്രഹം

FAQs

എന്താണ് ദേശീയ ഹരിത ട്രിബ്യൂണൽ?

പരിസ്ഥിതി സംരക്ഷണവും മറ്റ് പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നത് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ നിയമപരമായ സ്ഥാപനമാണ് ദേശീയ ഹരിത ട്രിബ്യൂണൽ. 2010-ൽ ദേശീയ ഹരിത ട്രൈബ്യൂണൽ നിയമത്തിന് കീഴിലാണ് ഇത് സ്ഥാപിതമായത്.

എന്താണ് അദാനി ഗ്രൂപ്പ്?

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കൂട്ടായ്മയാണ് അദാനി ഗ്രൂപ്പ്. ഗൗതം അദാനിയാണ് ഇത് സ്ഥാപിച്ചത്.

Quotes

നമുക്കണിയാനുള്ള ചങ്ങലകൾ നാം തീർക്കുന്നു – ചാൾസ് ഡിക്കൻസ്