Sun. Dec 22nd, 2024

1983ലെ കണക്കുകൾ പ്രകാരം 33 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് വേതനം ലഭിച്ചിരുന്നത്. 2017 ആയപ്പോഴേക്കും അത് 20 ശതമാനമായി കുറഞ്ഞു.ശമ്പളം ലഭിക്കുന്ന തൊഴിലുകളിലും സ്ത്രീകൾക്കു നൽകുന്ന ശമ്പളവിഹിതത്തിൽ വിവേചനമുണ്ടെന്ന്, സ്റ്റേറ്റ് ഓഫ് വർക്കിങ്ങ് ഇന്ത്യയുടെ കണ്ടെത്തലുകളിൽ പറയുന്നതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു

ന്ത്യയിൽ പല മേഖലകളിലുമുണ്ടായ ഘടനാപരമായ പരിവർത്തനം തൊഴിൽ രംഗത്തെ സ്ത്രീപങ്കാളിത്തത്തിൻ്റെ ഘടനയിലും പ്രതിഫലിച്ചിട്ടുണ്ട്.  പ്രായമായവരും വിദ്യാഭ്യാസം കുറഞ്ഞതുമായ സ്ത്രീകളെ പിന്തള്ളി ചെറുപ്പക്കാരും വിദ്യാസമ്പന്നരുമായ സ്ത്രീകൾ പല തൊഴിൽ മേഖലകളിലേക്ക് കടന്നു വന്നു.

എന്നാൽ തൊഴിലിടങ്ങളിൽ സ്ത്രീപങ്കാളിത്തം കുറയുന്നതിൻ്റെ പ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ ആദ്യം പ്രതിപാദിച്ച വിഭാഗം കൂടുതൽ പരിഗണന അർഹിക്കുന്നുവെന്നാണ് സ്റ്റേറ്റ് ഓഫ് വർക്കിങ്ങ് ഇന്ത്യ റിപ്പോർട്ട് 2023ൽ പറയുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്.

1983ലെ കണക്കുകൾ പ്രകാരം 33 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് വേതനം ലഭിച്ചിരുന്നത്. 2017 ആയപ്പോഴേക്കും അത് 20 ശതമാനമായി കുറഞ്ഞു. ശമ്പളം ലഭിക്കുന്ന തൊഴിലുകളിലും സ്ത്രീകൾക്കു നൽകുന്ന ശമ്പളവിഹിതത്തിൽ വിവേചനമുണ്ടെന്ന്, സ്റ്റേറ്റ് ഓഫ് വർക്കിങ്ങ് ഇന്ത്യയുടെ കണ്ടെത്തലുകളിൽ പറയുന്നതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. 

സ്ഥിരവരുമാനമുള്ളവരേക്കാൾ വേതന വിവേചനം നേരിടുന്നത് സ്ഥിരംജോലിയില്ലാത്ത സ്ത്രീകളാണ്. 2021- 22ലെ കണക്കുകൾ പ്രകാരം സ്ഥിരവരുമാനമുള്ള ഒരു പുരുഷൻ പ്രതിമാസം നേടുന്ന ശരാശരി വരുമാനം 17910 രൂപയാണെങ്കിൽ സ്ത്രീക്ക് ലഭിക്കുന്നത് 13666 രൂപയാണ്.

സ്ഥിരവരുമാനമില്ലാത്ത ജോലിയുടെ കാര്യം പരിശോധിച്ചാൽ അവിടെയുള്ള വരുമാന അസമത്വം കൂടുതലാണ്. പുരുഷന് ലഭിക്കുന്ന കൂലിയുടെ 60 ശതമാനം മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. 

Screen-grab, Copyrights: The wire

ഏറ്റവും നിർഭാഗ്യകരമായ കാര്യമെന്തെന്നാൽ സ്വയം തൊഴിൽ മേഖലകളിൽ പോലും സ്ത്രീകൾക്ക് പുരുഷനു സമാനമായ വേതനം ലഭിക്കുന്നില്ല എന്നതാണ്. എന്നിരുന്നാലും കോവിഡ് സമയത്തും കോവിഡിന് ശേഷവും സ്വയംതൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ വരുമാനത്തിൽ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്.  

സ്വയംതൊഴിലിൽ പുരുഷന് ലഭിക്കുന്ന ശരാശരി ശമ്പളത്തിൻ്റെ 40 ശതമാനം മാത്രമാണ് സ്ത്രീക്ക് ലഭിക്കുന്നത്. എന്തുകൊണ്ടാണ് വരുമാന വിതരണത്തിൽ ലിംഗാധിഷ്ഠിത വിവേചനം നിലനിൽക്കുന്നത് എന്നുള്ളതിൻ്റെ കാരണവും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ വേതന വിവേചനം നിലനിൽക്കുന്നത്  സ്വയം തൊഴിൽ മേഖലയിലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഓരോ തൊഴിൽ വിഭാഗത്തിലും ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നവർ, ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവർ എന്നിങ്ങനെ പത്ത് ഗ്രൂപ്പുകളായി തിരിച്ച് പഠനം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ.

ശമ്പളം ലഭിക്കുന്ന തൊഴിലുകളിൽ ഈ അന്തരം വളരെ കുറവാണ്. ശമ്പളം ലഭിക്കുന്ന തൊഴിലുകളിൽ പുരുഷന് ലഭിക്കുന്ന ശരാശരി ശമ്പളത്തിൻ്റെ 90 ശതമാനം സ്ത്രീക്ക് ലഭിക്കുന്നു. 

Screen-grab, Copyrights: The wire

1983 മുതൽ 2021 വരെയുള്ള വേതന ലഭ്യതയുടെ ഗ്രാഫ് പരിശോധിച്ചാൽ തൊഴിൽ വിപണിയിലെ ലിംഗ വിവേചനം കാലക്രമേണ കുറഞ്ഞിട്ടുണ്ട്.  മുൻപത്തേതിൽ നിന്നും വ്യത്യസ്തമായി തൊഴിലുടമകൾ പുരുഷൻമാരെയും സ്ത്രീകളെയും ഒരുപോലെ പരിഗണിക്കുന്നു.

കൂടാതെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം സ്വാഭാവികമായും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീകൾ വിദ്യാഭ്യാസം നേടിയതും വ്യവസായ മേഖലകളിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചതും ഇതിന് ഗുണകരമായി. അതുകൊണ്ടുതന്നെ ശമ്പളം വാങ്ങുന്ന തൊഴിലുകളിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം ലഭിച്ചു. 

1983 മുതൽ 2021 വരെയുള്ള വേതന ലഭ്യതയുടെ ഗ്രാഫ് പരിശോധിച്ചാൽ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരുടെ എണ്ണം കുറയുകയും വ്യവസായരംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തതായി കാണാം. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ കാലക്രമേണയുണ്ടായ ഘടനാമാറ്റം തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തത്തിലുണ്ട്.

ഘടനാപരമായ മാറ്റങ്ങൾ വേതന വ്യത്യാസത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കാൻ കിതാഗാവ ഓക്സാക ബ്ലിൻഡർ എന്ന പഠനരീതിയും ഉപയോഗിച്ചിട്ടുണ്ട്. ഇതുവഴി പുരുഷനും സ്ത്രീക്കും ലഭിക്കുന്ന വരുമാനത്തിൻ്റെ വ്യത്യാസം, എത്ര വരെ വരുമാന വ്യത്യാസം പോകാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. 

വിദ്യാഭ്യാസം, വിവാഹം, കുട്ടികളുടെ എണ്ണം തുടങ്ങിയയാണ് നിരീക്ഷണത്തിലൂടെ മനസിലാക്കാൻ കഴിയുന്ന വരുമാന വ്യത്യാസത്തിൻ്റെ കാരണങ്ങൾ. എന്നാൽ വിവേചനത്തിന് പ്രത്യേക അളവുകോൽ ഇല്ലെന്ന് പഠനം വ്യക്തമാക്കുന്നു. 

1983 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ വേതന വിവേചനത്തി്ൽ കുറവുണ്ടായതായി കാണപ്പെടുന്നു. തൊഴിൽ മേഖലകളിൽ പുരുഷൻ്റെയും സ്ത്രീയുടെയും തൊഴിൽ മാനദണ്ഡങ്ങളിലും ഈ തുല്യത കാണാൻ സാധിക്കുന്നു.

2021-22 ലേക്ക് വരുമ്പോൾ സമ്പാദ്യത്തിൻ്റെ വിടവ് 80 ശതമാനമാണ്. ഈ  സമ്പാദ്യവിടവ് നിരീക്ഷിക്കാൻ കഴിയാത്ത ഘടകങ്ങളെ അടിസ്ഥാമപ്പെടുത്തിയാണ്. ഗ്രാമപ്രദേശങ്ങളിൽ വിവേചനം കൂടുതലാണെങ്കിൽ നഗരങ്ങളിലേക്ക് വരുമ്പോൾ വരുമാന വിവേചനത്തിൻ്റെ തോത് കുറയുന്നു.

മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയിട്ടും കാർഷികേതര തൊഴിലവസരങ്ങളുണ്ടായിട്ടും സ്ത്രീകൾക്ക് ലഭിക്കുന്ന ശമ്പളം ഇപ്പോഴും പുരുഷൻമാരേക്കാൾ കുറവാണ്. ഉയർന്ന തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക, വിദ്യാഭ്യാസത്തിനായുള്ള കൂടുതൽ അവസരങ്ങൾ നൽകുക തുടങ്ങിയവയാണ് വരുമാന വിവേചനം കുറയ്ക്കാനുള്ള മാർഗങ്ങളായി പഠനം മുന്നോട്ട് വെക്കുന്നത്. 

ദി വയറിൻ്റെ ‘Over Time, Discrimination May Have Come to Explain More of the Indian Gender Wage Gap’  എന്ന ലേഖനത്തിൻ്റെ പരിഭാഷ.

Translated by Firdousy  E R

FAQs

എന്താണ് ലിംഗ വിവേചനം?

ശരീരാകൃതി, ശാരീരികവും മാനസികവുമായ പ്രത്യേകതകൾ, ലൈംഗികത തുടങ്ങിയ ജീവശാസ്ത്രപരമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹം ഉണ്ടാക്കിയെടുത്തതാണ് ലിംഗ വിവേചനം.

എന്താണ്  കിതാഗാവ ഓക്സാക്ക ബ്ലൈൻഡർ?

സ്വതന്ത്ര വേരിയബിളിന്റെ ശരാശരി മൂല്യങ്ങളിലെ വ്യത്യാസം മൂലമുള്ള വിടവ് വിഘടിപ്പിച്ച് രണ്ട് ഗ്രൂപ്പുകൾക്കിടയിലുള്ള ആശ്രിത വേരിയബിളിന്റെ മാർഗങ്ങളിലെ വ്യത്യാസം വിശദീകരിക്കുന്ന ഒരു സ്റ്റാറ്റിസ്റ്റിക്കൽ രീതിയാണ് ബ്ലൈൻഡർ ഓക്‌സാക്ക.

Quotes

ലിംഗസമത്വം സ്ത്രീകളെ മാത്രമല്ല, പുരുഷൻമാരെയും ലിംഗപരമായ സ്റ്റീരിയോടൈപ്പുകളിൽ നിന്ന് മോചിപ്പിക്കുന്നു – എമ്മ വാട്ട്സൺ