Mon. Dec 23rd, 2024

എൻ ഊരിലെ സിഇഒ സ്ഥാനത്തിരിക്കുന്നവർക്ക് താജ് ഹോട്ടലിലെ എംഡിയുടെ യോഗ്യതയുണ്ടായിരിക്കണം. നിങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്ക് അത്തരത്തിലുള്ള ആതിഥ്യമര്യാദയുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.ആദിവാസികളുടെ തന്തമാരായി ചമഞ്ഞിരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇവരുടെ മനസ്സിലുള്ളത് ഇത്തരം ചിന്തയാണെന്ന് അന്നെനിക്ക് ബോധ്യമായി, എൻ ഊരിൻ്റെ സിഇഒ സ്ഥാനം നഷ്ടപ്പെട്ട മണിക്കുട്ടൻ വോക്ക് മലയാളത്തോട് പറഞ്ഞു

പൂക്കോട് ‘എൻ ഊര് ഗോത്ര പൈതൃക ഗ്രാമ’ത്തിലെ നിയമനങ്ങളിൽ, ആദിവാസിസമൂഹത്തിൽ തന്നെ പിന്നോക്കം നിൽക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമർ തുടങ്ങിയ വിഭാഗങ്ങളോട് തുടരുന്ന അവഗണനയിൽ അവസാനത്തേതാണ് പണിയ വിഭാഗത്തിൽ നിന്നുള്ള മണിക്കുട്ടന് എൻ ഊരിൻ്റെ സിഇഒ സ്ഥാനം നിഷേധിക്കപ്പെട്ടത്. ആദിവാസികളിലെ ഭൂരിപക്ഷം വരുന്നതും അതേസമയം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ പണിയ സമുദായത്തിൽ നിന്നുള്ള ഒരേയൊരു എംബിഎ ബിരുദധാരിയാണ് മണിക്കുട്ടൻ. 

ജനുവരി നാലിന് എൻ ഊരിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തേക്കുള്ള അഭിമുഖത്തിൽ യോഗ്യതയും അവകാശവും ഉണ്ടായിട്ടും മണിക്കുട്ടൻ തഴയപ്പെടുകയായിരുന്നു. വയനാട്ടിലെ ഗോത്ര ജനതയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് വൈത്തിരി പഞ്ചായത്തിലെ ലക്കിടിക്കു സമീപം പട്ടിക വർഗ വികസന, ടൂറിസം വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് ‘എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ്’.

മാനന്തവാടി സബ് കളക്ടറായിരുന്ന എൻ പ്രശാന്ത് 2011ൽ മുന്നോട്ട് വെച്ച പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നത് 2022ലാണ്. 2016ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതിയുടെ ഒന്നാം ഘട്ടം 2018ൽ പൂർത്തിയായിരുന്നു.

എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ് Screen-grab, Copyrights: Keralatourism.org

2004ൽ ആദിവാസി പുനരധിവാസത്തിനുവേണ്ടി കേന്ദ്ര സർക്കാർ നൽകിയ 19000 ഏക്കർ വനഭൂമിയിലാണ് എൻ ഊര് പദ്ധതി സ്ഥാപിച്ചത്. ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി നൽകിയ വനഭൂമിയിൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സർക്കാർ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആദിവാസികൾ രംഗത്തുവന്നിരുന്നു.

പാരിസ്ഥിതിക പ്രാധാന്യമുള്ള വനഭൂമിയിൽ ടൂറിസം പദ്ധതി നടപ്പാക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി  നിരവധി പരിസ്ഥിതി പ്രവർത്തകരും അന്ന് മുന്നോട്ട് വന്നിരുന്നു. എന്നാൽ വനനിയമങ്ങൾക്ക് വിരുദ്ധമായി യാതൊരു തരത്തിലുള്ള നിർമാണപ്രവർത്തനങ്ങളും ഭൂപ്രദേശത്ത് നടത്തില്ലെന്നും ആദിവാസികളുടെ നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിയുടെ നേതൃത്വത്തിലായിരിക്കും ടൂറിസം പ്രൊമോഷൻ നടക്കുകയെന്നും സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിരുന്നു.

മാത്രമല്ല, പദ്ധതിയിൽ തദ്ദേശീയരായ ആദിവാസികൾക്ക് മാത്രമാകും തൊഴിൽ നൽകുകയെന്നും അതിൽ നിന്നും ലഭിക്കുന്ന വരുമാനം പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ആദിവാസി ജനതയുടെ പൈതൃകവും സംസ്കാരവും കലയും കാത്തുസൂക്ഷിക്കാനും അവരുടെ ഉപജീവനത്തിനായി ഉത്പന്നങ്ങൾ വിൽക്കാനും പ്രദർശിപ്പിക്കാനും അവസരം കൊടുക്കാമെന്നേറ്റ പദ്ധതി വളരെ വേഗത്തിൽ ജനശ്രദ്ധ ആകർഷിച്ചു.

പത്ത് കോടി ചിലവിൽ രണ്ട് ഘട്ടങ്ങളായി പൂർത്തീകരിച്ച പദ്ധതിയിൽ പ്രദർശന ഹാൾ, വിപണനകേന്ദ്രങ്ങൾ, ഫെസിലിറ്റേഷൻ സെൻ്റർ, ട്രൈബൽ കഫ്റ്റീരിയ, ആദിവാസി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള എമ്പോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ നിയമനങ്ങളിൽ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല.

ആദിവാസി സമൂഹത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാത്തതുമായ അടിയ, പണിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമർ എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് പരിഗണന ലഭിച്ചില്ല. ‘എൻ ഊരി’ലെ ജീവനക്കാരിൽ അധികവും ആദിവാസികളിൽ താരതമ്യേന വളർച്ച നേടിയ കുറിച്യ, കുറുമ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.

22 അംഗങ്ങളുള്ള  കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സെക്രട്ടറിയും, പ്രസിഡൻ്റായി സബ് കളക്ടറും ഊര് മൂപ്പന്മാരടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന ചാരിറ്റബിൾ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. എന്നാൽ നിയമനം പോലുള്ള സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പാനലുകളിൽ ഊര് മൂപ്പന്മാരെ ഉൾപ്പെടുത്തിയിരുന്നില്ല.

“പദ്ധതി ആരംഭിച്ച ശേഷം രണ്ട് വർഷത്തത്തോളം എൻ ഊരിൻ്റെ സിഇഒ പദവിയിലിരുന്നത് നായർ സമുദായത്തിൽപ്പെട്ട ഒരാളായിരുന്നു. വർഷാവർഷം നിയമനത്തിനുള്ള അറിയിപ്പ് നൽകുന്നതിനുപകരം ആദിവാസി വിഭാഗത്തിന് പുറത്തുള്ള ഒരാളുടെ നിയമനം നീട്ടിക്കൊണ്ടുപോവുകയാണ് അവർ ചെയ്തത്.

നിലവിലുള്ള വ്യക്തിക്ക് സ്ഥിരനിയമനം നൽകാനുള്ള നീക്കം നടത്തിയപ്പോഴാണ് ഞങ്ങൾ പ്രതിഷേധിച്ചത്. അങ്ങനെയാണ് ഇപ്പോൾ സിഇഒ നിയമനം നൽകുന്നത്.

എംബിഎ യോഗ്യതയുള്ള നാല് പേർ അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അതിപിന്നാക്കം നിൽക്കുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട ഞാനും മറ്റൊരാളും. രണ്ട് പേർ വയനാട്ടിന് പുറത്തുള്ളവരും. സബ് കളക്ടറും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സിഡിഎം എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളും ഉൾക്കൊള്ളുന്നതാണ് ഇൻ്റർവ്യു ബോർഡ്.

സബ് കളക്ടർ വന്നിട്ട് ഒരു മാസം തികയുന്നതേയുള്ളു. വയനാട്ടിലെ ഗോത്രവർഗങ്ങളെക്കുറിച്ചോ പിന്നാക്ക വിഭാഗങ്ങളായ അടിയ, പണിയ, ഊരാളി, വെട്ടുക്കുറുമർ തുടങ്ങിയ വിഭാഗങ്ങൾക്ക് നൽകേണ്ട പ്രാതിനിധ്യത്തെക്കുറിച്ചോ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 

സമൂഹത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമുദായമാണ് ഞങ്ങളുടേത്. ഡിഗ്രിയും ബിഎഡുമെല്ലാം പൂർത്തിയാക്കിയ പല കുട്ടികൾക്കും തൊഴിൽ ലഭിച്ചിട്ടില്ല. പൂക്കോട് വെറ്റിനറി ആൻ്റ് അനിമൽസ് സയൻസ് കോളേജിൽ അസിസ്റ്റൻ്റ് അധ്യാപകനായാണ് ഞാൻ ജോലി ചെയ്യുന്നത്. ഇവിടെ ലഭിക്കുന്നതിൽ കൂടുതൽ ശമ്പളമൊന്നും എനിക്ക് എൻ ഊരിലെ സിഇഒ സ്ഥാനത്തിന് ലഭിക്കില്ല.

പക്ഷേ ഈ സമുദായത്തിൽ നിന്നും വളർന്നുവരുന്ന കുട്ടികൾക്ക് പ്രചോദനമാകാൻ കൂടി വേണ്ടിയാണ് ഞാൻ ഇൻ്റർവ്യൂന് അപേക്ഷിച്ചത്. ഏഴ് സ്റ്റാഫുകളാണ് അവിടെയുള്ളത്. എന്നാൽ ആരും തന്നെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരില്ല. കുറിച്യ, കുറുമ വിഭാഗത്തിൽപ്പെട്ട പ്രബലരാണ് അവിടെ പണിയെടുക്കുന്നത്.

ഇപ്പോഴത്തെ എസ്സി എസ്ടി മന്ത്രിയുടെ സെക്രട്ടറിയായ പ്രശാന്ത് സാറാണ് അവിടത്തെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അദ്ദേഹമറിയാതെ ഒരു നിയമനവും ഇവിടെ നടക്കില്ല. ആദ്യത്തെ സിഇഒയെ മാറ്റണമെന്ന ആവശ്യവുമായി ഞാൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി എനിക്ക് വളരെ വിഷമമുണ്ടാക്കി.

എൻ ഊരിലെ സിഇഒ സ്ഥാനത്തിരിക്കുന്നവർക്ക് താജ് ഹോട്ടലിലെ എംഡിയുടെ യോഗ്യതയുണ്ടായിരിക്കണം. നിങ്ങളുടെ സമുദായത്തിൽപ്പെട്ടവർക്ക് അത്തരത്തിലുള്ള ആതിഥ്യമര്യാദയുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്.

ആദിവാസികളുടെ തന്തമാരായി ചമഞ്ഞിരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഇവരുടെ മനസ്സിലുള്ളത് ഇത്തരം ചിന്തയാണെന്ന് അന്നെനിക്ക് ബോധ്യമായി”, എൻ ഊരിൻ്റെ സിഇഒ സ്ഥാനം നഷ്ടപ്പെട്ട മണിക്കുട്ടൻ വോക്ക് മലയാളത്തോട് പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയുള്ളവർ പിന്നാക്ക സമുദായത്തിലുണ്ടായിരുന്നിട്ട് പോലും യോഗ്യതക്കനുസരിച്ചുള്ള തൊഴിൽ ഇവർക്ക് ലഭ്യമായിട്ടില്ലായെന്ന് ആദിവാസി ആക്ടിവിസ്ട് എം ഗീതാനന്ദൻ വോക്ക് മലയാളത്തോട് പറഞ്ഞു.

“വയനാട്ടിലെ പിന്നാക്ക സമുദായത്തിനുവേണ്ടിയിട്ടുള്ള ഒരു പദ്ധതിയെന്നിരിക്കെ, നിയമനത്തിൽ അവസരം നൽകാതിരുന്നത് രാഷ്ട്രീയ അട്ടിമറിയാണ്. ഇതൊരു പാർട്ടി നിയമനമാണ്. വർഷങ്ങളായി കേരളത്തിലെ ഇടതു- വലതു മുന്നണികൾ പട്ടികവർഗ വിഭാഗത്തിലെ ദുർബലവിഭാഗങ്ങളെ ബോധപൂർവ്വം മാറ്റിനിർത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ആദിവാസി  വിഭാഗത്തിലെ പ്രബലരായവർക്ക് അവസരം നൽകികൊണ്ട് ആദിവാസികൾക്ക് പ്രാതിനിധ്യം നൽകിയെന്ന് വരുത്തിതീർക്കാനുള്ള സവർണ്ണതന്ത്രമാണിത്. നിയമനങ്ങളിലും വികസനപരിപാടികളിലുമെല്ലാം പിന്നാക്കം നിൽക്കുന്ന ഗോത്രവർഗക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങൾ തീർച്ചയായും ഉണ്ടാകണം”, എം ഗീതാനന്ദൻ കൂട്ടിച്ചേർത്തു.

നിരവധി ചൂഷണത്തിന് വിധേയരാക്കപ്പെട്ട ആദിവാസി സമൂഹമായ പണിയ വിഭാഗം തുടർച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണ് മണിക്കുട്ടൻ.

ആദിവാസികളിൽ തന്നെ ന്യൂനപക്ഷമായ ഇത്തരം സമുദായങ്ങൾക്ക് വേണ്ട പരിഗണന നൽകേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമായിരിക്കെ ആദിവാസികളുടെ പേരിലുള്ള പദ്ധതികളിലെങ്കിലും അവർക്ക് നിയമനം ലഭിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് മണിക്കുട്ടൻ തനിക്കുനേരിട്ട അവഗണന പൊതുസമൂഹത്തിൽ ഉന്നയിച്ചിരിക്കുന്നത്. 

FAQs

ആരാണ് കുറിച്യർ?

കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ.  ആദിവാസി വിഭാഗത്തിലെ ഏറ്റവും ഉയർന്ന ജാതിയായാണ് കുറിച്യർ സ്വയം വിശേഷിപ്പിക്കുന്നത്.

ആരാണ് എം ഗീതാനന്ദൻ?

കേരളത്തിൽ ആദിവാസി ദളിത് വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് വർഷങ്ങളായി നേതൃത്വം നൽകി വരുന്ന വ്യക്തിയാണ് എം.ഗീതാനന്ദൻ.2002 ൽ വയനാട്ടിലെ മുത്തങ്ങ വന്യജീവിസങ്കേതത്തിൽ നടന്ന വനം കയ്യേറിയുള്ള ആദിവാസികളുടെ ഭൂസമരത്തിന് തേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.

Quotes

പുരോഗതിയുടെ താക്കോൽ എപ്പോഴും ന്യൂനപക്ഷങ്ങളുടെ കൈയിലാണ് – റെയ്മണ്ട് ബി ഫോസ്ഡിക്

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.