Sun. Dec 22nd, 2024

പ്രധാനമന്ത്രിയുടെ വീടിനുമുന്നിൽ പദ്മശ്രീ ഉപേക്ഷിച്ച ബജ്റംഗ് പൂനിയയും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ് യാദവും വിനേഷ് ഫോഗട്ടുമെല്ലാം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയിട്ടും ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഭയക്കുന്നതെന്തിനാണ്

 

സാക്ഷി മാലിക്കിൻ്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ തങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങൾ തിരികെ നൽകാൻ ഗുസ്തി താരങ്ങൾ തയ്യാറെടുക്കുകയാണെന്നറിഞ്ഞിട്ടും നിശബ്ദതയിൽ തന്നെ തുടരുകയാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിൽ തനിക്ക് ലഭിച്ച ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന് ദേശീയ ഗുസ്തി താരം വിനേഷ് ഫോഗട്ട് അറിയിച്ചിരുന്നു.

‘2016ൽ സാക്ഷി ഒളിമ്പിക്സിൽ മെഡൽ നേടിയപ്പോൾ സർക്കാർ അവളെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’യുടെ ബ്രാൻഡ് അംബാസിഡറാക്കി. ഇന്ന് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവൾക്ക് ഗുസ്തി ഉപേക്ഷിക്കേണ്ടി വന്നു.സർക്കാർ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ വേണ്ടി മാത്രമാണോ വനിതാതാരങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്ന്’ വിനേഷ് ഫോഗട്ട്  പ്രധാനമന്ത്രിക്കയച്ച കത്തിൽ ചോദിക്കുന്നു. 

വിനേഷ് ഫോഗട്ട് പ്രധാനമന്ത്രിക്കെഴുതിയ കത്ത് Screen-grab, Copyrights: The Indian Awas

പ്രധാനമന്ത്രിയുടെ വീടിനുമുന്നിൽ പദ്മശ്രീ ഉപേക്ഷിച്ച ബജ്റംഗ് പൂനിയയും മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച ബധിര ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് വീരേന്ദർ സിങ്ങ് യാദവും വിനേഷ് ഫോഗട്ടുമെല്ലാം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയിട്ടും ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഭയക്കുന്നതെന്തിനാണ്? 

ബാബരി മസ്ജിദ് തകർക്കൽ, ദാവൂദ് ഇബ്രാഹീമിനെ സഹായിക്കൽ, കൊലപാതക കുറ്റസമ്മതം, വെടിവെയ്പ്, ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം തുടങ്ങി വിവാദങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് ബ്രിജ് ഭൂഷൺ ബിജെപി രാഷ്ട്രീയത്തിൽ തഴച്ചുവളർന്നത്. ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും ബ്രിജ് ഭൂഷണെതിരെ യാതൊരുവിധ നടപടിയും കേന്ദ്ര സർക്കാർ ഇതുവരെയും കൈക്കൊണ്ടിട്ടില്ല.

ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ താനൊരു കൊലപാതകം നടത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാൻ ധൈര്യം കാട്ടിയതും ബ്രിജ് ഭൂഷണിന് പാർട്ടിയിലുള്ള സ്വാധീനം കൊണ്ടുതന്നെയാണ്. ആറ് വർഷം ബിജെപി എംപിയായ  ബ്രിജ് ഭൂഷൺ ഒരു ഗുസ്തി താരം കൂടിയാണ്.

ഏകദേശം പത്ത് വർഷത്തോളം ദേശീയ ഗുസ്തി ഫെഡറേഷൻ്റെ പ്രസിഡൻ്റും യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് ഏഷ്യയുടെ വൈസ് പ്രസിഡൻ്റുമായിരുന്നു. ഗുസ്തി ഫെഡറേഷൻ്റെ നിർണ്ണായക തീരുമാനങ്ങളെല്ലാം  ബ്രിജ് ഭൂഷണിൻ്റെ തീരുമാനങ്ങളായിരുന്നു. 

അയോധ്യയിലെ പഠനകാലത്ത് തന്നെ വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബ്രിജ് ഭൂഷണ്, രാഷ്ട്രീയത്തിലേക്ക് വളരെ എളുപ്പത്തിൽ കടന്ന് വരാൻ സാധിച്ചു. 1991ൽ ഭാരതീയ ജനത പാർട്ടിയുടെ സ്ഥാനാർത്ഥിയായി ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്ന് വിജയിച്ച് ലോക്സഭയിലെത്തി.

തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ബ്രിജ് ഭൂഷൺ രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. 1992ൽ ബാബരി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്ങ് തുടങ്ങി 39 പേർക്കൊപ്പം പ്രധാന പ്രതിയായി  ബ്രിജ് ഭൂഷണെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2020ൽ പ്രതിചേർക്കപ്പെട്ട എല്ലാവർക്കും കോടതി ക്ലീൻചിറ്റ് നൽകുകയായിരുന്നു. 

ബ്രിജ് ഭൂഷൺ ശരൺ സിങ് Screen-grab, Copyrights: The Times of India

1993ൽ ദാവൂദ് ഇബ്രാഹീമിൻ്റെ സംഘത്തിലുള്ളവരെ സഹായിച്ചതിന് ബ്രിജ് ഭൂഷണെതിരെ ടാഡ ചുമത്തി തീഹാർ ജയിലിലടച്ചു. ശേഷം മതിയായ തെളിവുകളില്ലാത്തതിനാൽ വെറുതെവിടുകയായിരുന്നു. ഇക്കാലയളവിൽ ബ്രിജ് ഭൂഷണെതിരെ കൊലപാതക ശ്രമം, മാരകായുധങ്ങൾ കൈവശം വെക്കൽ, തീവ്രവാദ സംഘടനകളുമായി ബന്ധം സ്ഥാപിക്കൽ എന്നീ കേസുകളും ചുമത്തപ്പെട്ടിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട ബ്രിജ് ഭൂഷൺ 1999ലും 2004ലും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

2008ൽ ലോക്സഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട ബ്രിജ് ഭൂഷൺ സമാജ് വാദി പാർട്ടിയിൽ ചേർന്നു. എന്നാൽ വീണ്ടും ബിജെപിയിലേക്ക് മടങ്ങിയെത്തിയ ബ്രിജ് ഭൂഷൺ 2011 മുതൽ ദേശീയ ഗുസ്തി ഫെഡറേഷനിൽ അംഗമായി. 2021 ല്‍ റാഞ്ചിയില്‍ നടന്ന ജൂനിയര്‍ ലെവല്‍ ഗുസ്തി ടൂര്‍ണമെൻ്റിനിടെ ഒരു ഗുസ്തി താരത്തെ അടിക്കാൻ ശ്രമിച്ചതും വിവാദമായിരുന്നു. 

ഈ വർഷം ജനുവരിയിലാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ട് വനിതാഗുസ്തി താരങ്ങൾ രംഗത്തുവന്നത്. എപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നെങ്കിലും ജന്തർ മന്ദറിലെ ഗുസ്തി താരങ്ങളുടെ സമരത്തിലൂടെയാണ് ഉത്തർപ്രദേശിലെ ജനസമ്മതനായ നേതാവിൻ്റെ പേര് മാധ്യമങ്ങളിൽ നിറയാൻ തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം ഏഴ് പേർ ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരുന്നു. 

പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യാതെ തങ്ങൾ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങൾ തീരുമാനിച്ചതോടെ ബ്രിജ് ഭൂഷണ് ദേശീയ ഗുസ്തി ഫെഡറേഷൻ്റെ പ്രസിഡൻ്റ് സ്ഥാനം രാജി വെക്കേണ്ടി വന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്  ബ്രിജ് ഭൂഷൺ ചെയ്തത്. 

ദി പ്രിൻ്റിൻ്റെ റിപ്പോർട്ടനുസരിച്ച് 38 കേസുകളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിട്ടുള്ളത്. 2022ൽ ഒരു വെബ് പോർട്ടലിനു നൽകിയ അഭിമുഖത്തിൽ തൻ്റെ അനുയായിയെ കൊന്ന വ്യക്തിയെ താൻ വെടിവെച്ചുകൊന്നുവെന്ന് പറഞ്ഞ ബ്രിജ് ഭൂഷണെതിരെ അന്വഷണമോ വിചാരണയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല. 

ആരോപണങ്ങളും വിവാദങ്ങളും തുടർക്കഥയായിട്ടും ക്രിമിനൽ പശ്ചാത്തലമുള്ള നേതാവിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ മോദി സർക്കാർ ഭയക്കുന്നതിനുള്ള കാരണം വളരെ വ്യക്തമാണ്. കാരണം ഉത്തർപ്രദേശിൽ  ബ്രിജ് ഭൂഷൺ എന്ന രാഷ്ട്രീയ നേതാവിനുള്ള സ്വാധീനം വളരെ വലുതാണ്.

അയോധ്യ ഗൂഢാലോചനയും എൽ കെ അദ്വാനിയുടെ രഥയാത്രക്കുമെല്ലാം മുന്നിൽ നിന്നതും  ബ്രിജ് ഭൂഷൺ തന്നെയാണ്. തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖമായ രാഷ്ട്രീയ നേതാവിനെ കാലങ്ങളായി മോദി ഭരണകൂടം സംരക്ഷിക്കുന്നതും അതുകൊണ്ട് തന്നെയാണ്. 

 

FAQs

എന്താണ് ടാഡ?

പഞ്ചാബ് കലാപത്തിൻ്റെ പശ്ചാത്തലത്തിൽ 1985 നും 1995 നും ഇടയിൽ പ്രാബല്യത്തിൽ വന്ന ഒരു ഇന്ത്യൻ തീവ്രവാദ വിരുദ്ധ നിയമമാണ് ടെററിസ്റ്റ് ആൻ്റ് ഡിസ്റപ്റ്റീവ് ആക്ടിവിടീസ് ആക്ട്(ടാഡ).

ആരാണ് ദാവൂദ് ഇബ്രാഹിം?

മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനും ഇന്ത്യ തിരയുന്ന കുറ്റവാളിയുമാണ് ദാവൂദ് ഇബ്രാഹിം. അൽ-ഖ്വയ്ദയുമായുള്ള ബന്ധത്തിൻ്റെ പേരിൽ യുഎൻ സെക്യൂരിറ്റി കൗൺസിലും അമേരിക്കയും ദാവൂദ് ഇബ്രാഹീമിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Quotes

നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകാൻ പര്യാപ്തമായ ഒരു സർക്കാർ നിങ്ങളുടെ പക്കലുള്ളതെല്ലാം നിങ്ങളിൽ നിന്ന് എടുക്കാനും പര്യാപ്തമാണ്- ജെറാൾഡ് ആർ ഫോർഡ്

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.