Sat. Oct 12th, 2024

ടനും ഡിഎംഡികെ പാർട്ടി സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന  അദ്ദേഹത്തിന് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. മരണവിവരം മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്. 

തമിഴ്നാട്ടിലെ മുന്‍പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായി  രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഈയിടെ തിരഞ്ഞെടുത്തിരുന്നു.

വിജയകാന്ത് എന്നറിയപ്പെടുന്ന വിജയരാജ് അളഗർസ്വാമി 1952 ആഗസ്റ്റ്‌ 25 ന് തമിഴ്നാട്ടിലെ മധുരയിൽ കെ എൻ അളഗർസ്വാമിയുടെയും ആണ്ടാൾ അളഗർസ്വാമിയുടെയും മകനായി ജനനം. പതിനൊന്നാം ക്ലാസ് വരെ പഠനം പൂർത്തിയാക്കി.

1979 ൽ എം എ കാജ സംവിധാനം ചെയ്ത ‘ഇനിക്കും ഇളമൈ’ എന്ന സിനിമയിലൂടെ വില്ലനായാണ് വിജയകാന്ത് വെള്ളിത്തിരയിലേക്ക് എത്തിയത്. ‘സട്ടം ഒരു ഇരുട്ടറൈ’ എന്ന സിനിമയിലൂടെയാണ് നായകനായി എത്തുന്നത്. 1980 ൽ ഇറങ്ങിയ ‘ദൂരത്തു ഇടിമുഴക്കം’ എന്ന ചിത്രവും വിജയകരമായിരുന്നു. 1990 കളിൽ സ്ഥിരമായ ബോക്സ് ഓഫീസ് അപ്പീലുള്ള ഒരു ആക്ഷൻ ഐക്കണായിരുന്നു അദ്ദേഹം. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകൾ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസൻ, രജനികാന്ത് എന്നിവർക്കൊപ്പം മുഖ്യധാരയിൽ തിളങ്ങി നിന്ന നായകനായിരുന്നു വിജയകാന്ത്. 1991 ൽ പുറത്തിറങ്ങിയ ‘ക്യാപ്റ്റൻ പ്രഭാകരൻ‘ എന്ന തൻറെ നൂറാമത്തെ ചിത്രത്തോടെ വിജയകാന്തിന്  ‘ക്യാപ്റ്റൻ’ എന്ന വിളിപേരും കിട്ടി. പിന്നീട് ക്യാപ്റ്റൻ എന്നാണ് സിനിമാലോകത്ത് അറിയപ്പെട്ടത്.

ഹോണസ്റ്റ് രാജ്, തമിഴ് സെൽവൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂർത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധർമപുരി, ശബരി, അരശങ്കം, എങ്കൾ അണ്ണ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയ നായക കഥാപാത്രങ്ങൾ ചെയ്തു. ഇതുവരെ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. 

നിരവധി അവാർഡുകളിൽ നാമ നിർദേശം ചെയ്യപ്പെടുകയും 1987 ൽ ‘അമ്മൻ കോവിൽ കിഴക്കാലെ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, 1989 ൽ ‘പൂന്തോട്ട കാവൽക്കാരൻ’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സിനിമ എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാലോകത്ത് തിളങ്ങി നിൽക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്‌.

2005 സെപ്തംബർ 14-ന് മധുരയിൽ വെച്ച് നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ ദേശീയ മുർപോക്ക് ദ്രാവിഡ കഴഗം (ഡിഎംഡികെ) എന്ന പാർട്ടി സ്ഥാപിച്ചു. ഡിഎംഡികെയുടെ സ്ഥാപകനും പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ അദ്ദേഹം യഥാക്രമം വിരുദാചലം, ഋഷിവന്ദ്യം എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പാർട്ടിക്ക് ഒരു സീറ്റാണ് നേടാൻ സാധിച്ചത്. 2011ൽ ഡിഎംകെയുമായി സഖ്യം ചേർന്നാണ് അദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2011-2016 വരെ വിജയകാന്ത് തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷനേതാവാകുകയും ചെയ്തിരുന്നു. നടൻ ഷൺമുഖ പാണ്ഡ്യൻ ഉൾപ്പെടെ രണ്ട് ആൺമക്കളുണ്ട്.

By നിവ്യ വി ജി

വോക്ക് മലയാളത്തില്‍ കണ്ടന്റ് റൈറ്റർ. ട്രൂ വിഷനിൽ പ്രവർത്തന പരിചയം. കൈരളി ന്യൂസിൽ ഇന്റേൺഷിപ് ചെയ്തിട്ടുണ്ട്.