Wed. Dec 25th, 2024

രാജ്യത്ത് ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്ലിം വനിത,സുപ്രീം കോടതി ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യത്തെ വനിത…തന്നിലൂടെ എഴുതപ്പെട്ട ചരിത്രത്തിൽ എന്നും ഒന്നാം സ്ഥാനക്കാരിയായിരുന്നു ഫാത്തിമ ബീവി

പുരുഷമേൽക്കോയ്മ സ്ഥാനം പിടിച്ചിരുന്ന ജുഡീഷ്യറി രംഗത്ത് സാമൂഹിക പ്രതിബന്ധങ്ങളെ അതിജീവിച്ച് ഇടം നേടിയ ജസ്റ്റിസ് ഫാത്തിമ ബീവി വിടവാങ്ങുമ്പോൾ, കൂടുതൽ പെൺകുട്ടികൾക്ക് നിയമപഠനത്തിലേക്ക് കടന്നുവരാനും അഭിഭാഷകരാകാനും പ്രചോദനമായ നീതിപീഠത്തിലെ സ്ത്രീശബ്ദത്തിന് ഇരട്ടികരുത്താണ് എന്നതിൽ സംശയമില്ല. ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ ചരിത്ര നിമിഷത്തെക്കുറിച്ച് ഫാത്തിമ ബീവി പറഞ്ഞത് ഞാനൊരു അടഞ്ഞ വാതിൽ തുറന്നു എന്നായിരുന്നു. രാജ്യത്ത് ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ മുസ്ലിം വനിത, സുപ്രീം കോടതി ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യത്തെ വനിത…തന്നിലൂടെ എഴുതപ്പെട്ട ചരിത്രത്തിൽ എന്നും ഒന്നാം സ്ഥാനക്കാരിയായിരുന്നു ഫാത്തിമ ബീവി. 

ഫാത്തിമ ബീവി Screen-grab, Copyrights:outgame.lv

1927 ഏപ്രിൽ 30 ന് പത്തനംതിട്ട അണ്ണാവീട്ടിൽ മീരാസാഹിബിൻ്റെയും ഖദീജ ബീവിയുടേയും എട്ട് മക്കളിൽ മൂത്തമകളായി  ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാത്തിമ ബീവി തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. 

ബിരുദാനന്തര ബിരുദം ചെയ്യാൻ ആഗ്രഹിച്ചിരുന്ന ഫാത്തിമയെ നിയമത്തിൻ്റെ പാതയിലേക്ക് നയിച്ചത് സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനായ പിതാവാണ്. 1950 നവംബർ 14ന് അഭിഭാഷകജീവിതത്തിന് തുടക്കം കുറിച്ച  ഫാത്തിമ ബീവി ആ കൊല്ലത്തെ ബാർ കൗണ്‍സില്‍ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാർ കൗണ്‍സിലിൻ്റെ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ വനിതയായി.

 1958ൽ മുൻസിഫായി നിയമനം ലഭിച്ചപ്പോൾ രാജ്യത്ത് ജുഡീഷ്യൽ ഓഫീസറാകുന്ന ആദ്യ മുസ്ലിം വനിതയെന്ന നേട്ടവും ഫാത്തിമ ബീവിക്ക് സ്വന്തം. 1968ൽ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായി. തുടർന്ന് 1974ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായി. 1983ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. 1989 ഏപ്രിൽ 29ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ഫാത്തിമ 1989 ഒക്ടോബർ ആറിന് പരമോന്നത നീതിപീഠത്തിലിരുന്നപ്പോൾ പിറന്നത് പെൺവിജയത്തിൻ്റെ പുതുചരിത്രമാണ്. 1993ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി. 

1997 ജനുവരി 25നാണ് ഫാത്തിമ ബീവി തമിഴ്നാട്ടിലെ ഗവർണറായി ചുമതലയേൽക്കുന്നത്. വളരെ അപ്രതീക്ഷിതമായി ലഭിച്ച ഗവർണർ കസേരയിൽ നിന്നുതന്നെയാണ് ഫാത്തിമ ബീവിയുടെ ജീവിതത്തിലെ വിവാദങ്ങളുടെ തുടക്കവും. ഭരണഘടനയിലും നിയമത്തിലുമുള്ള അറിവ് ഗവർണർ സ്ഥാനം വഹിക്കുന്നതിലും ഏറെ ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നത്തെ രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ ജ​മ്മു ക​ശ്മീ​ർ ഹൈ​ക്കോ​ട​തി​യി​ലെ ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന ജ​സ്റ്റി​സ് സു​ഖ്ദേ​വ് സി​ങ് കാ​ങ്ങി​നെ കേ​ര​ള​ത്തിലെ ഗവർണറായും ഫാത്തിമ ബീവിയെ തമിഴ്നാട് ഗവർണറായും നിയമിക്കുന്നത്.

ഫാത്തിമ ബീവി എം കരുണാനിധിക്കും കെ ആർ നാരായണനുമൊപ്പം Screen-grab, Copyrights: southfirst

തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ക്ലീൻ ചിറ്റ് നൽകിയതും 2001ൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യയായിരുന്ന അണ്ണാഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയായി നിയോഗിച്ചതും ഫാത്തിമ ബീവിയുടെ ഗവർണർ കസേരയെ പിടിച്ചുകുലുക്കിയ സംഭവങ്ങളായിരുന്നു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 131 സീറ്റുകൾ നേടി ജയലളിതയുടെ എഐഎഡിഎംകെ വൻ ഭൂരുപക്ഷത്തോടെ ജയിച്ചിരുന്നു.  ജയലളിത അന്ന് എംഎൽഎ ആയിരുന്നില്ല.

നിരവധി കേസുകളും ജയലളിതക്കെതിരെ കോടതിയിൽ നിലനിന്നിരുന്നു. ഒരു കോടതി രണ്ടു വർഷം തടവിനും വിധിച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ ജയലളിതയുടെ ഭൂരിപക്ഷവാദം അംഗീകരിച്ച് മുഖ്യമന്ത്രിയായി നിയോഗിച്ചത് ഫാത്തിമ ബീവിയുടെ ഗവർണർ സ്ഥാനത്തെ വിവാദത്തിലാഴ്ത്തി. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം തങ്ങളുടെ നേതാവായി ജയലളിതയെ തിരഞ്ഞെടുത്തതുകൊണ്ടാണ് മുഖ്യമന്ത്രിയായി നിയോഗിച്ചത് എന്നായിരുന്നു ഫാത്തിമ ബീവി നൽകിയ വിശദീകരണം. ഗവർണറുടെ ഈ തീരുമാനത്തിനെതിരെ നിരവധി പൊതുതാൽപര്യ ഹർജികൾ കോടതിയിൽ ഫയൽ ചെയ്യപ്പെട്ടു.

ജയലളിതയ്ക്ക് ഫാത്തിമ ബീവി സത്യവാചകം ചൊല്ലിക്കൊടുക്കുന്നു Screen-grab, Copyrights: The hindu

സുപ്രീം കോടതി ജഡ്ജിയായിരുന്ന അവർക്ക് ഭരണഘടനയെക്കുറിച്ചും നിയമത്തെക്കുറിച്ചും നന്നായി അറിയാം എന്നായിരുന്നു വിവാദസംഭവത്തിന് ജയലളിത നൽകിയ മറുപടി. പിന്നീട് 2001 ജൂൺ 30ന് പുലർച്ചെ മുൻ മുഖ്യമന്ത്രി കരുണാനിധി, കേന്ദ്ര മന്ത്രിമാരായിരുന്ന മു​ര​ശൊ​ലി മാ​ര​ൻ, ടി ആ​ർ ബാ​ലു എ​ന്നി​വ​രെ ജയലളിത സർക്കാർ അറസ്റ്റ് ചെയ്തതും സംഭവത്തിൽ കേന്ദം വിശദീകരണം തേടിയപ്പോൾ 

ജയലളിതയ്കക്ക് അനുകൂലമായി  റിപ്പോർട്ട് നൽകിയ നടപടിയും വിവാദമായി. തുടർന്ന് ഗവർണറെ തിരിച്ചുവിളിക്കാൻ എ ബി വാജ്പയി പ്രധാനമന്ത്രിയായ കേന്ദ്രസർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനം വരുന്നതിന് മുൻപേ തന്നെ ഫാത്തിമ ബീവി രാജിവെച്ചു. 

1997 ൽ ഗവർണറായിരുന്ന ഡോ. ചെന്ന റെഡ്ഢിയുടെ മരണത്തെത്തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ അഭ്യർത്ഥന പ്രകാരമാണ് ഫാത്തിമ ബീവിയെ ഗവർണറായി നിയമിച്ചത് എന്നത് മറ്റൊരു വശം. അഴിമതിക്കേസിൽ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതും ഫാത്തിമ ബീവിയായിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ദയാഹർജികൾ തുടരെ തള്ളിയതും ഫാത്തിമ ബീവിയെ കേന്ദ്രത്തിൻ്റെ കണ്ണിലെ കരടാക്കിയിരുന്നു. 

ന്യായാധിപ എന്ന നിലയിൽ ഫാത്തിമ ബീവി കൈകാര്യം ചെയ്ത വിധിന്യായങ്ങളും സുപ്രധാനമായിരുന്നു. 1991ലെ കർണാടക പട്ടികജാതി, പട്ടികവർഗ സംവരണവുമായി ബന്ധപ്പെട്ട്  നിയമത്തിലെ ചില വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ട് സർക്കാരിനെതിരെ നൽകിയ ഹർജി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൗരന്മാർക്കെതിരെയുള്ള ഭരണകൂടത്തിൻ്റെ ഏകപക്ഷീയ നടപടികൾക്കെതിരെ ഭരണഘടന നൽകുന്ന സംരക്ഷണമാണ്  അവർ തന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയത് . 

കൊലപാതക കേസുകളിൽ എന്തെങ്കിലും സംശയം അവശേഷിക്കുന്നുവെങ്കിൽ പ്രതി ശിക്ഷിക്കപ്പെടാൻ പാടില്ല, ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്ക് രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ പൗരരായിരിക്കണമെന്നില്ലെന്നും താമസക്കാരായാൽ മതി തുടങ്ങിയ ഫാത്തിമയുടെ വിധികൾ ചരിത്ര പ്രധാനമാണ്.  

വനിതകൾക്ക് എന്നും പ്രചോദനവും അഭിമാനകരവുമായ പേര് തന്നെയാണ് ഫാത്തിമ ബീവിയുടേത്. ഭാരത് ജ്യോതി പുരസ്കാകം, മഹിളാ ശിരോമണി, പുരസ്കാകം, യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അടുത്തിടെ കേരള സർക്കാർ കേരള പ്രഭ പുരസ്കാരം നൽകി ആദരിച്ചിരുന്നു. 

FAQs

ആരാണ് അഡൽ ബിഹാരി വാജ്പേയി?

ബിജെപിയുടെ സഹസ്ഥാപകരിൽ പ്രധാനിയും ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉൾപ്പെടാത്ത ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അഡൽ ബിഹാരി വാജ്പേയി.

ആരാണ് ജയലളിത?

1960 കളുടെ മധ്യത്തിൽ ഒരു മുൻനിര ചലച്ചിത്ര നടിയായിരുന്ന ജയലളിത പതിനാല് വർഷം തമിഴ്നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Quotes

എന്നെ നയിക്കൂ, എന്നെ പിന്തുടരൂ അല്ലെങ്കിൽ എൻ്റെ വഴിയിൽ നിന്നും മാറിനിൽക്കൂ – ജനറൽ ജോർജ് പാറ്റൺ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.