Wed. Jan 22nd, 2025

ലോകം മുഴുവനും നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. അർജൻ്റീനയെ നിങ്ങൾ മഹത്തരമായ രാജ്യമാക്കി മാറ്റും’, മിലേയെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു

തെക്കേ അമേരിക്കൻ രാജ്യമായ അർജൻ്റീനയുടെ പുതിയ പ്രസിഡൻ്റായി തീവ്രവലതുപക്ഷവാദിയായ ജാവിയർ മിലേ തിരഞ്ഞെടുക്കപ്പെട്ടു. പ്രതീക്ഷിച്ചതിലും ഉയർന്ന വോട്ടുകൾ നേടിയാണ് ജാവിയർ മിലേ അധികാരത്തിലെത്തിയത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ട് നേടിയാണ് 53കാരനായ മിലേ തൻ്റെ എതിർ സ്ഥാനാർത്ഥിയായ പെറോണിസ്റ്റ് നേതാവും രാജ്യത്തിൻ്റെ ധനകാര്യ മന്ത്രിയുമായ സെര്‍ജിയോ മാസ്സയെ പരാജയപ്പെടുത്തിയത്.

1983ൽ ഭരണഘടനാ അടിസ്ഥാനമാക്കിയുള്ള  ഭരണത്തിലേക്ക് രാജ്യം തിരിച്ചെത്തിയതിന് ശേഷം ഒരു പ്രസിഡൻ്റ്  സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശതമാനമാണിത്. 44 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പിൽ മാസ്സയ്ക്ക് ലഭിച്ചത്. പരാജയം സമ്മതിച്ച സെര്‍ജിയോ മാസ്സ തൻ്റെ എതിരാളിക്ക് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു. 

ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബ്യൂണസ് ഐറിസിലെ പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് മിലേ പറഞ്ഞു, “അർജൻ്റീനയുടെ പുനരുദ്ധാരണം ഇന്ന് മുതൽ ആരംഭിക്കുന്നു. രാജ്യത്തിൻ്റെ തകർച്ചയുടെ യുഗം അവസാനിച്ചിരിക്കുന്നു. ഭരണകൂട അധപതനം ഇനിയുണ്ടാകില്ല. ഇന്ന് അർജൻ്റീനയ്ക്ക് ചരിത്രപരമായ രാത്രിയാണ്”. അത്ഭുതം എന്നാണ് തൻ്റെ വിജയത്തെ മിലേ വിശേഷിപ്പിച്ചത്. ബ്യൂണസ് ഐറിസിൻ്റെ തെരുവുകളിൽ ഡ്രൈവർമാർ ഹോൺ മുഴക്കിയും ഡൗണ്‍ടൗണിലെ ഹോട്ടലിൽ ആരവങ്ങളുയർത്തിയും മിലേയുടെ വിജയം അണികൾ ആഘോഷിച്ചു. 

ജാവിയർ മിലേ അനുയായികളെ അഭിസംബോധന ചെയ്യുന്നു copyright@mint

പണപ്പെരുപ്പത്തിൻ്റേയും ദാരിദ്രത്തിൻ്റേയും രാഷ്ട്രീയ അരാജകത്വത്തിൻ്റേയും പശ്ചാത്തലത്തിലാണ് അർജൻ്റീനയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. പ്രസിഡൻ്റെന്ന നിലയിയിൽ ജാവിയർ മിലേ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്.

മൂന്നക്ക പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന മാന്ദ്യം, ദാരിദ്ര്യം, തൊഴിലില്ലായ്മ  എന്നിവയിൽ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റണം. സർക്കാരിൻ്റെയും സെൻ്ററൽ ബാങ്കിൻ്റെയും കാലിയായ ഖജനാവ്, അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള  4400 കോടി ഡോളറിൻ്റെ കടം തുടങ്ങിയ കടമ്പകൾ കടന്നു വേണം മിലേക്ക് മുന്നോട്ട് പോകാൻ. അർജൻ്റീനയെ പെസോയിൽ നിന്നും യുഎസ് ഡോളറിലേക്ക് മാറ്റുമെന്നതായിരുന്നു മിലേയുടെ പ്രധാന ക്യാമ്പെയിൻ വാഗ്ദാനം. അർജൻ്റീനയുടെ സമ്പദ് വ്യവസ്ഥയിൽ തന്ത്രപരമായ മാറ്റമുണ്ടാകുമെന്ന് മിലേ ഉറപ്പ് പറയുന്നു. 

ജാവിയർ മിലേയുടെ വിജയം ആഘോഷിക്കുന്ന അനുയായികൾ copyright@agenciaefe

ആരാണ് ജാവിയർ മിലേ?

അലസമായ തലമുടിയും വന്യമായ മുഖഭാവവുമുള്ള മിലേയെ ആരാധകർ ഭ്രാന്തനെന്ന് വിളിച്ചു. എന്നാൽ തന്നെ സിംഹമെന്ന് വിശേഷിപ്പിക്കാനാണ് മിലേ ഇഷ്ടപ്പെടുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാതിരുന്ന ജാവിയർ മിലേ സാമ്പത്തിക നയങ്ങളേയും ലൈംഗികതേയും കുറിച്ചുള്ള ചാറ്റ്ഷോകളിലൂടെയാണ് പ്രസിദ്ധനായത്. ‘അര്‍ജൻ്റീനിയൻ ട്രംപ്’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ മിലേ വിളിക്കുന്നത്.

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആരാധകനായ മിലേ, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന  ട്രംപിൻ്റെ മുദ്രാവാക്യത്തെ ചുക്കാൻപിടിച്ചുകൊണ്ട് അർജൻ്റീനയെ മഹത്തരമായ ഒരു കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞു. പൊതുചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള തന്റെ പദ്ധതികളുടെ പ്രതീകമായി പ്രചാരണ വേദികളിലെല്ലാം കൈയിൽ ഒരു ചെയിൻസോയുമായാണ് മിലേ എത്തിയിരുന്നത്.

അർജൻ്റീനയിലെ ലാ പ്ലാറ്റയിൽ നടന്ന റാലിയിൽ ചെയിൻസോയുമായി നിൽക്കുന്ന ജാവിയർ മിലേ copyright@cnn

സമ്പദ് വ്യവസ്ഥയെ ഡോളറാക്കുമെന്ന നിർദേശത്തിൻ്റെ ഭാഗമായി തൻ്റെ ചിത്രമുള്ള യുഎസ് ഡോളർ ഹൺഡ്രഡും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉപയോഗിച്ചു. അർജൻ്റീനയെ ഒരു ലിബറൽ പറുദീസയാക്കി മാറ്റുന്നതിനായി സാംസ്കാരിക യുദ്ധം തന്നെ നടത്തുമെന്ന് പ്രതിജ്ഞയെടുത്തു. പണമില്ലാത്തവർക്ക് മനുഷ്യാവയവങ്ങൾ വിപണിയിൽ വിൽക്കാൻ അനുവദിക്കുമെന്ന വിചിത്രമായ ആശയവും മിലേ മുന്നോട്ട് വെച്ചു. കമ്മ്യൂണിസ്റ്റുകളെ ശത്രുക്കളായി കാണുന്ന മിലേ ചൈനയുടേയും ബ്രസീലിൻ്റേയും വിമർശകനും അമേരിക്കയെ ശക്തമായി അനുകൂലിക്കുകയും ചെയ്യുന്നു. 

എന്നാൽ ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ മിലേയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തുവന്നു. “ലോകം മുഴുവനും നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ്. അർജൻ്റീനയെ നിങ്ങൾ മഹത്തരമായ രാജ്യമാക്കി മാറ്റും”,  മിലേയെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. എന്നാൽ ഇതൊരു ദുഖ ദിനമാണെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചത്. ഗർഭഛിദ്രം, ലൈംഗിക വിദ്യാഭ്യാസം എന്നിവയ്കക്കെതിരെ നിൽക്കുന്ന മിലേ പോപ് ഫ്രാൻസിസിനെ വിമർശിക്കുകയും ചെയ്തിരുന്നു. 

തൻ്റെ ചിത്രമുള്ള യുഎസ് ഡോളറുമായി നിൽക്കുന്ന ജാവിയർ മിലേ copyright@americasquarterly

രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവ്

ടെലിവിഷനിൽ സർക്കാരിൻ്റെ കടുത്ത വിമർശകനായിരുന്ന മിലേ 2020 ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2021ൽ നിയമസഭാംഗമായി സീറ്റ് നേടി. 1940 മുതൽ അർജൻ്റീനിയൻ രാഷ്ട്രീയത്തിൽ അധികാരം കെണ്ടാടിയിരുന്ന പെറോണിസ്റ്റുകളെയും അവരുടെ പ്രധാന പ്രതിപക്ഷമായ ടുഗദര്‍ ഫോര്‍ ചേഞ്ചിനെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മിലേയുടെ വിജയം.

ഒക്ടോബർ 22നു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ സെർജിയോ മാസ്സ 36.6 ശതമാനം വോട്ട് നേടിയപ്പോൾ 26.3 ശതമാനം മാത്രമാണ് മിലേക്ക് ലഭിച്ചത്. അന്ന് തോൽവി നേരിട്ടെങ്കിലും യാഥാസ്ഥിതികരുമായി സംഖ്യമുണ്ടാക്കാൻ കഴിഞ്ഞത് മിലേയുടെ പിന്തുണ വർദ്ധിപ്പിച്ചു. ശേഷം നവംബർ 19ന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള വോട്ട് വ്യത്യാസത്തിൽ മിലേ വിജയിക്കുകയായിരുന്നു. 

ജാവിയർ മിലേയുടെ വിജയം ആഗ്രഹിച്ചിരുന്നവരുടെ കൂട്ടത്തിൽ ബ്രസീൽ മുൻ പ്രസിഡൻ്റ്  ജെയർ ബോൾസോനാരോയുമുണ്ട്. മാറ്റത്തിനായി എല്ലാ അർജൻ്റീനക്കാരും മിലേയെ പിന്തുണയ്ക്കണമെന്ന് ബോൾസോനാരോ ആഹ്വാനം ചെയ്തിരുന്നു. ട്രംപിനെയും ബോൾസോനാരോയെയും പോലെ അനിഷ്ടം തോന്നുന്നവരോട്  വളരെ മോശമായ രീതിയിൽ പ്രതികരിക്കുന്ന ഒരാളാണ് ജാവിയർ മിലേയും.

അതിൻ്റെ ഉദാഹരണമാണ് അർജൻ്റീനക്കാരനായ ഫ്രാൻസിസ് മാർപ്പാപ്പയെ ‘നശിച്ച കമ്മ്യൂണിസ്റ്റ്’ എന്ന് വിളിച്ച് മിലേ അധിക്ഷേപിച്ചത്. മിലേയുടെ വിജയം അർജൻ്റീനയുടെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിക്കുമെന്നും ധാന്യങ്ങൾ, ലിഥിയം, ഹൈഡ്രോകാർബൺ എന്നിവയുടെ വ്യാപാരത്തെയും ബാധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പ്രക്ഷുഭ്ദമായൊരു കാലഘട്ടമായിരിക്കും അർജൻ്റീന ഇനി അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. 

FAQs

ആരാണ് ലുല ഡ സിൽവ?

ബ്രസീലിൻ്റെ 39-ാമത്തെയും നിലവിലെ പ്രസിഡൻ്റുമാണ് ലുല ഡ സിൽവ. വർക്കേഴ്സ് പാർട്ടിഅംഗമായ അദ്ദേഹം 2003 മുതൽ 2010 വരെ ബ്രസീലിൻ്റെ 35-ാമത് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്താണ് പെറോണിസം?

അർജൻ്റീന ഭരണാധികാരി ജുവാൻ പെറോണിൻ്റെ ആശയങ്ങളെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ള  ഇടതുപക്ഷ ചായ്‌വുള്ള അർജൻ്റീനിയൻ രാഷ്ട്രീയ പ്രസ്ഥാനമാണ് പെറോണിസം.

Quotes

ഒരു വോട്ട് ഒരു റൈഫിൾ പോലെയാണ് .അതിൻ്റെ പ്രയോജനം ഉപയോക്താവിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു – തിയോഡോർ റൂസ്വെൽറ്റ്

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.