ആഴ്ചയിലൊരിക്കൽ മാത്രം എത്തുന്ന ടാങ്കർ ലോറികൾ, അതും ലഭിക്കുന്ന വെള്ളം അളന്നും കരുതിവെച്ചും ഉപയോഗിക്കേണ്ട അവസ്ഥ. പൈപ്പ് കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും അതിൽനിന്നും വെള്ളമെത്തിയിട്ട് കാലങ്ങളായി
ഒരു മുറ്റം കൊണ്ട് പോലും വേർതിരിക്കാൻ കഴിയാത്ത വിധം നിരനിരയായി നിൽക്കുന്ന വീടുകൾ. ഒരു കുടുംബത്തിൽ കുറഞ്ഞത് നാല് അംഗങ്ങളെങ്കിലും ഉണ്ടാകുന്ന തരത്തിൽ ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശം. എല്ലാ വീടുകൾക്ക് മുന്നിലും പൊതുവായി ഒന്നുണ്ട്. കാലിയായ കുടങ്ങളും വെള്ളം ശേഖരിക്കാനായി നിരത്തി വെച്ചിരിക്കുന്ന പാത്രങ്ങളും.
എറണാകുളം ജില്ലയിലെ പള്ളുരുത്തി, പാലമറ്റം റോഡിലെ കാഴ്ചയാണിത്. എന്നാൽ ഇത് പള്ളുരുത്തിയിലെ മാത്രം പ്രശ്നമല്ല. കൊച്ചിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. കേരളത്തിലെ മഹാനഗരമായി വളർന്ന കൊച്ചിയിൽ കുടിവെള്ളപ്രശ്നം ഇന്നും പരിഹാരം കാണാതെ തുടരുകയാണ്.
‘വെള്ളത്തെക്കുറിച്ച് ഇവിടെ മിണ്ടിപ്പോകരുത്’, ഈ പ്രദേശത്ത് കുടിവെള്ളക്ഷാമമുണ്ടോ എന്ന എൻ്റെ ചോദ്യത്തിന് പള്ളുരുത്തിയിലെ ഒരു യുവാവ് നൽകിയ മറുപടി കേട്ട് ഒരു നിമിഷത്തേക്ക് മറു ചോദ്യം ചോദിക്കാൻ ഞാൻ മടിച്ചു. ജലക്ഷാമം എത്രത്തോളം ജനങ്ങളെ വലയ്ക്കുന്നുണ്ടെന്ന് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു. മഴക്കാലത്ത് പോലും കുടിവെള്ള പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് ജനങ്ങൾ.
അതീവ ജാഗ്രതയോടെ, ശേഖരിച്ചുവെച്ചിരിക്കുന്ന വെള്ളം ഒട്ടും പാഴാക്കാതെ ഉപയോഗിക്കാനുള്ള തത്രപ്പാടിലാണ് കൊച്ചിയിലെ ഉൾപ്രദേശങ്ങളിലുള്ള ഓരോ വീടുകളും. പള്ളുരുത്തി, ഇടക്കൊച്ചി, എളമക്കര, ആലുവ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്.
ആഴ്ചയിലൊരിക്കൽ മാത്രം എത്തുന്ന ടാങ്കർ ലോറികൾ, അതും ലഭിക്കുന്ന വെള്ളം അളന്നും കരുതിവെച്ചും ഉപയോഗിക്കേണ്ട അവസ്ഥ. പൈപ്പ് കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും അതിൽനിന്നും വെള്ളമെത്തിയിട്ട് കാലങ്ങളായി. ചില പ്രദേശങ്ങളിൽ പേരിന് മാത്രം നേരിയതോതിൽ മൂന്ന് ദിവസം കൂടുമ്പോൾ വെള്ളം ലഭിക്കുന്നു.
“30 വർഷമായി ഞങ്ങൾ ഇവിടെ താമസിക്കുകയാണ്. ആദ്യ കാലങ്ങളിൽ കൃത്യമായി വെള്ളം ലഭിച്ചുകൊണ്ടിരുന്നതാണ്. എന്നാൽ കഴിഞ്ഞ നാല് കൊല്ലമായി ഞങ്ങൾക്ക് കുടിവെള്ളമില്ല. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളം മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. പത്ത് വീടുകളിലേക്കായി 2000 ലിറ്റർ വെള്ളമാണ് എത്തുക.
ആ 200 ലിറ്റർ വെള്ളം കൊണ്ട് വേണം കഴിഞ്ഞുകൂടാൻ. അത് ഒരു ദിവസം മുടങ്ങിയാൽ പിന്നെ എല്ലാം നിലയ്ക്കും. മഴക്കാലമാകുമ്പോൾ മാത്രമാണ് കുറച്ച് വെള്ളം കിട്ടുന്നത്. ഉപ്പുവെള്ളം ഇറങ്ങുന്നത് കാരണം ഞങ്ങൾക്ക് കിണർ കുഴിക്കാനും കഴിയില്ല. നിരവധി തവണ അധികാരികളെ ഇക്കാര്യം അറിയിച്ചതാണ്. പൈപ്പ് കണക്ഷനുള്ള വീടുകളിൽ വെള്ളമില്ല പക്ഷേ കൃത്യമായി ബില്ല് വരുന്നുണ്ട്”, പള്ളുരുത്തി സ്വദേശി ശോഭ പറയുന്നു. പള്ളുരുത്തി, പാലമറ്റം നിവാസികൾക്കെല്ലാം പറയാനുള്ളത് സമാനമായ അവസ്ഥ തന്നെയാണ്.
“വെള്ളത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ല. കാരണം ഇല്ലാത്തൊരു കാര്യത്തെക്കുറിച്ച് എന്ത് പറയാനാണ്. ആർക്കും വെള്ളമില്ല. പൈപ്പിൽ നിന്നും വെള്ളം വരുന്നതും കാത്തിരുന്ന് മടുത്തു. അതിൽ നിന്നും കാറ്റ് മാത്രമാണ് വരുന്നത്”. പള്ളുരുത്തിയിൽ 40 വർഷത്തിലേറെയായി താമസിക്കുന്ന ജോർജിന് വെള്ളമെന്നത് എപ്പോഴോ നഷ്ടപ്പെട്ടുപോയ പ്രതീക്ഷയാണ്.
പള്ളുരുത്തിയിൽ നിന്നും ഒട്ടും ദൂരെയല്ലാത്ത ഇടക്കൊച്ചി, പാമ്പായിമൂലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പാമ്പായിമൂലയിലെ വായനാശാല റോഡിലുള്ള വീടുകളിൽ ശുദ്ധജലത്തിൻ്റെ ഈർപ്പം വറ്റിയത് എപ്പോഴായിരുന്നുവെന്ന് ഓർത്തെടുക്കാൻ പോലും അവിടെയുള്ളവർക്ക് കഴിയുന്നില്ല.
“ഞങ്ങൾക്കാർക്കും തന്നെ ഇവിടെ വെള്ളമില്ല. വീടിന് മുന്നിൽ കോലം കെട്ടി വെച്ചിരിക്കുന്നത് പോലെ എല്ലായിടത്തും കാലിയായ കുടങ്ങളും വെള്ളം നിറയ്ക്കാനുള്ള പാത്രങ്ങളും നിരത്തി വെച്ചിരിക്കുകയാണ്. ടാങ്കർ ലോറികളെ ആശ്രയിച്ചാണ് ഞങ്ങൾ കഴിയുന്നത്. പൈപ്പിൽ നിന്നും വെള്ളം വരുമെന്ന പ്രതീക്ഷയില്ല. കിട്ടുന്ന 200 ലിറ്റർ വെള്ളം കൊണ്ട് ഞങ്ങൾ എന്തൊക്കെ ചെയ്യും. വേനൽക്കാലത്ത് ശെരിക്കും ബുദ്ധിമുട്ടാണ്.
ആദ്യമൊക്കെ കിലോമീറ്ററോളം വെള്ളം ചുമന്ന് കൊണ്ട് വരുമായിരുന്നു. ഇപ്പോൾ ആഴ്ചയിലൊരിക്കെ ടാങ്കർ ലോറികളിൽ വെള്ളമെത്തുന്നുണ്ട്. അത് ഒന്നിനും തന്നെ തികയുന്നില്ല. ഇക്കാരണത്താൽ എൻ്റെ മകന് ഒരു വിവാഹാലോചന പോലും വരുന്നില്ല. കുടിവെള്ളം ലഭിക്കാത്ത ഇടത്തേക്ക് ആരാണ് മക്കളെ വിവാഹം ചെയ്ത് അയക്കുക”, പാമ്പായിമൂല നിവാസിയായ ലക്ഷ്മി പറയുന്നു.
പാമ്പായിമൂലയിലെ സ്ത്രീകളിലധികം പേരും വീട്ടുജോലിക്ക് പോകുന്നവരാണ്. പണി കഴിഞ്ഞ് എത്തിയാൽ അടുത്ത ലക്ഷ്യം വെള്ളത്തിനായി പോവുക എന്നതായിരുന്നു. എന്നാൽ പലപ്പോഴും നിരാശയാണ് ഫലം. പൈപ്പിന് മുന്നിൽ വെള്ളത്തിനായി കാത്തുനിൽക്കുന്നവരുടെ നീണ്ട നിര മാത്രമാകും അവശേഷിക്കുക. വെള്ളം വരുന്നതാകട്ടെ രാത്രി രണ്ട് മണിക്കും. ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് ഇവിടെയുള്ളവരിൽ പലരും വെള്ളമെടുത്തിരുന്നത്. ഇപ്പോൾ പൈപ്പിൽ നിന്നും വെള്ളം വരാറില്ല. ടാങ്കർ ലോറികൾക്ക് മുന്നിൽ വെള്ളത്തിനായി തല്ലുണ്ടാക്കുന്ന അവസ്ഥയിലേക്ക് മാറി.
ഇടപ്പള്ളി, എളമക്കര ഭാഗത്തേക്ക് പോവുകയാണെങ്കിൽ ജനങ്ങളുടെ ജീവിതനിലവാരത്തിൽ മാറ്റമുണ്ട്, എന്നാൽ അവസ്ഥ സമാനമാണ്. പലരും പുറത്ത് നിന്നും കാനുകളിൽ വെള്ളം വാങ്ങിയാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. എളമക്കര ,ശ്രീനാരായണ ക്രോസ് റോഡിലെ വീടുകളിൽ മൂന്ന് ദിവസം കൂടുമ്പോഴാണ് പൈപ്പിൽ വെള്ളമെത്തുന്നത്.
“നിരവധി വീടുകളുള്ള ഒരു സ്ഥലമാണിത്. ഓരോ ദിവസം കഴിയുന്തോറും വെള്ളത്തിൻ്റെ ബുദ്ധിമുട്ട് കൂടി വരികയാണ്. പമ്പ് ചെയ്യുന്ന വെള്ളത്തിന് ഫോഴ്സില്ല അതാണ് പ്രധാന പ്രശ്നം. പൈപ്പ് കണക്ഷൻ എല്ലാം തന്നെ കാലപ്പഴക്കം ഉള്ളതാണ്. ബിടിഎസ് റോഡിലെ കലുങ്കിൻ്റെ പുനർനിർമ്മാണത്തിന് ശേഷമാണ് ഇവിടെ ഇത്രയും ജലക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയത്”, എളമക്കര സ്വദേശി സുധി പറയുന്നു.
ആലുവയിൽ ചില പ്രദേശങ്ങളിൽ സ്ഥിരമായി കുടിവെള്ള പ്രതിസന്ധിയുണ്ടാകാറുള്ളതായി പ്രദേശവാസികൾ പറയുന്നു. പള്ളിക്കുന്ന്, ചേലക്കുന്ന്, റോസ് ഗാർഡൻ തുടങ്ങിയ സ്ഥങ്ങളിലാണ് പ്രധാനമായും കുടിവെള്ളക്ഷാമമുള്ളത്. മലയോര പ്രദേശങ്ങളായതിനാൽ തന്നെ വെള്ളത്തിൻ്റെ ലഭ്യത ഇവിടങ്ങളിൽ പൊതുവെ കുറവാണ്. പല തവണ അധികാരികളിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ലായെന്നാണ് ജനങ്ങൾ പറയുന്നത്.
ആലുവ, പള്ളിക്കുന്ന് സ്വദേശി ലീന കിടപ്പുരോഗിയാണ്. എപ്പോഴും തകരാറിലാകുന്ന പൈപ്പ് കാരണം ഇവിടെ വെള്ളം ലഭിക്കാറില്ല. ഇപ്പോഴത്തെ അവസ്ഥയനുസരിച്ച് ആഴ്ചയിലൊരിക്കലാണ് വെള്ളമെത്തുന്നത്. അതും കൃത്യമായി പറയാൻ കഴിയാത്ത അവസ്ഥ. പ്രായമായ അമ്മയെ എന്ത് ധൈര്യത്തിൻ്റെ പുറത്താണ് താൻ വെള്ളം ചുമന്ന് കൊണ്ടുവരാൻ അയക്കുകയെന്ന് ലീന ചോദിക്കുന്നു.
അൻപത് വർഷത്തെ പോരാട്ടങ്ങൾക്കും സമരപരമ്പരകൾക്കും ശേഷമാണ് കുടിവെള്ളക്ഷാമത്തിൻ്റെ പ്രഥമ മുഖമായിരുന്ന ചെല്ലാനത്ത് ഇപ്പോൾ വെള്ളം ലഭിച്ചുതുടങ്ങിയത്. അതിൻ്റെ ആശ്വാസവും ഒപ്പം ഇത് എന്ന് നിലക്കുമെന്നറിയില്ലെന്ന പേടിയും അവിടുത്തുകാരിലുണ്ട്. കാലങ്ങളായി കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും ഉയരുന്ന ആവശ്യമാണ് കൃത്യമായി കുടിവെള്ളം ലഭിക്കുകയെന്നത്. വികസിക്കാൻ ഇടമില്ലാതിരുന്നിട്ടും നിർമ്മാണങ്ങളും വികസനപ്രവർത്തനങ്ങളും തുടരുന്ന, പെരിയാറു പോലൊരു സമ്പന്നമായ ജല സ്രോതസ്സുള്ള കൊച്ചിയിൽ എന്തുകൊണ്ടാണ് ശുദ്ധജലക്ഷാമം പരിഹരിക്കപ്പെടാത്തത്.
കേരളത്തിൻ്റെ നാഗരികമുഖം
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരത്ത് ലക്ഷദ്വീപ് കടലിനോട് ചേർന്ന് കിടക്കുന്ന തുറമുഖ നഗരമാണ് കൊച്ചി. പടിഞ്ഞാറ് അറബിക്കടൽ, വടക്ക് തൃശൂർ ജില്ല, കിഴക്ക് ഇടുക്കി ജില്ല, തെക്ക് കോട്ടയം, ആലപ്പുഴ ജില്ലകൾ എന്നിവയാണ് എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക് മലയോര പ്രദേശങ്ങളുമാണ്.
കനാലുകളും കായലും തണ്ണീർത്തടങ്ങളും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുന്നുവെന്നതാണ് കൊച്ചിയുടെ ഭൂപ്രദേശത്തിന്റെ പ്രത്യേകത. തീരദേശ ജില്ലയായതിനാൽ തന്നെ എറണാകുളത്തിൻ്റെ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളാണ്. ഏതാണ്ട് പരന്ന ഭൂപ്രകൃതിയും ഉയർന്ന ജലവിതാനവുമാണ് കൊച്ചിയുടെ സവിശേഷത. നഗരത്തിൻ്റെ കിഴക്കൻ പ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 7.5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
1341ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് എക്കൽമണ്ണ് അടിഞ്ഞുകൂടി രൂപപ്പെട്ടതാണ് കൊച്ചി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സുഗന്ധവ്യജ്ഞനങ്ങളുടേയും മറ്റും കയറ്റുമതിയുടെ പ്രധാന സ്ഥലമായി മാറിയതോടെയാണ് കൊച്ചി വാണിജ്യകേന്ദ്രമായി വളരാൻ തുടങ്ങിയത്.
കടൽമാർഗമുള്ള കച്ചവടത്തിൻ്റെ സാധ്യത മനസ്സിലാക്കുകയും അത് കൊച്ചിയിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു. നിർമ്മാണ മേഖലയിലും ഐടി മേഖലയിലും വ്യവസായ മേഖലയിലുമുണ്ടായ കുതിപ്പ് കൊച്ചിയെ ഒരു മെട്രോ പൊളിറ്റൻ നഗരമാക്കി മാറ്റി. അതിൻ്റെ ഭാഗമെന്നോണം വൻതോതിലുള്ള കുടിയേറ്റവും ഇവിടേക്ക് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അങ്ങനെ കൊച്ചിയുടെ ജനസംഖ്യയിൽ ക്രമാതീതമായ ഉയർച്ചയുണ്ടായി. ഒരു ഭാഗത്ത് സാമ്പത്തിക മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും കാര്യമായ വികസനം നടക്കുമ്പോൾ മറുഭാഗത്ത് കൊച്ചി ഉൾക്കൊള്ളുന്ന പരിസ്ഥിതി പ്രദേശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുകൊണ്ടിരുന്നു. ചതുപ്പുനിലങ്ങളും കായലുകളും തോടുകളും കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളുമെല്ലാം ചുറ്റപ്പെട്ടുകിടക്കുന്ന ഭൂപ്രദേശത്താണ് കൊച്ചി നഗരം നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഈ വികസനങ്ങൾ ജലസ്രോതസ്സുകൾക്ക് കാര്യമായ കേടുപാടുകളുണ്ടാക്കി.
വികസനത്തിൻ്റെ പാർശ്വഫലമെന്നോണം കുളങ്ങളും തണ്ണീർത്തടങ്ങളും തോടുകളുമെല്ലാം ക്രമേണ നശിക്കുകയും ഭൂഗർഭജലത്തിൻ്റെ ലഭ്യത കുറയുകയും ചെയ്തു. കൂടാതെ വ്യവസായശാലകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളുടെ നിക്ഷേപവും ഇവിടത്തെ ഉപരിതലജലത്തേയും ഭൂഗർഭജലത്തേയും ഒരുപോലെ മലിനമാക്കി. ഇത് ജലദൗർലഭ്യത്തിന് കാരണമായി.
എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ കടലോര പ്രദേശങ്ങളിൽ നിലനിന്നിരുന്ന ജലദൗർലഭ്യത്തിന് ആക്കം കൂട്ടുന്ന രീതിയിലേക്ക് ഈ പ്രശ്നങ്ങൾ മാറി. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രത്യക്ഷത്തിൽ സമരത്തിലേക്കിറങ്ങാൻ അവിടത്തെ ജനങ്ങളെ നിർബന്ധിതരാക്കി. 1996ൽ ആദ്യമായി കുടിവെള്ളത്തിന് വേണ്ടി വൈപ്പിൻകാർ സമരത്തിനിറങ്ങി.
തുറമുഖ നഗരമായതിനാൽ തന്നെ കൊച്ചിയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഉപ്പു കലർന്ന ഭൂഗർഭജലമാണ്. ചെല്ലാനം മുതൽ നായരമ്പലം വരെ വ്യാപിച്ചു കിടക്കുന്ന തീരദേശ മേഖലയിലുണ്ടാകുന്ന കടൽകയറ്റവും കുടിവെള്ളത്തിൻ്റെ ലഭ്യതയ്ക്ക് വെല്ലുവിളിയായി. വേനൽക്കാലത്ത് ഭൂഗർഭജലത്തിൻ്റെ റീചാർജിംങ്ങ് കുറയുകയും വെള്ളത്തിൻ്റെ ആവശ്യകത കൂടുകയും ചെയ്യുന്നതോടെ ഉപ്പുവെള്ളം കയറുന്നതിൻ്റെ തീവ്രത വർദ്ധിക്കുന്നു.
കണ്ടൽക്കാടുകൾ ഇല്ലാതായതാണ് ഉപ്പുവെള്ളം കയറുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്നായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. തീരദേശ ആവാസവ്യവസ്ഥക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കണ്ടൽക്കാടുകൾ. ഭൂഗർഭജലത്തിൻ്റെ ഗുണനിലവാരം നിലനിർത്താൻ കണ്ടൽക്കാടുകൾ കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവിസെനിയ മറീന, അവിസെനിയ ആൽബ, റൈസോഫോറ സ്റ്റൈലോസ തുടങ്ങിയ ഇനം കണ്ടലുകൾക്ക് ഉപ്പുവെള്ളം കയറുന്നത് വലിയൊരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
ചെല്ലാനം, ഫോർട്ട് കൊച്ചി , വൈപ്പിൻ തുടങ്ങിയ ദ്വീപ സമൂഹങ്ങൾ പണ്ട് കാലത്ത് കണ്ടൽക്കാടുകളും ചതുപ്പ് നിലങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ വികസനത്തിൻ്റെ കുതിച്ചുചാട്ടത്തിൽ ഇത്തരം പ്രകൃതിസമ്പത്തുകളെ ഇല്ലാതെയാക്കി. ഇത് വലിയ രീതിയിൽ ഭൂഗർഭജലത്തിൽ ഉപ്പിൻ്റെ സാന്നിധ്യമുണ്ടാകാൻ കാരണമായി. തീരദേശമേഖലയിൽ താമസിക്കുന്നവർക്ക് കിണറിൽ നിന്നും ലഭിക്കുന്ന വെളളം ഉപയോഗിക്കാൻ കഴിയാതെ കുടിവെള്ളത്തിനായി പൈപ്പ് വെള്ളത്തെയും ടാങ്കർ ലോറികളെയും ആശ്രയിക്കേണ്ടി വന്നു.
വൈപ്പിൻ പ്രദേശത്തുള്ളവർ പണ്ട് മുതലെ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് പൈപ്പു വെള്ളത്തെയായിരുന്നു. അതേസമയം തന്നെ കടലോര മേഖലയിൽ നിന്നും അകലെയുള്ള എടവനക്കാടുപോലെയുള്ള പ്രദേശങ്ങളിൽ കിണർവെള്ളവും ജനങ്ങൾ ധാരാളമായി ഉപയോഗിച്ചിരുന്നു.
എന്നാൽ, ഗോശ്രീ പാലനിർമാണം (മുളവുകാട്, വല്ലാർപാടം, ബോൾഗാട്ടി എന്നീ മേഖലകളെ എറണാകുളവുമായും വൈപ്പിനുമായും കൂട്ടിയോജിപ്പിക്കുന്ന പാലം. 2004ൽ നിർമാണം പൂർത്തിയായി), 2011ൽ കമ്മീഷൻ ചെയ്ത വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍, 2013 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട എൽ എൻ ജി പ്ലാൻ്റ് (പുതുവൈപ്പിൽ 15 ഹെക്ടർ ചതുപ്പുനിലവും കണ്ടൽക്കാടും നികത്തിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എൽഎൻജി പ്ലാൻ്റ് നിർമിച്ചത്.) എന്നിവ അവശേഷിച്ചിരുന്ന ഭൂഗർഭജലത്തിൻ്റെ ലഭ്യതയെക്കൂടി ഇല്ലാതെയാക്കുന്ന തലത്തിലേക്ക് മാറി.
ദാഹജലത്തിനായുള്ള സമരങ്ങൾ
കുടിവെള്ളത്തിനായുള്ള ജനങ്ങളുടെ ശബ്ദം ആദ്യമായി ഉയർന്നുകേട്ടത് വൈപ്പിനിലായിരുന്നു. നിരവധി ജനകീയ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് വൈപ്പിൻകര. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണിത്. വൈപ്പിൻ കരയുടെ സമരമുഖങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതും ശക്തമായതുമായ പോരാട്ടമാണ് കുടിവെള്ളത്തിന് വേണ്ടിയുള്ള സമരങ്ങൾ.
1996ലാണ് കാലങ്ങളായി തങ്ങൾക്ക് നിഷേധിക്കപ്പെട്ടിരുന്ന കുടിവെള്ളമെന്ന അടിസ്ഥാന അവകാശത്തിനുവേണ്ടി വൈപ്പിൻ ജനത സമരമാരംഭിച്ചത്. 1997ൽ വൈപ്പിൻ കുടിവെള്ള സമിതി രൂപീകരിക്കപ്പെട്ടു. അങ്ങനെ 1997, ജനുവരി 29, 30 തീയതികളിൽ എറണാകുളം കച്ചേരിപ്പടി ജംങ്ഷനിൽ നഗരത്തിലെ ഗതാഗതം തടസ്സപ്പെടുത്തി വൈപ്പിൻ ജനത കുടിവെള്ളത്തിനായുള്ള സമരം നടത്തി. പ്രായഭേതമന്യേ സ്ത്രീകളും കുട്ടികളും അന്ന് സമരത്തിൽ അണിനിരന്നു.
മൂന്ന് ദിവസത്തിനുള്ളിൽ പരിഹാരം കണ്ടില്ലെങ്കിൽ വൈപ്പിനിൽ നിന്നും നഗരമധ്യത്തിലേക്ക് വ്യാപകമായ കുടിയേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി മൂന്നിന് വീണ്ടും എറണാകുളം നഗരത്തെ സ്തംഭിപ്പിക്കുന്ന തരത്തിൽ സമരവുമായി ജനങ്ങൾ മുന്നോട്ട് വന്നു. രണ്ട് തവണ സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി സ്ത്രീകൾക്ക് അന്ന് കുടിവെള്ളത്തിനായുള്ള സമരത്തിൻ്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നു. ശേഷം ഫെബ്രുവരി നാലിന് ഹൈക്കോടതി ഇടപെടുകയും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നിർദേശിക്കുകയും ചെയ്തു.
തുടർന്ന് അടിയന്തിര മന്ത്രി സഭായോഗം വിളിക്കപ്പെട്ടു. പശ്ചിമ കൊച്ചിക്കും വൈപ്പിൻകരയിലെ തെക്കൻ മേഖലയിലുള്ള എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം എന്നീ പഞ്ചായത്തുകളിൽ സർക്കാർ പ്രഖ്യാപിച്ച ഹെഡ്കോ പദ്ധതി ഉടൻ പൂർത്തിയാക്കുമെന്ന് അന്നത്തെ കളക്ടറായിരുന്ന വി പി ജോയി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം സമരം അവസാനിപ്പിച്ച് ജനങ്ങൾ പിരിഞ്ഞു. പശ്ചിമ കൊച്ചിക്ക് വേണ്ടിയുള്ള ഹെഡ്കോ പദ്ധതിയിൽ വൈപ്പിനെക്കൂടി ഉൾപ്പെടുത്തി ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി തുടങ്ങാൻ വീണ്ടും എട്ടുവർഷമെടുത്തു.
2005ൽ വൈപ്പിനിലെ ജനങ്ങൾ വീണ്ടും സമരത്തിനിറങ്ങി. പതിനായിരത്തോളം പേരാണ് അന്ന് സമരത്തിൽ പങ്കെടുത്തത്. രണ്ടാം കുടിവെള്ള സമരത്തെ തുടർന്നാണ് 2005 ജൂലൈയിൽ ഹെഡ്കോ പദ്ധതി കമ്മീഷൻ ചെയ്യപ്പെടുന്നത്. എന്നിട്ടും വൈപ്പിനിലെ കുടിവെള്ള പ്രശ്നത്തിന് അറുതിവന്നില്ല. ഹെഡ്കോ പദ്ധതി പ്രകാരം മൂന്ന് ജലസംഭരണികൾ നിർമിച്ച് എല്ലായിടത്തും വെള്ളമെത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ആദ്യം നിർമാണം പൂർത്തിയാക്കിയ മാലിപ്പുറത്തെ ജലസംഭരണിയിൽ ചോർച്ച കണ്ടെത്തി. വർഷങ്ങൾക്കുശേഷം ചോർച്ച പരിഹരിച്ചെങ്കിലും ചെറിയൊരു പ്രദേശത്ത് മാത്രമാണ് വെള്ളമെത്തിക്കാനായത്. ഞാറയ്ക്കൽ, മാലിപ്പുറം, മുരുക്കുംപാടം എന്നിവിടങ്ങളിൽ ജലസംഭരണികൾ നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും പല കാരണങ്ങളാൽ നിർമാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ 2022ലാണ് മറ്റ് രണ്ട് ജലസംഭരണികളുടേയും നിർമാണം പൂർത്തിയായത്.
ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായി വൈപ്പിൻ്റെ ദാഹമകറ്റാൻ ഹെഡ്കോ പദ്ധതിക്ക് കഴിഞ്ഞില്ല. വടുതലയിൽ നിന്നുള്ള വെള്ളം പുതുവൈപ്പിനിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി തീരുമാനിച്ചിരുന്നത്. വൈപ്പിനിലേക്ക് അനുവദിച്ച വെള്ളം പച്ചാളം, ചേരാനല്ലൂർ ഭാഗങ്ങളിലേക്ക് ചോർത്തിനൽകിയിരുന്നതായും ആക്ഷേപങ്ങളുയർന്നിരുന്നു. ഇപ്പോഴും മഞ്ഞണക്കാട്, കിഴക്കേ അപ്പങ്കാട്, പല്ലമ്പള്ളി എന്നീ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്.
കുടിവെള്ളത്തിനായി കൊച്ചിയിലെ ജനങ്ങൾ നടത്തിയ മറ്റൊരു സമരമായിരുന്നു 2014 ഒക്ടോബർ നാലിന് ഹൈബി ഈടൻ്റെ നേതൃത്വത്തിൽ നടന്ന ചേരാനല്ലൂർ നിരാഹാര സമരം. കൊച്ചി നഗരസഭയുടെ തെക്കേ അതിർത്തിയിലാണ് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്. കണ്ടെയ്‌നർ റോഡും ഇടപ്പള്ളിയിൽ നിന്ന് പനവേൽ ദേശീയപാതയുമുൾപ്പെടെ കടന്നുപോകുന്ന പ്രദേശം. നഗരത്തിലെ നിരവധി പുതിയ സംരംഭങ്ങളുടെ നാട് കൂടിയാണ് ചേരാനല്ലൂർ. വാട്ടർ ടാങ്ക് സ്ഥാപിച്ച് വെള്ളം ശേഖരിച്ച് വിതരണം നടത്തണമെന്ന് വാട്ടർ അതോറിറ്റിയോട് പല തവണ ആവശ്യപ്പെട്ടിട്ടും ഫലം കാണാതായതോടെ ചേരാനല്ലൂർ നിവാസികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചേരാനല്ലൂരിൽ അടിയന്തിരമായി കുടിവെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും ഹൈക്കോടതി നിർദേശം നൽകിയിരുന്നെങ്കിലും നടപ്പായില്ല.
അൻപത് വർഷത്തിലേറെ കുടിവെള്ള ദുരിതമനുഭവിച്ച ചെല്ലാനം ജനത മറ്റൊരു ഉദാഹരണം. ഇടക്കൊച്ചി, പള്ളുരുത്തി, ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം എന്നിവിടങ്ങളിൽ വീടുകൾക്കു മുന്നിൽ നിരത്തിവെച്ചിരിക്കുന്ന കാലിയായ പാത്രങ്ങൾ സ്ഥിരം കാഴ്ചയാണ്. ശുദ്ധജലസ്രോതസ്സുകളുടെ ദൗർലഭ്യമാണ് കുടിവെള്ളക്ഷാമത്തിൻ്റെ പ്രധാന പ്രശ്നമായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നഷ്ടപ്പെട്ട് പോകുന്ന ജലസ്രോതസ്സുകളെ സംരക്ഷിക്കാനോ ഈ പ്രശ്നത്തിന് പരിഹാരമെന്നോണം ഒരു ബദൽ മാർഗം കണ്ടെത്താനോ ഇന്ന് വരെ കഴിഞ്ഞിട്ടില്ല.
കേരളത്തിൻ്റെ ജീവരേഖ
പെരിയാറും മൂവാറ്റുപുഴയാറുമാണ് കൊച്ചി നഗരത്തിൻ്റെ മുഖ്യജലവിതരണ സ്രോതസ്സുകൾ.കൊച്ചിയിലെ വ്യാവസായിക മേഖലകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് പെരിയാറിൻ്റെ തീരത്താണ്. പെരിയാറിൻ്റെ കൈവഴിയായ എടയാർ 50ലധികം വ്യവസായങ്ങൾക്ക് ജലവിതരണം നടത്തുന്നുണ്ട്. എടയാറിലും ഏലൂരിലും സ്ഥിതിചെയ്യുന്ന വ്യവസായ ശാലകൾ പ്രതിദിനം ഏകദേശം 189 എംഎൽഡി വെള്ളമാണ് ഉപയോഗിക്കുന്നത്. 80 ശതമാനത്തിലധികം മലിനജലമാണ് ഈ വ്യവസായശാലകളിൽ നിന്നും പെരിയാറിലേക്ക് തള്ളപ്പെടുന്നത്. ധാരാളം മത്സ്യസമ്പത്തുള്ള, നിരവധി പേർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാറിനെ ഇത് മലിനമാക്കുന്നു. പെരിയാറിലെ മലിനീകരണം കൊച്ചിയിലെ കുടിവെള്ള സംഭരണ മേഖലകളെ കാര്യമായി ബാധിക്കുന്നുണ്ട്.
പെരിയാറിനും അതിൻ്റെ കൈവഴിയായ മുട്ടാർ നദിക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഏലൂർ. ഒരു കാലത്ത് കാർഷികവൃത്തിയും മത്സ്യബന്ധനവും ഉപജീവനമാക്കി ജീവിച്ചിരുന്ന ഏലൂർ നിവാസികൾ ഇന്ന് വ്യവസായശാലകൾക്കു നടുവിൽ കിടന്ന് ശ്വാസംമുട്ടുകയാണ്. 1944ൽ എഫ്എസിറ്റിയുടെ വരവോടുകൂടി ഏലൂരിൽ പുതിയ പോസ്റ്റ് ഓഫീസ് വന്നു. വ്യവസായത്തിൻ്റെയും തൊഴിലവസരങ്ങളുടെയും കേന്ദ്രം എന്നർത്ഥം വരുന്ന ഉദ്യോഗമണ്ഡൽ എന്ന പേരാണ് പോസ്റ്റ് ഓഫീസിന് നൽകിയിരുന്നത്. പിന്നീട് ഏലൂർ മൊത്തത്തിൽ ഉദ്യോഗമണ്ഡൽ എന്നറിയപ്പെടാൻ തുടങ്ങി. 1947നു ശേഷം ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്സ്, ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ്സ് തുടങ്ങി നിരവധി വ്യവസായശാലകൾ ഏലൂരിൽ രൂപം കൊണ്ടു.
1971 മുതൽ ഏലൂരിൽ സ്ഥാപിതമായ ഫാക്ടറികൾ കൂടുതൽ വിപുലമാകാൻ തുടങ്ങുകയും അതുവഴി പെരിയാർ മലിനമാകുകയും ചെയ്തു. വ്യവസായ ശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളുടെ നിക്ഷേപം കാരണം പെരിയാറിലെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് പതിവായി. വൈകാതെ പെരിയാറിൻ്റെ മത്സ്യസമ്പത്ത് ഇല്ലാതാകാൻ തുടങ്ങി. പെരിയാറിൻ്റെ പരിസരപ്രദേശങ്ങളിലുള്ള കിണറുകളിലും വെള്ളം വലിയ തോതിൽ മലിനീകരിക്കപ്പെട്ടു. കുടിവെള്ളത്തിനായി പെരിയാറിനെ ആശ്രയിച്ചിരുന്ന ജനങ്ങൾക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുവഴിയുണ്ടായി.
ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയിലെ മലിനജലം കാരണം 2015ൽ മാത്രം 44 തവണയാണ് പെരിയാർ കറുപ്പ്, ചുവപ്പ് എന്നിങ്ങനെ നിറം മാറിയൊഴുകിയത്. മലിനീകരണ തോതിൽ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പെരിയാർ ഒരു ഹോട്ട് സ്പോട്ടാണെന്ന് 2000ൽ പുറത്തിറക്കിയ ഗ്രീൻപീസിൻ്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മാരകമായ രാസവിഷം കാരണം കുഴിക്കണ്ടം തോട് തീപിടിച്ച സംഭവം ഏലൂരിലെ ജനങ്ങൾ ഇന്നും ഞെട്ടലോടെയായിരിക്കും ഓർക്കുക.നിരവധി ദളിത് കുടുംബങ്ങളാണ് ഈ തോടിൻ്റെ തീരത്ത് താമസിച്ചിരുന്നത്. ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ്സിൽ നിന്നും പുറംതള്ളപ്പെട്ട ടൊളുവീൻ എന്ന രാസവസ്തുവാണ് കുഴിക്കണ്ടം തോട് കത്താൻ കാരണമായതെന്ന് പിന്നീട് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് ഇന്ന് പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് കുടിവെള്ളം വാങ്ങിച്ച് നൽകുന്നത് അവിടെയുള്ള വ്യവസായശാലകളാണ്, അതും നിശ്ചിത അളവിൽ. കൂടുതൽ വെള്ളം ആവശ്യമായി വരുകയാണെങ്കിൽ ജനങ്ങൾ പണം നൽകി വെള്ളം വാങ്ങണം. ഫാക്ടറികൾ നൽകുന്ന 200 ലിറ്റർ വെള്ളം ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുപോലും തികയുന്നില്ല എന്നതാണ് വാസ്തവം. തങ്ങളുടെ കുടിവെള്ളം മലിനമാക്കിയ വ്യവസായശാലകളിൽ നിന്നും പണം നൽകി ജലം വാങ്ങാൻ ഇവിടെയുള്ളവർ നിർബന്ധിതരായി.
ജലവിതരണ സംവിധാനത്തിലെ കാര്യക്ഷമതയില്ലായ്മയാണ് കുടിവെള്ളക്ഷാമത്തിൻ്റെ പ്രധാന കാരണമായി പല പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത്. പല പദ്ധതികളെയും പോലെ ഭാവിയിലെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പൊതുജലവിതരണ സംവിധാനവും ആസൂത്രണം ചെയ്തിരിക്കുന്നത്. ജലത്തിൻ്റെ ആവശ്യകതയും ലഭ്യതയും ജനസംഖ്യയുടെ വർദ്ധനവിന് ആനുപാതികമല്ല.
ഉപ്പുരസമുള്ള ഭൂഗർഭജലമായതിനാൽ തീരദേശപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് പൈപ്പ് കണക്ഷനുകളേയും ടാങ്കർ ലോറികളെയുമാണ്. തീരദേശപ്രദേശങ്ങൾ അകലെയായതിനാൽ വിതരണം ചെയ്യപ്പെടുന്ന വെള്ളം കൃത്യമായി ഇവിടേക്കെത്താറില്ല.
“ഭൂഗർഭജലത്തെ ഉപയോഗയോഗ്യമായ കുടിവെള്ളമായി മാറ്റുന്നതിനായി ഉപ്പുവെള്ള ശൂചീകരണ പദ്ധതി എന്ന പേരിൽ കുമ്പളങ്ങിയിലും ചെറായിലും ഉപ്പുവെള്ള ശൂദ്ധീകരണ പ്ലാൻ്റിൻ്റെ മിനിയേച്ചറുകൾ സ്ഥാപിക്കുകയുണ്ടായി. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ചെലവേറിയതാണെന്നുമുള്ള ജനങ്ങളുടെ പ്രതിഷേധത്തെതുടർന്ന് പൊളിച്ചുമാറ്റി.
ഉപ്പുവെള്ള ശൂദ്ധീകരണ പ്ലാൻ്റിലെ വെള്ളം പൂർണ്ണമായും ശൂദ്ധീകരിക്കപ്പെടുന്നില്ലെന്നും പൈപ്പ് കണക്ഷൻ വഴിയുള്ള വെള്ളത്തിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഇതിൻ്റെ ചെലവ് താങ്ങാൻ കഴിയില്ലെന്നുമുള്ള കണ്ടെത്തലുകളെ തുടർന്നാണ് മിനിയേച്ചറുകൾ പൊളിച്ചുമാറ്റപ്പെട്ടത്. കാലപ്പഴക്കം ചെന്ന പൈപ്പ് കണക്ഷനുകളാണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമാകാനുള്ള മറ്റൊരു കാരണം. തുടക്കത്തിൽ സ്ഥാപിച്ച പൈപ്പുകളാണ് പലയിടത്തും ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും വെള്ളത്തിന് ഫോഴ്സില്ലാതാകുന്നു” സാമൂഹിക പ്രവർത്തകൻ സി ജെ ബിജു പറയുന്നു.
“ സ്വകാര്യകുടിവെള്ള വിതരണ ഏജൻസികളെ പിന്തുണക്കുന്ന നിലപാടാണ് എപ്പോഴും സർക്കാർ സ്വീകരിക്കുന്നത്. അവർക്ക് ലാഭം കൊയ്യുന്നതിനായി ജനങ്ങളെ അവരെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയിലേക്ക് എത്തിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊതുജലവിതരണത്തിലൂടെ ഗാർഹിക ജലകണക്ഷനുകൾക്ക് വെള്ളം നൽകാതെ നഗരത്തിലെ വൻകിട ഹോട്ടലുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നൽകുന്നു. പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട പൊതുജലവിതരണം പോലുള്ള സേവനമേഖലകൾ മുതലാളിമാർക്ക് പ്രാധാന്യം നൽകുമ്പോൾ സാധാരണക്കാരുടെ കുടിവെള്ളമെന്ന അവകാശമാണ് ലംഘിക്കപ്പെടുന്നത്” സി ജെ ബിജു കൂട്ടിച്ചേർത്തു.
2015ൽ കോര്‍പറേഷൻ്റെ ജലനയ രൂപീകരണത്തിൻ്റെ ഭാഗമായി നടത്തിയ ജല ഗുണനിലവാര പരിശോധനയിൽ നഗരത്തിലെ നൂറു ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ പരിധിയിലുള്ള 74 വാര്‍ഡുകളിലെ കിണറുകളിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നും ശേഖരിച്ചു നടത്തിയ പരിശോധനയിൽ 50 ശതമാനം വാർഡുകളിലും കുഴൽകിണറുകളിലെ ജലത്തിൽ ഇരുമ്പിൻ്റെ അംശം ഉയർന്ന തോതിലാണെന്ന് കണ്ടെത്തി.
20 ശതമാനം ഭൂഗർഭ ജലത്തിൽ ഉപ്പിൻ്റെ സാന്നിധ്യവും കണ്ടെത്തി. ഉപ്പുള്ള കായല്‍ ജലം ഉള്‍നാടന്‍ ഭൂഗര്‍ഭ ജലത്തിലേക്ക് തള്ളിക്കയറുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കാലക്രമേണ ഈ അളവ് കൂടിക്കൊണ്ടേയിരിക്കുന്നു. കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കൊച്ചി നഗരത്തിലെ ഭൂഗര്‍ഭജലം അത്രത്തോളം മലിനമാണെന്ന് സൂചിപ്പിക്കുന്നതാണ്.
കുടിവെള്ള സ്രോതസ്സുകളായി കിണറുകളുണ്ടെങ്കിൽ പോലും ഏറ്റവും കൂടുതൽ ആളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയെയാണ്. സർക്കാരിൽ നിന്നും പദ്ധതി ഇനത്തിൽ ലഭിക്കുന്ന ഫണ്ടിൻ്റെയുമൊക്കെ അടിസ്ഥാനത്തിലാണ് വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുപുറമേ ലോകബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന വായ്പകളും സംസ്ഥാന ശുദ്ധജല വിതരണ പദ്ധതികൾ നടപ്പാക്കുന്നതിന് സഹായിക്കുന്നു. എന്നാൽ കൊച്ചി നഗരത്തെപ്പറ്റിയോ ജലവിതരണ ശൃംഖലയെക്കുറിച്ചോ വ്യക്തമായ പഠനങ്ങൾ നടത്താതെയാണ് പദ്ധതികൾ പലതും നടപ്പാക്കിയത്. കൊച്ചിയിലെ ജലവിതരണത്തിനായി ടാങ്കർ ലോറികൾ വെള്ളം ശേഖരിക്കുന്നത് ഔട്ടർ കൊച്ചി മേഖലകളിൽ നിന്നാണ്.
ഇതുമൂലം ഇത്തരം പ്രദേശങ്ങളിലും ജലദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും ഉൾപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ നഗരത്തിലെ ആവശ്യങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന പൈപ്പുകളിൽ നിന്നും ചോർത്തി നൽകുന്ന പ്രവണതയും കാണുന്നുണ്ട്. എന്നാൽ ഇതെല്ലാം തന്നെ താൽക്കാലിക പരിഹാരം മാത്രമെ ആകുന്നുള്ളു. വികസനപദ്ധതികൾ നടപ്പിലാക്കുമ്പോൾ അതുമൂലം ഇല്ലാതാവുന്നവയെ സംരക്ഷിക്കാനുള്ള മാർഗം കൂടി തുടക്കം മുതൽതന്നെ പ്രാവർത്തികമാക്കേണ്ടതുണ്ട്. എന്നാൽ അത്തരം തീരുമാനങ്ങളിൽ ഭരണസംവിധാനങ്ങൾക്ക് പിഴവ്പറ്റിയെന്നാണ് കുടിവെള്ളത്തിനായുള്ള ഈ പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നത്.
ഉപഭോഗത്തിൻ്റെ അളവും ആവശ്യവും മനസ്സിലാക്കിക്കൊണ്ട് ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ട്. കൂടുതൽ ജലശുദ്ധീകരണ പ്ലാൻ്റുകൾ നിർമിക്കുകയും ജലവിതരണ ശൃഖല കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കിൽ കൊച്ചിയുടെ ദാഹം ശമിപ്പിക്കാനാകുമെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
FAQs
എന്താണ് കോളിഫോം ബാക്ടീരിയ?
ജലസ്രോതസ്സുകളെ മലിനമാക്കാൻ കെൽപ്പുള്ള ഒരു തരം ബാക്ടീരിയയാണ് കോളിഫോം ബാക്ടീരിയ. ഇവയുടെ സാന്നിധ്യമുള്ള ജലം ഉപയോഗിക്കുന്നത് മൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി പഠനങ്ങളിൽ പറയുന്നുണ്ട്.
എന്താണ് കണ്ടൽക്കാടുകൾ?
തീരദേശ ആവാസവ്യവസ്ഥക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കണ്ടൽക്കാടുകൾ. ഭൂഗർഭജലത്തിൻ്റെ ഗുണനിലവാരം നിലനിർത്താൻ കണ്ടൽക്കാടുകൾ സഹായിക്കുന്നു.
Quotes
കിണർ വറ്റുന്നതുവരെ വെള്ളത്തിൻ്റെ വില നമ്മൾ അറിയുകയില്ല – തോമസ് ഫുള്ളർ