Wed. Jan 22nd, 2025
subhash chandran njanasnanam mathrbhumi

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ശക്തമായ നിലപാടിൽ അവസാനിക്കുന്ന കഥ എന്ന തെറ്റിദ്ധാരണയിൽ ഇടതുപക്ഷ സഹയാത്രികരും കഥ വായിച്ചു പുളകം കൊണ്ടു

ന്ത്യൻ ജനാധിപത്യം മുമ്പെങ്ങുമില്ലാത്ത വിധം ഭീകരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന കാലമെന്ന നിലയ്ക്കാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങൾ സവിശേഷ ശ്രദ്ധ അർഹിക്കുന്നത്. ഇന്ത്യയെ അടിമുടി വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിനെ ഏതറ്റം വരെയും പ്രോത്സാഹിപ്പിക്കുന്ന ഹിന്ദുത്വ അധികാര രാഷ്ട്രീയവും ഇന്ത്യ എന്ന രാഷ്ട്രത്തെ, അതിൻ്റെ ഭരണഘടനയെ, ആ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ, ഇന്ത്യൻ ബഹുസ്വരതയെ, അതിൻ്റെ പേരിനെ തന്നെയും മൊത്തത്തിൽ ഇല്ലാതാക്കാനുള്ള കൂട്ടായ ശ്രമത്തിലാണ്.

ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് വമ്പൻ കോർപ്പറേറ്റ് മാധ്യമങ്ങളും മുതലാളിത്ത മൂലധന ശക്തികളും കരുത്ത് പകരുന്നു. അധികാര ഭരണകൂട യുക്തികളോട് ചേർന്നു പോകാൻ ആകാത്തവരും ജനാധിപത്യം, ഭരണഘടന, അതുറപ്പ് നൽകുന്ന ബഹുസ്വരത എന്നിവ നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവരും തടവറകളിൽ അടയ്ക്കപ്പെടുന്ന ഈ കെട്ടകാലത്ത് മത ഭരണകൂട ഭീകരതയ്ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിക്കേണ്ടതിൻ്റെ ആവശ്യകതയെ ഈ കാലം നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഹിന്ദുത്വ അധികാര രാഷ്ട്രീയത്തെ ഭരണത്തിൽ നിന്നെങ്കിലും ഒഴിപ്പിക്കുക എന്നത് സാമ്രാജ്യത്വ ശക്തികളെ ഇന്ത്യയിൽ നിന്ന് തുരത്തിയതിനേക്കാൾ ദുഷ്കരമായിരിക്കുമെന്ന് ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയുകയും ചെയ്യുന്നു. ഭരണത്തിൽ നിന്ന് ഒഴിവാക്കിയാൽ പോലും ഹിന്ദുത്വ പ്രത്യയശാസ്ത്രം സമൂഹ ശരീരത്തിൻ്റെ എല്ലാ കോശങ്ങളിലും ആഴത്തിൽ വേരുറപ്പിച്ചിട്ടുള്ളത് കൊണ്ടുതന്നെ അതിന് വീണ്ടും അധികാരത്തിലെത്താൻ വലിയ പ്രയാസമില്ല എന്ന ഭീതിദമായ അവസ്ഥയും നിലനിൽക്കുന്നു.

അങ്ങനെ ഒരു രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം നിലനിൽക്കുന്നിടത്ത് സാമൂഹ്യ രാഷ്ട്രീയ  കലാസാംസ്കാരിക രംഗത്ത് ഉണ്ടാകുന്ന ചെറുചലനങ്ങളെ പോലും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിവരും. അത്തരമൊരു കാലത്ത് എഴുതപ്പെടുന്ന ഒരു കഥയെ പോലും സൂക്ഷ്മ രാഷ്ട്രീയ വായനക്ക് വിധേയമാക്കേണ്ടിയും വരും.

Mathrbhumi Weekly Njanasnanam by Subash Chandran
മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ‘ജ്ഞാനസ്‌നാനത്തിൻ്റെ’ ഒരു ഭാഗം screengrab, copyright: Mathrubhumi Azhchappathippu

ഗാന്ധിജയന്തി ദിന സ്പെഷ്യലായി പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് സുഭാഷ് ചന്ദ്രൻ്റെ ജ്ഞാന സ്നാനം എന്ന കഥ പ്രത്യക്ഷപ്പെടുന്നത്. മികച്ച കഥ എന്ന് പല വായനക്കാരും വായനക്കുറിപ്പ് എഴുതുകയും കഥ നല്ല രീതിയിൽ വായിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെഅടിവേരിളക്കാൻ പ്രാപ്തമായ ചരിത്രപ്രസിദ്ധമായ ഉപ്പുസത്യാഗ്രഹമാണ് കഥയുടെ പ്രമേയം. വിത്തൽ ലീലാധർ താക്കർ എന്ന ദണ്ഡി യാത്രാ സംഘത്തിലെ ഏറ്റവും പ്രായം  കുറഞ്ഞ പതിനാറുകാരൻ്റെ യാത്രാനുഭവങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയുമാണ്  കഥ ചലിക്കുന്നത്.

ഉപ്പുസത്യാഗ്രഹം സാമ്രാജ്യത്വ ശക്തികൾക്കും ഇന്ത്യക്കും ലോകത്തിനാകെയും നൽകിയ വലിയ പാഠങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നതുകൊണ്ടും ആ പാഠങ്ങൾ ആഗോളീകരണ മുതലാളിത്ത കാലത്തെ ഭരണകൂട ഭീകരതയ്ക്കും ബാധകമാണ് എന്നുള്ളതുകൊണ്ടും പ്രസ്തുത പ്രമേയത്തിന് സമകാലിക പ്രസക്തിയുണ്ട്.

കുടിൽ തൊട്ട് കൊട്ടാരം വരെയുള്ള സകലമാന ജനങ്ങൾക്കും വേണ്ടിവരുന്ന ഒരു അവശ്യ വസ്തുവിന് അനാവശ്യ നികുതി ചുമത്തിയതിൻ്റെ പേരിൽ നടന്ന ആ സമരത്തിന് ജാതിമത ദരിദ്ര സമ്പന്ന ഭേദമില്ലാതെ അഭൂതപൂർവ്വമായ ജനപിന്തുണ ലഭിച്ചു. ഗാന്ധി ഉൾപ്പെടെ 79 യാത്രികരുമായി സബർമതി ആശ്രമത്തിൽ നിന്ന് തുടങ്ങിയ ആ പദയാത്ര 24 ദിവസം എടുത്താണ്  ദണ്ഡിയിൽ എത്തിച്ചേർന്നത്. ബ്രിട്ടീഷ് ഗവൺമെന്റിനെ അടിമുടി വിറപ്പിച്ച സമരത്തിൻ്റെ പടയാളികൾ ബഹുഭൂരിപക്ഷവും സാധാരണക്കാരായിരുന്നു.

അവശ്യവസ്തുക്കളിന്മേൽ അമിത നികുതി ചുമത്തുകയും അത് കൃത്യമായി പിരിച്ചെടുക്കുകയും സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള വിഹിതത്തിൽ രാഷ്ട്രീയ കാരണങ്ങളുടെ മേൽ നിബന്ധനകൾ ഏർപ്പെടുത്തി പിടിച്ചു വയ്ക്കുകയും ഫെഡറൽ സംവിധാനത്തെ ആകെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ജാതിയുടെയും മതത്തിൻ്റെയും പേരിൽ ഭിന്നിപ്പ് ഉണ്ടാക്കി വിഭജന രാഷ്ട്രീയം കളിച്ച് അധികാരം നിലനിർത്തുകയും കോർപ്പറേറ്റ് മൂലധന ശക്തികൾക്ക് എല്ലാ പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കാൻ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിനെതിരെ ഒരുമിച്ചു നിൽക്കാനും ഉപ്പുസത്യാഗ്രഹം എന്ന ഐതിഹാസിക സമരം പ്രചോദനമാകുമെന്നത് കൊണ്ട് ഈ സമരം സമകാലിക സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രാധാന്യമർഹിക്കുന്നുണ്ട്.

Subash Chandran Writer
സുഭാഷ് ചന്ദ്രൻ screengrab, copyright: Madhyamam

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആ ഉജ്ജ്വല മുഹൂർത്തത്തെ ആവിഷ്കരിക്കുന്നതുകൊണ്ട് തന്നെ ജ്ഞാനസ്നാനം എന്ന കഥ ഗൗരവമായ വായന അർഹിക്കുന്നു. മാതൃഭൂമിയുടെ എഡിറ്റർ എന്ന നിലയിൽ പ്രവർത്തിക്കുന്ന സുഭാഷ് ചന്ദ്രൻ ഏറെ കാലത്തിനുശേഷം എഴുതിയ കഥ എന്ന നിലയ്ക്കും ‘ജ്ഞാന സ്നാനം’ ശ്രദ്ധിക്കപ്പെട്ടു.

മികച്ച വായനാനുഭവം പകരുന്ന കൃതി എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഈ കൃതി ചർച്ച ചെയ്യപ്പെടുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ശക്തമായ നിലപാടിൽ അവസാനിക്കുന്ന കഥ എന്ന തെറ്റിദ്ധാരണയിൽ ഇടതുപക്ഷ സഹയാത്രികരും കഥ വായിച്ചു പുളകം കൊണ്ടു.

എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഗാന്ധിയൻ നിലപാടെടുക്കുന്ന കൃതി എന്ന തോന്നലുളവാക്കുന്ന, അത്തരം നിലപാട് എടുക്കേണ്ട ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടത്തിൽ പിറവിയെടുക്കേണ്ട കൃതി എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ കൃതി എങ്ങനെ ഹൈന്ദവ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയും അതിൻ്റെ
അക്രമോത്സുകതയേയും ഹിംസാത്മകതയേയും തികച്ചും സുരക്ഷിതമായും തികഞ്ഞ കയ്യടക്കത്തോടെയും ഒളിപ്പിച്ചുവെക്കുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

 ജ്ഞാനസ്നാനം

‘This will be my last speech to you on the sacret banks of sabarmathi.Possibly this may be the last words of my life here’  (മഹാത്മാ ഗാന്ധി , സബർമതി ,ഗുജറാത്ത് , 1930 മാർച്ച് 11) എന്ന ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടാണ് ജ്ഞാനസ്നാനം എന്ന കഥ തുടങ്ങുന്നത്.ദണ്ഡി യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട 78 സന്നദ്ധ പ്രവർത്തകരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് വിത്തൽ ലീലാധർ താക്കർ.

Gandhi during the Salt March, March 1930
ഗാന്ധിയും മറ്റ് സമരനായകന്മാരും ഉപ്പ് സത്യാഗ്രഹത്തിൻ്റെ ഒരു ചിത്രം screengrab, copyright: wikipedia

ഗാന്ധിജിയും ആ പതിനാറുകാരനും ഉൾപ്പെടെ 79 പേർക്ക് 24 ദിവസങ്ങൾ കൊണ്ട് 241 മൈലുകൾ നടന്നു തീർക്കേണ്ടതുണ്ട്. പ്രാർത്ഥനയും പ്രാതലും കഴിഞ്ഞ് ലീലാധർ യാത്രയ്ക്കൊരുങ്ങുന്നു. മഹാദേവ് ദേശായിയാണ് ക്രമനമ്പർ വിളിച്ച്  രണ്ട് വരിയായി പദയാത്രികരെ നിരത്തി നിർത്തുന്നത്. ലീലാധറിനൊപ്പം വലത്തായി നടക്കേണ്ടത് അവനെക്കാൾ രണ്ടു വയസ്സ് മാത്രം മൂത്ത ഹരഖ്ജിയാണ്.

യാത്രാ സംഘത്തിലെ നാലോ അഞ്ചോ തീണ്ടൽ ജാതിക്കാരിൽ ഒരാളെ തന്നോടൊപ്പം ചേർത്തതിൽ ബാപ്പുവിന് എന്തെങ്കിലും ഉദ്ദേശം കാണുമോ എന്നോർത്ത് അവൻ അറിയാതെ ഹരഖ്ജിയുടെ കൈ പിടിച്ചു തുണയുറപ്പിക്കും പോലെ രണ്ടുവട്ടം കുലുക്കുന്നുമുണ്ട്. ആൾക്കൂട്ടത്തിൻ്റെ ഇരമ്പം മഹാത്മാവിന് ജയം വിളിക്കുന്ന ഒരൊറ്റ വായ്ത്താരിയായി മാറി. മനുഷ്യരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു കാന്തം ഖദർ മുണ്ട് പുതച്ച ആ ചടച്ച ദേഹത്തിനുള്ളിൽ ഉള്ളതായി ലീലാധറിന് തോന്നി.

13 വർഷം താമസിച്ച സബർമതിയിലേക്ക് ഇനി താൻ തിരിച്ചുവരണമെങ്കിൽ ഇന്ത്യ സ്വതന്ത്രമാകണമെന്ന പ്രതിജ്ഞ ബാപ്പു തലേദിവസമെന്ന പോലെ ആവർത്തിക്കുന്നുണ്ടായിരുന്നു. മഹാത്മാവിനെ യാത്രയാക്കാൻ എത്തിയ ആൾക്കൂട്ടവും വരും ദിനങ്ങളിൽ വിഷാദത്തിലേക്ക് മുങ്ങാനിരിക്കുന്ന ആശ്രമവും ഇപ്പോൾ വിചിത്രമായ രീതിയിൽ ഒരു തീവണ്ടി ആപ്പീസിനെ അനുകരിക്കുന്നുണ്ടെന്ന് വരിയിട്ട് നിൽക്കുന്ന പദയാത്രികർക്ക് തോന്നാൻ തുടങ്ങി.

പുറപ്പെടലിൻ്റെ ചൂളം വിളി പോലെ ആർപ്പുകളും ദേശഭക്തി ഗീതങ്ങളും പൊങ്ങുകയും യാത്രികരുടെ മുന്നറ്റത്ത് ബാപ്പു  ഒരു തീവണ്ടി എൻജിൻ പോലെ നിൽക്കുകയും ചെയ്തപ്പോൾ അദൃശ്യമായ ഒരായം തങ്ങളിൽ നിറയുന്നത് യുവാക്കൾ അറിഞ്ഞു.

‘വഴിയിൽ മരിക്കേണ്ടി വന്നാലും സ്വാതന്ത്ര്യത്തിൽ നിന്ന് പിൻമടക്കമില്ലെന്ന നിശ്ചയം കൽക്കരിയേക്കാൾ തീക്ഷ്ണമായി ഉള്ളിൽ ജ്വലിക്കുന്ന ഒരാൾക്ക് ഒരു രാജ്യത്തെ മുഴുവനായി തന്നെ തനിക്ക് പിന്നിൽ വലിച്ചു കൊണ്ട് നീങ്ങാൻ കഴിയും എന്ന വാക്യം ദണ്ഡിയിലേക്കുള്ള ആദ്യ പദം വയ്ക്കുന്നതിന് മുമ്പ് തന്നെ നോട്ടുപുസ്തകത്തിൽ, ഗുജറാത്തിയിൽ ലീലാധർ എഴുതി.

ഗാന്ധിജിയെ നോക്കി കരയുന്ന സ്ത്രീകളെയും സ്വാതന്ത്ര്യത്തിനായി മുഷ്ടി ചുരുട്ടുന്ന പുരുഷന്മാരെയും വലിയ തിരക്കിൽപ്പെട്ട് മോഹലസ്യപ്പെടുന്ന വൃദ്ധരെയും പിന്നിട്ട് പദയാത്ര പുറപ്പെട്ടു. അനേകം നദീ പ്രവാഹങ്ങളെ തരണം ചെയ്തു പോകേണ്ട ആ പദയാത്ര ആദ്യം തരണം ചെയ്തത് സബർമതി തന്നെയായിരുന്നു. പദയാത്ര കാണാൻ പലയിടങ്ങളിൽ നിന്നും ആളുകൾ ഒഴുകിയെത്തുന്നുണ്ടായിരുന്നു. പേരറിയാത്ത വരെ ജാതിപ്പേര് കൊണ്ട് പരാമർശിക്കുന്ന പഴയ രീതി  ബാപ്പു ആശ്രമത്തിൽ കർശനമായി വിലക്കിയിരുന്നു.

ആളുകളെ അവരുടെ പേരായി തന്നെ ഓർത്തിരിക്കണം എന്നതായിരുന്നു ചട്ടം. ആരുടെയെങ്കിലും പേരുകൾ മറന്നു പോയാൽ ഒന്നുകിൽ അയാളുടെ ഉദ്യോഗപ്പേര് അല്ലെങ്കിൽ മാതൃഭാഷയോ ജന്മദേശമോ ചേർത്ത് പ്രയോഗിക്കണം എന്ന ചട്ടം പാലിക്കാനാണ് ലീലാധർ തൻ്റെ നോട്ടുപുസ്തകത്തിൽ പദയാത്രികരുടെ മുഴുവൻ പേരും എഴുതിയതിനു ശേഷം സ്ഥലപ്പേരിനായി കൂടി ഒരു പട്ടിക കൂട്ടിച്ചേർത്തത്.

Mahatma Gandhi, Mithuben Petit and Sarojini Naidu during the Salt Satyagraha of 1930
ഗാന്ധി, സരോജിനി നായിഡു, മിഥുബെൻ പെറ്റിറ്റ് എന്നിവർ ഉപ്പ് സത്യാഗ്രഹത്തിനിടെ screengrab, copyright: wikipedia

ദിവസങ്ങൾ കഴിയവേ യാത്രാക്ഷീണം തീർക്കാൻ താൽക്കാലിക പന്തലുകളിൽ വിശ്രമിക്കുമ്പോഴും തങ്ങളുടെ കാലുകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന വിചിത്രമായ തോന്നൽ യാത്രികരിൽ ചിലർക്കെങ്കിലും ഉണ്ടായി. ഓരോ ദിവസത്തെ അനുഭവങ്ങളും ലീലാധർ തൻ്റെ നോട്ടുപുസ്തകത്തിൽ എഴുതിച്ചേർക്കുന്നുണ്ടായിരുന്നു.

ജംബുസാരത്തിനും ബറൂച്ചിക്കുമിടയിൽ ദാദർ നദിയിൽ നിന്ന് ഒരു മൈൽ മാറിക്കിടക്കുന്ന ഒരു താലൂക്കിലാണ് തങ്ങളുടെ യാത്രാപഥത്തിൽ ഏറ്റവുമധികം മുസ്ലീങ്ങൾ താമസിക്കുന്നതെന്ന് തലേദിവസം യാത്രികരിൽ ഒരാളായ ഗൺപത് റാവു ഗോഡ്സെ പറയുന്നത് ലീലാധർ കേട്ടിരുന്നു. തങ്ങളുടെ കൂട്ടത്തിൽ രണ്ടുപേർ മാത്രമേ മുസ്ലിം ആയിട്ടുള്ളൂ എന്നും അവിടെ മൂന്നുപേരിൽ ഒരാൾ വീതം മുസ്ലിമാണെന്നും ഗൺപത് റാവു ഗോഡ്സെ പറയുന്നുണ്ടായിരുന്നു.

പദയാത്രികരിൽ ഒടുവിലായി ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ചേർന്ന രണ്ടുപേരിൽ ഒരാളായ, കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ബഹാദൂർ സിംഗിനോട് പോലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അയാൾ സംഘത്തിലെ  മുസ്ലിമായ രണ്ട് പേർക്ക് മുഖം കൊടുക്കുക പോലുമില്ലായിരുന്നു.

ജംബുസാരം കഴിഞ്ഞ് തങ്ങൾ എത്തിച്ചേരാനിരിക്കുന്ന അമോദ് എന്ന സ്ഥലപ്പേര്  തലേരാത്രി തന്നെ ലീലാധർ ഡയറിയിൽ കുറിച്ചിരുന്നു. അമോദിൽ പ്രവേശിക്കുമ്പോൾ റെയിൽപാളത്തിൽ തട്ടി കാൽവിരലിന് പരിക്കേറ്റ ഗാന്ധിജിയുടെ പാദങ്ങൾ മടിയിൽ എടുത്തുവെച്ച് സൂക്ഷ്മമായി പരിശോധിക്കുന്ന നാട്ടു വൈദ്യനായ വൃദ്ധൻ സുബ്ഹാനുള്ളാ ! അങ്ങയുടെ മുറിവുണക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നമ്മൾ ഈ മഹാരാജ്യത്ത് ജീവിച്ചിരുന്നിട്ട് എന്ത് കാര്യം?‘ എന്ന് പറയുന്നുണ്ടായിരുന്നു.

അയാളുടെ നെറ്റിയിൽ നിന്ന് ഉരുണ്ട് വീണ ഒരു വിയർപ്പ് തുള്ളി ഗാന്ധിജിയുടെ മുറിവിൽ വീണ് നീറ്റലായി അറിഞ്ഞപ്പോൾ എന്ന് ആ ചുണ്ടുകൾ വിടർന്നതും തൻ്റെ മൗനവ്രതമോർത്ത് അതിനെ അനുസ്വാരത്തിൽ അടച്ച് ഓം എന്ന ഏകാക്ഷരമായി ബാപ്പു വിവർത്തനം ചെയ്തതും ലീലാധർ ആ ചുണ്ടുകളിൽ നിന്ന് വായിച്ചെടുത്തു.

ഇരുപത്തിനാലാം ദിവസം ഉപ്പ് കുറുക്കുന്നതിന്  മുൻപ് കടലിൽ കുളിക്കാനിറങ്ങിയ ഗാന്ധിജിക്ക് കൂട്ടായി ഒപ്പം ഇറങ്ങിയത് നീന്തൽ അറിയാവുന്ന ലീലാധറും ഹരഖ്ജിയും  ആയിരുന്നുവെങ്കിലും അബ്ബാസ് വർത്തേജി എന്ന ഇരുപതുകാരനെ കൂടി ഗാന്ധിജി ഒപ്പം കൂട്ടിയിരുന്നു.. ബാപ്പു മുങ്ങിയേടത്ത് ഇളകുന്ന അലകളിൽ സൂര്യൻ്റെ ആദ്യ കിരണങ്ങൾ വീണതും അവിടെ മനുഷ്യത്വം എന്ന വാക്ക് തിളങ്ങുന്നതും ഹിന്ദുവായും മുസ്ലിമായും ദളിതനായും വേഷം കെട്ടിച്ച മൂന്ന് പ്രാണനുകൾ നോക്കിക്കാണുന്നു.

ഇരുപത്തിനാല് ദിവസങ്ങൾക്ക് ശേഷം യാത്രയുടെ അവസാന രാത്രി ലീലാധർ വിത്തൽ അവൻ്റെ അച്ഛനെ ഒരിക്കൽ കൂടി സ്വപ്നം കണ്ടു. പകൽ നടന്ന ഉപ്പു കുറുക്കൽ സമരത്തെക്കുറിച്ച് അവൻ അച്ഛനോട് പറഞ്ഞു കേൾപ്പിക്കുകയായിരുന്നു. കടൽ വെള്ളത്തിൽ അച്ഛനോടൊപ്പം കുളിക്കാനിറങ്ങുമ്പോൾ തൻ്റെ നോട്ട് പുസ്തകം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അവനാ സ്വപ്നക്കടലിൽ നടന്നത്.

ആദ്യമുങ്ങലിന് ശേഷം ജലപ്പരപ്പിന് മുകളിലേക്ക് ശിരസ് ഉയർത്തിയപ്പോൾ അച്ഛൻ ബാപ്പുവായി രൂപാന്തരം പ്രാപിച്ചിരുന്നു. ബാപ്പുവിനൊപ്പം വീണ്ടുമൊരിക്കൽ സബർമതി ആശ്രമത്തിലെ വരാന്തയിൽ ഇരിക്കുന്നതായി കണ്ടപ്പോൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞതായി അവന് തോന്നുകയും ഉറക്കത്തിൽ സന്തോഷിച്ച്  ചിരിക്കുകയും ചെയ്തു. പദയാത്രയ്ക്കിടെ വിശ്രമിക്കുമ്പോഴും താൻ നടന്നുകൊണ്ടിരിക്കുകയാണെന്ന്  തോന്നിയതിൻ്റെ ഒരു പടി കൂടി കടന്ന് താൻ കാലത്തിനപ്പുറത്തേക്കും നടന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന അനുഭവം ലീലാധറിനുണ്ടായി.

ദശകങ്ങൾ മുന്നിലേക്ക് നടന്നു മുന്നേറവേ, അവൻ്റെ ദിനസരി കുറിപ്പുകളിലെ ഒരു ഭാഗം ഗാന്ധിജി ഉറക്കെ തന്നെ വായിക്കവേ ലീലാധറിൻ്റെ ഹൃദയം അസാധാരണമായി മിടിച്ചു. ആശ്രമത്തിലെ വൃദ്ധരും പെണ്ണുങ്ങളും ഉറക്കെ കരയുന്നതായും ബാപ്പുവിൻ്റെ മടിയിൽ മുറിവുണങ്ങാത്ത തൻ്റെ തത്ത ഇരിക്കുന്നതായും ഗാന്ധി പുതച്ച മുണ്ടിൽ നെഞ്ചിൻ്റെ ഭാഗത്ത് ചുടുചോര പടരാൻ തുടങ്ങിയതായും അവൻ കാണുന്നു.എനിക്കിനി മുന്നോട്ടു നീങ്ങാൻ സാധ്യമല്ല കുട്ടി. എൻ്റെ യാത്രയ്ക്ക് അവർ പൂർണ്ണവിരാമം തന്നു എന്ന് ബാപ്പു ഖിന്നനായി പറയുന്നതും അവൻ കേൾക്കുന്നു. അദ്ദേഹം പുതച്ച മുണ്ടിൽ നെഞ്ചത്തായി ഒരജ്ഞാത ദേശത്തിൻ്റെ രക്ത ഭൂപടം വിരിഞ്ഞു വന്നു.

തൻ്റെ പദയാത്രാ പുസ്തകത്തിൽ അമോദ്‘ എന്ന ഗ്രാമത്തിൽ വച്ചുണ്ടായ സംഭവവിവരണം അദ്ദേഹം വായിക്കാൻ തുടങ്ങി. ഇടയ്ക്ക് മുസ്ലീം വൃദ്ധൻ എന്ന വാക്കെത്തിയപ്പോൾ അതിന് അടിവരയിട്ട് ബാപ്പു അവനോട് ചോദിച്ചു അദ്ദേഹത്തിന് ഒരു പേരില്ലേ? ആശ്രമത്തിലെ ചട്ടം താൻ തെറ്റിച്ചതോർത്ത് അവൻ വിഷമിച്ചു.

ഭയജനകമായ വാക്കുകളുടെ മുന്നിൽ അകാരം ചേർത്ത് അഹിംസയെന്നും അസ്തേയമെന്നും അപരിഗ്രഹമെന്നും ഒക്കെയുള്ള അഭയ പദങ്ങൾ സൃഷ്ടിച്ച മഹാത്മാവ് കാലത്തിന് സ്പർശിക്കാനാവാത്ത ദൃഢനിശ്ചയത്താൽ തിളങ്ങുന്ന വിരലുകൾ കൊണ്ട് അമോദിൽ വെച്ച് തൻ്റെ മുറിവുണക്കിയ മനുഷ്യനെ വിശേഷിപ്പിക്കാൻ സാർവ്വകാലികമായ ആ വാക്ക് എഴുതുന്നത് വിത്തൽ ലീലാധർ താക്കർ സ്വപ്നത്തിൽ വ്യക്തമായി കണ്ടു. അമോദി എന്ന വാക്യങ്ങളിലാണ്‌ കഥ അവസാനിക്കുന്നത്.

ചരിത്രം പ്രമേയമാക്കിയ മികച്ച രാഷ്ട്രീയ  കഥയെന്ന് തോന്നിപ്പിക്കുന്ന ഒരു കഥയാണ് ജ്ഞാനസ്നാനം. ഇന്ത്യൻ ജനാധിപത്യം എക്കാലത്തെയും വലിയ വെല്ലുവിളി നേരിടുന്ന ഒരു സമയത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ അടിത്തറയിളക്കാൻ തക്ക കെൽപ്പുണ്ടായ ഒരു ജനകീയ സമരത്തെ കഥയിൽ പ്രമേയമാക്കി എന്നതാണ് കഥയുടെ ഒന്നാമത്തെ മേന്മ.

ഗാന്ധിയും ആ സമരമാർഗ്ഗവും ചരിത്രമായല്ലാതെ കഥയായി പുതിയകാലത്ത് പുനരവതരിക്കുന്നു, പുതിയ തലമുറയിലേക്ക് എത്തുന്നു എന്നതും കഥയുടെ നേട്ടമാണ്. സ്വാതന്ത്ര്യ സമരത്തിൽ ഉപ്പിനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിലേക്ക്  മനുഷ്യത്വത്തിൻ്റെ അനുപേക്ഷണീയത കൊണ്ടുവരികയാണ് എന്നിങ്ങനെയുള്ള ഗംഭീര വാക്യങ്ങളും കഥയെ സമ്പന്നമാക്കുന്നുണ്ട്.

കഥ തുടങ്ങിയ സമയ താളത്തെ മറികടന്ന് പുതിയ കാലത്തേക്ക്, സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥകളിലേക്ക് കഥയെ കൊണ്ടുവരുന്നതിന് മുഖ്യ കഥാപാത്രത്തിൻ്റെ സ്വപ്നത്തെ ഉപയുക്തമാക്കുന്ന കലാപരമായ വൈദഗ്ദ്ധ്യവും കഥയിലുണ്ട്.

അമോദ് എന്ന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു തീവണ്ടിപ്പാളത്തിൽ തട്ടി ഗാന്ധിജിയുടെ കാൽ വിരലിന് പരിക്കേൽക്കുന്നതും നാട്ടുവൈദ്യനായ ഒരു മുസ്ലിം വൃദ്ധൻ ആ മുറിവുണക്കാൻ ശ്രമിക്കുന്നതുമായ ഒരു സന്ദർഭം കഥയിലുണ്ട്. ആ നാട്ടുവൈദ്യൻ്റെ നെറ്റിയിൽ നിന്നടർന്നു വീണ ഒരു വിയർപ്പ് തുള്ളി ഗാന്ധിജിയുടെ മുറിവിൽ വീണതിൻ്റെ നീറ്റലും കഥയിൽ വർണ്ണിക്കപ്പെടുന്നുണ്ട്.

മുസ്ലീങ്ങൾ കൂടുതൽ അധിവസിക്കുന്ന അമോദിലേക്ക് പ്രവേശിക്കുമ്പോഴാണ് ഗാന്ധിജിക്ക് കാൽവിരലിൽ മുറിവ് പറ്റിയത്. ഇസ്ലാമികരോടുള്ള കരുതലിൽ നിന്നാണ് അദ്ദേഹത്തിന് മുറിവേറ്റതെന്നും  മുസ്ലീങ്ങളുടെ അധ്വാനത്തിൻ്റെ, അന്യരോടുള്ള കരുതലിൻ്റെ, സ്നേഹത്തിൻ്റെ ഉപ്പുകൊണ്ട് ആ മുറിവ് അവർ ഉണക്കാൻ ശ്രമിക്കുന്നതായും നമുക്ക് വായിച്ചെടുക്കാം.

The funeral procession of Mohandas Karamchand Gandhi in Delhi
ഗാന്ധിയുടെ മൃതദേഹം പൊതുദർശനത്തിനായി വച്ചിരിക്കുന്നു screengrab, copyright: history.com

അതിൻ്റെ പേരിലാണല്ലോ (മുസ്ലിങ്ങളോടുള്ള കരുതൽ) ഗാന്ധിജി  കൊല്ലപ്പെടുന്നത്. മുസ്ലിം പ്രീണനത്താൽ സ്വന്തം കൊല ഗാന്ധിജി ക്ഷണിച്ചുവരുത്തുകയായിരുന്നു എന്ന ഹൈന്ദവ വർഗ്ഗീയ പാർട്ടികളുടെയും സംഘടനകളുടെയും ഗാന്ധിവധ ന്യായീകരിക്കലുകളെ കഥ ഇവിടെ പരോക്ഷമായി ഓർമിപ്പിക്കുന്നു.

ഈ മികവുകളുള്ളപ്പോൾ തന്നെ ചരിത്രത്തെ കഥയാക്കുമ്പോൾ സംഭവിക്കാൻ പാടില്ലാത്ത സൂക്ഷ്മതക്കുറവും കഥയിലെ അരാഷ്ട്രീയ നിലപാടുകളും ഹൈന്ദവ പ്രത്യയശാസ്ത്രത്തോടും അതുയർത്തുന്ന രാഷ്ട്രീയ വിപത്തിനോടും അറിഞ്ഞോ അറിയാതെയോ പുലർത്തുന്ന വിട്ടുവീഴ്ചകളും മൂടിവയ്ക്കലുകളും ചർച്ച ചെയ്യപ്പെടുക തന്നെ വേണം.

ചരിത്രവും കല്പനയും; കല്പനയിലെ പതിരും

ചരിത്രത്തെ ഒരു പുതിയ കാലഘട്ടത്തിൽ കഥയാക്കുമ്പോൾ വളരെ വളരെ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ എഴുത്തുകാരൻ ഉദ്ദേശിക്കാത്ത അർത്ഥങ്ങൾ കഥയ്ക്കോ, കഥാസന്ദർഭങ്ങൾക്കോ വന്നുചേരാം. എഴുതുന്നത് പഴയകാലത്തെ കുറിച്ചാണെങ്കിലും എഴുതപ്പെടുന്നതും വായിക്കപ്പെടുന്നതും പുതിയ കാലത്തായതുകൊണ്ട് പുതു വായനകളും ബോധ്യങ്ങളും രാഷ്ട്രീയ ശരികളും കൊണ്ടാവും വായനക്കാർ കഥയെ, കഥാസന്ദർഭങ്ങളെ, സംഭാഷണങ്ങളെയൊക്കെ വിലയിരുത്തുന്നത്.

ചരിത്രത്തെ കഥയാക്കിയപ്പോൾ കഥാപാത്രങ്ങളുടെ പേരുകൾ, അവരുടെ പ്രായം, അവരുടെ ക്രമനമ്പരുകൾ, അവർ താണ്ടിയ സ്ഥലനാമങ്ങൾ, എന്നിവയെല്ലാം ചരിത്ര പുസ്തകങ്ങളിൽ നിന്ന് എടുത്തതാണെന്ന് കഥാകൃത്ത് പറയുന്നുണ്ട്. കഥാ പാത്രങ്ങളുടെ സംഭാഷണങ്ങൾ, കഥാസന്ദർഭങ്ങൾ, അനുഭവങ്ങൾ, ഇതെല്ലാം കഥാകൃത്തിൻ്റെ കൽപ്പനയും. ഒരു സാധാരണ  കഥയേക്കാള്‍  ചരിത്രത്തെ കഥയാക്കുമ്പോൾ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാം; വിശകലനം ചെയ്യപ്പെടാം.

കാലേക്കർ സാഹിബ് എന്ന കഥാപാത്രം ഒരിക്കൽ കുട്ടികളോട് സംസാരിക്കുമ്പോൾ ബാപ്പുവിനെ കുറിച്ച് പറഞ്ഞ ഒരു കാര്യം കഥയിൽ ആവിഷ്കരിക്കുന്നത് നോക്കുക. കുട്ടികളോട് സംസാരിക്കുമ്പോൾ അദ്ദേഹം കുട്ടിയാകും. സ്ത്രീകളോട് സംസാരിക്കുമ്പോൾ സ്ത്രീ, യാചകരോട് സംസാരിക്കുമ്പോൾ യാചകൻ, വെള്ളക്കാരോട് വെള്ളക്കാരൻ! അറിയാമോ, ബാപ്പു നമ്മെപ്പോലെ ദൈവത്തോട് പ്രാർത്ഥിക്കുകയല്ല അഭിമുഖ സംഭാഷണം നടത്തുകയാണ്.

താൻ ഇടപെടുന്നവരോട് തുല്യനിലയിൽ ഇടപെടാൻ ഗാന്ധിജിക്ക് കഴിയുന്നു എന്ന് മാത്രമേ ഇവിടെ കഥാകൃത്ത് പറയാന്‍ ഉദ്ദേശിക്കുന്നുണ്ടാവൂ. ആ സംസാരത്തിലെ കുട്ടികളോട് സംസാരിക്കുമ്പോൾ അദ്ദേഹം കുട്ടിയാകും എന്നതൊഴിച്ച് ബാക്കി ഭാഗം തമാശയായിട്ട് മാറാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളോട് സംസാരിക്കുമ്പോൾ സ്ത്രീയാവണ്ട. സ്ത്രീയെ മനസ്സിലാക്കുന്ന ഒരാളായി മാറിയാൽ മതി. യാചകനോട് സംസാരിക്കുമ്പോൾ ഒരിക്കലും ഒരാൾ ഒരു യാചകനായി മാറരുത്! യാചകരോട് അനുകമ്പയുള്ള ഒരാളായാൽ മതി.

കിട്ടുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നതുകൊണ്ട് ഒരു യാചകനും മറ്റൊരു യാചകനെ പ്രോത്സാഹിപ്പിക്കില്ല. വെള്ളക്കാരനോട് സംസാരിക്കുമ്പോൾ സ്വാതന്ത്ര്യ വാഞ്ഛയുള്ള രാജ്യസ്നേഹിയായാൽ മതി. വെള്ളക്കാരനാവണ്ട. മുൻകൂട്ടി അനുമതി വാങ്ങാതെ വിശ്വാസിയായ ആർക്കും അഭിമുഖ സംഭാഷണം നടത്താൻ പറ്റുന്ന ഒരാളേ ഉള്ളൂ! അത് ദൈവമാണ്. അത് ഗാന്ധിജിക്ക് മാത്രം പറ്റുന്ന കാര്യമായി അവതരിപ്പിക്കുന്നത് പുതിയകാലത്ത് കഥാകൃത്ത് എന്ത് ഉദ്ദേശിച്ചെഴുതിയോ അതിനെ ദുർബലപ്പെടുത്തുകയും കോമഡിയായി മാറുകയും ചെയ്യും.

എഴുത്തുകാർ സൃഷ്ടിക്കുന്ന പുതു പദ സൃഷ്ടികളും പ്രയോഗങ്ങളും പലപ്പോഴും എഴുത്തിന് മാറ്റുകൂട്ടാറാണ് പതിവ്. ജ്ഞാനസ്നാനത്തിലെ ഒരു പുതു പദ സൃഷ്ടി നോക്കുക. ദണ്ഡിയിലേക്കുള്ള പദയാത്ര ആരംഭിക്കാനിരിക്കെ പതിമൂന്ന് വർഷം താൻ താമസിച്ച സബർമതി ആശ്രമത്തിലേക്ക് ഇനി താൻ തിരിച്ചുവരണമെങ്കിൽ ഇന്ത്യ സ്വതന്ത്രയാകണമെന്ന ഗാന്ധിജിയുടെ പ്രതിജ്ഞ ഹരിഭായിയും പുരതനും കേൾക്കുകയും അവർ ആ പ്രതിജ്ഞ മറ്റു പദയാത്രികരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

പരാജയപ്പെട്ട ഒരുവനായി ഈ ആശ്രമത്തിലേക്ക് മടങ്ങുന്നതിനേക്കാൾ… തൻ്റെ തൊട്ടുപിന്നിൽ നിന്നിരുന്ന കാന്തിലാൽ ഗാന്ധിയിൽ -ബാപ്പുവിൻ്റെ പേരക്കുട്ടിയിൽ – മാറ്റൊലി കൊണ്ട ആ വാചകം തൊട്ടുമുന്നിലെ രസിക് ദേശായിക്ക് ലീലാധർ വായ്മാറി: എനിക്കിഷ്ടം ഒരു പട്ടിയെപ്പോലെ വഴിമധ്യേ മരിക്കാനായിരിക്കും.

ഒരു വാക്യത്തിനുള്ളിൽ രണ്ടായി മുറിച്ചു മാറ്റപ്പെട്ട പ്രതിജ്ഞാ വാക്യത്തിൽ പ്രത്യക്ഷപ്പെടുന്ന പുതുപദ സൃഷ്ടിയാണ് വായ്മാറി എന്നത്. (കൈമാറി എന്ന് പറയുന്നതുപോലെ.) രണ്ട് കഷ്ണങ്ങളായി മുറിച്ചു മാറ്റപ്പെട്ട ഒരു പ്രതിജ്ഞാ  വാക്യത്തിനിടയിലെ  മൂന്ന് ഉത്തരേന്ത്യൻ നാമപദങ്ങൾക്കിടയിൽ പ്രയോഗിച്ചിരിക്കുന്ന ‘വായ്മാറി’ എന്ന പദം വായിച്ച് ഇതെന്താണ് സംഭവം എന്നറിയാതെ വായനക്കാർ കുഴങ്ങും. അക്ഷരപിശാചാണോ എന്ന് സംശയിക്കാനുള്ള സാധ്യതയുമുണ്ട്! കഥാ സന്ദർഭത്തെ മിഴിവുറ്റതാക്കാത്ത അരോചകമായുള്ള പുതുപദ സൃഷ്ടികൾ നടത്താതിരിക്കുന്നതാണല്ലോ നല്ലത്.

അമോദിലേക്ക് സഞ്ചരിക്കവേ ഒരു തീവണ്ടിപ്പാളം മുറിച്ചു കടക്കുമ്പോൾ ബാപ്പുവിൻ്റെ വലത് കാലിലെ പെരുവിരലിന് മുറിവ് പറ്റിയതിനെ കഥാകൃത്ത് അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.അന്നുച്ചയ്ക്ക് ഒരു തീവണ്ടിപ്പാളം മുറിച്ചു കടക്കുമ്പോൾ ബാപ്പുവിൻ്റെ വലതുകാലിലെ തന്തവിരലിൽ മുറിവ് പറ്റിയിരുന്നു. പെരുവിരലിന് തള്ളവിരൽ എന്നാണ് പൊതുവെ പറയുക. ഏറനാട് ഭാഗങ്ങളിൽ ‘തന്താം വിരൽ’ എന്ന് പറയാറുണ്ട്.

പെരുമ്പാവൂർ, കോതമംഗലം ഭാഗങ്ങളിൽ തന്തവിരൽ എന്ന് തന്നെ പ്രയോഗിക്കാറുണ്ടത്രെ. മാനക ഭാഷയിൽ
എഴുതപ്പെടുന്ന ഒരു കഥയിൽ മാനക ഭാഷയിലില്ലാത്തതായ, ഒരു ചെറിയ പ്രദേശത്ത് മാത്രം പ്രയോഗിക്കപ്പെടുന്ന ഒരു പ്രയോഗം കടന്നു വരുന്നത് എത്ര കണ്ട് ഉചിതമാണെന്ന കാര്യം ചിന്തിക്കാവുന്നതാണ്. എന്തായാലും തന്തവിരൽ എന്ന പ്രയോഗം കേരളമൊട്ടാകെയുള്ള മലയാളികൾക്ക് പരിചിതമായ ഒന്നല്ല. രാഷ്ട്രപിതാവിൻ്റെ വിരലല്ലേ! തള്ളവിരൽ എന്നൊക്കെ പ്രയോഗിച്ചാൽ മോശമല്ലേ!! അതുകൊണ്ട് പിതാവിൻ്റെ വിരൽ തന്ത വിരൽ തന്നെയാവട്ടെ എന്ന് കഥാകൃത്ത് തീരുമാനിച്ചതാവാം!!!

ജ്ഞാനസ്നാനത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന രാഷ്ട്രീയം

കഥയുടെ അവസാനം വിത്തൽ ലീലാധർ എന്ന 16 കാരൻ കാണുന്ന സ്വപ്ന ദൃശ്യങ്ങളിൽ അവൻ ദശകങ്ങൾ മുന്നോട്ടു സഞ്ചരിച്ച് സമകാലിക ഇന്ത്യയിൽ എത്തിച്ചേരുന്നതിൻ്റെ, കാല പരിണാമത്തിൻ്റെ കലാപരമായ ആവിഷ്ക്കാരമുണ്ട്.

യാത്രയുടെ അവസാനരാത്രി അവൻ കാണുന്ന സ്വപ്നത്തിൽ സ്വാതന്ത്ര്യ ലബ്ധിയും ഗാന്ധിവധവും കടന്ന് അവൻ്റെ ദിനസരി കുറിപ്പുകളിലെ മുസ്ലിം വൃദ്ധൻ എന്നെഴുതിയത് വായിച്ച് അയാൾക്കൊരു പേരില്ലേ? എന്ന് ഗാന്ധി ചോദിക്കുന്നതും മുസ്ലിം വൃദ്ധന് പകരം അമോദ് എന്ന സ്ഥലത്തുള്ള ആ നാട്ടു വൈദ്യനെ അമോദി

എന്നെഴുതുന്നിടത്തുമെത്തുമ്പോൾ വിത്തൽ ലീലാധർ എന്ന പതിനാറുകാരൻ കാതങ്ങളും കാലങ്ങളും താണ്ടി മോദി ഭരിക്കുന്ന സമകാലിക ഇന്ത്യയിൽ എത്തിച്ചേരുകയാണ് ചെയ്യുന്നത്.

ഹിംസ (വധം) സ്തേയം (മോഷണം) പരിഗ്രഹം (ബന്ധനം) എന്നിങ്ങനെ ഭയജനകമായ വാക്കുകൾക്ക് മുന്നിൽ അകാരം ചേർത്ത് അഹിംസ, അസ്തേയം, അപരിഗ്രഹം എന്നീ അഭയ പദങ്ങൾ സൃഷ്ടിച്ച മഹാത്മാവ് അമോദിലുള്ള ആ നാട്ടുവൈദ്യനെ ജാതിപ്പേരിലല്ലാതെ സ്ഥലപേരിൽ അമോദി എന്ന് എഴുതുന്നിടത്താണ് ജ്ഞാനസ്നാനം എന്ന കഥ അവസാനിക്കുന്നത്.

കഥയുടെ രാഷ്ട്രീയ വായന

Indian Prime Minister Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പരിപാടിക്കിടെ screengrab, copyright: Nyoooz

അവിടെ നിന്നാണ് തുടങ്ങേണ്ടത്. ഇവിടെ കഥാകൃത്ത് ഹിംസയുടെ പ്രതീകമായി മോദിയെയും അഹിംസയുടെ പ്രതീകമായി അമോദിയെയും (അമോദിൽ ഉള്ള വൃദ്ധൻ) നേർക്ക് നേർ നിർത്തുന്നു. ഭയജനകമായ വാക്കായി മോദിയെ കൽപ്പിക്കുക വഴി മോദി എന്ന വ്യക്തിയും ഭരണാധികാരിയും മാത്രമാണ് ഇന്ത്യ നേരിടുന്ന പ്രശ്നമെന്നും മോദി പ്രതിനിധീകരിക്കുന്ന, ഹൈന്ദവ പ്രത്യയശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുന്ന, അധികാര രാഷ്ട്രീയ പാർട്ടിയുടെ അക്രമോത്സുകവും ഹിംസാത്മകവുമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും യാതൊരു കുഴപ്പവുമില്ലെന്നുമുള്ള  വെള്ളപൂശൽ കഥാകൃത്ത് അറിഞ്ഞോ അറിയാതെയോ നടത്തുകയാണ് ചെയ്യുന്നത്.

2024ലെ തിരഞ്ഞെടുപ്പിൽ മോദിയെ മാറ്റി പ്രതിഷ്ഠിച്ചാൽ തീരാവുന്ന കളങ്കമേ ബിജെപി എന്ന മത രാഷ്ട്രീയ പാർട്ടിക്കുള്ളൂ എന്ന രാഷ്ട്രീയ വെള്ളപൂശലും അതുവഴി സാധിക്കുന്നു. രാഷ്ട്രീയ വിപത്തുകളെ അങ്ങനെ തന്നെ അഡ്രസ്സ് ചെയ്യാതെ വ്യക്തി തിന്മയായി അവതരിപ്പിക്കുക വഴി തികഞ്ഞ അരാഷ്ട്രീയ വായനയ്ക്കും കഥ വഴിവയ്ക്കുന്നു.

എന്തുകൊണ്ട് ബിജെപിയുടെ ഹൈന്ദവ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പ്രതിസ്ഥാനത്ത് നിർത്താതെ മോദി എന്ന അധികാര വ്യക്തി ബിംബത്തെ മാത്രം ഹിംസാത്മകതയുടെയും അക്രമോത്സുകതയുടെയും പ്രതീകമായി അവതരിപ്പിക്കുന്നു എന്ന ചോദ്യം കഥാകൃത്തിന് നേരെ ഉയരുക തന്നെ ചെയ്യും.

അമോദിലുള്ള മുസ്ലിം വൃദ്ധനെ അഹിംസയുടെ പ്രതീകമായും മോദിയെ ഹിംസയുടെ പ്രതീകമായും എതിർ ധ്രുവങ്ങളിൽ നിർത്തുക വഴി ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും എതിർ ചേരികളിൽ നിർത്തി അധികാര രാഷ്ട്രീയം കളിക്കുന്ന, ഹൈന്ദവ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന, മത രാഷ്ട്രീയ പാർട്ടിയുടെ തന്ത്രത്തിന് കഥ വശപ്പെട്ടു പോവുകയും ചെയ്യുന്നു.

ഉപരിപ്ലവവമായി മാത്രം കാര്യങ്ങളെ നോക്കിക്കാണാനും അവതരിപ്പിക്കാനും കഴിയുമെങ്കിൽ നമുക്ക് അടിസ്ഥാന പ്രശ്നങ്ങളെ മൂടിവയ്ക്കാൻ സാധിക്കും. അതിനുവേണ്ടി അമോദിലുള്ള വൃദ്ധനെ അമോദി എന്ന് പ്രയോഗിച്ച് മോദി, അമോദി എന്നിങ്ങനെ വാക്കുകളെ കൊണ്ട് കരണം മറിയിച്ചാൽ മതി.

ഇന്ത്യയെ അപ്പാടെ ഗ്രസിച്ചു നിൽക്കുന്ന ഒരു രാഷ്ട്രീയ വിപത്തിനെ തുറന്നുകാട്ടാതെ വ്യക്തിഗത തിന്മയാക്കി ചുരുക്കുമ്പോൾ അത്തരം രാഷ്ട്രീയ വിപത്തുകൾക്ക് അറിഞ്ഞോ അറിയാതെയോ കുട പിടിക്കുകയാണ് ചെയ്യുന്നത്. ഹൈന്ദവ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയത്തെ തൊടാൻ കഥാകൃത്തിന് ഭയമുണ്ട്.

അതുകൊണ്ടാണ് മോദി എന്ന അധികാര വ്യക്തിയിലേക്ക് അതിനെ ചുരുക്കിക്കെട്ടേണ്ടി വരുന്നത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ചരിത്രത്തെ കഥയിൽ പുന:സൃഷ്ടിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയും സൂക്ഷ്മതയും പുലർത്താത്തതിൻ്റെ പ്രശ്നങ്ങളാണ് ജ്ഞാനസ്നാനം എന്ന കഥയുടെ രാഷ്ട്രീയ വായനയിൽ തെളിഞ്ഞു കാണുന്നത്.

FAQs

ആരാണ് മഹാത്മാ ഗാന്ധി?

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൻ്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി.

എന്താണ് ഉപ്പ് സത്യാഗ്രഹം?

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പ് സത്യാഗ്രഹം എന്നറിയപ്പെടുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനുശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പ് ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു. ഉപ്പിന്  മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിൻ്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷ് ഗവൺമെന്റ് കേസ് ചുമത്തി.

ആരാണ് സുഭാഷ് ചന്ദ്രൻ?

മലയാളത്തിലെ ഒരു നോവലിസ്റ്റാണ് സുഭാഷ് ചന്ദ്രൻ. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, മനുഷ്യന് ഒരു ആമുഖം, ബ്ലഡി മേരി, വിഹിതം, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റൽ, സമുദ്രശില എന്നിവ അദ്ദേഹത്തിൻ്റെ കൃതികളാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ് എന്നിവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

എന്താണ് ഉപ്പ് ഹിന്ദുത്വ?

ഹിന്ദു ദേശീയതയെ കുറിക്കുന്ന ഒരു സംജ്ഞയാണ് ഹിന്ദുത്വ. വിനായക് ദാമോദർ സവർക്കർ 1923-ൽ തൻ്റെ
ഹൂ ഈസ് ഹിന്ദു? എന്ന പുസ്തകത്തിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ആർഎസ്എസ്, ബിജെപി, വിശ്വഹിന്ദു പരിഷത്, ബജ്‌രംഗ് ദൾ പോലുള്ള സംഘ് പരിവാർ സംഘടനകളാണ് മുൻനിര ഹിന്ദുത്വ ആശയത്തിൻ്റെ വക്താക്കളായി അറിയപ്പെടുന്നത്. മതേതരത്തേക്കാളുപരി സാമുദായികതയിലും ഹൈന്ദവദേശീയതയിലും ഊന്നിയുള്ളതാണ് ഹിന്ദുത്വം.

Quotes

ഞാൻ എല്ലാ മതങ്ങളെയും പ്രതിനിധാനം ചെയ്യുന്നു ഞാൻ എത്രത്തോളം ഹിന്ദുവായിരിക്കുന്നുവോ അത്രത്തോളം മുസ്ലീമും, ക്രിസ്ത്യനും, സിക്കും, പാഴ്‌സിയുമാണ് – മഹാത്മാ ഗാന്ധി

By ജൂലി ഡി എം

എഴുത്തുകാരിയും അധ്യാപികയുമാണ്. തിരുവനന്തപുരം സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നു.