Wed. Jan 22nd, 2025

ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും മതേതരവാദികളായ ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു “കൗണ്ടർവെയ്റ്റ്” എന്ന നിലയിലാണ് ഹമാസിന് ധനസഹായം നൽകിയതെന്ന് 1980-കളുടെ തുടക്കത്തിൽ ഗാസയിൽ ഇസ്രായേൽ സൈനിക ഗവർണറായിരുന്ന ഇറ്റ്സാക്  സെ​ഗെവ് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹമാസ് ഇസ്രായേലിന്റെ സൃഷ്ടിയാണെന്ന് യാസർ അറഫാത്തും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

സ്രായേൽ – ഫലസ്തീൻ എന്നീ പേരുകൾ കേൾക്കുമ്പോൾ രക്തച്ചൊരിച്ചിലുകൾ നിറഞ്ഞ യുദ്ധഭൂമിയും, പരസ്പരം പോരടിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ മുഖവുമാണ് നമ്മുടെ മനസ്സിലേക്ക് കടന്നു വരിക. ഇസ്രായേൽ, ​ഗാസാ സ്ട്രിപ്പ്, വെസ്റ്റ് ബാങ്ക് എന്നിവയടങ്ങുന്ന പശ്ചിമേഷ്യൻ മേഖലയിലെ ജനങ്ങൾ ഭൂമിയ്ക്കും ദേശീയതയ്ക്കും വേണ്ടി വർഷങ്ങളായി തമ്മിൽ പോരടിച്ചുകൊണ്ടിരിക്കുകയാണ്.

നാളിതുവരെ എണ്ണിയാലൊടുങ്ങാത്തത്ര മനുഷ്യജീവനുകളെടുത്ത സംഘർഷങ്ങൾ കൊണ്ട് നേട്ടമുണ്ടാക്കിയത് ഇസ്രായേൽ മാത്രമാണ്. അന്താരാഷ്ട്ര തലത്തിൽ വരെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടും കൂടുതൽ വഷളാകുന്ന സാഹചര്യമാണ് ഇവിടുള്ളത്.

Israyel gasa war
ഇസ്രായേൽ – ഫലസ്തീൻ യുദ്ധം screengrab, copyright: The wall street journal

ഇന്ന് ഇസ്രായേലെന്നും ഫലസ്തീനെന്നും പറയപ്പെടുന്ന പ്രവിശ്യകൾ ചരിത്രത്തിൽ ഫലസ്തീനെന്ന പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകമഹായുദ്ധങ്ങളും ബാഹ്യശക്തികളുടെ ഇടപെടലുകളും പുരാതന ഫലസ്തീന്റെ വിഭജനത്തിന് വഴി തെളിച്ചു. വിഭജനത്തിന് പിന്നാലെ ഒരു കുരുതിക്കളമായി ഈ പ്രദേശം മാറി.

എന്താണ് സംഘർഷത്തിന് കാരണം?

അറേബ്യൻ പെനിൻസുലയുടെ സമീപത്തായി ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഭാ​ഗമാണ് ആധുനിക ഇസ്രായേലും ഫലസ്തീനും അടങ്ങുന്ന ഭൂപ്രദേശം. ക്രിസ്ത്യൻ, മുസ്ലീം, ജൂതർ എന്നീ മൂന്ന് വിഭാ​ഗക്കാരെ സംബന്ധിച്ചും മതപരമായി ഏറെ ആത്മബന്ധമുള്ള പ്രദേശമാണിത്. എന്നാൽ യൂറോപ്പിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ ജൂത മതസ്ഥർ ഇസ്രായേൽ എന്ന പേരിൽ ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതോടെ ഫലസ്തീന്റെ തലവിധി മാറിമറിഞ്ഞു.

ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാ​ഗമായിരുന്ന പഴയ ഫലസ്തീനിൽ ഭൂരിപക്ഷം മുസ്ലീങ്ങളും, പത്തു ശതമാനത്തോളം ക്രിസ്ത്യാനികളും രണ്ടോ മൂന്നോ ശതമാനം മാത്രം ജൂതന്മാരുമാണ് ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന ജൂതന്മാർക്ക് വംശഹത്യ ഉൾപ്പെടെ നിരവധി പീഡനങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്ന് അവർ ആത്മരക്ഷാർഥം ഫലസ്തീനിലേക്ക് കുടിയേറുകയായിരുന്നു.

Jewish migration
ജൂതരുടെ കുടിയേറ്റം screengrab, copyright: American University of Beirut, Online library

ബോധപൂർവമുള്ള കുടിയേറ്റമാണ് ഫലസ്തീനിൽ നടന്നത്. ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ-മത താൽപര്യങ്ങളാണ് ഈ കുടിയേറ്റത്തിന് കാരണമായത്. ബൈബിളിലെ മാതൃരാജ്യമായ പ്രദേശത്ത് തങ്ങൾക്ക് അവകാശമുണ്ടെന്ന് ജൂതർ വാദിച്ചു. അതേസമയം ബലപ്രയോ​ഗത്തിലൂടെ തങ്ങളുടെ മാതൃരാജ്യത്ത് സ്ഥാപിക്കപ്പെട്ട രാജ്യമാണ് ഇസ്രായേലെന്ന് ആരോപിച്ച് ഫലസ്തീനികളും രം​ഗത്തെത്തി.

ഇസ്രായേൽ രാജ്യത്തിന്റെ രൂപീകരണം

ജെറുസലേമിനോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലായിരുന്നു ജൂതരുടെ വാസം. 1920, 1940 കാലഘട്ടങ്ങളിൽ ഇങ്ങോട്ടുള്ള ജൂതരുടെ കുടിയേറ്റം ​ഗണ്യമായി വർദ്ധിച്ചു. ഹിറ്റ്ലർ ജൂതരെ തിരഞ്ഞുപിടിച്ച് കൂട്ടക്കൊല നടത്തിയത് ഉൾപ്പെടെ യൂറോപ്പിന്റെ വിവിധ ഭാ​ഗങ്ങളിൽ തങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ അവരെ തങ്ങളുടെ പൈതൃക ഭൂമിയായ ജറുസലേമിലേക്ക് കൊണ്ടെത്തിച്ചു.

ഉഗാണ്ട, അർജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ആദ്യം കുടിയേറ്റത്തിനായി പരി​ഗണനയിലുണ്ടായിരുന്നത്. പിന്നീട് ജൂതരുടെ വിശുദ്ധ സ്ഥലങ്ങളിൽ പലതും ഇപ്പോഴും സ്ഥിതി ചെയ്യുന്ന ഫലസ്തീനിലേക്ക് കുടിയേറാമെന്ന് തീരുമാനിക്കുകയായിരുന്നു. വിവിധ ഇടങ്ങളിൽ നിന്നെത്തിയ ജൂതരെ ഒന്നിച്ച് ചേർത്ത് ഒരു രാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ സയണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തു. ഓസ്ട്രോ – ഹം​ഗേറിയൻകാരനായ തിയാഡോർ ഹേർസലാണ് സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത്.

Theodor Herzl
തിയാഡോർ ഹേർസൽ screengrab, copyright: American University of Beirut, Online library

ഓട്ടോമൻ സാമ്രാജ്യത്തെ തകർക്കാനായുള്ള ബ്രിട്ടീഷുകാരുടെ തന്ത്രങ്ങൾ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാക്കി. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമൻ സാമ്രാജ്യത്തെ നിലംപരിശാക്കാൻ ബ്രിട്ടൺ വിവിധ മതനേതാക്കളുമായി ചർച്ച നടത്തുകയും ഉടമ്പടികൾ ഉണ്ടാക്കുകയും ചെയ്തു. ഫലസ്തീനിൽ ജൂതർക്ക് സ്വന്തമായി രാജ്യം നൽകാമെന്ന് ബ്രിട്ടീഷുകാർ മതനേതാക്കൾക്ക് ഉറപ്പുനൽകി. ബാൽഫോർ പ്രഖ്യാപനമെന്ന് ഇതറിയപ്പെട്ടു.

ഇതേസമയം അറബ് രാഷ്ട്രങ്ങൾക്കും ഫ്രഞ്ചുകാർക്കും ഫലസ്തീനെ പകുത്ത് നൽകാമെന്നും ബ്രിട്ടൺ വാക്കു നൽകിയിരുന്നു. ഇക്കാലയളവിൽ ബ്രിട്ടന്റെ കോളനിയായിരുന്നു ഫലസ്തീൻ. ഇവിടെ ബ്രിട്ടീഷുകാരുടെ സ്ഥിരം ശൈലിയായ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന രീതി അവർ പിന്തുടർന്ന് പോന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947ൽ ഐക്യരാഷ്ട്ര സഭ ഫലസ്തീനെ വിഭജിക്കാനൊരു ഫോർമുല കൊണ്ടുവന്നു. ഫലസ്തീനെ വിഭജിച്ച് ഒരു ഭാ​ഗം ജൂതപ്രദേശമാക്കുക, മറ്റു ചില ഭാ​ഗങ്ങൾ ഫലസ്തീനായി തന്നെ നിലനിർത്തുക,എല്ലാ മതവിഭാ​ഗങ്ങൾക്കും തുല്യ പ്രാധാന്യമുള്ള ജറുസലേമിനെ അന്താരാഷ്ട്ര ന​ഗരമാക്കി നിലനിർത്തുക എന്ന ആശയമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെച്ചത്. ഈ ആശയത്തോട് ജൂതർ യോജിച്ചു. അങ്ങനെ 1948ൽ ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കപ്പെട്ടു.

അപ്പോഴും ഇസ്രായേലിലേക്കുള്ള കുടിയേറ്റം തുടർന്നുകൊണ്ടേയിരുന്നു. ലോക മഹായുദ്ധക്കാലത്ത് ബ്രിട്ടീഷുകാർക്കൊപ്പം നിന്നതിനാൽ ആയോധനകലയിലും ഇസ്രായേലികൾ കരുത്തരായി. ഐക്യരാഷ്ട്ര സഭയുടെ ഫോർമുല പ്രകാരം ജോർദാൻ നദിക്കരയിലെ വെസ്റ്റ് ബാങ്കും മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് മാറിക്കിടക്കുന്ന ഗാസ സ്ട്രിപ്പുമാണ് ഫലസ്തീനികൾക്ക് ലഭിച്ചത്.

ഫലസ്തീൻ അഭയാർത്ഥികൾ screengrab, copyright:DW

തലമുറകളായി തങ്ങളുടേതെന്ന് കരുതിയിരുന്ന സ്ഥലങ്ങളിൽ നിന്നും വിഭജിച്ച് നിൽക്കേണ്ടിവന്നതും ഫലസ്തീനികളിൽ വിമുഖത സൃഷ്ടിച്ചു. അം​ഗ സംഖ്യ കൊണ്ടും ആയുധബലം കൊണ്ടും ഇസ്രായേലികൾ കരുത്താർജിച്ചപ്പോൾ വിഭജിക്കപ്പെട്ട പ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന ഫലസ്തീനികൾ ക്രമേണ ദുർബല സമൂഹമായി പിന്തള്ളപ്പെട്ടു.

ഇസ്രായേലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ഫലസ്തീനികൾക്കിടയിൽ വിവിധ തീവ്രവാദ ​ഗ്രൂപ്പുകളുണ്ടായി. ഇസ്രായേലികളോട് ഇവർ നിരന്തരം സംഘർഷത്തിലേർപ്പെട്ടു. ലോകശക്തികൾക്കൊപ്പം സാമ്പത്തികപരമായും സൈനികപരമായും കരുത്തരായി മാറിയ ഇസ്രായേലുമായി അറബ് രാജ്യങ്ങൾ ഏറ്റുമുട്ടുകയും നിരവധി യുദ്ധങ്ങളുണ്ടാവുകയും ചെയ്തു. രഹസ്യാന്വേഷണ രം​ഗത്തും ഇസ്രായേൽ നേട്ടം കൈവരിച്ചിരുന്നു.

സംഘർഷത്തിന്റെ നാൾവഴികൾ

1949ലാണ് ആദ്യമായി ഇസ്രായേലും അറബ് രാജ്യങ്ങളും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ ഇസ്രായേൽ വിജയിച്ചു. പിന്നാലെ ലക്ഷക്കണക്കിന് ഫലസ്തീനികൾ വീടും നാടും ഉപേക്ഷിച്ച് ഇവിടെ നിന്നും പലായനം ചെയ്തു. പിന്നീടുള്ള വർഷങ്ങളിൽ ഈജിപ്ത്, ജോർദാൻ, സിറിയ, ഇറാഖ്, ലെബനൻ തുടങ്ങി വിവിധ രാജ്യങ്ങളുമായി ഇസ്രായേൽ ചെറുതും വലുതുമായ യുദ്ധങ്ങളിലേർപ്പെട്ടു. എല്ലായിടത്തും വിജയം ഇസ്രായേലിന് ഒപ്പം തന്നെയായിരുന്നു.

Six day war
തോക്കേന്തി നിൽക്കുന്ന ഇസ്രായേൽ സൈന്യം, സിക്സ് ഡേ വാർ screengrab, copyright: Vox

1967 ജൂണിൽ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ വീണ്ടും യുദ്ധമുണ്ടായി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഗമാൽ നാസറിന്റെ നിരന്തര പ്രകോപനങ്ങളും സൈനിക വിന്യാസവുമാണ് യുദ്ധത്തിൽ കലാശിച്ചത്. ആറ് ദിവസം നീണ്ടു നിന്ന ഈ യുദ്ധം സിക്സ് ഡേ വാർ എന്ന് ‌അറിയപ്പെട്ടു. ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങളെ ആക്രമിച്ച ഇസ്രായേൽ ഈജിപ്തിന്റെ സിനായി പെനിൻസുല, ഗാസ മുനമ്പ്, ജോർദാനിന്റെ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, സിറിയയുടെ ഗോലാൻ ഹൈറ്റ്സ് എന്നീ പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കി.

ആറ് വർഷത്തിന് ശേഷം, 1973ൽ ഈജിപ്തും സിറിയയും സംയുക്തമായി ഇസ്രായേലിനെ ആക്രമിച്ചു. തങ്ങൾക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കുകയായിരുന്നു ലക്ഷ്യം. ഈ യുദ്ധം യോം കിപ്പൂർ യുദ്ധമെന്ന് അറിയപ്പെട്ടു.

Yom Kippur war
യോം കിപ്പൂർ യുദ്ധത്തിൽ പങ്കെടുക്കുന്ന ഇസ്രായേലികൾ screengrab, copyright: CNN

പക്ഷേ യുദ്ധം കൊണ്ട് ഫലമൊന്നുമുണ്ടായില്ല. പിന്നീട് 1979ൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്തും ഇസ്രായേലും ക്യാമ്പ് ഡേവിഡ് കരാർ എന്ന പേരിൽ ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. ഇതിന്റെ ഫലസ്വരൂപമായി ഇസ്രായേൽ സിനായ് പെനിൻസുല പ്രദേശം ഈജിപ്തിന് വിട്ടുകൊടുത്തു.

ഒരു വശത്ത് ഇസ്രായേലും അയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടപ്പോൾ മറുവശത്ത് ഫലസ്തീനികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടന്നു. ഒടുവിൽ തങ്ങളുടെ അവകാശങ്ങൾക്ക് നേടിയെടുക്കാനായി വെസ്റ്റ് ബാങ്കിലും ​ഗാസാ സ്ട്രിപ്പിലും ഫലസ്തീനികൾ ഇസ്രായേൽ സർക്കാരിന് എതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി. 1987 മുതൽ 1993 വരെ നീണ്ടു നിന്ന ഈ പ്രക്ഷോഭം ആദ്യ ഇൻതിഫാദ എന്നറിയപ്പെട്ടു.

ഇസ്രായേലി സൈന്യവുമായി വലിയ ഏറ്റുമുട്ടലുകൾ ഉണ്ടായി. ഏകദേശം 2000ത്തോളം ആളുകൾ ഇതിനിടെയിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ കാലഘട്ടത്തിൽ ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ് എന്ന പൊളിറ്റിക്കൽ പാർട്ടിയും ഫലസ്തീനിൽ രൂപം കൊണ്ടു.

അമേരിക്ക, ഈജിപ്ത്, ജോർദാൻ, ലെബനൻ, സോവിയറ്റ് യൂണിയൻ തുടങ്ങി വിവിധ രാജ്യങ്ങൾ ചേർന്ന് ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തി. ഇതിന്റെ ഫലസ്വരൂപമായി 1993ൽ ഓസ്ലോ I ഉടമ്പടി രൂപം കൊണ്ടു. ​ഗാസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികൾക്ക് സ്വയംഭരണാവകാശം നൽകി പ്രശ്നം പരിഹാരിക്കാമെന്നായിരുന്നു ഉടമ്പടിയിലെ ഉള്ളടക്കം.

Oslo accords
ഷിമോണ്‍ പെരേസ് ഓസ്ലോ കരാര്‍ ഒപ്പുവെയ്ക്കുന്നു screengrab, copyright: Jerusalem Center for Public Affairs

ഓസ്ലോ I ഉടമ്പടി വിപൂലീകരിച്ചുകൊണ്ട് 1995ൽ മറ്റൊരു ഉടമ്പടിയുണ്ടാക്കി. വെസ്റ്റ് ബാങ്കിലെ ആറ് നഗരങ്ങളിൽ നിന്നും 450 പട്ടണങ്ങളിൽ നിന്നും ഇസ്രായേലിനെ പൂർണ്ണമായി പിൻവലിക്കണമെന്ന വ്യവസ്ഥകൾ അടങ്ങിയതായിരുന്നു പുതിയ ഉടമ്പടി. ഇത് ഓസ്ലോ II ഉടമ്പടി എന്നറിയപ്പെട്ടു. എന്നാൽ ഈ ഉടമ്പടികൾക്കൊന്നും ഇസ്രായേലിനും ഫലസ്തീനും ഇടയിൽ സമാധാനം പുഃനസ്ഥാപിക്കാൻ സാധിച്ചില്ല.

വെസ്റ്റ് ബാങ്കിന് മേൽ ഇസ്രായേൽ നിയന്ത്രണം തുടർന്ന് പോന്നു. ഇത് ഫലസ്തീനികളെ ചൊടിപ്പിച്ചു. ഇസ്രായേലിന് എതിരെ അവർ കൂടുതൽ കൂടുതൽ പ്രതിഷേധങ്ങൾ അണിനിരത്തി. വെടിവെയ്പും ബോംബാക്രമണങ്ങളും നിരവധി ജീവനുകളെടുത്തു. ഈ പ്രതിഷേധങ്ങൾ രണ്ടാം ഇൻതിഫാദയിലേക്ക് നയിച്ചു. ഫലസ്തീൻ പ്രതിഷേധങ്ങൾക്ക് എതിരെ ഇസ്രായേലി സർക്കാരും കടുത്ത നടപടികളാണ് സ്വീകരിച്ചത്.

ആക്രമണങ്ങളെ പ്രതിരോധിക്കാൻ 2002ൽ വെസ്റ്റ്ബാങ്കിന് ചുറ്റുമായി വലിയ മതിൽ പണിയാൻ ഇസ്രായേൽ തീരുമാനിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയും ഈ തീരുമാനത്തെ എതിർത്തിട്ടും ഇസ്രായേൽ തീരുമാനത്തിൽ നിന്ന് പിന്മാറാതിരുന്നത് വിവാദങ്ങൾക്കിടയാക്കി. പിന്നീടുള്ള വർഷങ്ങളിലും കലാപം തുടർന്നു.

2013-ൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെട്ട് വീണ്ടും വെസ്റ്റ്ബാങ്കിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തി. 2014ൽ ഫലസ്തീൻ അതോറിറ്റിയുടെ ഭരണകക്ഷിയായ ഫത്ത ഹമാസുമായി ചേർന്ന് സഖ്യം ഉണ്ടാക്കിയതിനെ തുടർന്ന് സമാധാന ചർച്ചകൾ നിർത്തിവെച്ചു.

യാസർ അറഫാത്തും ഫലസ്തീനും

ഫലസ്തീന്റെ ആദ്യ പ്രസിഡന്റും ഫലസ്തീൻ ലിബറൈസേഷൻ ഓർ​ഗനൈസേഷന്റെ ചെയർമാനുമായിരുന്നു യാസർ അറഫാത്ത് എന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ അബ്ദുൾ റഹൂഫ് അറഫാത്ത് അൽ-ഖുദ്വ അൽ ഹുസൈനി. ഫലസ്തീൻ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്കായാണ് യാസർ അറഫാത്ത് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്.

1948ൽ ഇസ്രായേലിൽ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികളെ ഉൾപ്പെടുത്തി അദ്ദേഹം ഫത്ത എന്ന പ്രസ്ഥാനം ആരംഭിച്ചു. ഫലസ്തീനികളെ ആയുധമെടുത്ത് അണിനിരത്തുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അറബ്-ഇസ്രായേൽ യുദ്ധത്തിൽ മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടനയോടൊപ്പം നിന്ന് പോരാടിയാണ് യാസർ അറഫാത്ത് സായുധമായി ഇസ്രായേലിനെതിരെ രംഗപ്രവേശനം ചെയ്യുന്നത്. യുദ്ധം ഇസ്രായേലിന് അനുകൂലമായപ്പോൾ അറഫാത്ത് മുടങ്ങിക്കിടക്കുന്ന പഠനം തുടരാൻ കെയ്റോയിലേയ്ക്ക് മടങ്ങി.

സിവിൽ എഞ്ചിനിയറായിരുന്ന അറഫാത്ത് 1952 മുതൽ 1956 വരെ ജനറൽ യൂണിയൻ ഓഫ് ഫലസ്തീൻ സ്റ്റുഡന്റ്‌സിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1956 ആഗസ്റ്റിൽ പ്രാഗിൽ നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കുകയും ഫലസ്തീനിയൻ ശിരോവസ്ത്രം അണിഞ്ഞുതുടങ്ങുകയും ചെയ്തു.

യാസർ‌ അറഫാത്ത് screengrab, copyright: Anadolu Agency

1988 വരെ അദ്ദേഹം ഇസ്രായേലിന്റെ നിലനില്പ്പിനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് ഐകരാഷ്ട്രസഭയുടെ 242ആം പ്രമേയം അംഗീകരിച്ചു. ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിൽ സമാധാനം സ്ഥാപിക്കാൻ യാസർ അറഫാത്ത് നിർണായക പങ്ക് വഹിച്ചു. 1991ൽ മാഡ്രിഡിലും, 1993ൽ ഓസ്‌ലോവിലും, 2000ൽ ക്യാമ്പ് ഡേവിഡിലും വെച്ച് ഇസ്രായേലുമായി സന്ധിസംഭാഷങ്ങൾ നടത്തി.

ഇതേ തുടർന്ന് ഇസ്ലാമിസ്റ്റുകളും ഫലസ്തീനിലെ മറ്റു സംഘടനകളും അറഫാത്ത് ഇസ്രായേലിന് കീഴടങ്ങുകയാണെന്ന് ആരോപിച്ച് രം​ഗത്തെത്തി. 1993ൽ അറഫാത്തും ഇസ്രായേൽ പ്രസിഡന്റ് ഇറ്റ്സാക് റബീനും ചേർന്ന് വൈറ്റ് ഹൗസിൽ വെച്ച് ഓസ്ലോ ഉടമ്പടിയിൽ ഒപ്പുവെച്ചു. തുടർന്ന് ഒരു വർഷത്തിന് ശേഷം ഇറ്റ്സാക് റബീൻ, ഷിമോൺ പെരസ് എന്നിവർക്കൊപ്പം യാസർ അറഫാത്തിനും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

Nobel Prize
നോബൽ സമ്മാനവുമായി യാസർ‌ അറഫാത്ത്,ഇറ്റ്സാക് റാബിൻ, ഷിമോൺ പെരേസ് എന്നിവർ screengrab, copyright: The Times Of Israyel

2002 മുതൽ 2004 വരെ അറഫാത്തിനെ ഇസ്രായേൽ സൈന്യം അദ്ദേഹത്തിന്റെ റമല്ലയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കി. 2002 നവംബറിൽ അമേരിക്കയിൽ നടന്ന ആക്രമണത്തെ തുടർന്ന് ഭീകരതയ്ക്ക് എതിരെ ആഗോള യുദ്ധം പ്രഖ്യാപിക്കാൻ അറഫാത്ത് സർക്കാരിനെ നിർബന്ധിച്ചതിനെ തുടർന്നാണ് അദ്ദേഹം വീട്ടുതടങ്കലിലായത്. പിന്നീട് രോ​ഗബാധിതനായ അദ്ദേഹത്തെ പാരീസിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് 2004 നവംബർ 11-ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു.

ഫലസ്തീൻ വിമോചനം ലക്ഷ്യം വച്ച് 1964ൽ അറബ് ലീഗ് പിന്തുണയോടെ ഉണ്ടാക്കിയ സംഘടനയാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ). പിന്നീട് ഈ സംഘടന ഒരു ഭരണ സം‌വിധാനത്തിന്റെ സ്വഭാവം കൈക്കൊള്ളുകയും ഫലസ്തീനിന്റെ ഔദ്യോഗിക വക്താക്കൾ എന്ന പദവി ലഭിക്കുകയും ചെയ്തു. 100ൽ അധികം രാജ്യങ്ങളുമായി പിഎൽഒ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ഐക്യരാഷ്ട്രസഭയിൽ നിരീക്ഷക പദവി ലഭിക്കുകയും ചെയ്തു. പിഎൽഒവിനെ ആദ്യമായി അംഗീകരിച്ച പശ്ചിമേഷ്യക്കു പുറത്തുള്ള രാജ്യം ഇന്ത്യയാണ്. അഹമ്മദ് ഷുകൈരിക്കും യഹ്യ ഹമ്മുദക്കും ശേഷം 1969ൽ യാസർ അറഫാത്ത് പി.എൽ.ഒ ചെയർമാനായി. അദ്ദേഹത്തിന്റെ മരണം വരെ ഈ പദവിയിൽ തുടർന്നു.

ഹമാസിന്റെ രൂപീകരണവും ഇസ്രായേലുമായുള്ള ബന്ധവും

1987-ൽ നടന്ന ആദ്യത്തെ ഇൻതിഫാദയ്ക്ക് ശേഷം ഫലസ്തീനിൽ രൂപീകൃതമായ രാഷ്ട്രീയ പാർട്ടിയാണ് ഹമാസ്. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്ന് പറയപ്പെടുന്ന ഹമാസിന്റെ പൂർണ രൂപം ഹർക്കത്തുൽ മുഖാവാമ അൽ ഇസ്ലാമിയ എന്നാണ്. ​ഗാസാ മുനമ്പിന്റെ ഭരണം ഇവരുടെ കൈവശമാണ്. ഷെയ്ഖ് അഹമ്മദ് യാസിന്റെയും കൂട്ടാളി അബ്ദുൾ അസിസ് അൽ-റാന്റിസിയുടെയും നേതൃത്വത്തിലാണ് ഹമാസ് സ്ഥാപിക്കപ്പെട്ടത്.

ഹമാസിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ അവർക്ക് ഇസ്രായേലി സർക്കാരിന്റെ പിന്തുണ ലഭിച്ചിരുന്നു. ഹമാസിന്റെ മുൻഗാമികളെന്ന് പറയപ്പെടുന്ന ഫത്ത പ്രസ്ഥാനത്തിലൂടെ യാസർ അറഫാത്ത് ഫലസ്തീനികളെ ആയുധവുമായി അണിനിരത്തുന്ന സമയത്ത് ഹമാസിന് ഇസ്രായേലിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ ലഭിച്ചിരുന്നു. സ്കൂളുകൾ, മസ്ജിദുകൾ, ക്ലബുകൾ എന്നിങ്ങനെയുള്ള നിർമ്മാണങ്ങൾക്കായാണ് ഇസ്രായേലിന്റെ സഹായം ലഭിച്ചത്.

ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും മതേതരവാദികളായ ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ലക്ഷ്യത്തോടെ ഒരു “കൌണ്ടർവെയ്റ്റ്” എന്ന നിലയിലാണ് ഹമാസിന് ധനസഹായം നൽകിയതെന്ന് 1980-കളുടെ തുടക്കത്തിൽ ഗാസയിൽ ഇസ്രായേൽ സൈനിക ഗവർണറായിരുന്ന ഇറ്റ്സാക്  സെ​ഗെവ് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹമാസ് ഇസ്രായേലിന്റെ സൃഷ്ടിയാണെന്ന് യാസർ അറഫാത്തും ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Gaza attack
2014ൽ ഇസ്രായേലിന്റെ സൈനിക നീക്കത്തിന് എതിരെ ഗാസയുടെ ആക്രമണം screengrab, copyright: BBC

1997-ൽ അമേരിക്ക ഹമാസിനെ ഭീകരവാദ സംഘടനയായും പ്രഖ്യാപിച്ചിരുന്നു. 2014ൽ ഹമാസ് മൂന്ന് ഇസ്രായേലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇതിന് മറുപടിയായി ഇസ്രായേൽ ​ഗാസയ്ക്ക് മേൽ വ്യോമാക്രമണങ്ങളും കര-നാവിക ഉപരോധങ്ങളും ഏർപ്പെടുത്തി. 2,200 പേരാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ടത്. തുടരെയുള്ള ആക്രമണങ്ങൾ ​ഗാസയിലെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടമാണ് ഉണ്ടാക്കിയത്.

2018ൽ ​ഗാസയുടേയും ഇസ്രായേലിന്റെയും അതിർത്തി സമീപം നടന്ന പ്രതിഷേധത്തിൽ 183 പേർ കൊല്ലപ്പെടുകയും 6,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പിന്നീട് 2021ലും 2022ലും വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടെങ്കിലും ഈജ്പ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ വെടിനിർത്തലേർപ്പെടുത്തി.

അൽ അഖ്‌സ പള്ളിയും ഫലസ്തീൻ യുദ്ധവും

ഇസ്രായേൽ – ഫലസ്തീൻ സംഘർഷത്തിൽ ഏറ്റവും പ്രധാന്യമുള്ള ഒന്നാണ് ജറുസലേമിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ അഖ്‌സ പള്ളി. ജൂത മതവിശ്വാസ പ്രകാരം വിശുദ്ധ സ്ഥലമെന്ന് കരുതപ്പെടുന്ന പ്രദേശത്താണ് അൽ അഖ്‌സ പള്ളി സ്ഥിതി ചെയ്യുന്നത്. ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് മക്കയ്ക്കും മദീനയ്ക്കും ശേഷമുള്ള മൂന്നാമത്തെ പുണ്യസ്ഥലമാണിത്. രണ്ട് വ്യത്യസ്ത പശ്ചാത്തലത്തിലുള്ള വിശ്വാസങ്ങൾ കൂടിച്ചേരുന്നതിനാൽ ഈ പ്രദേശത്തെ ഇസ്രായേൽ – ഫലസ്തീൻ സംഘർഷത്തിലെ ഏറ്റവും ‘സെൻസിറ്റീവ് സൈറ്റ്’ എന്നും വിളിക്കുന്നു.

1967ൽ നടന്ന ആറു ദിവസത്തെ യുദ്ധത്തിന് ശേഷം അൽ അഖ്‌സ പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ നിയന്ത്രണം ഇസ്രായേൽ എറ്റെടുത്തു. ഇസ്രായേലി സൈന്യത്തിന് ഏതു സമയവും പള്ളിയിൽ പ്രവേശിക്കാനുള്ള അധികാരവും ലഭിച്ചു. ക്രിസ്ത്യാനികളുൾപ്പെടെയുള്ള മറ്റ് മതസ്ഥർക്കും ഇവിടെ സന്ദർശിക്കാൻ ഇസ്രായേൽ അനുമതി നൽകിയിരുന്നു. 1996ൽ അൽ അഖ്‌സ പ്രദേശത്ത് ഇസ്രായേലികൾ നടത്തിയ നിർമ്മാണം ഫലസ്തീനികളെ സംബന്ധിച്ച് അവരുടെ പുണ്യസ്ഥലത്തിന്റെ ലംഘനമായിരുന്നു. ഇത് മൂന്ന് ദിവസത്തിനുള്ളിൽ 80 പേരുടെ ജീവനെടുത്ത മറ്റൊരു ഏറ്റുമുട്ടലിന് കാരണമായി.

AL Aqsa Mosque
അല്‍ അഖ്‌സ മസ്ജിദ് screengrab, copyright: India Today

2014ൽ വലതുപക്ഷ റബ്ബിയായ യെഹൂദ ഗ്ലിക്കിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് അൽ അഖ്‌സയിലേക്കുള്ള പ്രവേശനം അടച്ചു പൂട്ടാൻ ഇസ്രായേൽ തീരുമാനിച്ചു. പുതിയ തീരുമാനം വീണ്ടും ആക്രമണങ്ങൾക്ക് കാരണമായി. ഇതേ വർഷം മാർച്ചിലും ഏപ്രിലിലും ഇസ്രായേൽ പോലീസ് ഫലസ്തീനികൾക്ക് നേരെ ഗ്രനേഡാക്രമണവും കണ്ണീർ വാതക പ്രയോഗങ്ങളും നടത്തി. ഇത് അന്താരാഷ്ട്ര കലാപത്തിന് വഴി തെളിച്ചു. ഫലസ്തീനികളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ ആക്രമണങ്ങളാണ് അൽ അഖ്‌സ ഇൻതിഫാദ എന്ന് അറിയപ്പെടുന്ന രണ്ടാം ഫലസ്തീൻ പ്രക്ഷോഭത്തിന് ഇടയാക്കിയത്.

2021ലെ ഇസ്രായേൽ – ഗാസാ ഏറ്റുമുട്ടലിനും ഈ ആക്രമണം കാരണമായി. 2021ൽ ഗാസാ സ്ട്രിപ്പിൽ 11 ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ ഗാസയിലെ 260 ആളുകളും ഇസ്രായേലിലെ 13 ആളുകളും കൊല്ലപ്പെട്ടു. 2022 ആഗസ്റ്റിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 30ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫലസ്തീന്റെ പ്രത്യാക്രമണത്തിൽ ഇസ്രായേലിലെ രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു.

2023 ഏപ്രിൽ ആദ്യവാരം അൽ അഖ്‌സ പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഫലസ്തീനികൾക്ക് നേരെ പ്രകോപനമില്ലാതെ ആക്രമണമുണ്ടായി. അറബ് രാജ്യങ്ങൾ സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 2023 സെപ്തംബർ 17ന് ഇസ്രായേലികൾ പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയപ്പോൾ അതേ സമയം പ്രധാന കവാടങ്ങളിൽ ഒന്നായ ബാബ് അസ് സിൽസിലയിലൂടെ അൽ അഖ്‌സയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഫലസ്തീനികളെയും സുരക്ഷാ സൈന്യം ആക്രമിച്ചു.

ഹമാസ് – ഇസ്രായേൽ മിസൈൽ ആക്രമണവും യുദ്ധവും

ഒക്ടോബർ 7ന് അപ്രതീക്ഷിതമായി ഹമാസ് ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയതോടെയാണ് ​​ഗാസയിൽ വീണ്ടും ഭീകരാന്തരീക്ഷം ഉടലെടുത്തിരിക്കുന്നത്. ജറുസലേം, ടെൽ അവീവ് അടക്കമുള്ള പ്രദേശങ്ങളിൽ ആക്രമണമുണ്ടായി. ഇസ്രായേൽ പ്രത്യാക്രമണത്തിന് ഇറങ്ങിപ്പുറപ്പെട്ടതോടെ ഫലസ്തീനിൽ കുട്ടികളടക്കം ആയിരങ്ങളുടെ ജീവനുകളാണ് പൊലിഞ്ഞത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ബന്ദികളാക്കുകയും ചെയ്തു.

ഹമാസ് ആരംഭിച്ച യുദ്ധം തങ്ങൾ അവസാനിപ്പിക്കുമെന്നായിരുന്നു ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. അമേരിക്ക, ബ്രിട്ടൺ, ജർമൻ അടക്കമുള്ള ഒന്നാം ലോകരാജ്യങ്ങൾ ഇസ്രായേലിന് പിന്തുണയറിയിച്ച് രം​ഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശിക്കുകയും അവർക്ക് സൈനിക സഹായം വാ​ഗ്ദാനം ചെയ്യുകയും ചെയ്തു. ഹമാസ് ആക്രമണത്തിൽ 27ഓളം അമേരിക്കക്കാർ കൊല്ലപ്പെട്ടെന്ന് വൈറ്റ് ഹൗസിൽ നിന്ന് സ്ഥിരീകരണവുമുണ്ടായി.

Hamas
ഹമാസിന്റെ മിസൈൽ ആക്രമണം screengrab, copyright: Abc news

അതേസമയം യുദ്ധം ഒരാഴ്ച്ച പിന്നിട്ടപ്പോഴേക്കും ​ഗാസയിലെ ജനങ്ങളുടെ സാഹചര്യം അതീവ ​ഗുരുതരാവസ്ഥയിലേക്ക് എത്തി. ഒക്ടോബർ 7 ന് മുമ്പ് ഹമാസ് ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിടുമ്പോൾ ഏകദേശം 5,200ഓളം ഫലസ്തീനികളാണ് ഇസ്രായേൽ ജയിലുകളിൽ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.

യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും പതിനായിരത്തിലധികം ഫലസ്തീനികൾ ഇസ്രായേലികളുടെ തടവിലായി. ഓരോ നിമിഷവും ആളുകൾ തടവിലാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഒറ്റരാത്രികൊണ്ട് തന്നെ 1,070 ഫലസ്തീനികളെ തടവിലാക്കിയിരുന്നു.

യുദ്ധം ആദ്യവാരം പിന്നിട്ടപ്പോൾ ​ഗാസയിൽ 50,000ത്തിലധികം ​ഗർഭിണികൾക്ക് കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത സാഹചര്യമായിരുന്നുവെന്നാണ് യുഎൻ ഭക്ഷ്യ സംഘടനയുടേതായി പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ സമയത്ത് 34ഓളം ആരോ​ഗ്യകേന്ദ്രങ്ങൾ തകർക്കപ്പെടുകയും 11 ആരോ​ഗ്യപ്രവർത്തകർ മരണപ്പെടുകയും ചെയ്തിരുന്നു.

Greek Orthodox church Gaza
ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ​ഗാസയിലെ ​ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് പള്ളി screengrab, copyright: CNBC

ആശുപത്രികളും, മോർച്ചറികളും തെരുവുകളിലുമെല്ലാം മൃതദേഹങ്ങൾ കുന്നുകൂടി കിടക്കുകയാണ്. മൃതദേഹങ്ങൾക്കിടയിൽ നിന്നുകൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്ന ഡോക്ടർമാരുടെ വീഡിയോയും മാധ്യമങ്ങളി‍ൽ നിറഞ്ഞു നിന്നിരുന്നു.

യുദ്ധം രണ്ടാം ആഴ്ച്ച കടന്നപ്പോഴേക്കും ഇസ്രായേൽ ആക്രമണം കൂടുതൽ കടുപ്പിക്കുകയായിരുന്നു. ഫലസ്തീനെ തുടച്ചുമാറ്റണമെന്ന ലക്ഷ്യത്തോടെയുള്ള ഈ പോക്കിൽ ​ഗാസയിലെ 1600 വർഷത്തോളം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയങ്ങളും പ്രധാന ആരോഗ്യകേന്ദ്രങ്ങളുമെല്ലാം ആക്രമിക്കപ്പെട്ടു. അന്താരാഷ്ട്ര യുദ്ധനിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണങ്ങളെന്നും വിവിധ രാജ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

സാധാരണക്കാർക്ക് വെള്ളവും വെളിച്ചവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ ആക്രമണം. ​ഗാസയിലെ ഭൂരിഭാ​ഗം ജലസംഭരണികളും വറ്റിയ അവസ്ഥയിലാണ്. വൈദ്യുതിയില്ലാത്തതിനാൽ ആശുപത്രികളും പ്രതിസന്ധി നേരിടുന്നു. നിരവധി ആളുകൾ ചികിത്സയ്ക്കായി വരികയും, യുദ്ധമുഖത്ത് ജനങ്ങൾക്ക് അഭയമായി മാറുകയും ചെയ്ത അൽ അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 500 പേരാണ് കൊല്ലപ്പെട്ടത്.

അൽ അഹ്ലി ആശുപത്രിയിലെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയും സ്ത്രീകളും screengrab, copyright: Aljazeera

ആംബുലൻസുകൾക്ക് നേരെയും ആക്രമണങ്ങളുണ്ടായി. ഇതെല്ലാം അന്താരാഷ്ട്ര യുദ്ധനിയമങ്ങളുടെ ലംഘനമാണ്. ആക്രമണങ്ങൾ നടത്തുമ്പോൾ ഒരു ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും ഇത്തരം അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടെന്നും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് കെയ്റോ ഉച്ചകോടിയിൽ നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞു.

അധിനിവേശ പ്രദേശങ്ങളിൽ കൂടുതൽ സെറ്റിൽമെന്റുകളുണ്ടാക്കിയാണ് ഇസ്രായേലിന്റെ മുന്നേറ്റം. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളായ കിഴക്കൻ ജറുസലേം, വെസ്റ്റ് ബാങ്ക് എന്നീ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റങ്ങൾ നടത്തുന്ന ഇസ്രായേൽ നടപടിയും യുദ്ധനിയമങ്ങൾക്ക് വിരുദ്ധമാണ്.

അധിനിവേശ ഭൂമിയിൽ അനധികൃത കുടിയേറ്റങ്ങൾ നിർമ്മിച്ച് ലക്ഷക്കണക്കിന് ഫലസ്തീനികളുടെ സ്വത്തുക്കൾ ഇസ്രായേലി ഭരണകൂടം കൈവശത്താക്കി കഴിഞ്ഞു. അധിനിവേശ വെസ്റ്റ്ബാങ്കിൽ 5,700ഓളം പുതിയ വീടുകൾ നിർമ്മിക്കാനായുള്ള പദ്ധതികളും ഇസ്രായേലി സർക്കാർ വികസിപ്പിച്ചിട്ടുണ്ട്.

ഇസ്രായേൽ ജനതയ്ക്ക് സുരക്ഷിതത്വവും ഫലസ്തീൻ ജനതയ്ക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യാൻ ദ്വിരാഷ്ട്ര ഫോർമുലയാണ് ഏക പരിഹാരമെന്നും അന്റോണിയോ ​ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.

Antonio Guterres
യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് screengrab, copyright: Press News Weekend

അതിനിടെ ഈജിപ്തിൽ നിന്ന് റെഡ് ക്രെസന്റുൾപ്പെടെ വിവിധ സംഘടനകൾ ​ഗാസയിലേക്ക് മരുന്നും ഭക്ഷണവും ഉൾപ്പെടെ മറ്റ് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി റഫാ അതിർത്തിഉൾപ്പെടെ തുറന്നിട്ടുണ്ട്. ഏത് നിമിഷവും മരണപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഫലസ്തീനികൾ ഓരോ ദിവസവും തള്ളിനീക്കുന്നത്.

ആക്രമണത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടാൽ അവരെ തിരിച്ചറിയാൻ കുട്ടികളുടെ കാലുകളിൽ പേരുകൾ എഴുതിവെക്കുകയാണ് ഇവിടുത്തെ മാതാപിതാക്കൾ. ഒരു വശത്ത് വെടിവെയ്പും ബോംബേറും വ്യാപകമാകുമ്പോൾ മറുവശത്ത് വ്യാജപ്രചാരണങ്ങളും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

Injured people Gaza
​       ഗാസയിലെ ഖാൻ യൂനിസ് പട്ടണത്തിലെ രക്ഷാപ്രവർത്തനം screengrab, copyright: The New Indian Express

ഹമാസ് ഇസ്രായേലി കുട്ടികളുടെ തലയറുത്തെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ യുദ്ധമുഖത്തെ ജനങ്ങളെയും ലോകത്തെയും നടുക്കുന്നതായിരുന്നു. സംഭവത്തിൽ വാർത്താ അവതാരക മാപ്പുപറയുകയും വിശദീകരണം നൽകുകയും ചെയ്യുന്ന സാഹചര്യവും ഇതിനിടെയുണ്ടായിരുന്നു.

ആശുപത്രികളേയും അഭയാർത്ഥി കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് യുദ്ധപ്രഖ്യാപനവുമായി ഇസ്രായേൽ മുന്നോട്ട് പോകുമ്പോൾ നിഷ്കളങ്ക ബാല്യങ്ങളുൾപ്പെടെ ഒരു ജനതയുടെ സ്വപ്നങ്ങൾ എരിഞ്ഞടങ്ങുന്ന ഹൃദയഭേദകമായ കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

FAQs

എന്താണ് ഹമാസ്?

ആദ്യ ഇൻതിഫാദയ്ക്ക് ശേഷം ഫലസ്തീനിൽ രൂപീകൃതമായ രാഷ്ട്രീയ പാർട്ടിയാണ് ഹമാസ്. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്ന് പറയപ്പെടുന്ന ഹമാസിന്റെ പൂർണ രൂപം ഹർക്കത്തുൽ മുഖാവാമ അൽ ഇസ്ലാമിയ എന്നാണ്. ഷെയ്ഖ് അഹമ്മദ് യാസിന്റെയും കൂട്ടാളി അബ്ദുൾ അസിസ് അൽ-റാന്റിസിയുടെയും നേതൃത്വത്തിലാണ് ഹമാസ് സ്ഥാപിക്കപ്പെട്ടത്.

ആരാണ് യാസർ അറഫാത്ത്?

ഫലസ്തീന്റെ ആദ്യ പ്രസിഡന്റും ഫലസ്തീൻ ലിബറൈസേഷൻ ഓർ​ഗനൈസേഷന്റെ ചെയർമാനുമായിരുന്നു യാസർ അറഫാത്ത്. ഫലസ്തീൻ സംഘർഷത്തിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തുടർന്ന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

ആരാണ് അന്റോണിയോ ​ഗുട്ടെറസ്?

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലാണ് പോർച്ചു​ഗീസുകാരനായ അന്റോണിയോ ​ഗുട്ടെറസ്. 1995 മുതൽ 2002 വരെ പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായും സേവനമനുഷ്ഠിക്കുകയും ചെയ്തു.

Quotes

ഒരു കയ്യിൽ ഒലിവ് മരത്തിന്റെ ചില്ലയും മറുകൈയിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ യന്ത്രതോക്കുമെന്തിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. എന്റെ കയ്യിൽ നിന്നും ഈ ഒലിവിന്റെ ചില്ല താഴെ വീഴാൻ അനുവദിക്കരുത്