Wed. Dec 18th, 2024

മയ്തേയികള്‍ വെടിയുതിര്‍ക്കുന്നത് ഗ്രാമങ്ങളുടെ അരികില്‍ നിന്നാണ്. മുസ്ലിം പ്രദേശം എന്ന് വീടുകളുടെ ചുമരുകളില്‍ എഴുതി വെക്കേണ്ട അവസ്ഥയാണ് ഞങ്ങൾക്ക്

തൊര്‍ബുങില്‍ ഇന്ന് (3 ഓഗസ്റ്റ് 2023) കലാപത്തില്‍ കൊല്ലപ്പെട്ട 35 കുക്കികളുടെ സംസ്കാരം നടക്കാന്‍ പോവുകയാണ്. കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്‌പൂരിൻ്റെയും മയ്തേയി ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപൂരിൻ്റെയും അതിര്‍ത്തിയാണ് തൊര്‍ബുങ്‌. മയ്തേയികള്‍ അവരുടെതെന്ന് അവകാശപ്പെടുന്ന തൊര്‍ബുങ്‌ ബംഗ്ലായിലെ സെറികൾച്ചർ ഫാമിന് സമീപമാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിക്കാന്‍  ഐടിഎൽഎഫ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍  ചിൻ-കുക്കി മയക്കുമരുന്ന് ഭീകരരുടെ മൃതദേഹങ്ങൾ സംസ്കരിക്കാന്‍ അനുവദിക്കില്ല എന്നാണ് മയ്തേയികളുടെ നിലപാട്. 

ചുരാചന്ദ്പൂരി വെച്ച് അന്ത്യകര്‍മ്മങ്ങള്‍ നടത്തി കാല്‍നടയായി മൃതദേഹങ്ങള്‍ തൊര്‍ബുങില്‍ എത്തിച്ച് സംസ്കരിക്കാനാണ് കുക്കികളുടെ പദ്ധതി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന, മെയ് മൂന്ന് മുതല്‍ നടക്കുന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട കുക്കികളുടെ മൃതദേഹങ്ങളാണ് കൂട്ടമായി സംസ്കരിക്കാന്‍ പോകുന്നത്. സംസ്കരണം തടയാന്‍ മയ്തേയികള്‍ തലേ ദിവസം തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്. കുക്കികള്‍ അവരുടെ പ്രദേശങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്. ചെറിയൊരു പ്രകോപനം ഉണ്ടായാല്‍ത്തന്നെ ഇരുഭാഗത്ത് നിന്നും ആക്രമണങ്ങള്‍ ഏതു നിമിഷവും സംഭവിക്കാം. അതാണ്‌ തൊര്‍ബുങിലെ ഇന്നത്തെ സാഹചര്യം. 

രാവിലെ തന്നെ തൊര്‍ബുങിലേയ്ക്ക് പുറപ്പെട്ടു. ഓട്ടോകളിലും ലോറികളിലും വാനുകളിലും ആയി മയ്തേയി സ്ത്രീകള്‍ തൊര്‍ബുങിലേയ്ക്ക് പോയികൊണ്ടിരിക്കുകയാണ്. കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ റോഡ്‌ സൈഡില്‍ സ്ത്രീകള്‍ നിരന്നുനില്പുണ്ട്. എല്ലാ കവലകളിലും പൂജയും പ്രാര്‍ത്ഥനകളും നടക്കുന്നു. പലയിടത്തും റോഡ്‌ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

കുക്കികളുടെ സംസ്കാരം തടയാനായി വാഹനത്തിൽ എത്തുന്ന മയ്തേയി സ്ത്രീകൾ Copyright@Woke Malayalam

മൊയ്റാങ്ങില്‍ നിന്നും റോഡില്‍  തിരക്ക് വര്‍ദ്ധിച്ചു. സ്ത്രീകളും യുവാക്കളും കാല്‍നടയായും വണ്ടികളിലും തൊര്‍ബുങ്‌ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പലരുടെയും കയ്യില്‍ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഉണ്ട്. മുതിര്‍ന്ന സ്ത്രീകളുടെ പക്കല്‍ പട്ടിക പോലെ തോന്നിക്കുന്ന വടികള്‍ കാണാം. ഇടയ്ക്ക് രണ്ട് സ്ഥലത്ത് ഞങ്ങളുടെ വണ്ടി പരിശോധിച്ചു. ക്വാക്തയ്ക്ക് മുമ്പായി ആയിരങ്ങളെക്കൊണ്ട് വഴികള്‍ നിറഞ്ഞു. ഇഴഞ്ഞിഴഞ്ഞാണ് ഞങ്ങളുടെ വണ്ടി നീങ്ങുന്നത്. ആയിരങ്ങളെ വകഞ്ഞുമാറ്റി മുമ്പോട്ട്‌ പോകല്‍ ദുസ്സഹമാണ്. ഈ സമയത്തിനിടെ പത്തോളം ആംബുലന്‍സുകള്‍ കടന്നുപോയി. 

മുന്നില്‍ പോകുന്ന ജനക്കൂട്ടത്തിൻ്റെയും വാഹനങ്ങളുടെയും ഫോട്ടോകള്‍ എടുക്കുന്നത് കണ്ട് മയ്തേയി സ്ത്രീകള്‍ എൻ്റെ ഫോണ്‍ തട്ടിപ്പറിച്ചു. അതിലെ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ ചില യുവാക്കളോട് പറഞ്ഞു. അവര്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ സ്ത്രീകള്‍ കാറിലേയ്ക്ക് തള്ളിക്കയറി പരിശോധിച്ചു. സ്ത്രീകള്‍ മണിപ്പൂരി ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ട്.

നിങ്ങള്‍ പുറത്തുനിന്നുള്ളവരോട് ഇങ്ങനെയാണോ പെരുമാറുക എന്ന് ഞാന്‍ അവരോടു ഇംഗ്ലീഷില്‍ ചോദിച്ചു. ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തക ആണെന്നും പറഞ്ഞു. ഇത്കേട്ട ഒരു ചെറുപ്പക്കാരന്‍  ക്ഷമിക്കണം, അവരുടെ വികാരം ആണ് ഇത് എന്ന് തിരിച്ചു പറഞ്ഞു. ഫോണ്‍ തന്നില്ലെങ്കില്‍ ഞാന്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുമെന്നും അവരോടായി പറഞ്ഞു. എന്നിട്ട് ഫോണ്‍ തിരികെ വാങ്ങി. ഇനി ഫോട്ടോ എടുക്കരുതെന്ന മുന്നറിയിപ്പ് തന്ന് അവര്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു.

തിരക്കായതിനാല്‍ ഹൈവേ ഒഴിവാക്കി ഞങ്ങള്‍ മുസ്ലീം ഗ്രാമങ്ങളിലൂടെയുള്ള ഇടവഴികള്‍ കയറി ക്വാക്തയില്‍ എത്തി. അവിടെനിന്നും തൊര്‍ബുങിലേയ്ക്ക് നടന്നുപോകാന്‍ ആയിരുന്നു പ്ലാന്‍. ഇതിനിടെ ഒരു മുസ്ലീം സുഹൃത്തിനെ ഡ്രൈവര്‍ വിളിച്ചിരുന്നു. അദ്ദേഹം ഞങ്ങളെ മയ്തേയി പങ്ങല്‍ ഇന്‍ഡലക്ച്ചല്‍ ഫോറത്തിൻ്റെ ഓഫീസില്‍ കൊണ്ടിരുത്തി. അവിടെ എത്തിയപ്പോഴാണ് കുക്കികളുടെ സംസ്കാരം മാറ്റിവെച്ച കാര്യം അറിയുന്നത്.

കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്കാരം മാറ്റിവെച്ചത്. മാറ്റിവെക്കാന്‍ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് കുക്കി നേതാക്കളുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശം മാനിച്ച് ഐടിഎല്‍എഫ് കൂട്ട സംസ്കരണ പരിപാടിയില്‍ നിന്നും പിന്തിരിയുകയാണുണ്ടായത്. 

Kuki Tribal body plans mass burial Manipur on high alert
കുക്കികളുടെ സംസ്കാരം തടയാനായി ഒത്തുകൂടിയവർ Copyright@Woke Malayalam

മയ്തേയി പങ്ങല്‍ ഇന്‍ഡലക്ച്ചല്‍ ഫോറത്തിൻ്റെ പ്രസിഡന്റ് എം ഡി നസീര്‍ ഖാന്‍ ഓഫീസിലേയ്ക്ക് എത്തി. നാസിര്‍ ക്വാക്തയില്‍ ഒരു സ്കൂള്‍ നടത്തുകയാണ്. സ്കൂളിനോട് ചേര്‍ന്ന വെടിവെപ്പ് നടക്കുന്നതിനാല്‍ അദ്ദേഹം അസ്വസ്ഥനാണ്. തൊര്‍ബുങില്‍ വെടിവെപ്പ് നടക്കുകയാണെന്നും നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാപം തുടങ്ങിയത് മുതല്‍ ക്വാക്തയിലെ മുസ്ലീങ്ങളുടെ അവസ്ഥ മോശമാണെന്നും അതിര്‍ത്തി പ്രദേശം ആയതുകൊണ്ടുതന്നെ ഏതു നിമിഷവും ആക്രമണങ്ങള്‍ പ്രതീക്ഷിച്ചാണ് അവിടെ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ചുരാചന്ദ്പൂർ ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒമ്പത് അഡ്മിനിസ്ട്രേറ്റീവ് വാർഡുകളാണ് ക്വാക്ത മുനിസിപ്പൽ കൗൺസിലിന് കീഴിലുള്ള പ്രദേശം. ക്വാക്തയിലെ ജനസംഖ്യയുടെ 91.5 ശതമാനവും മുസ്ലീങ്ങളാണ്. ഒരുപക്ഷേ കലാപത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗം ക്വാക്തയിലെ ജനങ്ങളാണ്. കുക്കി-മയ്തേയി പ്രദേശങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി ഗ്രാമം ആയതുകൊണ്ടുതന്നെ ഇപ്പോഴും അക്രമങ്ങള്‍ നടക്കും.

മയ്തേയികള്‍ വെടിയുതിര്‍ക്കുന്നത് ക്വാക്ത ഗ്രാമങ്ങളുടെ അരികില്‍ നിന്നാണ്. മുസ്‌ലിം പ്രദേശം എന്ന് വീടുകളുടെ ചുമരുകളില്‍ എഴുതി വെക്കേണ്ട അവസ്ഥയാണ് ഗ്രാമത്തിലുള്ളവര്‍ക്ക്. രാത്രികളില്‍ കുക്കികളും മയ്തേയികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ പള്ളികളിലാണ് ഗ്രാമവാസികള്‍ അഭയം പ്രാപിക്കുക. രാവിലെ തിരിച്ച് വീടുകളിലേയ്ക്ക് മടങ്ങും. 

കലാപം ആരംഭിച്ചതിന് ശേഷം ചുരാചന്ദ്പൂരിൻ്റെയും ബിഷ്ണുപൂർ ജില്ലയുടെയും അതിർത്തിയിൽ താമസിക്കുന്ന നൂറുകണക്കിന് മയ്തേയികളും കുക്കികളും  ക്വാക്തയിലെ മുസ്ലീം വീടുകളിലാണ് അഭയം പ്രാപിച്ചത്. എന്നിട്ടും മയ്തേയികള്‍ മുസ്ലീം പ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന രീതിയില്‍  കുക്കി ഗ്രാമങ്ങളിലേയ്ക്ക് വെടിയുതിര്‍ക്കുന്നുവെന്ന് നസീര്‍ ഖാന്‍ പറഞ്ഞു. അക്രമത്തിൽ നിന്ന് രക്ഷപ്പെട്ട മയ്തേയികൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥാപിക്കാൻ മുസ്ലീങ്ങള്‍ ആണ് മുന്‍കൈ എടുത്തതെന്നും പിരിവെടുത്തും സംഭാവനകളിലൂടെയും ക്യാമ്പുകളിലേയ്ക്ക് വേണ്ട അവശ്യസാധനങ്ങള്‍ തങ്ങള്‍ എത്തിക്കുന്നുണ്ടെന്നും നസീര്‍ ഖാന്‍ പറഞ്ഞു.

ഇരുപതോളം മയ്തേയികള്‍ക്ക് തൻ്റെ വീട്ടില്‍ ഒരു മാസം അഭയം കൊടുത്തെന്നും ബന്ധുക്കള്‍ എത്തിയപ്പോള്‍ ഒരു നന്ദിവാക്ക് പോലും പറയാതെ  അവര്‍ പോയെന്നും നസീര്‍ ഖാന്‍ പറഞ്ഞു. മയ്തേയികള്‍ നന്ദി ഇല്ലാത്തവര്‍ ആണെന്നും എന്നാല്‍ തങ്ങള്‍ രക്ഷപ്പെടുത്തിയ കുക്കികള്‍ ചുരാചന്ദ്പൂരില്‍ എത്തിയതിനു ശേഷം പള്ളികളില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

 Meitei Pangal Intellectual Forum
എം ഡി നസീര്‍ ഖാന്‍ -മയ്തേയി പങ്ങല്‍ ഇന്‍ഡലക്ച്ചല്‍ ഫോറം പ്രസിഡന്റ് Copyright@Woke Malayalam

കുക്കികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് ആരോപിച്ച് ഇംഫാലില്‍ വെച്ച് ക്വാക്തയിലെ യുവാവിനുനേരെ മയ്തേയികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിലെ സെറികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ ഫീൽഡ് ഓഫീസറായി ജോലി ചെയ്യുന്ന മുഹമ്മദ്‌ യഷീറിനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം തങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണം നിരവധി മയ്തേയി പങ്ങലുകൾ  തോക്ക് ലൈസൻസിനായി സര്‍ക്കാരിലേയ്ക്ക് അപേക്ഷ വെച്ചിട്ടുണ്ട്.

ക്വാക്തയിലെ മുസ്ലീങ്ങള്‍ക്ക് ചുരാചന്ദ്പൂരില്‍ വ്യാപാരസ്ഥാപനങ്ങളുള്ളതിനാല്‍ ഇവര്‍ കുക്കികളെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് മയ്തേയികള്‍ ധരിച്ചുവെച്ചിരിക്കുന്നത്. സത്യത്തില്‍ ക്വാക്തയില്‍ മയ്തേയികള്‍ക്ക് വേണ്ടിയുള്ള എല്ലാ സഹായങ്ങളും മുസ്ലീങ്ങള്‍ എത്തിക്കുന്നുണ്ടെങ്കിലും മനസ്സുകൊണ്ട് തങ്ങള്‍ കുക്കികളുടെ കൂടെയാണെന്ന് നസീര്‍ പറഞ്ഞു. കാരണം സാഹചര്യം കിട്ടിയാല്‍ മയ്തേയികള്‍ പങ്ങലുകളെയും ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഞങ്ങള്‍ താഴ്‌വരകളുടെ ഭാഗമാണ്, ഇതിനിടയിൽ  കിടന്ന് ഞങ്ങള്‍ ബുദ്ധിമുട്ടുകയാണ്. സ്‌കൂളിൽ പോകുന്ന കുട്ടികളേയും  ചെറുകിട കച്ചവടം നടത്തി ഉപജീവനം നയിക്കുന്ന പാവപ്പെട്ടവരേയുമാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അവരാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. അതിനാൽ സ്ഥിതിഗതികൾ എത്രയും വേഗം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ ശക്തമായ എന്തെങ്കിലും നടപടികൾ കൈക്കൊള്ളണമെന്ന് ഞങ്ങൾ  ആഗ്രഹിക്കുന്നു. ഇതുപോലെ ജീവിതം മുന്നോട്ട് പോവാനാവില്ല.

ഇത്തരമൊരു സാഹചര്യം വന്നാൽ ഞങ്ങളുടെ കുട്ടികളുടെ ഭാവി എന്താവുമെന്ന് അറിയില്ല. നാളെ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്കുറപ്പില്ല. ഞങ്ങള്‍ക്ക് ഭാവി പ്രവചിക്കാനാവില്ല. സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അവരാണ് ഇപ്പോൾ തെരുവിലിറങ്ങേണ്ടി വരുന്നത്. സംസ്ഥാനത്തിൻ്റെ എല്ലാ വികസനത്തിലും സ്ത്രീകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിൻ്റെ ഭൂപ്രദേശം സംരക്ഷിക്കാൻ അവർ ഇപ്പോൾ തെരുവിലിറങ്ങുകയാണ്. ഇത് വളരെ ദൗര്‍ഭാഗ്യകരമായി തോന്നുന്നു.

relief camp in Kangopki
കാങ്‌പോക്പിയിലെ ഒരു ദുരിതാശ്വാസ ക്യാമ്പ് Copyright@Woke Malayalam

മെയ് 3-ന് എല്ലാവരും ഞങ്ങളുടെ ഗ്രാമത്തിലേക്ക് തള്ളിക്കയറി. കാങ്‌വായ്, തൊര്‍ബുങ്‌, സൈതോൺ, വൈകുറോഗ് എന്നിവിടങ്ങളിൽ നിന്നും ഗ്രാമവാസികളെല്ലാം ക്വാക്തായിലേക്ക് എത്തിച്ചേർന്നു. ഞങ്ങൾ ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിച്ചു. മൂന്നാം ദിവസം തന്നെ ആദ്യ ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിച്ചത് ക്വാക്ത ജനതയാണ്. ഞങ്ങൾ അവർക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കി.

ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഓടിക്കയറിയ മയ്തേയികള്‍ക്ക് ഞങ്ങളുടെ വീടുകളില്‍ അഭയം നല്‍കി. 20 പേര്‍ ഒരു മാസത്തോളം ഞങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്നു. അതിനു ശേഷം അവര്‍ അവരുടെ ബന്ധുക്കളെ കണ്ടെത്തി അങ്ങോട്ടേയ്ക്ക് മാറി. എങ്കിലും ഇപ്പോഴും ക്വാക്ത ഗ്രാമത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളാണ് അതിൻ്റെ കാര്യങ്ങള്‍ നോക്കുന്നത്.

രണ്ടുപേർ വഴക്കിടുമ്പോൾ വഴക്കിടരുത് എന്ന് പറഞ്ഞ് അവരെ തടയാൻ മൂന്നാമതൊരാൾ ഉണ്ടായിരിക്കണം. അവര്‍ക്ക് മാത്രമേ പ്രശ്നത്തിൻ്റെ ആഴം മനസ്സിലാക്കികൊടുക്കാന്‍ സാധിക്കൂ. പക്ഷേ സംസാരിച്ചതു കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. രാഷ്ട്രീയപരമായി മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ. ഞങ്ങൾ രണ്ട് കമ്മ്യൂണിറ്റികളെയും സഹായിക്കുകയാണ്. സർക്കാരിൻ്റെ അജണ്ട എന്താണെന്ന് യഥാർത്ഥത്തിൽ ഞങ്ങൾക്ക് അറിയില്ല. എന്നാൽ സമീപഭാവിയിൽ മറ്റേതൊരു സമുദായങ്ങൾക്കിടയിലും ഇത് സംഭവിക്കാം.

അതുകൊണ്ട് ഓരോ തവണയും ഇത്തരം സാഹചര്യം വരുമ്പോൾ സർക്കാരിന് ഇത്തരം സാഹചര്യങ്ങളും അതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അത് വളരെ ദൗർഭാഗ്യകരമാണ്. ഇത് ഒരിക്കലും സംഭവിക്കാതിരിക്കാൻ കർശനമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ഗുജറാത്തിലെ കലാപത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കശ്മീരിലെ അക്രമത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇത്തരം എത്രയോ സംഭവങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.

പക്ഷെ അതൊന്നും മൂന്ന് ആഴ്ചയ്ക്ക് മുകളില്‍ നീണ്ടുനിന്നിട്ടില്ല. എന്നാല്‍ ഇവിടെ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര സേനയ്ക്കും കഴിഞ്ഞ മൂന്നു മാസമായി ഇവിടെത്തെ പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ അത്ര ഗൗരവത്തിലെടുത്തില്ലെന്ന് തോന്നുന്നു. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ മൗനം പാലിക്കുന്നത്? ഒരു പൗരനെന്ന നിലയിൽ നമുക്ക് അറിയാത്ത രാഷ്ട്രീയ കാരണങ്ങളുണ്ടാകാം.

എന്നാൽ ഇപ്പോൾ പാർലമെന്‍റ് സമ്മേളനം നടക്കുന്നുണ്ടെന്ന് തോന്നുന്നു. പ്രധാനമന്ത്രി സംസാരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു. പക്ഷേ, പ്രധാനമന്ത്രിക്ക് ഇപ്പോഴും സംസാരിക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് തോന്നുന്നു. ആഭ്യന്തരമന്ത്രി മൂന്ന്  ദിവസം ഇവിടെയുണ്ടായിരുന്നു. പോയിട്ട് അടുത്ത പത്ത് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും പരിഹാരം വളരെ വേഗം ഉണ്ടാക്കാമെന്നും  അദ്ദേഹം മണിപ്പൂരിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹം ഒരിക്കലും തിരിച്ചു വന്നില്ല. അങ്ങനെയാണ് കാര്യങ്ങൾ ഇവിടെവരെ നീണ്ടത്.

ഞങ്ങളുടെ അഭിപ്രായത്തിൽ ഇരുവിഭാഗവും വളരെ ആക്രമണകാരികളാണ് അവർ അവരുടെ വികാരങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പ്രണയത്തിലും യുദ്ധത്തിലും എന്തും ന്യായമാണ് എന്ന് ആളുകള്‍ പറയുന്നത്. ഏകദേശം 35 ഓളം സമുദായങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. അവർക്ക് അവരുടേതായ വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ഉണ്ട്. ഇതാണ് മണിപ്പൂരിൻ്റെ സൗന്ദര്യം.

എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. നേരത്തെയും മയ്തേയികളും പങ്ങലുകളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. നാഗകളും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് അത് സമയബന്ധിതമായി പരിഹരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ പ്രത്യേക സംഭവത്തിന് പിന്നിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും എന്ത് അജണ്ടയാണെന്ന് എനിക്കറിയില്ല. കാരണം ഇവിടെ ഭരിക്കുന്നത് ബിജെപിയാണ്. രണ്ടും ഒരേ രാഷ്ട്രീയ ഘടകം ആയതിനാല്‍ അവർക്ക് ശാശ്വതമായ പരിഹാരത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്‌.

സർക്കാർ പരിഹാരം കാണുകയാണെങ്കിൽ, കുക്കികള്‍ക്ക് ഒരു പ്രത്യേക ഭരണത്തിൻ്റെ ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. കാരണം ഇതൊരു ചെറിയ സംസ്ഥാനമാണ്. ഇരു വിഭാഗവും  വിദൂര സ്ഥലങ്ങളില്‍ ഉള്ളവരല്ല. അവർ അടുത്ത് തന്നെയാണ്. വേർപിരിഞ്ഞാൽ പോലും അവർ വീണ്ടും അടുത്തടുത്ത് തന്നെയാണ്. അതുകൊണ്ട് കേന്ദ്രസർക്കാര്‍ വേണ്ട നടപടിയെടുത്താല്‍ പിന്നെ പ്രത്യേക ഭരണത്തിൻ്റെ ആവശ്യമില്ല. പക്ഷേ അതിന് സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.

pangal meitei muslims in manipur manipuri muslims
ലില്ലോങ്ങിലെ പങ്ങൽ മുസ്ലിങ്ങൾ Copyright@Woke Malayalam

സമീപ ഭാവിയിൽ മയ്തേയ് പങ്ങലുകൾ സംവരണ വിഷയം ഉന്നയിക്കും. ഞങ്ങളും ഗോത്ര പദവി ആവശ്യപ്പെടും. ഇതിനായി ഞങ്ങൾക്കൊരു കമ്മിറ്റിയുണ്ട്. ഈ കമ്മിറ്റി പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണുകയും മെമ്മോറാണ്ടകൾ സമർപ്പിക്കുകയും ചെയ്യും. 20 വർഷങ്ങള്‍ പിന്നിലേക്ക് നോക്കുകയാണെങ്കിൽ ഇന്ത്യൻ സർക്കാർ സംവരണ നയങ്ങൾ രൂപീകരിക്കുമ്പോൾ ജനസംഖ്യാ അനുപാതത്തിൽ വേണ്ട രീതിയില്‍  ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന് കാണാന്‍ കഴിയും.

മണിപ്പൂരിലെ മുസ്ലീങ്ങൾ ഏകദേശം 8.4% ആണ്. എന്നാൽ ഒബിസി ആയി ഞങ്ങള്‍ക്ക് ലഭിക്കുന്ന സംവരണം 4% മാത്രമാണ്. ഇപ്പോൾ ഞങ്ങൾക്ക് അവസരങ്ങൾ വളരെ കുറവാണ്. ഞങ്ങളില്‍ കുറച്ച് ഉദ്യോഗസ്ഥരുണ്ട്. ഞങ്ങൾക്ക് പരിമിതമായ രാഷ്ട്രീയ പ്രാതിനിധ്യവുമുണ്ട്. കൂടാതെ ഞങ്ങൾക്ക് അല്പം ഭൂമിയും ഉണ്ട്. പക്ഷേ ഞങ്ങളുടെ  ജനസംഖ്യ വർഷം തോറും കുതിച്ചുയരുകയാണ്. ഇവയെല്ലാം എസ്.ടി സംവരണം ആവശ്യമുള്ള ചില ഘടകങ്ങളാണ്. അതില്ലെങ്കിൽ അടുത്ത 10- 15 വർഷത്തിനുള്ളിൽ ഞങ്ങളുടെ  നിലനില്പ് അപകടത്തിലാകും. എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം!

പദവിയുണ്ടെങ്കിൽ ഞങ്ങളുടെ ഭൂമിയെങ്കിലും സംരക്ഷിക്കപ്പെടും അതുവഴി ഞങ്ങളുടെ സംസ്‌കാരം സംരക്ഷിക്കപ്പെടും. സർക്കാർ ജോലികളിൽ ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, രാഷ്ട്രീയമായി മുന്‍തൂക്കം ഉണ്ടായേക്കാം, ഇപ്പോൾ അത്തരത്തിലുള്ള സംവരണങ്ങളൊന്നും ഞങ്ങൾക്കില്ല. മണിപ്പൂർ രാജാക്കന്മാർ ഭരിച്ചിരുന്ന കാലത്തും മണിപ്പൂർ സ്വതന്ത്രമാവുകയും ഇന്ത്യയിൽ ലയിക്കുകയും ചെയ്ത കാലത്തും രാഷ്ട്രീയമായി ഞങ്ങള്‍ക്ക് ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. അന്ന് ഞങ്ങള്‍ക്ക് 7-8 ജന പ്രതിനിധികൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അത് 2-3 ആയി കുറഞ്ഞു. ആകെയുള്ള വ്യത്യാസം ലില്ലോങ്ങ് മണ്ഡലത്തില്‍ മയ്തേയ് പങ്ങലിന് ആധിപത്യം ഉള്ളത് മാത്രമാണ്.

ലില്ലോങ്ങിലെ പള്ളിയിൽ കൂടിയിരിക്കുന്ന പങ്ങൽ മുസ്ലിങ്ങൾ Copyright@Woke Malayalam

മണിപ്പൂരിലെ മുസ്ലീങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നിലാണ്. കഴിഞ്ഞ അഞ്ച്, പത്ത് വർഷമായി വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അത്രയധികം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ല. പെൺകുട്ടികളുടെയും, സ്ത്രീകളുടെയും വിദ്യാഭ്യാസം വളരെ കുറഞ്ഞ തോതിലായിരുന്നു, എന്നാൽ ഇപ്പോൾ അവ ഉയർന്നുവരുന്നുണ്ട്. ഹൈസ്കൂൾ തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും മുസ്ലീം പെൺകുട്ടികൾ ഇപ്പോള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്.

സ്‌പോർട്‌സിൻ്റെ കാര്യത്തിൽ, മണിപ്പൂരിൽ മുസ്ലീങ്ങളുടെ പങ്കാളിത്തം വളരെ കുറവാണ്. കുട്ടികള്‍ കാര്യമായി പങ്കെടുക്കുന്നില്ല. ദേശീയ – അന്തർദേശീയ തലത്തിൽ മുസ്ലീം സമുദായങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം വളരെ കുറവാണ്. എന്നാൽ ഞങ്ങൾക്ക് ധാരാളം കായിക താരങ്ങളുണ്ട്. മുസ്ലീങ്ങളുടെ ഇടയിൽ സർക്കാർ ജീവനക്കാരുടെ എണ്ണവും വളരെ പരിമിതമാണ്.

ഞങ്ങളിൽ ഭൂരിഭാഗവും  ബിസിനസ്സിനെ ആശ്രയിക്കുന്നവരാണ്. എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന തരത്തിൽ  ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു. കൃഷിയുടെ കാര്യം പറയുകയാണെകിൽ, കൃഷി ഞങ്ങളുടെ ശക്തമായ സാമ്പത്തിക അടിത്തറയാണ്. മിക്കവാറും എല്ലാവരുംതന്നെ കാർഷികവൃത്തിയിൽ ഏർപ്പെടുന്നുണ്ട്.

മണിപ്പൂരില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനോട് ഞങ്ങള്‍ എതിരാണ്. ഞങ്ങൾ ഇവിടെ താമസിക്കാന്‍ തുടങ്ങിയത് 400-ലധികം വർഷങ്ങൾക്ക് മുമ്പാണ്‌. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മണിപ്പൂരിലെ കുടിയേറ്റം വളരെ കുറഞ്ഞുവെന്ന് പറയേണ്ടി വരും. അഭയാർത്ഥി ക്യാമ്പുകളും മറ്റും കാരണം മാത്രമാണ് ഇവിടെ കുടിയേറ്റം സംഭവിക്കുന്നത്.

ബംഗ്ലാദേശിൽ നിന്നോ, മ്യാൻമറിൽ നിന്നോ, സിറിയയിൽ നിന്നോ, മറ്റു ചില രാജ്യങ്ങളിൽ നിന്നൊക്കെ ആവാം ആളുകള്‍ എത്തുന്നത്. മ്യാൻമാറിലെ കലാപം കാരണം മ്യാൻമാറിൽ നിന്നുള്ള ചെറിയ തോതിലുള്ള കുടിയേറ്റമുണ്ട്. മയ്തേയികള്‍, മുസ്ലീങ്ങൾ തുടങ്ങിയവരുടെ കുടിയേറ്റങ്ങള്‍ വളരെ കുറവാണ്. സർക്കാർ രേഖ അനുസരിച്ച് നൂറു കണക്കിന് കുക്കി കുടിയേറ്റങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്നു. അങ്ങനെയുള്ളവരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കേണ്ടതുണ്ട്. നസീര്‍ ഖാന്‍ പറഞ്ഞു. 

ഞങ്ങള്‍ തമ്മിലുള്ള സംസാരത്തിനു ശേഷം അദ്ദേഹം ശബ്ദം താഴ്ത്തി പുറത്തേയ്ക്ക് വരാന്‍ പറഞ്ഞു. മയ്തേയി പോലീസുകാര്‍ ഓഫീസില്‍ ഇരിക്കുന്നത് കൊണ്ടാണ് പുറത്തേയ്ക്ക് വരാന്‍ പറഞ്ഞതെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നെ ഒരു മുറിയിലേയ്ക്ക് ഇരുത്തി. പുറത്ത് കുറച്ചുമാറി വെടിവെപ്പ് നടക്കുന്നതിനാല്‍ മുറിയുടെ ജനലുകളും വാതിലുകളും അടച്ചിട്ടു.

മണിപ്പൂരിലെ മുസ്ലീങ്ങളുടെ ജീവിതം ദുസ്സഹമാണെന്നും അതുകൊണ്ട് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പങ്ങലുകള്‍ മണിപ്പൂര്‍ വിടാന്‍ പദ്ധതി ഇടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലേയ്ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കുടിയേറാനാണ് ഇവര്‍ക്ക് താല്പര്യം. ആദ്യ ഘട്ടത്തില്‍ നൂറ് കുടുംബങ്ങള്‍ കാനഡയില്‍ പോയി താമസമാക്കാനാണ് ഉദ്ദേശിക്കുന്നത്.അതിനുവേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചെന്നും നസീര്‍ പറഞ്ഞു.

മണിപ്പൂര്‍ വിട്ട് പോയില്ലെങ്കില്‍ മുസ്ലീങ്ങളുടെ അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്നും ഇതുപോലെ കലാപത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കലാപം അഞ്ചുമാസം നീണ്ടുനിന്നാല്‍ രൂക്ഷമായ ആക്രമണങ്ങള്‍ കാണേണ്ടിവരുമെന്നും മറ്റു രാജ്യങ്ങളുടെ പിന്തുണയോടെ ഇരു വിഭാഗവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൻ്റെ മൗനം മറ്റു കമ്മ്യൂണിറ്റികളുടെ നിലനില്പിന് ഭീഷണി ഉണ്ടാക്കുന്നതാണെന്നും എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ എത്രയും പെട്ടെന്ന്  രാഷ്ട്രീയ പരിഹാരം കണ്ടേമതിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

(കുക്കികളുടെയും മയ്തേയികളുടെയും തീവ്രവാദ സംഘടനകളുടെ കലാപത്തിലെ പങ്കിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നസീര്‍ ഖാന്‍ പറയുകയുണ്ടായി.  അമിത് ഷായുടെ മൗനം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ചില കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചു. തീവ്രവാദ സംഘടനകള്‍ ഗ്രാമങ്ങള്‍ ആക്രമിക്കുന്ന വീഡിയോകളും കാണിച്ചുതന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരസ്യപ്പെടുത്തരുത് എന്ന് പറഞ്ഞതിനാല്‍ അത്തരം വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നില്ല.)

മണിപ്പൂരിലെ മുസ്ലീങ്ങളുടെ ജീവിതം എത്രകണ്ട് പാര്‍ശ്വവല്കൃതം ആണെന്ന് അറിയാന്‍ അവരുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാല്‍ മാത്രം മതിയാവും. ക്വാക്തയിലെ മുസ്ലീം ഗ്രാമങ്ങള്‍ കറങ്ങിയാണ് ഹൈവേയില്‍ കയറിയത്. മെച്ചപ്പെട്ട ഒരു വീട് പോലും കാണാന്‍  കഴിഞ്ഞില്ല. ഒറ്റ നോട്ടത്തില്‍ അതിപിന്നോക്കാവസ്ഥ വെളിപ്പെടുന്ന കാഴ്ചകള്‍ മാത്രം. ഭരണസംവിധാനങ്ങളുടെ ആനുകൂല്യം കൈപ്പറ്റുന്നവര്‍ മയ്തേയികള്‍ മാത്രമാണെന്ന മറ്റു സമൂഹങ്ങളുടെ ആരോപണങ്ങള്‍ ശരിവെക്കുന്നത് തന്നെയാണ് മണിപ്പൂരിലെ മയ്തേയി ഒഴികെയുള്ള ജനങ്ങളുടെ ഞാന്‍ കണ്ട ജീവിതം സാക്ഷ്യപ്പെടുത്തുന്നത്.

ക്വാക്തയില്‍ നിന്നും തിരിച്ച് ഹോട്ടലിലേയ്ക്കുള്ള യാത്ര സുഗമമായിരുന്നു. എവിടെയും ചെക്കിങ്ങുകള്‍ ഉണ്ടായില്ല. റോഡിലെ തടസ്സങ്ങള്‍ നീക്കിയിട്ടുണ്ട്. തൊര്‍ബുങിലേയ്ക്ക്  യുദ്ധത്തിന് (അങ്ങനെയാണ് മയ്തേയികള്‍ പറയുക) പോയവര്‍ തിരിച്ച് വീടുകളിലേയ്ക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. കവലകളിലെ പ്രാര്‍ത്ഥനാസദസ്സുകള്‍ പിരിച്ചുവിട്ടിട്ടുണ്ട്. കടകള്‍ എല്ലാം അടഞ്ഞു തന്നെ. തെരുവുകളും ശൂന്യമാണ്. 

നാളെ ഉച്ചയ്ക്കാണ് നാട്ടിലേയ്ക്കുള്ള  മടക്കം. ഡല്‍ഹി വഴിയാണ് മടക്ക ഫ്ലൈറ്റ്. സാധനങ്ങള്‍ പാക്ക് ചെയ്യാനുണ്ട്. അതിലുപരി കലാപത്തെകുറിച്ചുള്ള എൻ്റെ മനസ്സിലാക്കലുകള്‍,  17 ദിവസത്തെ അനുഭവങ്ങള്‍ എല്ലാം വിട്ടുപോവാതെ എഴുതിത്തയ്യാറാക്കണം. ആ അനുഭവങ്ങളും മനസ്സിലാക്കലുകളും ആണ് 15 അദ്ധ്യായങ്ങളിലൂടെ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും പുറത്തുവിടരുത് എന്ന് പറഞ്ഞ് ആളുകള്‍ പങ്കുവെച്ച ചില വിവരങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്നും ഓര്‍ക്കുമ്പോള്‍ അങ്ങേയറ്റം ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ കൂടിയുണ്ട്. അത് ഞങ്ങളുടെ കമ്പ്യൂട്ടറില്‍ത്തന്നെ കിടക്കട്ടെ.

മണിപ്പൂരിൻ്റെ ഉള്ളറകള്‍ അനേകം വൈവിധ്യങ്ങളാല്‍ രൂപപ്പെട്ടുവന്നതു കൊണ്ടുതന്നെ എന്ത് രാഷ്ട്രീയ പരിഹാരം ആയിരിക്കാം മണിപ്പൂരിനെ എന്നെന്നേക്കുമായി മുറിവേല്പിക്കാതെ നിലനിര്‍ത്തുക എന്നറിയാന്‍ എനിക്ക് വ്യക്തിപരമായി ആകാംക്ഷയും ആശങ്കയുമുണ്ട്. കുക്കികളെയും മയ്തേയികളെയും, നാഗകളെയും തൃപ്തിപ്പെടുത്തുന്ന ഒരു പരിഹാരം ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിൻ്റെ ആഴം വർദ്ധിക്കുകയേ ഉള്ളൂ. കാരണം ഇന്നത്തെ മണിപ്പൂര്‍ കൂടിച്ചേരാന്‍ കഴിയാത്ത വിധം വിഭജിക്കപ്പെട്ടുകഴിഞ്ഞു. ഈ വിഭജനം ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത സംഘപരിവാര്‍ രാഷ്ട്രീയം തന്നെയാണ് ഇതിന് പരിഹാരം കാണേണ്ടത് എന്ന വിരോധാഭാസത്തിലെ ആശങ്കയിലും മണിപ്പൂരില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയില്‍ മണിപ്പൂരിനോട് യാത്രപറഞ്ഞു. 

FAQs

ഹൈക്കോടതി എന്നാലെന്ത്?

ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലെ പരമോന്നത പദവി വഹിക്കുന്ന സ്ഥാപനമാണ്‌ ഹൈക്കോടതി.  ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കർഷിക്കുന്നു.

സംവരണം എന്നാലെന്ത്?

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സംവരണം സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തിൽ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സമൂഹത്തെയും തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ഇന്ത്യൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിൽ മേഖലകളിലും സംവരണം ഏർപ്പെടുത്തിയത് ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിലേക്കുള്ള പ്രാപ്യത വർധിപ്പിക്കാനും ഉദ്ദേശിച്ചാണ്.

ഇന്ത്യൻ പാർലമെന്റ് എന്നാലെന്ത്?

ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയൻ്റെ കേന്ദ്രനിയമനിർമ്മാണസഭയാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതിലോകസഭരാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെന്റ്. ലോകസഭ ഭാരതത്തിലെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുമ്പോൾ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയിൽ വരേണ്ട ഏതൊരു മാറ്റവും പാർലമെന്റിലെ രണ്ടു സഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു.

യൂറോപ്പ് എന്നാലെന്ത്?

പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിൻ്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്.  ഭൂമിയിലെ ഒരു വ്യതിരിക്ത വൻകര എന്ന നിലയിൽ കണക്കാക്കിയാൽ വിസ്തീർണ്ണത്തിൽ അഞ്ചാമതും ജനസംഖ്യയിൽ മൂന്നാമതും ആണ് അതിന്റെ സ്ഥാനം. യൂറോപ്പിലെ 50 രാഷ്ട്രങ്ങളിൽ റഷ്യയാണ് വിസ്തീർണാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്. വത്തിക്കാൻ ആണ് ഏറ്റവും ചെറിയ രാഷ്ട്രം. ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പ് നില്ക്കുന്നത്.

Quotes

ഭൂതകാലത്തെ അവഗണിക്കുന്നവർ അതിൻ്റെ തെറ്റുകൾ ആവർത്തിക്കാൻ സാധ്യതയുണ്ട് – ഇന്ദിരാ ഗാന്ധി

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.