Mon. Nov 18th, 2024
Adani

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിന്‍റെയും, സ്റ്റോക്ക്‌ മാര്‍ക്കറ്റിംഗിലെയും പഴുതുകളാണ് ഈ തട്ടിപ്പിന്‍റെ മൂലകാരണമെന്ന് വെളിപ്പെട്ടതോടെ ഭരണസംവിധാനങ്ങള്‍ പോലും പ്രതിരോധത്തിലായി. ഇതിനെ തുടര്‍ന്നാണ്‌ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ മേൽനോട്ടം വഹിക്കുന്നതിനായി സെബി രൂപീകരിക്കപ്പെടുന്നത്.

ഗൗതം അദാനി രാജ്യത്തെയും ഓഹരി ഉടമകളെയും വഞ്ചിച്ചതായി മാധ്യമപ്രവർത്തകരുടെ രാജ്യാന്തര കൂട്ടായ്‌മയായ ഒസിസിആർപി പുറത്തുവിട്ട വിവരങ്ങൾ ശരിവച്ച്‌ കൂടുതൽ ഔദ്യോഗികരേഖകൾ പുറത്ത് വന്നിരിക്കുകയാണ്. മൗറീഷ്യസുവഴി അദാനി ഗ്രൂപ്പ്‌ കമ്പനികളിൽ ഓഹരിനിക്ഷേപം നടത്തിയ രണ്ട്‌ കള്ളപ്പണ കമ്പനികളും അദാനി കുടുംബത്തിന്‍റെ സ്ഥാപനങ്ങളെന്ന്‌ കോർപറേറ്റുകൾക്ക്‌ വിദേശത്ത്‌ സേവനങ്ങൾ നൽകുന്ന ട്രിഡന്‍റ്  ട്രസ്റ്റ്‌ സ്ഥിരീകരിച്ചു.

ഓഹരി വിപണിയിലെ ഇന്ത്യൻ ചട്ടങ്ങൾ മറികടക്കാനായി ഉപയോഗിച്ച ഗൾഫ്‌ ഏഷ്യാട്രേഡ്‌ ആൻഡ്‌ ഇൻവെസ്റ്റ്‌മെന്‍റ്  ലിമിറ്റഡ്‌, ലിങ്കോ ഇൻവെസ്റ്റ്‌മെന്‍റ്  ലിമിറ്റഡ്‌ എന്നിവയ്‌ക്കാണ്‌ അദാനിയുമായി ബന്ധമുള്ളത്. ബെർമുഡ ദ്വീപിലെ ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ്‌ ഫണ്ട്‌ നിയന്ത്രിക്കുന്ന, മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്ത്യ ഫോക്കസ്‌ ഫണ്ട്‌സ്‌, ഇഎം റിസർജന്‍റ് ഫണ്ട്‌സ് എന്നീ ഈ സ്ഥാപനങ്ങൾ വഴിയാണ്‌ അദാനി കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടിയത്‌.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരി ക്രമക്കേടിനെക്കുറിച്ച് ഒന്‍പത് വര്‍ഷം മുന്‍പ് (2014) സെബിയെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഡിആര്‍ഐ അറിയിച്ചിരുന്നു. പക്ഷേ വേണ്ട നടപടികള്‍ സെബി  കൈക്കൊണ്ടില്ല എന്നുള്ളത് സെബിയെ സംശയത്തിന്‍റെ നിഴലിലാക്കുന്നുണ്ട്.

അതുപോലെ സെബിയുടെ മുന്‍ ചെയര്‍മാന്‍ ആയിരുന്ന യുകെ സിൻഹയ്ക്ക് പിന്നീട് അദാനിയുടെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനത്തില്‍ ഉന്നത പദവി ലഭിച്ചതും സംശയങ്ങള്‍ ജനിപ്പിക്കുന്ന ഘടകമാണ്. അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് ലഭിച്ചത് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത കാലത്താണ് എന്നുള്ളത് കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണി നിരവധി തവണയാണ് ഇത്തരത്തില്‍ കള്ളക്കാളകളുടെയും കരടികളുടെയും പിടിയിലായിട്ടുള്ളത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി അനധികൃതമായി കോടികള്‍ തട്ടിച്ച സംഭവങ്ങള്‍ ഇന്ത്യയില്‍ ഒട്ടേറെയാണ്.

ബിസിനസുകള്‍ക്ക് മൂലധനം സമാഹരിക്കാനും നിക്ഷേപകർക്ക് അവരുടെ സമ്പത്ത് വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു മാധ്യമം എന്ന നിലയില്‍ ഇന്ത്യൻ ഓഹരി വിപണി രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നിർണായക ഘടകമാണ്. പക്ഷേ ഈ ഗുണങ്ങള്‍ക്കൊപ്പം തന്നെ ഇതില്‍ ഭാഗമാകുന്ന ഏതൊരുവനെയും മുച്ചൂടും മുടിക്കാന്‍ കെല്പുള്ള കള്ളച്ചുഴി കൂടിയാണിത്.

BSE_building_at_Dalal_Street
ബോംബെ സ്റ്റോക്ക്‌ മാര്‍ക്കറ്റ് Screen-grab, Copyrights: Wikipedia

ഓഹരിയുടെ സാധാരണ നിലയിലുള്ള വില്പനത്തോതിനെ അധാര്‍മ്മികവും നിയമവിരുദ്ധവുമായ വഴികളിലൂടെ ഉയര്‍ത്താനും താഴ്ത്താനും കഴിയുമെന്ന ഓഹരി വിപണിയിലെ പഴുത് ഇതിനെ ഒരേസമയം അരക്ഷിതവുമാക്കുന്നുണ്ട്. കുശാഗ്രബുദ്ധിയുള്ള ഒരു ഓഹരി ഉടമയ്ക്ക് ഏത് നിമിഷവും തന്‍റെ നിക്ഷേപകരെ വഞ്ചിക്കാന്‍ കഴിയും. ഇൻസൈഡർ ട്രേഡിംഗ്, മാർക്കറ്റില്‍ കൃത്രിമത്വം കാണിക്കല്‍, അക്കൗണ്ടിംഗില്‍ തിരിമറി നടത്തുക ഇങ്ങനെയുള്ള ക്രിമിനൽ പ്രവർത്തനങ്ങള്‍ ഓഹരി വിപണിയുടെ വെല്ലുവിളി തന്നെയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയെ കബളിപ്പിച്ച ആദ്യത്തെ ആളല്ല അദാനി. അദാനിയ്ക്ക് മുന്‍പ് ഹര്‍ഷദ്‌ മെഹ്തയും കേതന്‍ പരേഖുമൊക്കെ ഇങ്ങനെ ഓഹരി തട്ടിപ്പ് വലിയ നടത്തിയ ക്രിമിനലുകളാണ്. സ്റ്റോക്ക്‌ മാര്‍ക്കറ്റിന്‍റെ മര്‍മ്മം തകര്‍ത്ത കള്ളക്കാളകളുടെയും കള്ളക്കരടികളുടെയും തട്ടിപ്പുകള്‍ അറിയേണ്ടത് തന്നെയാണ്.

‘ബിഗ്‌ ബുള്‍’ ഹര്‍ഷദ്‌ ശാന്തിലാൽ മെഹ്ത 

1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും ഇന്ത്യന്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരായിരുന്നു ഹര്‍ഷദ്‌ മെഹ്തയുടേത്. മാര്‍ക്കറ്റിന്‍റെ പഴുതറിഞ്ഞുള്ള ഹര്‍ഷദ്‌ മെഹ്തയുടെ ട്രേഡിംഗ് തന്ത്രങ്ങളും ശുഭാപ്തി വിശ്വാസവും വളരെ വേഗമാണ് ഹര്‍ഷദിനെ ഉന്നതങ്ങളിലെത്തിച്ചത്. 

അക്കാലത്ത് ബാങ്കുകൾക്കും അംഗീകൃത ബ്രോക്കർമാർക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റീസ് ജനറൽ ലെഡ്ജറിൽ തങ്ങൾക്കുള്ള സെക്യൂരിറ്റികൾക്ക് ആനുപാതികമായി ഡെലിവറി നോട്ട് അഥവാ ബാങ്കേഴ്സ്  റെസീപ്റ്റ് നൽകുവാനുള്ള ഒരു സംവിധാനം നിലനിന്നിരുന്നു. ഇതു മുതലെടുത്തു കൊണ്ട് സെക്യൂരിറ്റി ലെഡ്ജറിൽ ഇല്ലാത്ത സെക്യൂരിറ്റികൾക്ക് കള്ളഡെലിവറി നോട്ട് നൽകുകയാണ് മെഹ്ത ചെയ്തത്. ഇത്തരത്തിൽ സംഘടിപ്പിച്ച കോടിക്കണക്കിനു രൂപയുടെ പിൻബലത്തിൽ മെഹ്ത ഓഹരികൾ വാരിക്കൂട്ടുകയും ചെയ്തു.

ഓഹരി വിപണിയില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത കമ്പനികളില്‍ നിക്ഷേപം നടത്തി അതിന്‍റെ മൂല്യം ഉയര്‍ത്തിക്കൊണ്ടുവരികയും, ഓഹരിയിലുണ്ടാക്കിയ ഈ കുതിച്ചുചാട്ടം  തുറന്ന് പ്രചരിപ്പിച്ചുകൊണ്ട് സ്വന്തം ഓഹരി വിറ്റഴിക്കുന്നതുമായിരുന്നു ഹര്‍ഷദിന്‍റെ പ്രധാന പ്രവര്‍ത്തനരീതി.

ഇങ്ങനെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിനായി വലിയ തുക തന്നെ ബാങ്കുകളില്‍ നിന്നും ഹര്‍ഷദ്‌ കടമെടുത്തിരുന്നു. ഹര്‍ഷദിന്‍റെ ഈ വിദ്യ അതുവരെ സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ പയറ്റിക്കളിച്ച പല ആചാര്യന്മാരെയും വീട്ടിലിരുത്തിക്കളഞ്ഞു. വൈകാതെ തന്നെ സ്റ്റോക്ക്‌ മാര്‍ക്കറ്റിലെ ബിഗ്‌ ബുള്‍ എന്ന പേരും ഹര്‍ഷദ്‌ മെഹ്തയ്ക്ക് വീണു.

പക്ഷേ ആ വിജയത്തിന്‍റെ രുചി അധികകാലം നുണയാന്‍ ഹര്‍ഷദ്‌ മെഹ്തയ്ക്ക് സാധിച്ചില്ല. ഹര്‍ഷദിന്‍റെ തട്ടിപ്പുകളെക്കുറിച്ച് റെഗുലേറ്റർമാർ അറിയുകയും അതുവഴി 1992 -ഓടെ ഹര്‍ഷദിന്‍റെ കരിയര്‍ അവസാനിക്കുകയും ചെയ്തു. തട്ടിപ്പിലൂടെ ഹര്‍ഷദ്‌ 4000 കോടി രൂപയ്ക്ക് മുകളിലാണ് സമ്പാദിച്ചത്. ഹര്‍ഷദ്‌ മെഹ്തയുടെ കള്ളത്തരങ്ങള്‍ ലോകമറിയുന്നത് സുചേത ദലാല്‍ എന്ന പത്രപ്രവര്‍ത്തകയുടെ ഇടപെടലിലൂടെയാണ്. 

harshad mehta
ഹര്‍ഷദ്‌ മെഹ്തയെ പോലീസ് അറസ്റ്റ് ചെയ്യുന്നു Screen-grab, Copyrights : Live Law

ഹര്‍ഷദിന്‍റെ അദ്ധ്യായം അടഞ്ഞെങ്കിലും ഹര്‍ഷദ്‌ ഓഹരി വിപണിയില്‍ നടത്തിയ തട്ടിപ്പിന്‍റെ അനന്തരഫലങ്ങള്‍ തുടര്‍ന്നും ഇന്ത്യന്‍ ജനത അനുഭവിക്കേണ്ടിവന്നു. ഈ സമയം ഇന്ത്യൻ ഓഹരി വിപണി കുതിച്ചുയർന്നപ്പോൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) സെൻസെക്സ് വെറും മൂന്ന് മാസം കൊണ്ട് 50 ശതമാനത്തിലധികം താഴേക്ക് വീണു. മെഹ്തയ്ക്ക് പണം കടം നൽകിയ പല ധനകാര്യ സ്ഥാപനങ്ങളും പിന്നീട് കനത്ത നഷ്ടം നേരിടേണ്ടി വന്നു. ഈ അവസ്ഥ രാജ്യത്ത് പണലഭ്യതയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. 

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിന്‍റെയും, സ്റ്റോക്ക്‌ മാര്‍ക്കറ്റിംഗിലെയും പഴുതുകളാണ് ഈ തട്ടിപ്പിന്‍റെ മൂലകാരണമെന്ന് വെളിപ്പെട്ടതോടെ ഭരണസംവിധാനങ്ങള്‍ പോലും പ്രതിരോധത്തിലായി. ഇതിനെത്തുടര്‍ന്നാണ്‌ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ മേൽനോട്ടം വഹിക്കുന്നതിനായി സെബി രൂപീകരിക്കപ്പെടുന്നത്.

സര്‍ക്കുലര്‍ ട്രേഡിംഗും കേതന്‍ പരേഖും

1990കളുടെ അവസാനത്തിലും 2000ങ്ങളുടെ തുടക്കത്തിലും ഇന്ത്യൻ ഓഹരി വിപണിയില്‍ ആധിപത്യം പുലർത്തിയ ഒരു പ്രമുഖ സ്റ്റോക്ക് ബ്രോക്കറായിരുന്നു കേതൻ പരേഖ്. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഓഹരി മൂല്യങ്ങൾ കൃത്രിമമായി ഉയര്‍ത്തുന്നതിനായി കേതന്‍ പരേഖ് കണ്ടെത്തിയ തന്ത്രമായിരുന്നു. സർക്കുലർ ട്രേഡിംഗ്. ഈ രീതി വളരെ വേഗത്തില്‍ കേതന്‍ പരേഖിനെ സ്റ്റോക്ക്‌ മാര്‍ക്കറ്റിലെ പ്രധാനിയാക്കി.

ഓഹരി വില ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതിനായി, സാങ്കല്പിക ഇടപാടുകൾ സൃഷ്ടിച്ച് പരസ്പരം വ്യാപാരം ചെയ്തുകൊണ്ട് ബിസിനസുകളോ വ്യക്തികളോ വില്പനയും വരുമാനവും വർദ്ധിപ്പിക്കുന്ന ഒരു നിയമവിരുദ്ധ സാമ്പത്തിക സമ്പ്രദായമാണ് സർക്കുലർ ട്രേഡിംഗ്. ഈ വിദ്യ ഉപയോഗപ്പെടുത്തി പരേഖ് തനിക്ക് വലിയ നിക്ഷേപമുള്ള നിരവധി ചെറുകിട, മിഡ്-ക്യാപ് സ്ഥാപനങ്ങളുടെ ഓഹരി വിലകൾ കൃത്രിമമായി ഉയർത്തുകയാണുണ്ടായത്.

കേതന്‍ പരേഖിന്‍റെ വളര്‍ച്ചയില്‍ സംശയം തോന്നിയ സെബി ഇതിനെക്കുറിച്ച് ഉടനടി അനേഷണം ആരംഭിച്ചു. അന്വേഷണ നിരവധി സാമ്പത്തിക തിരിമറികളാണ് സെബി കണ്ടെത്തിയത്. ഓഹരി വിലയെ സ്വാധീനിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി വ്യാജ അക്കൗണ്ടുകളുടെ നിര്‍മ്മാണം, സര്‍ക്കുലര്‍ ട്രേഡിംഗ് എന്നിങ്ങനെയാണ് പരേഖിനെതിരെ സെബി നിരത്തിയ കുറ്റങ്ങള്‍. തുടര്‍ന്ന് സെബി പരേഖിന്‍റെ ട്രേഡിംഗ് പ്രിവിലേജുകൾ സസ്‌പെൻഡ് ചെയ്യുകയും ഇന്ത്യൻ ഓഹരി വിപണിയിലെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. 

ketan parekh
കേതന്‍ പരേഖ് Screen-grab, Copyrights : India Today

കേതൻ പരേഖ് അഴിമതിയെക്കുറിച്ചുള്ള വാർത്തകൾ പരസ്യമായതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (എൻഎസ്ഇ) സൂചികയില്‍ ഗണ്യമായ ഇടിവ് സംഭവിച്ചു. ഈ അഴിമതിയ്ക്ക് ശേഷം, സമാന സംഭവങ്ങള്‍ കുറയ്ക്കാന്‍ സെബി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുകയുണ്ടായി.

സത്യം കമ്പ്യൂട്ടേഴ്സ് കുംഭകോണം 

ഓരോ നുണയും തെളിയുന്നത് വരെ വലുതാകും എന്ന് പറയുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് 2009 ല്‍ പുറത്തുവന്ന സത്യം കമ്പ്യൂട്ടര്‍ സര്‍വ്വീസസ് അഴിമതി. ജിഇ (ജനറല്‍ ഇലക്ട്രിക്), നെസ്‌ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സേവനം നൽകിയിരുന്ന ഇന്ത്യയുടെ ഐടി മേഖലയിലെ പ്രധാനിയായിരുന്നു സത്യം കമ്പ്യൂട്ടേഴ്സ്.

2009ല്‍ ഈ അഴിമതി വാര്‍ത്ത ഇന്ത്യയിലെ ബിസിനസ് സമൂഹത്തെ മുഴുവന്‍ ഒരുപോലെയാണ് ഞെട്ടിച്ചത്. 2001 ല്‍ അമേരിക്കന്‍ കമ്പനിയായ എന്‍ റോണ്‍ അഴിമതിയ്ക്ക് സമാനമായിരുന്നു സത്യം കമ്പ്യൂട്ടേഴ്സില്‍ ചെയർമാൻ ബി രാമലിംഗ രാജു നടത്തിയ അഴിമതി. കമ്പനി അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച് രാജു തട്ടിയത് 7000 കോടി രൂപയോളമാണ്.

ഇന്ത്യയിലെ സാമ്പത്തിക വ്യവസ്ഥകളിലെ പഴുതുകള്‍ തുറന്നുകാട്ടിയ ഒരു സംഭവമായിരുന്നു സത്യം കുംഭകോണം. ഇന്ന് നിലവിലുള്ള പല സാമ്പത്തിക നിയമങ്ങള്‍ക്കും കാരണമായതും സത്യം കമ്പ്യൂട്ടേഴ്സ് അഴിമതിയാണ്. 1987-ൽ രാജു സഹോദരന്മാർ സ്ഥാപിച്ച  സത്യം കമ്പ്യൂട്ടേഴ്സ് 1991-ലാണ് ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്. അവിടെ ഓഹരികൾ 17 മടങ്ങ് അധികമായി വര്‍ദ്ധിച്ചു.

satyam computers ramalinga raju satyam computer scam
ബി രാമലിംഗ രാജു Copyrights : DNA

കമ്പനിയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു, ഓരോ വര്‍ഷവും കമ്പനി വർഷവും പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ടുകൊണ്ടിരുന്നു. 2008ൽ കമ്പനിയുടെ വാർഷിക വരുമാനം ഒരു ബില്യൺ ഡോളറിൽ നിന്നും രണ്ട് ബില്യൺ ഡോളറായി ഉയർന്നു. 

കമ്പനിയുടെ പെട്ടെന്നുള്ള ഈ വളര്‍ച്ച തന്നെയാണ് ഒരു തരത്തില്‍ രാമലിംഗ രാജുവിനെ തിരിഞ്ഞു കൊത്തിയത്. സത്യം കമ്പ്യൂട്ടേഴ്സിന്‍റെ വരുമാനത്തില്‍ വന്ന വന്‍ ഉയര്‍ച്ച പല ബിസിനസ് മാഗ്നറ്റുകളെയും ഞെട്ടിക്കുന്നതായിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിലാണ് കമ്പനി അക്കൗണ്ടുകളില്‍ കൃത്രിമം നടന്ന വിവരം വെളിപ്പെടുന്നത്.

നിരവധി വ്യാജ ഇന്‍വോയ്സുകളുടെ വലിയൊരു സാമ്രാജ്യം തന്നെയായിരുന്നു രാമലിംഗ രാജു കെട്ടിപ്പടുക്കാന്‍ ശ്രമിച്ചത്. അഴിമതി കാലയളവ് വര്‍ഷങ്ങള്‍ നീണ്ടുനിന്നിരുന്നു എങ്കിലും കമ്പനി ഓഡിറ്റേഴ്സിന് ഇതേക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. വന്‍ അഴിമതിയുടെ പേരില്‍ രാമലിംഗ രാജുവിനെ ജയിലിലടയ്ക്കുകയും ചെയ്തു. രാജു ഇന്നും ജയിലില്‍ തുടരുകയാണ്.

സത്യം കമ്പ്യൂട്ടേഴ്സിന്‍റെ ഈ അഴിമതി കുറച്ചൊന്നുമല്ല പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഇന്ത്യന്‍ സമൂഹത്തിന്‍റെ വലിയൊരു ശതമാനം ജനങ്ങള്‍ക്കും രാജ്യത്തെ സാമ്പത്തിക നിയമങ്ങളിലും സംവിധാനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടാനും ഈ സംഭവം കാരണമായി. ഇന്ത്യയിൽ കർശനമായ കോർപ്പറേറ്റ് ഗവേണൻസിന്‍റെയും ഓഡിറ്റിംഗ് മാനദണ്ഡങ്ങളുടെയും ആവശ്യകതയും സത്യം കമ്പ്യൂട്ടേഴ്സ് കുംഭകോണം  എടുത്തുകാണിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയുന്നതിനായി ഒട്ടേറെ സാമ്പത്തിക പരിഷ്കരണങ്ങളാണ് ഇന്ത്യയില്‍ തുടര്‍ന്ന് ഉണ്ടായത്.

എന്‍എസ്ഇഎല്‍ അഴിമതി

2008 മുതല്‍ 2013 വരെ ഇന്ത്യയില്‍  പലവിധമായ ചരക്കുകളുടെ വിനിമയത്തിനായി നിയോഗിക്കപ്പെട്ട കമ്പനിയായിരുന്നു നാഷ്ണല്‍ സ്പോട്ട് എക്സ്ചേഞ്ച്. ലോഹങ്ങള്‍, കാര്‍ഷികോത്പന്നങ്ങള്‍ തുടങ്ങി നിരവധി സാമഗ്രികളുടെ ഇന്ത്യയിലെ വിനിമയം നടന്നത് എന്‍എസ്ഇഎല്‍ വഴിയാണ്.

2013 -ലാണ് എന്‍എസ്ഇഎല്ലിനുമേലുള്ള ആരോപണങ്ങള്‍ ഉയരുന്നത്. വെയര്‍ഹൗസ് രസീതുകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്. വെയര്‍ഹൗസും വിനിമയം നടത്തിയ സാമഗ്രികളും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയുന്നത്.

5000 കോടിയ്ക്ക് മുകളിലാണ് ഇങ്ങനെ എന്‍എസ്ഇഎല്‍ അനധികൃതമായി സമ്പാദിച്ചത്. ഇത് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നിരവധി കമ്പനികളെ സാരമായി ബാധിച്ചു. പല നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഇന്ത്യയിലെ ചരക്ക് മേഖലയിലെ വിനിമയവുമായി ബന്ധപ്പെട്ട നിരവധി സംരംഭങ്ങൾ ഇതോടെ പാപ്പരായി മാറി.

എന്‍എസ്ഇഎല്‍ അഴിമതിയുടെ ഭാഗമായി ഇന്ത്യയിലെ ചരക്ക് വിനിമയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മുഴുവനായും പരിഷ്കരിക്കപ്പെട്ടു. സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനും, ചരക്ക് വിപണിയെ നിരന്തരമായി നിരീക്ഷിക്കാനും ഫോർവേഡ് മാർക്കറ്റ്സ് കമ്മീഷൻ (എഫ് എം സി) എന്ന പേരിൽ സർക്കാർ ഒരു പുതിയ റെഗുലേറ്ററി കമ്മീഷന്‍ രൂപീകരിച്ചു.

ശാരദ ചിട്ട് ഫണ്ട്സ് തട്ടിപ്പ്

200-ലധികം സ്വകാര്യ കമ്പനികളുടെ കൺസോർഷ്യമായ ശാരദ ഗ്രൂപ്പ് നടത്തിയിരുന്ന പോൻസി സ്കീമിന്‍റെ തകർച്ച മൂലമുണ്ടായ ഒരു വലിയ രാഷ്ട്രീയ അഴിമതിയാണ് ശാരദ ഗ്രൂപ്പ് സാമ്പത്തിക അഴിമതി.

പുതിയ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ച് നിക്ഷേപകരെ ആകർഷിക്കുകയും മുൻ നിക്ഷേപകർക്ക് ലാഭം നൽകുകയും ചെയ്യുന്ന ഒരു സാമ്പത്തിക തട്ടിപ്പാണ് പോൻസി സ്കീം. ഇറ്റാലിയൻ വ്യവസായി ചാൾസ് പോൻസിയുടെ പേരിലുള്ള ഈ പദ്ധതി, നിയമാനുസൃതമായ ബിസിനസ് പ്രവർത്തനത്തിൽ നിന്നാണ് ലാഭം വരുന്നതെന്ന് വിശ്വസിക്കാൻ ഇതിന്‍റെ ഇരകളെ പ്രേരിപ്പിക്കുന്നു, മറ്റ് നിക്ഷേപകരാണ് ഫണ്ടുകളുടെ ഉറവിടം എന്ന് ഇരകള്‍ക്ക് അറിയുന്നതുമില്ല.

പുതിയ നിക്ഷേപകർ പുതിയ ഫണ്ടുകൾ സംഭാവന ചെയ്യുന്നിടത്തോളം കാലം ഒരു പോൻസി സ്കീമിന് സുസ്ഥിരമായ ഒരു ബിസിനസ്സ് എന്ന മിഥ്യാധാരണ നിലനിർത്താൻ കഴിയും, കൂടാതെ മിക്ക നിക്ഷേപകരും പൂർണ്ണമായ തിരിച്ചടവ് ആവശ്യപ്പെടാത്തിടത്തോളം കാലം അവർ സ്വന്തമാക്കിയതായി കരുതപ്പെടുന്ന നിലവിലില്ലാത്ത ആസ്തികളിൽ വിശ്വസിക്കുകയും ചെയ്യുന്നു.

2013 ഏപ്രിലിൽ കമ്പനി തകരുന്നതിന് മുമ്പ് ഗ്രൂപ്പ് 1.7 ദശലക്ഷത്തിലധികം നിക്ഷേപകരിൽ നിന്ന് ഏകദേശം 2500 കോടി രൂപയാണ് ശാരദ ഗ്രൂപ്പ് പിരിച്ചെടുത്തത്. അഴിമതി പുറത്തായതോടെ, പശ്ചിമ ബംഗാൾ സർക്കാർ ഈ സാമ്പത്തിക തിരിമറി അന്വേഷിക്കാന്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു.

അതേസമയം തന്നെ ഭരണകക്ഷി അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയക്കാർക്ക് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് കേസ് അന്വേഷണം വേഗത്തില്‍ നടന്നതെന്ന നിരീക്ഷണങ്ങളും പിന്നീട് ഉണ്ടായി. 

അന്വേഷണത്തിലൂടെ കണ്ടെത്തിയ നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ശാരദ ഗ്രൂപ്പിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. അതോടൊപ്പം കുറഞ്ഞ വരുമാനമുള്ള നിക്ഷേപകർ പാപ്പരാകാതിരിക്കാൻ 500 കോടിയോളം രൂപ സര്‍ക്കാര്‍ സമാഹരിക്കുകയും ചെയ്തു.

അടങ്ങാത്ത അഴിമതികള്‍

ഓഹരി വിപണിയിലെ തട്ടിപ്പുകളില്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കാറുള്ള പേരാണ് ഹര്‍ഷദ്‌ മെഹ്തയുടെയും കേതന്‍ പരേഖിന്‍റെയുമൊക്കെ, പക്ഷേ ഇതിനു സമാനമായ ഒട്ടേറെ തട്ടിപ്പുകള്‍ മുഖ്യധാരയിലേക്ക് അധികം കടന്നുവരാതെ പോകുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് സ്പീക്ക് ഏഷ്യ ഓണ്‍ലൈന്‍ തട്ടിപ്പ്, റോസ് വാലി തട്ടിപ്പ്ഐഎംഎ അഴിമതി, ഗോള്‍ഡന്‍ വുഡ്സ് അങ്ങനെ നീളുന്ന  സാമ്പത്തിക അഴിമതികള്‍.

ഈ ഓരോ തട്ടിപ്പുകളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. അവയിൽ ഓരോന്നിനും നിക്ഷേപകർക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. സാമ്പത്തിക തട്ടിപ്പുകൾ നേരിടാൻ ഗവൺമെന്‍റ് പരമാവധി ശ്രമിച്ചിട്ടും ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പുകൾ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

Adani_Modi
ഗൗതം അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം Screen-grab, Copyrights : Hindusthan Times

ഒടുവില്‍ ഗൗതം അദാനിയില്‍ എത്തിനില്‍ക്കുന്ന സാമ്പത്തിക അഴിമതി ഇന്നും ഒട്ടേറെ പഴുതുകള്‍ ഉള്ള ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നിലയാണ് തുറന്നു കാണിക്കുന്നത്. ഇന്ത്യയില്‍ ഭരണ തലത്തിലും ഉദ്യോഗസ്ഥതലത്തിലും നിലനില്‍ക്കുന്ന അഴിമതിയും ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാണ്. 

തുടര്‍ന്നും ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനം നിക്ഷപകര്‍ പുലര്‍ത്തേണ്ട ജാഗ്രതയാണ്. മറ്റൊന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലുള്ള നിരന്തര നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമാണ്. അപ്പോഴും ഭരണസംവിധാനത്തെ പണത്താല്‍ സ്വാധീനിക്കാമെന്ന നില അപ്പോഴുമുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ എത്ര കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലും ഇത്തരം സംഭവങ്ങളെ പിടിച്ചുകെട്ടാന്‍ കഴിയുകയില്ല, കാരണം മോന്തായം വളഞ്ഞാല്‍ 64 ഉം വളയുമല്ലോ.. 

FAQs

എന്താണ് ട്രേഡിംഗ്?

സ്റ്റോക്കുകൾ, ബോണ്ടുകൾ, കറൻസികൾ, ചരക്കുകൾ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക ഉപകരണങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ട്രേഡിംഗ്. ട്രേഡിംഗിലെ വിജയം ദീർഘകാല ലാഭത്തിനായുള്ള ഒരു വ്യാപാരിയുടെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു.

അരാണ് ചാള്‍സ് പോന്‍സി?

യുഎസിലും കാനഡയിലും പ്രവർത്തിച്ചിരുന്ന ഒരു ഇറ്റാലിയൻ തട്ടിപ്പുകാരനായിരുന്നു ചാള്‍സ് പോൻസി. ചാൾസ് പോൻസി, കാർലോ, ചാൾസ് പി ബിയാഞ്ചി എന്നിവ പോന്‍സിയുടെ അപരനാമങ്ങളായിരുന്നു. ഇറ്റലിയിലെ ലുഗോയിൽ ജനിച്ച അദ്ദേഹം 1920-കളുടെ തുടക്കത്തിൽ വടക്കേ അമേരിക്കയിൽ വെച്ചാണ് പോൻസി സ്കീം അഥവാ പിരമിഡ് സ്കീം എന്ന തട്ടിപ്പിന് തുടക്കമിടുന്നത്.

എന്താണ് റോസ് വാലി സാമ്പത്തിക അഴിമതി?

റോസ് വാലി സാമ്പത്തിക കുംഭകോണം അല്ലെങ്കിൽ റോസ് വാലി ചിട്ടി ഫണ്ട് അഴിമതി, റോസ് വാലി ഗ്രൂപ്പ് നടത്തിയിരുന്ന പോൻസി സ്കീമിന്‍റെ തകർച്ച മൂലം ഇന്ത്യയിൽ നടന്ന ഒരു വലിയ സാമ്പത്തിക അഴിമതിയും രാഷ്ട്രീയ അഴിമതിയും ആയിരുന്നു. 2019 ജനുവരി 25 ന് റോസ് വാലി ഗ്രൂപ്പിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്തതിന് ബംഗാളി ചലച്ചിത്ര നിർമ്മാതാവ് ശ്രീകാന്ത് മൊഹ്തയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

എന്താണ് ഐഎ എ അഴിമതി?

ഐ മോണിറ്ററി അഡ്വൈസറി (ഐ എം എ) അഴിമതി 2019-ൽ ഇന്ത്യയിൽ നടന്ന ഒരു വലിയ സാമ്പത്തിക തട്ടിപ്പാണ്. സ്ഥാപകനായ മുഹമ്മദ് മൻസൂർ ഖാൻ, ഇസ്ലാമിക നിക്ഷേപ പദ്ധതികളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിച്ചു. ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് ഏകദേശം 4,000 കോടി രൂപ (ഏകദേശം 550 മില്യൺ ഡോളർ) തട്ടിയെടുത്ത ശേഷം ഖാൻ പലായനം ചെയ്തു, ഇത് വൻ ജനരോഷത്തിന്  കാരണമായി.

Quotes

അത്യാഗ്രഹം മനുഷ്യനെ അന്ധനും വിഡ്ഢിയുമാക്കുന്നു, അവനെ മരണത്തിലേക്ക് അടുപ്പിക്കുന്നു

-റൂമി

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി