Mon. Apr 15th, 2024
pangal muslims meitei muslims muslims in manipur muslims

 ഇന്ന് ഞങ്ങള്‍ ഇവിടെ ന്യൂനപക്ഷമാണ്. ആ ഒരു ഭയം ഞങ്ങളുടെ ഉള്ളിലുണ്ട്. എങ്ങോട്ട് പോയാലും എപ്പോഴാണ് ആക്രമണമുണ്ടാകുക എന്ന ഭയം. എപ്പോഴും അങ്ങനെയൊരു സാഹചര്യം മുന്നിൽ കണ്ട് കൊണ്ടാണ് ഞങ്ങൾ കഴിയുന്നത്

ണിപ്പൂരില്‍ നാലാമത്തെ ഏറ്റവും വലിയ വംശീയ വിഭാഗമാണ് മയ്തേയി പങ്ങല്‍ മുസ്ലീങ്ങൾ. ആകെ ജനസംഖ്യയുടെ 8.40 ശതമാനമാണ് പങ്ങലുകള്‍ ഉള്ളത്. 17-ാം നൂറ്റാണ്ടില്‍ ഖഗെംബ രാജാവിൻ്റെ (1597-1652) കാലത്താണ് മുസ്ലീങ്ങൾ മണിപ്പൂരി സമൂഹത്തിൻ്റെ പ്രധാന ഭാഗമായിത്തീർന്നത്.

1600-കൾക്ക് മുമ്പ് മണിപ്പൂരിൽ ഒരു ചെറിയ മുസ്ലീം ജനസംഖ്യ ഉണ്ടായിരുന്നതായി ചില പണ്ഡിതന്മാർ വിശ്വസിക്കുന്നുണ്ടെങ്കിലും 1597 നും 1652 നും ഇടയിലാണ് മണിപ്പൂരിലെ മുസ്ലീം കുടിയേറ്റത്തിൻ്റെ ആദ്യത്തെ വലിയ തരംഗം ആരംഭിച്ചത്. പ്രഭുവായിരുന്ന മുഹമ്മദ് സാനിയുടെ (പർസേന ലൻജിംഗ്‌ലാൻഡ് മുഹമ്മദനി അല്ലെങ്കിൽ മയ്തേയിൽ മംഗൾ നിംഗ്‌തൗ സായി എന്നും അറിയപ്പെടുന്നു) നേതൃത്വത്തില്‍ സിൽഹെത്തിൽ നിന്നുള്ള (ഇന്നത്തെ ബംഗ്ലാദേശിൽ) മുസ്ലീം സൈനികർ മണിപ്പൂരിനെ ആക്രമിക്കുകയും ഖഗെംബ രാജാവിനോട്‌ പരാജയപ്പെടുകയും ചെയ്തു.

മണിപ്പൂരിൽ സ്ഥിരതാമസമാക്കാൻ സാനിയുടെ സേനയെ ഖഗേംബ അനുവദിച്ചു. പ്രാദേശിക മയ്തേയി സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അനുമതിയും കൊടുത്തു. മയ്തേയി ഭാഷ ഇവര്‍ മാതൃഭാഷയായി സ്വീകരിക്കുകയും ചെയ്തു. പങ്ങലുകള്‍ സുന്നി വിശ്വാസധാര പിന്തുടരുന്നവരാണ്.

ആദ്യകാല മുസ്ലീം കുടിയേറ്റക്കാരുടെ പിൻഗാമികൾ മയ്തേയി പങ്ങലുകൾ എന്നറിയപ്പെട്ടു. ഈ പദത്തിൻ്റെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. മുഗൾ എന്ന വാക്കിൻ്റെ പ്രാദേശിക വ്യതിയാനമായ മംഗോൾ എന്നതിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞതെന്ന് ചിലർ അവകാശപ്പെടുന്നു, മറ്റുള്ളവർ ഇത് ബംഗാൾ’ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് പറയുന്നു. 

pangal meitei muslims in manipur manipuri muslims
ലില്ലോങിലെ പങ്ങൽ മുസ്ലീങ്ങൾ Copyright@Woke Malayalam

ഇന്ത്യയ്ക്ക് പുറത്ത്, ബംഗ്ലാദേശിലെ മൗലവിബസാർ ജില്ലയിൽ പങ്ങലുകളെ ഖായ് ബംഗാൾ എന്നും വിളിക്കുന്നു. ഖഗെംബയുടെ ഭരണത്തിൻ കീഴിലും അദ്ദേഹത്തിൻ്റെ മരണ ശേഷവും 19-ആം നൂറ്റാണ്ടിൻ്റെ പകുതി വരെ ബംഗാളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുമുള്ള മുസ്ലീം കുടിയേറ്റം തുടര്‍ന്നു.

മണിപ്പൂരി രാജ്യം സൈന്യത്തിലും ഭരണത്തിലും നിരവധി മുസ്ലീങ്ങളെ നിയമിച്ചിരുന്നു. 18-ാം നൂറ്റാണ്ടിൽ ബർമ്മയും, 19-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരും നടത്തിയ ആക്രമണങ്ങളെ ചെറുക്കാൻ മുസ്ലീം സൈനികർ മണിപ്പൂര്‍ രാജ്യത്തെ സഹായിച്ചു.

മുഹമ്മദ് സാനിയുടെ സൈന്യം വിവിധ കരകൗശലങ്ങളിലും മറ്റ് തൊഴിലിലും വളരെ വൈദഗ്ദ്ധ്യം നേടിയിരുന്നു. മുസ്ലീം കുടുംബങ്ങൾക്ക് അവരുടെ തൊഴിൽ അനുസരിച്ച് കുടുംബ പദവികൾ നൽകി. കൃഷി, മീൻപിടുത്തം, കോഴി വളര്‍ത്തല്‍, മരപ്പണി, തട്ടാന്‍, മൺപാത്ര നിര്‍മാണം, നെയ്ത്ത്, പേപ്പർ നിർമ്മാണം, കരകൗശലവസ്തു നിര്‍മാണം, ചെമ്പ് പാത്ര നിര്‍മാതാക്കള്‍, ക്ഷീര കര്‍ഷകര്‍ തുടങ്ങിയ തൊഴിലുകളായിരുന്നു മുസ്ലീം കുടുംബങ്ങള്‍ ചെയ്തിരുന്നത്.

സ്ത്രീകള്‍ പ്രത്യേകിച്ചും നെയ്ത്ത്, എംബ്രോയ്ഡറി, കോഴി വളർത്തൽ ജോലികളായിരുന്നു ചെയ്തിരുന്നത്. രാജാവിൻ്റെ കീഴിൽ മുസ്ലീങ്ങൾക്കായി പങ്ങൽസാംഗ്ലെൻ എന്നറിയപ്പെട്ടിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ ഉണ്ടായിരുന്നു. മുസ്ലീങ്ങളുടെ കാര്യങ്ങൾ നോക്കുന്ന ഗാസി എന്നാണ് സ്ഥാപനത്തിൻ്റെ തലവൻ അറിയപ്പെട്ടിരുന്നത്.

ലാലപ്പ് (യോദ്ധാക്കള്‍) സമ്പ്രദായത്തിന് കീഴിലാണ് പങ്ങലുകളെ ഉൾപ്പെടുത്തിയത്. 1824-ൽ ബരാക് താഴ്‌വരയിൽ രൂപീകരിച്ച മണിപ്പൂർ ലെവിയുടെ ഭാഗമായിരുന്നു പങ്ങൽസ്. മണിപ്പൂരിൽ നിന്ന് ബർമ്മീസ് അധിനിവേശക്കാരെ തുരത്താൻ മഹാരാജ് ഗംഭീർ സിംഗ് മണിപ്പൂർ ലെവി എന്നറിയപ്പെടുന്ന ശക്തമായ 500 പേരടങ്ങുന്ന സേനയെ ഉണ്ടാക്കിയിരുന്നു. ഈ സേനയിലെ പ്രധാനികളായിരുന്നു പങ്ങലുകള്‍.

ബർമ്മീസ് ആക്രമണങ്ങളെ ചെറുക്കാനായി രാജാക്കന്മാർ മണിപ്പൂരിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ അവരെ പാർപ്പിച്ചു. അതേസമയം, ഏഴ് വർഷം നീണ്ടുനിന്ന ബർമ്മീസ് ആക്രമണങ്ങളില്‍ ഭയന്ന് പങ്ങലുകള്‍ പലായനം ചെയ്തു.  ലഖിപൂർ, സോനായ് (അസമിലെ കച്ചാർ ജില്ല ) എന്നിവിടങ്ങളിലേയ്ക്കാണ് പങ്ങലുകളിൽ ഭൂരിഭാഗവും പലായനം ചെയ്തത്. 

ഗരീബ്‌ നിവാസ് രാജാവ് (1720-1751) ഹിന്ദു മതത്തെ സംസ്ഥാനമതമായി സ്ഥാപിക്കുന്നതുവരെ മുസ്ലീങ്ങള്‍ മറ്റ്  വംശക്കാരുമായി ചേര്‍ന്ന് സഹോദര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. പരമ്പരാഗത മണിപ്പൂരി സംസ്‌കാരത്തിന് മേൽ ഹിന്ദു ജാതി വ്യവസ്ഥയുടെ അതിപ്രസരം ഉണ്ടാവുകയും അതിലൂടെ സമുദായങ്ങൾക്കിടയിൽ അങ്ങേയറ്റം അസമത്വങ്ങളും തൊട്ടുകൂടായ്മയും അടുപ്പമില്ലായ്മയും സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

മറ്റു രാജാക്കന്മാരുടെ ഭരണകാലത്ത് മുസ്ലീങ്ങള്‍ക്ക് കൊടുത്തിരുന്ന സ്ഥാനമാനങ്ങളില്‍ മയ്തേയി രാജാവ് മാറ്റങ്ങള്‍ വരുത്തി. ബ്രാഹ്മണരുടെ ആധിപത്യം മണിപ്പൂരിൻ്റെ ഭരണത്തിലെ പരമ്പരാഗത പ്രാധാന്യത്തെ പാർശ്വവൽക്കരിച്ചു. മയ്തേയികള്‍ ഒഴികെയുള്ള എല്ലാവരെയും ഭരണകാര്യങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി. എന്നിരുന്നാലും പങ്ങലുകള്‍ സൈനിക സേവനം ചെയ്യുന്നത് തുടര്‍ന്നു. അതുകൊണ്ടാണ് ബര്‍മ്മക്കെതിരെയും ബ്രിട്ടീഷുകാർക്കെതിരെയുമുള്ള യുദ്ധങ്ങളില്‍ പ്രധാന പടയാളികളായി പങ്ങലുകള്‍ മാറിയത്. 

ഗരീബ്‌ നിവാസിന് ശേഷവും കൊളോണിയല്‍ ഭരണകാലത്തും പങ്ങല്‍ മുസ്ലീങ്ങളുടെ സാമൂഹിക ജീവിതത്തിന്  കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നിരുന്നാലും വിദ്യാഭ്യാസത്തിലൂടെയും കുലത്തൊഴില്‍ ഉപേക്ഷിച്ചും പുതിയ തലമുറകള്‍ സാമൂഹിക പുരോഗതിയ്ക്കുള്ള ചുവടുപിടിക്കുന്നുണ്ട്. 

മണിപ്പൂരില്‍ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ എന്നീ ജില്ലകളിലാണ് മുസ്ലീം ജനസംഖ്യയുള്ളത്. മുസ്ലീം ജനസംഖ്യയുടെ പകുതിയോളം തൗബാലിലാണ് താമസിക്കുന്നത്. തൗബാലിലെ ലില്ലോങ്ങിലേയ്ക്കാണ് ഇന്നത്തെ എൻ്റെ യാത്ര.

ഹൈവേയില്‍ നിന്നും സര്‍വീസ് റോഡ്‌ കയറിയാണ് മുസ്ലീങ്ങളുടെ ഗ്രാമത്തിലേയ്ക്ക് പോകുക. ഒരു കനാലിൻ്റെ കരയിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെയാണ് യാത്ര. അതീവ ഗ്രാമീണ മേഖല. റോഡിൻ്റെ വശങ്ങളില്‍ പുല്ല് പാകിയ ചെറിയ ചെറിയ കടകള്‍ കാണാം. പലചരക്ക് മുതല്‍ കമ്പ്യൂട്ടര്‍ റിപ്പയറിംഗ് വരെ നടത്തുന്ന സ്ഥാപനങ്ങള്‍ ആണിത്.

പുരുഷന്മാരാണ് കൂടുതലും വ്യാപാരികള്‍. കള്ളി മുണ്ടും ജുബ്ബയും തൊപ്പിയുമാണ് പുരുഷന്മാരുടെ വേഷം. സ്ത്രീകള്‍ മയ്തേയി സ്ത്രീകളുടെ അതേ വസ്ത്രധാരണ രീതി പിന്തുടരുന്നു. കൂടെ തലയില്‍ തട്ടവും ഉണ്ട്. ചെറുപ്പക്കാരായ സ്ത്രീകള്‍ ചുരിദാര്‍ ധരിക്കും. ആളുകള്‍ കൂടിയിരിക്കുന്ന ഒരു ചായക്കടയിലേയ്ക്കാണ് ആദ്യം പോയത്. ഇംഗ്ലീഷ് വിദ്യാഭ്യാസം അധികം നേടാത്തവരാണ് പങ്ങലുകള്‍. മയ്തേയി ഭാഷ കൂടാതെ ഉറുദു, ഹിന്ദി എന്നീ ഭാഷകളും ഇവര്‍ സംസാരിക്കും. 

മുഹമ്മദ്‌ റിയാസ് ഖാന്‍, ബുർഹാനുദ്ധീന്‍ എന്നിവരോടാണ് സംസാരിച്ചത്. കുക്കികളും മയ്തേയികളും തമ്മിലുള്ള പ്രശ്നത്തില്‍  മുസ്ലിം ജനവിഭാഗം വളരെ ദുഖിതരാണെന്ന് ഇരുവരും പറഞ്ഞു.മണിപ്പൂരിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് കഴിഞ്ഞവരാണ്. പിന്നീട് പ്രശ്നങ്ങളുണ്ടായി. ആക്രമണത്തിൽ നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. അവരുടെ കുടുംബാംഗങ്ങളെ കാണുമ്പോൾ ഞങ്ങൾക്ക് വിഷമം തോന്നാറുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.’ 

pangal meitei muslims in manipur
മുഹമ്മദ്‌ റിയാസ് ഖാന്‍, ബുർഹാനുദ്ധീന്‍ Copyright@Woke Malayalam

കലാപത്തിലൂടെയും പരസ്പര വിദ്വേഷത്തിലൂടെയും എല്ലാവർക്കും നഷ്ടം മാത്രമേ ഉണ്ടാവുകയുള്ളു. മണിപ്പൂരിൻ്റെ ഇപ്പോഴുള്ള അവസ്ഥ കാരണം കുക്കികൾക്കിടയിലും മയ്തേയികൾക്കിടയിലും മുസ്ലിങ്ങൾക്കിടയിലും അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. ആർക്കും സമാധാനമില്ല. ഭക്ഷണം ലഭിക്കുന്നില്ല. എങ്ങോട്ടും പോകാൻ സാധിക്കുന്നില്ല. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് ഇവിടെയുള്ളത്.’ 

ഞങ്ങൾ മണിപ്പൂരിലെ മയ്തേയികളോടൊപ്പമാണ് താമസിക്കുന്നത്. അവർ ഞങ്ങൾക്ക് സഹോദരങ്ങളെപ്പോലെയാണ്. എന്നാൽ കുക്കികളായാലും മയ്തേയികളായാലും ആക്രമണം നടത്തുന്നവരെ ഞങ്ങൾ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. നിങ്ങൾ പ്രശ്നങ്ങളുണ്ടാക്കാതെ സമാധാനപരമായി മുന്നോട്ട് പോകൂ എന്നാണ് ഞങ്ങൾക്ക് അവരോട് അപേക്ഷിക്കാനുള്ളത്.’ 

സർക്കാരിൻ്റെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള പരിശ്രമം ഉണ്ടാകണം. കാരണം രണ്ട് മാസത്തിലേറെയായി ഇവിടെ കലാപം ആരംഭിച്ചിട്ട്. ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ പണമില്ല. ഞങ്ങളുടെ ജീവിതമാർഗമെല്ലാം നിലച്ച അവസ്ഥയിലാണ്. ഞങ്ങൾക്ക് ജീവിക്കുന്നതിനായി സര്ക്കാരിൻ്റെ ഭാഗത്തുനിന്നും സഹായം ലഭിക്കണം.’ 

ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ സമാധാനമില്ല. എപ്പോഴും ഭയമാണ്. എവിടേക്ക് പോയാലും പ്രശ്നങ്ങളാണ്. എപ്പോഴാണ് ആക്രമണം ഉണ്ടാവുക, നാളെ എവിടെയാണ് വെടിവെയ്പ്പ് നടക്കുക, ഞങ്ങളുടെ സഹോദരങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്നൊക്കെ ആലോചിച്ച് ഞങ്ങൾ സമാധാനമില്ല.’ 

കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല. മണിപ്പൂരിൽ പ്രശ്നങ്ങൾ തുടങ്ങിയതിനു ശേഷം സാധനങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നതിനെക്കാളും ഇരട്ടി വിലയാണ്. അത് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഞങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കണ്ടേ? അവർ ഞങ്ങളോട് ആവശ്യപ്പെടുമ്പോൾ മാതാപിതാക്കളായ ഞങ്ങൾ എന്താണ് ചെയ്യുക?’ 

ഞങ്ങൾക്കെല്ലാവർക്കും ഇവിടെ ഒരുമിച്ച് താമസിക്കണം. ഇവിടെ മയ്തേയികളുടെ സ്ഥലത്ത് ജോലിക്ക് പോകുന്നവരുണ്ട്, കുക്കികളുടെ സ്ഥലത്ത് ജോലിക്ക് പോകുന്നവരുണ്ട്. എന്നാൽ ഇപ്പോൾ പേടി കാരണം ആരും പോകാതെയായി. വീടുകളിലെ ചെലവ് എങ്ങനെ തള്ളിനീക്കണം എന്ന് അറിയാത്ത സ്ഥിതിയാണ്. ഇതിനൊക്കെ സര്‍ക്കാര്‍ പരിഹാരം കാണണം. പഴയതുപോലെ എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

കുക്കികള്‍ ആണെങ്കില്‍ പ്രത്യേക സംസ്ഥാനമായി വേർപെട്ട് പോകാൻ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങൾ അത് ആഗ്രഹിക്കുന്നില്ല. ഞങ്ങളെല്ലാവരും മണിപ്പൂരികളാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഒരുമിച്ച് മണിപ്പൂരിൽ തന്നെ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കുക്കികൾ ഇവിടെ നിന്നും പോകുമ്പോൾ ഇവിടത്തെ ഏരിയ കുറയും. അങ്ങനെ വരുമ്പോൾ വികസനം കുറയും. ഇരുവരും പരസ്പരം സഹകരിച്ച് മുന്നോട്ട് പോയാൽ മാത്രമേ വികസനം ഉണ്ടാവുകയുള്ളു.

ഈ കലാപം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞങ്ങളുടെ പിതാക്കന്മാരുടെ അമ്മമാർ മയ്തേയികളാണ്. പങ്ങൽ മുസ്ലിങ്ങളും മയ്തേയികളും തമ്മിൽ അങ്ങനൊരു ബന്ധമുണ്ട്. ഞങ്ങളുടെ മുൻഗാമികൾ വെസ്റ്റ് ബംഗാളിൽ നിന്നും വന്നവരാണ്. 1606 ലാണ് മണിപ്പൂരിലെത്തുന്നത്. അതുവരെ ഇവിടെ മുസ്ലിങ്ങൾ ഉണ്ടായിരുന്നില്ല. ഇവിടെയെത്തിയ ഞങ്ങളുടെ പിതൃക്കന്മാർ മയ്തേയി സ്ത്രീകളെ വിവാഹം കഴിക്കുകയായിരുന്നു.

ഇന്ന് ഞങ്ങള്‍ ഇവിടെ ന്യൂനപക്ഷമാണ്. ആ ഒരു ഭയം ഞങ്ങളുടെ ഉള്ളിലുണ്ട്. എങ്ങോട്ട് പോയാലും എപ്പോഴാണ് ആക്രമണമുണ്ടാകുക എന്ന ഭയം. എപ്പോഴും അങ്ങനെയൊരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് ഞങ്ങൾ കഴിയുന്നത്. കായികാധ്വാനം വേണ്ട തൊഴിലുകൾ ചെയ്യുന്നവരാണ് ഞങ്ങള്‍. അങ്ങനെയാണ് ഞങ്ങൾ വരുമാനമുണ്ടാക്കുന്നത്. ഇപ്പോള്‍ എല്ലാ വരുമാനവും നിലച്ചു. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്., അവര്‍ പറഞ്ഞു. 

 darul uloom markaz manipur lilong mosques in manipur
ദാറുല്‍ ഉലൂം മര്‍ക്കസ് Copyright@Woke Malayalam

സംസാരത്തിന് ശേഷം എനിക്ക് കാപ്പി കൊണ്ടുതന്നു. ഇനി ദാറുല്‍ ഉലൂം മര്‍ക്കസിലേയ്ക്ക് പോയാല്‍ ഒരുപാട് പേരെ കാണാന്‍ കഴിയുമെന്ന് മുഹമ്മദ്‌ റിയാസ് ഖാന്‍ പറഞ്ഞു. അവിടേയ്ക്കുള്ള വഴിയും പറഞ്ഞുതന്നു. ഒരു ചെറിയ കവലയിലാണ് മര്‍ക്കസുള്ളത്. കവലയിലെ വെയിറ്റിംഗ് ഷെഡില്‍ ചെറുപ്പക്കാര്‍ കൂട്ടമായി ഇരിക്കുന്നുണ്ട്. ഞങ്ങള്‍ പരിചയപ്പെട്ടു. വഴിയില്‍ നില്‍ക്കണ്ടെന്നും അകത്തേയ്ക്ക് ഇരിക്കാമെന്നും കൂട്ടത്തില്‍ ഒരു ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു. മര്‍ക്കസിനകത്തെ പള്ളിയിലേയ്ക്കാണ് അവര്‍ എന്നെ ക്ഷണിച്ചിരുത്തിയത്.

പള്ളിയുടെ വരാന്തയോട് ചേര്‍ന്ന് കുറച്ചു ഇരിപ്പിടങ്ങള്‍ ഉണ്ട്. അവിടെ ഞങ്ങള്‍ ഇരുന്നു. നിങ്ങള്‍ മുസ്ലീം ആണോ എന്ന് ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു. അതെ എന്ന് മറുപടി പറഞ്ഞു. ഏതു വിഭാഗക്കാരിയാണ്? ഞാന്‍ പറഞ്ഞു, സുന്നി. ഞങ്ങളും സുന്നികളാണ്, ആ ചെറുപ്പക്കാരന്‍ പറഞ്ഞു. പള്ളിയിലെ ഇമാം ഇപ്പോള്‍ വരും, അദ്ദേഹം നിങ്ങളോട് സംസാരിക്കും എന്നുകൂടി ആ ചെറുപ്പക്കാരന്‍ പറഞ്ഞു. 

ഞാനാണെങ്കില്‍ നിറഞ്ഞ മനസ്സോടെയാണ് അവിടെ ഇരിക്കുന്നത്. ഒരു മുസ്ലീം സ്വത്ത്വമുള്ള ഞാന്‍ ആദ്യമായാണ്‌ ഒരു പള്ളിയ്ക്കകത്തേയ്ക്ക് ക്ഷണിക്കപ്പെടുന്നത്. യാതൊരു അകല്‍ച്ചയും ഇല്ലാതെ പുരുഷന്മാര്‍ എൻ്റെ ചുറ്റിനുമുള്ള ഇരിപ്പിടങ്ങളില്‍ വന്നിരുന്നു. എന്നോട് വിശേഷങ്ങള്‍ ചോദിച്ചു. മുസ്ലീം ആയിട്ടും നിങ്ങള്‍ തട്ടം ഇടാത്തത് എന്ത് കൊണ്ടാണെന്ന് ചോദിച്ചില്ല. എൻ്റെ വസ്ത്ര ധാരണ രീതിയെ പുച്ഛിച്ചില്ല. ബഹുമാനത്തോടെയാണ് അവിടെ ഉണ്ടായിരുന്ന പുരുഷന്മാര്‍ സംസാരിച്ചത്. 

അത്രയും സന്തോഷത്തോടെ ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. ബാങ്ക് കൊടുത്തതും അവരെല്ലാം നിസ്കരിക്കാന്‍ പോയി. എന്നോട് നിസ്കരിക്കണ്ടേ എന്ന് പോലും ചോദിച്ചില്ല. എനിക്കൊരു കാപ്പി കൊണ്ട് തന്നു. ഞങ്ങള്‍ നിസ്കരിച്ചിട്ടു വരാം എന്ന് പറഞ്ഞ് അവര്‍ പള്ളിയ്ക്കകത്തേയ്ക്ക് പോയി.

darul uloom markaz manipur lilong
പള്ളിയിൽ വുളു എടുക്കുന്ന കുട്ടികൾ Copyright@Woke Malayalam

ബാങ്ക് വിളി കേട്ടതും കുട്ടികള്‍ വന്ന് അടുത്തുള്ള പൈപ്പുകളില്‍ നിന്നും വുളു എടുത്തു. വസ്ത്രങ്ങള്‍ അലക്കി കൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ അലക്കല്‍ നിര്‍ത്തി വുളു എടുത്ത് പള്ളിയിലേയ്ക്ക് കയറി. ഞാന്‍ കാപ്പിയും കുടിച്ച് സന്തോഷത്തോടെ ഇമാമിനെയും മറ്റുള്ളവരെയും കാത്തിരുന്നു.

FAQs

സുന്നി എന്നാലെന്ത്?

ഇസ്‌ലാമിലെ ഏറ്റവും വലിയ വിഭാഗമാണ് സുന്നി. പ്രവാചകൻ മുഹമ്മദിൻ്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ (പ്രവാചകചര്യ ) പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. സുന്നത്ത് (പ്രവാചക ചര്യ) എന്ന അറബി പദത്തിൽ നിന്നാണ്‌ സുന്നി എന്ന പദം രൂപം കൊണ്ടത്.

 ഉർദു എന്നാലെന്ത്?

ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയും പാകിസ്താനിലെ ദേശീയഭാഷയുമാണ്‌ ഉർദു. ദില്ലി സുൽത്താന്മാരുടെ ഭരണകാലത്ത് അപഭ്രംശഭാഷകളിൽ നിന്നുരൂപാന്തരപ്പെട്ടതും മുഗളരുടെ കാലത്ത്‌ പേർഷ്യൻ, അറബി, തുർക്കിഷ് എന്നീ ഭാഷകളുടെ സ്വാധീനത്താൽ വികാസം പ്രാപിച്ചതുമായ ഭാഷയാണ്‌ ഉർദു. ഹിന്ദിയുമായി വളരെയേറെ സാമ്യമുണ്ടെങ്കിലും അറബി ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബി എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു. ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ മാതൃഭാഷയായി ഈ ഭാഷ സംസാരിക്കുന്നുണ്ട്‌.

നിസ്ക്കാരം എന്നാലെന്ത്?

മുസ്ലീങ്ങൾ ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് നമസ്ക്കാരം അല്ലെങ്കിൽ                      നിസ്ക്കാരം എന്ന് പറയുന്നത്. അറബിയിൽ സ്വലാത്ത് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സ്വലാത് എന്നതിലെ ത് എന്നത് നിശ്ശബ്ദമായതിനാൽ സ്വലാ എന്നാണ് വായിക്കപ്പെടുന്നത്. പ്രാർത്ഥന, അനുഗ്രഹം, ആശീർവാദം എന്നുമൊക്കെയാണതിന്റെ അർത്ഥങ്ങൾ. ഖുർആനിൽ വിശ്വാസികളോട് സമയാസമയങ്ങളിൽ നമസ്കരിക്കുവാനുള്ള കല്പനയുണ്ട്.

വുളുഅ് എന്നാലെന്ത്?

ശരീരഭാഗങ്ങൾ കഴുകുന്നതിനാണ്‌ ഇസ്ലാം മതത്തിൽ വുളുഅ് എന്ന് പറയുന്നത്. നമസ്കാരം, ഹജ്ജ് തുടങ്ങിയ കർമ്മങ്ങളിൽ വുളുഅ് നിർബന്ധമാണ്‌. ഇതിനെ ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുക എന്ന് മുസ്ലിങ്ങൾ പറയുന്നു. വുളു എടുക്കാനുപയോഗിക്കുന്ന വെള്ളം തഹൂറായിരിക്കണം. സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതുമായ വെള്ളത്തിനാണ്‌ തഹൂറായ വെള്ളം എന്ന് പറയുന്നത്.

Quotes

സഹോദരങ്ങളായി നാം ഒരുമിച്ച് ജീവിക്കാൻ പഠിക്കണം. അല്ലെങ്കിൽ വിഡ്ഢികളായി ഒരുമിച്ച് നശിക്കണം – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.