Sun. Nov 17th, 2024
manipur violence 2023

നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കുക്കികളെ വെറുക്കുന്നു. ഞങ്ങളുടെ  മുഖ്യമന്ത്രി വളരെ മോശക്കാരനാണ്. ഇംഫാലില്‍ ഒരു കുക്കികളും താമസിക്കുന്നതില്‍ താല്പര്യമില്ല

ക്യാമ്പിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയോടും അവന്‍റെ സഹോദരിയോടും ഇംഫാലില്‍ അധ്യാപിക ആയിരുന്ന അവന്‍റെ അമ്മയോടുമാണ് പിന്നീട് സംസാരിച്ചത്. എല്‍ തോമസ് എന്നാണ് അവന്‍റെ പേര്. പ്ലസ് ടു വിദ്യാര്‍ത്ഥി. സഹോദരി എല്‍ കിംചുങ്കയ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥി. അമ്മയുടെ പേര് ജങ്ഗുനു. ഇംഫാലില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മൂന്ന് പേരും ഒരുമിച്ചാണ് സംസാരിച്ചു തുടങ്ങിയത്.
കലാപത്തിന് മുന്‍പ് ഞങ്ങള്‍ ഇംഫാലില്‍ വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. എന്‍റെ രണ്ട് മക്കളും കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് അങ്ങോട്ട് പോകാന്‍ കഴിയില്ല. ഞങ്ങളുടെ സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് ഇംഫാലില്‍ ഒരു കുക്കികളും താമസിക്കുന്നതില്‍ താല്പര്യമില്ല.

ഞങ്ങള്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഉടമസ്ഥന്‍ ഒരു മയ്‌തേയാണ്. അതുകൊണ്ട് എന്‍റെ വീട് കത്തിച്ചിട്ടില്ല. എന്നാല്‍ ഇംഫാലിലുള്ള എല്ലാ കുക്കി വീടുകളും അവര്‍ കത്തിച്ചു. ഞങ്ങളുടെ വീട്ടുപകരണങ്ങള്‍ കൊള്ളയടിച്ചു. എന്തു പറയാന്‍? വളരെ മോശമായിരുന്നു ഞങ്ങളുടെ അവസ്ഥ.

യഥാര്‍ത്ഥത്തില്‍ എന്‍റെ മുത്തച്ഛന്മാരുടെ സഹായത്തോടെയാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. അവര്‍ ഞങ്ങള്‍ക്ക് ഗുവാഹത്തിയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു തന്നു. ഞങ്ങള്‍ അതിരാവിലെ ഉണര്‍ന്ന് സമയം കളയാതെ എയര്‍പോര്‍ട്ടില്‍ എത്തി. അവിടുന്ന് ഒരു വിധത്തില്‍ ഗുവാഹത്തിയിലെത്തി. പിന്നീട് ഷില്ലോങ്ങില്‍ നിന്നും റോഡ് മാര്‍ഗം കാങ്‌പോക്പിയില്‍ എത്തി. കലാപം ഞങ്ങളുടെ പഠനത്തെയും ബാധിച്ചു.

Kangpokpi relief camp Manipur
എല്‍ തോമസ് (വലതുനിന്ന് ആദ്യം) അമ്മയ്ക്കും സഹോദരിക്കുമൊപ്പം Copyright@Woke Malayalam

ഞങ്ങള്‍ പഠിച്ചത് കെവിയിലാണ്. ഞങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പ്രവേശനം നേടാം. പക്ഷേ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുകള്‍ കുറവാണ്. പത്തും പന്ത്രണ്ടും ക്ലാസുകള്‍ വളരെ പ്രധാനമാണ്. ഞങ്ങളെപ്പോലെ നിരവധി വിദ്യാര്‍ത്ഥികളുണ്ട്. നിലവില്‍ പല കുട്ടികളിലും പോഷകാഹാരത്തിന്‍റെ അഭാവം നേരിടുന്നുണ്ട്. ഇപ്പോള്‍ പച്ചക്കറിയോ പഴമോ പോലും കിട്ടാന്‍ പ്രയാസമാണ്. ആളുകള്‍ക്ക് പോഷക ഗുണവും സമീകൃതവുമായ ആഹാരം ആവശ്യമാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്.  ഇവിടെ ചോറും പരിപ്പും മാത്രമാണ് കിട്ടുന്നത്. ഞങ്ങള്‍ രാവിലെ ചോറും പരിപ്പും കഴിക്കാത്ത ആളുകളാണ്.

ഇവിടെ ഡോക്ടര്‍മാരുടെ കുറവും മരുന്നുക്ഷാമവുമുണ്ട്. ഇടയ്ക്ക് ഒരു മെഡിക്കല്‍ സംഘം ഇവിടെ സന്ദര്‍ശിച്ചിരുന്നു, പക്ഷേ അത്ര നല്ലതായിരുന്നില്ല. ഞങ്ങള്‍ ആഗ്രഹിക്കുന്നത് ശരിയായ വൈദ്യസഹായങ്ങളാണ്. ആളുകള്‍ ഇപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നുവെന്ന് ഞാന്‍ കരുതുന്നു. കാരണം ഞങ്ങള്‍ കണ്ടതും ഞങ്ങള്‍ നേരിട്ടതും മറക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

ഞങ്ങളുടെ ഗ്രാമങ്ങള്‍ കത്തിക്കരിഞ്ഞത് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ ആരാധിക്കുന്ന, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലം കത്തിപ്പോകുന്നത് ഞങ്ങള്‍ കണ്ടു. യുദ്ധങ്ങളില്‍ ആരാധനാലയങ്ങളെ ഒഴിവാക്കാറുണ്ട്. എന്നാല്‍ അവര്‍ ഒരു ആരാധനാലയം പോലും ഒഴിവാക്കിയില്ല. ഇത് വളരെ ഭയാനകമാണ്.

രണ്ടു കുക്കി സഹോദരിമാരെ നഗ്നരാക്കി പരേഡ് ചെയ്യുന്ന വീഡിയോ കണ്ടു. ആ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഇനിക്ക് മയ്‌തേയികളായ ധാരാളം സുഹൃത്തുക്കളുണ്ട്. പക്ഷേ ആ കാര്യങ്ങള്‍ കണ്ടപ്പോള്‍ വളരെ ഞെട്ടല്‍ തോന്നിയിരുന്നു. കാരണം എനിക്ക്  അമ്മയും സഹോദരിയുമുണ്ട്. അത് ജര്‍മ്മന്‍ നാസി യുദ്ധത്തേക്കാള്‍ ഭീകരമാണ്. ഞങ്ങളുടെ സ്ത്രീകളെയും സഹോദരിമാരെയും നഗ്നരായി അണിനിരത്തുന്നത് കാണുന്നത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ലജ്ജാകരമാണ്.

പ്രധാനമന്ത്രി പറയുന്നത് ബേട്ടി ബചാവോ, ബേട്ടി പഠാവോ എന്നാണ്. എന്നാല്‍ കുക്കി സ്ത്രീകളെ അവര്‍ തെരുവില്‍ ബലാത്സംഗം ചെയ്തു. സ്ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇതെങ്ങനെ സംഭവിച്ചുവെന്നതില്‍ ഞങ്ങള്‍ക്ക് വല്ലാത്ത വെറുപ്പ് തോന്നുന്നു. ഇത് ചെയ്ത വ്യക്തിക്ക് ഹൃദയമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല., തോമസ് പറഞ്ഞു.

Kuki relief camp Kangpokpi Manipur
റിലീഫ് ക്യാമ്പിലെ അന്തേവാസികളായ കുട്ടികൾ Copyright@Woke Malayalam

എന്‍റെ പ്രദേശത്ത് ആദ്യമായി കത്തിച്ചത് എന്‍റെ സുഹൃത്തിന്‍റെ വീടായിരുന്നു. ഒരു വര്‍ഷം പോലും അവര്‍ ആ വീട്ടില്‍ താമസിച്ചില്ല. അവരുടെ വീടിന്‍റെ ഡിസൈന്‍ എനിക്ക് ഇഷ്ടമാണ്. ആ വീട് പോലെ ഒരെണ്ണം പണിയണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു.

എന്‍റെ അയല്‍പക്കത്ത് ഒരു പോലീസ് ഓഫീസര്‍ ഉണ്ട്. ഒരു പോലീസുകാരിയായിട്ടു കൂടി സ്വന്തം വീട് സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരുടെ വീടും കൊള്ളയടിക്കപ്പെട്ടു. എന്‍റെ സുഹൃത്തുക്കളെ ഇടയ്ക്കിടെ ഞാന്‍ വിളിക്കാറുണ്ടായിരുന്നു. ഒരു ദിവസം വിളിച്ചപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്ത് കൊല്ലപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. സ്‌നൈപ്പര്‍ ആണ് വെടിവെച്ചത്. അവന്‍ പത്താം ക്ലാസ്സില്‍ ആയിരുന്നു.

ഞാന്‍ ഷില്ലോങ്ങില്‍ ആയിരിക്കുമ്പോള്‍ ഒരു വാര്‍ത്ത കേട്ടു. എന്‍റെ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുട്ടി അസം റൈഫിള്‍സിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കഴിഞ്ഞിരുന്നത്. അവന്‍റെ പേര് എനിക്ക് ഓര്‍മയില്ല. അവന് വെടിയേറ്റു. അവന്‍റെ അമ്മ മയ്‌തേയി സമുദായത്തില്‍പ്പെട്ടവരായതിനാല്‍ അവന് ഇംഫാലില്‍ ശരിയായ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. റിംസ് ആശുപത്രിയിലേക്കാണ് അവര്‍ പോയത്. ആശുപത്രിയില്‍ നിന്ന് ഏകദേശം പത്ത് ഇരുപത് മിനിറ്റ് മാത്രം അകലെ വെച്ച് മയ്ര പൈബിസുകള്‍ അവരുടെ ആംബുലന്‍സിനെ വളഞ്ഞു. അവര്‍ അവരെ ജീവനോടെ ചുട്ടെരിച്ചു. ആ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഞാനും വല്ലാതെ ഞെട്ടിപ്പോയി., തോമസ് പറഞ്ഞു. 

നമ്മുടെ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും കുക്കി ഗോത്രത്തില്‍പ്പെട്ടവരെ വെറുക്കുന്നു. ഞങ്ങളുടെ മുഖ്യമന്ത്രി വളരെ മോശക്കാരനാണ്. നിയമത്തിന്‍റെ കണ്ണില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്‍റെ ദൃഷ്ടിയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ശത്രുക്കളാണ്. എല്ലാ അധികാരങ്ങളും അവരുടെ കയ്യിലാണ്. കുക്കികളെ ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്., തോമസ് പറഞ്ഞ് അവസാനിപ്പിച്ചു.

Kangpokpi relief camp Manipur
ക്യാമ്പില്‍ മിസോറാമില്‍ നിന്നും സഹായമായി എത്തിച്ച തുണിത്തരങ്ങള്‍ Copyright@Woke Malayalam

ക്യാമ്പില്‍ അന്ന് മിസോറാമില്‍ നിന്നും സഹായമായി കിട്ടിയ തുണിത്തരങ്ങള്‍ വിതരണം ചെയ്യുകയാണ്. ഞാന്‍ വെറുതെ കേരളത്തിലെ പ്രളയകാലത്തെക്കുറിച്ച് ചിന്തിച്ചു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമാണ് നമുക്ക് സഹായങ്ങള്‍ ലഭിച്ചത്. എന്നാല്‍ മാറിയുടുക്കാന്‍ മതിയായ വസ്ത്രങ്ങളോ നല്ല ഭക്ഷണമോ ഇല്ലാതെയാണ് കുക്കി ക്യാമ്പുകളിലെ അന്തേവാസികള്‍ ജീവിക്കുന്നത്.

സര്‍ക്കാരില്‍ നിന്നും അരിയും പരിപ്പും മാത്രമാണ് ലഭിക്കുന്നത്. ബാക്കിയുള്ളവയെല്ലാം മറ്റുള്ളവരുടെ സഹായമാണ്. കേരളത്തിലേക്ക് സഹായവുമായി അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങളുടെ ഒരു ശതമാനം പോലും മണിപ്പൂരിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. 

പോലീസും പട്ടാളവും ഉണ്ടെങ്കിലും കുക്കി പ്രതിരോധ സേനയാണ് (പ്രാദേശിക കുക്കികളുടെ സേനാ വിഭാഗം) കാങ്‌പോക്പിയിലെ സുരക്ഷാ ചുമതല വഹിക്കുന്നത്. കാങ്‌പോക്പിയുടെ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അവരിലെ ഒരു നേതാവിനോട് കാങ്‌പോക്പിയില്‍ നിന്നും മടങ്ങുന്ന വഴി സംസാരിച്ചു. പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. 

അവര്‍ (മയ്‌തേയികള്‍) എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ ആക്രമിക്കാം. അത് തടയാന്‍ വേണ്ടിയാണ് ഇവിടെ ബങ്കറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഞങ്ങള്‍ എപ്പോഴും അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തികൊണ്ടിരിക്കും. അവര്‍ ഞങ്ങളുടെ ഗ്രാമങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  മയ്‌തേയികള്‍ തുടക്കത്തില്‍ കിഴക്കന്‍ മലനിരകള്‍ ലക്ഷ്യമാക്കിയാണ് നീങ്ങിയത്. ആ മേഖലയിലേയ്ക്ക് ഞങ്ങള്‍ ആരെയും കടത്തി വിടുന്നില്ല.

Kuki relief camp Kangpokpi Manipur
കുക്കി പ്രതിരോധ സേന Copyright@Woke Malayalam

സൈന്യം ഞങ്ങള്‍ക്കിടയില്‍ ബഫര്‍ സോണുകളുണ്ടാക്കി. അവര്‍ക്ക് നേരെ വെടിയുതിര്‍ക്കരുതെന്ന് സൈന്യം പറഞ്ഞിട്ടുണ്ട്. അത് ഞങ്ങള്‍ അനുസരിക്കുകയാണ്. അവര്‍ക്ക് ധൈര്യം ഉണ്ടെങ്കില്‍ വീണ്ടും വരട്ടെ. അതിന്  തന്നെയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ ചുരാചന്ദ്പൂരിലേക്ക് മാത്രം പോകുന്നത്. ഒരുപക്ഷേ ഇങ്ങോട്ട് വരരുതെന്ന് സൈന്യം അവരോട് പറഞ്ഞിട്ടുണ്ടാകണം. രണ്ട് മാസത്തിലധികമായി ഞങ്ങള്‍ കിഴക്കന്‍ മലനിരകളിലേക്ക് വെടിവെച്ചിട്ട്.

കുക്കികളുടെ പ്രദേശങ്ങളില്‍ എന്നാണ് സമാധാനം പുലരുക എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. 

ഇവിടെ പൂര്‍ണ്ണമായും സമാധാനപരമാണെന്ന് പറയാന്‍ കഴിയില്ല. കേന്ദ്രം ഇടപെടാതെ എങ്ങനെയാണ് കാര്യങ്ങള്‍ ശരിയാവുക. പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ് കഴിയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മേജര്‍ എന്നോട് ഇതേ ചോദ്യം ചോദിച്ചു. ഇതേ ഉത്തരം തന്നെയാണ് ഞാന്‍ അദ്ദേഹത്തിനും നല്‍കിയത്. ഞങ്ങള്‍ക്കിവിടെ പ്രത്യേക ഭരണം ആവശ്യമാണ്. അത് ഒരു സംസ്ഥാനമാണെങ്കില്‍ അങ്ങനെ, കേന്ദ്രഭരണ പ്രദേശമാണെങ്കില്‍ അങ്ങനെ. പക്ഷേ ഞങ്ങളുടെ ആവശ്യം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല., അദ്ദേഹം പറഞ്ഞു. 

ഞങ്ങളുടെ സംസാരത്തിനിടെ ഒരു കോള്‍ വന്നതും സംസാരം മതിയാക്കി നേതാക്കളുമായി മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് അദ്ദേഹം പോയി. 10 മിനിറ്റിനു ശേഷം തിരിച്ചു വരുമെന്നും സംസാരം തുടരാമെന്ന് പറഞ്ഞെങ്കിലും ഒരു മണിക്കൂറോളം കാത്തുനിന്നിട്ടും അദ്ദേഹം വന്നില്ല. സിസിടിവികള്‍ നിരീക്ഷിക്കുന്ന ഒരു മുറിയിലായിരുന്നു എന്നെ ഇരുത്തിയിരുന്നത്. വിവിധ പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ മോണിട്ടറില്‍ കാണാം. ഞാന്‍ കൂടുതലായി നിരീക്ഷിക്കുന്നത് കൊണ്ടാണോ എന്തോ എന്നോട് മുറിയുടെ പുറത്തേക്ക് ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. കുടിക്കാന്‍ ജ്യൂസും തന്നു.

രാവിലെ കാങ്‌പോക്പിയിലേയ്ക്ക് പോകുമ്പോള്‍ ചെക്ക്‌പോസ്റ്റില്‍ കണ്ട ചെറുപ്പക്കാര്‍ അവിടെ മടങ്ങി എത്തിയിട്ടുണ്ട്. കണ്ണുകളില്‍ ഉറക്കം കെട്ടിനില്‍ക്കുന്നത് പോലെ തൂങ്ങി ആയിരുന്നു എല്ലാവരും ഉണ്ടായിരുന്നത്. എന്താ ഈ അവസ്ഥയില്‍ എന്ന് അടുത്തിരുന്ന ഒരു ചെറുപ്പക്കാരനോട് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് നല്‍കിയ മറുപടി ഡ്രഗ്‌സ് എന്നാണ്. പൊതുവേ കുക്കിക്കള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നമ്മള്‍ എന്ത് ചോദിച്ചാലും സത്യസന്ധമായി ഉത്തരം പറയും. ഏറെ നേരത്തെ കാത്തിരിപ്പിന് ഫലമില്ലാതായതോടെ ഞങ്ങൾ ഇംഫാലിലേക്ക് തിരികെ മടങ്ങി.

FAQs

എന്താണ് സ്നൈപ്പർ?

യുദ്ധകാലത്ത് ഒളിഞ്ഞിരുന്ന് ശത്രു സൈന്യത്തിലെ പട്ടാളക്കാരെ വെടിവെക്കാൻ വേണ്ടി പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്. ഈ പട്ടാളക്കാർ ഇതിനു വേണ്ടി സ്നൈപ്പർ റൈഫിൾ എന്ന് വിളിക്കുന്ന പ്രത്യേകതരം തോക്കാണ് ഉപയോഗിക്കുക. ഓഫീസർമാർ, റേഡിയോ ഓപ്പറേറ്റർ മുതലായ ശത്രുവിന്റെ വിലപ്പെട്ട ആസ്തികളെ (high value assets) ഇല്ലാതാക്കുകയാണ് സ്നൈപ്പറിൻ്റെ  പ്രധാന ജോലി.

എന്താണ് കേന്ദ്രീയ വിദ്യാലയം?

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂൾ സമ്പ്രദായമാണ് കേന്ദ്രീയ വിദ്യാലയം. 1963ൽ സെൻട്രൽ സ്‌കൂൾ എന്ന പേരിൽ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്താണ് ഈ സ്‌കൂൾസമ്പ്രദായം പ്രവർത്തനമാരംഭിച്ചത്. പിന്നീടാണ് ഇതിൻ്റെ പേര് കേന്ദ്രീയ വിദ്യാലയം എന്നാക്കിമാറ്റിയത്. ഇന്ത്യൻ പ്രതിരോധ വകുപ്പിൽ പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ ലക്ഷ്യം.

എന്താണ് നാസി ജർമ്മനി?

1933 മുതൽ 1945 വരെ അഡോൾഫ് ഹിറ്റ്ലറുടെയും ദേശീയ സോഷ്യലിസ്റ്റ് ജർമൻ തൊഴിലാളി പാർട്ടിയുടെയും (നാസിപ്പാർട്ടി) (NSDAP) ഭരണത്തിൻകീഴിലുള്ള ജർമൻ രാജ്യത്തിന്  ഇംഗ്ലീഷിലുള്ള പേരാണ്‌ നാസി ജർമനി അഥവാ ദി തേർഡ് റെയ്ശ്.

എവിടെയാണ് ഗുവാഹത്തി?

ഇന്ത്യയുടെ കിഴക്കെ അറ്റത്ത് അസമിൽ ബ്രഹ്മപുത്രയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഗുവാഹത്തി. അസം സംസ്ഥാ‍നത്തിൻ്റെ  തലസ്ഥാനമായ ദിസ്‌പൂർ ഗുവാഹത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.

Quotes

ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങൾക്കു ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്‍റും അർത്ഥവത്താവുന്നുള്ളു – കാൾ മാർക്സ്

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.