Mon. Sep 9th, 2024
kuki's fire meite village in moreh manipur

രാവിലെ കളക്ടറുടെ ഫോൺ വന്നു. മൊറെയില്‍ കുക്കികള്‍ തീയിട്ട് തുടങ്ങി എത്രയും പെട്ടെന്ന് നിങ്ങൾ ഇവിടം വിടണം

തെങ്‌നൗപൽ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിര്‍ത്തി പട്ടണമായ മൊറെയിലേക്കാണ് ഇന്നത്തെ (25 ജൂലൈ 2023)  എൻ്റെ യാത്ര. ഇന്ത്യ-മ്യാൻമാർ അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ വാണിജ്യ പട്ടണമായ മൊറെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിൽ സാംസ്കാരിക വിനിമയം, വാണിജ്യം, രാഷ്ട്രീയ ഇടപെടലുകൾ എന്നിവയെ പരിപോഷിപ്പിക്കുന്ന പുരാതന വ്യാപാരപാത കൂടിയാണ്. 

ഇൻ്റഗ്രേറ്റഡ് കസ്റ്റംസ്, ഇൻ്റർനാഷണൽ ഇമിഗ്രേഷൻ ചെക്ക് പോയിന്റ് എന്നിവ ഉപയോഗിച്ച് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വ്യാപാര മേഖല എന്ന നിലയിൽ, ഇന്ത്യയുടെ ലുക്ക് ഈസ്റ്റ് പോളിസിയിലും ആസിയാൻ-ഇന്ത്യ ഫ്രീ ട്രേഡ് ഏരിയയ്ക്ക് കീഴിലുള്ള വ്യാപാര വാണിജ്യത്തിലും മൊറെ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ട്രൈലാറ്ററൽ ഹൈവേ, ട്രാൻസ് -ഏഷ്യൻ റെയിൽവേ കണക്റ്റിവിറ്റി തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യ ലക്ഷ്യമിട്ടുള്ള എല്ലാ വാണിജ്യ-വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നത് മൊറെ വഴിയാണ്. 

സംസ്ഥാനങ്ങളുടെ, രാജ്യങ്ങളുടെ, ദേശങ്ങളുടെ അതിര്‍ത്തികള്‍ കാണാനും മനസ്സിലാക്കാനും പൊതുവേ കൗതുകമുള്ള ആളാണ്‌ ഞാന്‍. കന്യാകുമാരിയിലെ റെയില്‍വെയുടെ ഡെഡ് എന്‍ഡും ധനുഷ്‌ക്കോടി 
അരിച്ചാല്‍ മുനമ്പും പറഞ്ഞുവിവരിച്ചുതരാന്‍ കഴിയാത്ത അത്ര ആനന്ദവും അനുഭൂതിയും നല്‍കിയ കാഴ്ചകള്‍ ആണ്.

അതുപോലെ മൊറെയില്‍ എത്തി ഇന്ത്യാ-മ്യാൻമർ ഫ്രണ്ട്ഷിപ്പ് ഗേറ്റിൻ്റെ അടുത്ത് പോയി കുറച്ചുനേരം നോക്കി നിക്കണം, അവിടെ അനുഭവിച്ചറിയണം എന്ന ആഗ്രഹം മണിപ്പൂരില്‍ എത്തിയതുമുതലുണ്ട്. കൂടാതെ അവിടുത്തെ വിവിധ കമ്മ്യൂണിറ്റികളുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിക്കണം, കുടിയേറ്റത്തിൻ്റെ വസ്തുതകൾ  മനസ്സിലാക്കണം, സൈനിക തലവന്മാരുമായി സംസാരിക്കണം തുടങ്ങിയ കണക്കുകൂട്ടലുകളും മനസ്സിലുണ്ട്.

moreh hiway
മൊറെയിലേയ്ക്കുള്ള ഹൈവേ Copyright@Woke Malayalam

അതുകൊണ്ട് തന്നെ മൊറെയിലേയ്ക്ക് പോകാനുള്ള എല്ലാ മാർഗ്ഗങ്ങളും അന്വേഷിച്ചുകൊണ്ടിരുന്നു. മൊറെയിലെ തമിഴ് സംഘത്തിൻ്റെ  നേതാവിനെ വിളിച്ച്  ഇടയ്ക്കിടെ അവിടുത്തെ സാഹചര്യങ്ങളും വിലയിരുത്തിക്കൊണ്ടിരുന്നു. കാരണം ബര്‍മ്മീസ് കുക്കികള്‍ അനധികൃത കുടിയേറ്റം നടത്തുന്നു എന്ന് മയ്തേയികള്‍ ആരോപിക്കുന്ന അതിര്‍ത്തിയാണത്. കലാപം തുടങ്ങിയത് മുതല്‍ ഹൈ ടെന്‍ഷന്‍ മേഖല. 

എന്നാൽ  കുടിയേറ്റം തടയുക എന്നത് ഇന്ത്യൻ അധികാരികൾക്ക് എളുപ്പമല്ല. കാരണം മുളക് മുതൽ മാംസം വരെയുള്ള എല്ലാ അവശ്യവസ്തുക്കളും മ്യാൻമാറില്‍ നിന്നാണ് വരുന്നത്. ഇന്ത്യാ-മ്യാൻമാർ ഫ്രണ്ട്ഷിപ്പ് ഗേറ്റിന് കുറുകെ പാസ്പോർട്ടും വിസയും ഇല്ലാതെ താമു, നമ്പലോങ്ങ് ബസാറുകളില്‍ മൊറെയില്‍ നിന്നുള്ളവര്‍ വ്യാപാരങ്ങള്‍ നടത്തുന്നു.

ഇന്ത്യന്‍ ഉല്പന്നങ്ങള്‍ അവിടെ വിറ്റ് പകരം തായ്, ചൈനീസ് ഉല്പന്നങ്ങള്‍ തിരികെ കൊണ്ടുവരുന്നു. കൂടാതെ സിമന്റ്, എഞ്ചിനീയറിംഗ് സാധനങ്ങൾ, ഗതാഗത ഉപകരണങ്ങൾ, മോട്ടോർ സൈക്കിളുകൾ, ഇരുമ്പ്, ഉരുക്ക്, മരുന്ന്, രാസവസ്തുക്കൾ, അനുബന്ധ ഉല്പന്നങ്ങൾ, കോട്ടൺ നൂൽ മുതലായവയുടെ ഇന്ത്യയില്‍ നിന്നും മൊറെ വഴി കയറ്റുമതി ചെയ്യുന്നു.

ബാര്‍ട്ടര്‍ സംവിധാനത്തില്‍ മ്യാൻമാറിൽ നിന്ന് വെറ്റില, മഞ്ഞൾ, ചുവന്ന കിഡ്നി ബീൻസ്, പയർ, ഉണങ്ങിയ ഇഞ്ചി മുതലായവ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. അതിര്‍ത്തി കടന്നുള്ള ഈ വ്യാപാരം മൊറെയിലുള്ളവരുടെ പ്രധാന വരുമാനമാര്‍ഗ്ഗമാണ്. 

നാഗ, കുക്കി, മയ്തേയി, തമിഴ്, മലയാളി, ബംഗാളി, ജെയിൻ, പഞ്ചാബി, പങ്ങൽ മുസ്ലിം, നേപ്പാളി, ബുദ്ധര്‍, ബീഹാറി, മാര്‍വാടികള്‍ തുടങ്ങി സമ്മിശ്രമായ ബഹുസാംസ്‌കാരിക നഗരമായിരുന്നു 1990കളുടെ മധ്യം വരെ മോറെ.

30 വർഷം മുമ്പ് വരെ ഇന്ത്യയുടെ ഒരു സൂക്ഷ്മരൂപമായി മൊറെയേ വിശേഷിപ്പിക്കാമായിരുന്നു. എല്ലാ വിഭാഗക്കാരുടെയും ആരാധാനാലയങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും യഥേഷ്ടം എല്ലാവരും ഒരുമിച്ച് ആഘോഷിച്ചുപോന്നു. കഠിനാധ്വാനവും ബിസിനസ് മിടുക്കും കാരണം തമിഴർ മൊറെയിലെ ഏറ്റവും സമ്പന്നമായ സമൂഹമായി മാറി. തമിഴ്, കുക്കി സമുദായങ്ങളുടെ ജനസംഖ്യ ആ കാലഘട്ടത്തിൽ ഏകദേശം തുല്യമായിരുന്നു.

കൊളോണിയല്‍ ഭരണകാലത്ത് ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബർമ്മീസ് നഗരമായ റംഗൂൺ (ഇപ്പോൾ യാങ്കൂൺ) ഉയരുമ്പോള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിൻ്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളെയും  തൊഴിലാളികളെയും  ഈസ്റ്റ് ഇന്ത്യ കമ്പനി ബർമ്മയിലേയ്ക്ക് ക്ഷണിച്ചു. 

തമിഴർ, ബംഗാളികൾ, തെലുങ്കര്‍, ഒറിയകൾ, പഞ്ചാബികൾ എന്നിവരെയാണ്  ഇന്ത്യയില്‍ നിന്നും ഈ സമ്പന്ന തുറമുഖ നഗരത്തിലേക്ക് കൊണ്ടുപോയത്. 1948ല്‍ ബ്രിട്ടീഷുകാര്‍ ബര്‍മ്മ വിട്ടതിന് ശേഷവും ഇന്ത്യക്കാര്‍ തുടര്‍ന്നു. അവർ ബിസിനസുകൾ വ്യാപിപ്പിക്കുകയും ബർമ്മീസ് സമ്പദ്‌വ്യവസ്ഥയുടെ ചാലകങ്ങളായി മാറുകയും ചെയ്തു.

1962 മാർച്ച് 2 ന്, ജനറൽ നെ വിൻ്റെ  നേതൃത്വത്തിലുള്ള സൈന്യം അട്ടിമറിയിലൂടെ ബർമ്മയുടെ നിയന്ത്രണം ഏറ്റെടുത്തു.അന്നുമുതൽ സർക്കാർ നേരിട്ടോ അല്ലാതെയോ സൈന്യത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു. 1962 നും 1974 നും ഇടയിൽ മ്യാൻമാർ ഭരിച്ചത് ജനറലിൻ്റെ നേതൃത്വത്തിലുള്ള റെവല്യൂഷണറി കൗൺസിലായിരുന്നു.

1963-ൽ റെവല്യൂഷണറി കൗൺസിൽ ദേശസാത്കരണ നിയമം പാസ്സാക്കി. ഇറക്കുമതി-കയറ്റുമതി വ്യാപാരം, അരി, ബാങ്കിംഗ്, ഖനനം, തേക്ക്, റബ്ബർ എന്നിവയുൾപ്പെടെ എല്ലാ പ്രധാന വ്യവസായങ്ങളെയും ദേശസാത്കരിക്കുകയും ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ബര്‍മ്മീസ് അല്ലാത്ത എല്ലാവരോടും രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

1965-ൽ അന്നത്തെ  പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി കൊൽക്കത്ത, ചെന്നൈ, വിശാഖപട്ടണം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് റംഗൂണിലേക്ക് ആളുകളെ മടക്കികൊണ്ട്‌ വരാന്‍ കപ്പലുകള്‍ അയച്ചു. കപ്പല്‍ മാര്‍ഗ്ഗം വരാത്തവര്‍ അതിര്‍ത്തികള്‍ വഴിയും ഇന്ത്യയിലേയ്ക്ക് എത്തി. 

തമിഴരെ പ്രധാനമായും ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ തമിഴ്നാടുമായി ഇഴകിച്ചേരാന്‍ കഴിയാത്തവര്‍ ബര്‍മ്മയിലേയ്ക്ക് തിരിച്ചു പോകാന്‍ തീരുമാനിച്ചു. കരമാര്‍ഗം കുടിയേറ്റത്തിന് ശ്രമിച്ച ഭൂരിഭാഗം പേരെയും സൈന്യം പിടികൂടി ഇന്ത്യയിലേയ്ക്ക് തിരിച്ചയച്ചു.അവര്‍ പിൽക്കാലത്ത് മൊറെയില്‍ താമസമാക്കി. കുക്കി, മയ്തേയ് കുടുംബങ്ങൾക്കൊപ്പം തമിഴരും മൊറെയിലെ കുടിയേറ്റക്കാരായി. ഇന്നും മ്യാൻമാറിലുള്ള തങ്ങളുടെ ബന്ധുക്കളുമായി തമിഴര്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. 

60-കളുടെ മധ്യത്തിൽ 20,000 ജനസംഖ്യയുള്ള തമിഴർ മറ്റെല്ലാ സമുദായങ്ങളെയും മറികടന്ന് പ്രബലരായി. കാലക്രമേണ പട്ടണത്തിലെ ഏറ്റവും സ്വാധീനമുള്ള സമൂഹങ്ങളിലൊന്നായി തമിഴ് സമൂഹം മാറി. കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് തമിഴ് സംഘം എന്ന സംഘടന രൂപീകൃതമായി. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം മത വിശ്വാസികളായ തമിഴര്‍ 1992 വരെ മൊറെയിലെ പ്രബലര്‍ തന്നെയായിരുന്നു. 

1990 ൻ്റെ തുടക്കത്തില്‍ ആരംഭിച്ച  നാഗ, കുക്കി വിമത ഗ്രൂപ്പുകൾ തമ്മിലുള്ള അക്രമാസക്തമായ സംഘർഷത്തെത്തുടർന്ന് മൊറെയില്‍ നിന്നും ഇതര മണിപ്പൂരികളുടെ പലായനം ആരംഭിച്ചു. നാഗ-കുക്കി സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി കുക്കികള്‍ മോറെയിലേയ്ക്ക് പലായനം ചെയ്തു. അന്ന് കുക്കികള്‍ക്ക് അഭയം കൊടുത്തത് മയ്തേയികളാണ്. ഇതോടെ മൊറെയിലെ കുക്കി ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായി. 

ഇതിനിടെ തമിഴര്‍ക്കും കുക്കികൾക്കും ഇടയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനിന്നിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കുക്കികള്‍ കനത്ത നികുതി ചുമത്താന്‍ തുടങ്ങി. ഇത്  കുക്കി-തമിഴ് സംഘര്‍ഷത്തിൻ്റെ ആക്കം കൂട്ടി. അക്രമങ്ങളില്‍ ഒമ്പത് തമിഴര്‍ കൊല്ലപ്പെട്ടു. ഇതോടെ ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങി.

കൂടാതെ ഇതെ  സമയത്ത് തന്നെ ചൈനീസ് ഉൽപ്പന്നങ്ങൾ മ്യാൻമാറിൻ്റെ വിപണിയിൽ ആധിപത്യം പുലർത്തിയതിനാൽ വ്യാപാരം കുറഞ്ഞു. ഇതും കൂടുതൽ വ്യാപാരികളെയും അവരുടെ കുടുംബങ്ങളെയും മൊറെ വിട്ടുപോകാൻ പ്രേരിപ്പിച്ചു. നിലവില്‍ 3000 ആണ് മൊറെയിലെ തമിഴരുടെ ജനസംഖ്യ. 

moreh barricade
മൊറെയിലേക്കുള്ള റോഡിൽ സ്ഥാപിച്ചിട്ടുള്ള സൈനിക ബാരിക്കേഡ് Copyright@Woke Malayalam

തെങ്‌നൗപൽ അസിസ്റ്റന്റ് കളക്ടര്‍ മലയാളിയാണ്. കാങ്‌പോക്പി എസ്പി മനോജ്‌ പ്രഭാകര്‍ ആണ് അദ്ദേഹത്തിൻ്റെ  നമ്പര്‍ തരുന്നത്. അസിസ്റ്റന്റ് കളക്ടര്‍ വഴിയാണ് മൊറെയിലേയ്ക്ക് പോകാനുള്ള അവസരം ഒരുങ്ങിയത്. ഇംഫാലില്‍ നിന്നും 110 കിലോമീറ്ററുണ്ട് മൊറെയിലേയ്ക്ക്. ഒരു ദിവസം അവിടെ താമസിച്ച് വിവരശേഖരണം നടത്താം എന്നായിരുന്നു പദ്ധതി.

അതുകൊണ്ട് അന്ന് തെങ്‌നൗപാലില്‍ താമസിച്ച് പിറ്റേ ദിവസം കളക്ടറുടെ കൂടെ മൊറെയില്‍ പോകാം എന്ന് ഉറപ്പിച്ചു. തെങ്‌നൗപലിലെ ആര്‍മി ക്യാമ്പിലാണ് താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്. കലാപം തുടങ്ങിയത് മുതല്‍ ഇംഫാലില്‍ നിന്നും മൊറെയിലേയ്ക്ക് വാഹന സൗകര്യം ഇല്ല. അല്ലെകില്‍ വാന്‍ സൗകര്യം ഉണ്ട്. അങ്ങോട്ട്‌ പോകാന്‍ 500 രൂപയും  തിരിച്ചു വരാന്‍ 1000 രൂപയും. എനിക്കുള്ള വാഹനം അസിസ്റ്റന്റ് കലക്ടര്‍ ഏര്‍പ്പാടാക്കി തന്നു. അദ്ദേഹത്തിൻ്റെ സുഹൃത്തായ മിലിങിൻ്റെ കാറിലാണ് മൊറെയിലേയ്ക്ക് പോകുന്നത്. 

നാഗ വംശജനായ മിലിങ് ബിസിനസുകാരനാണ്. കൂടാതെ അവരുടെ ഗ്രാമത്തിലെ നാഗ കൗണ്‍സില്‍ ചെയര്‍മാനുമാണ്. തൻ്റെ ഓഫീസിലേയ്ക്ക് ഇൻ്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നതാണ് അദ്ദേഹം. തിരിച്ചു പോകുന്ന വഴിയില്‍ എന്നെയും കൂട്ടി.

തൗബാലില്‍ എത്തിയപ്പോള്‍ മയ്തേയി സ്ത്രീകള്‍ വണ്ടി തടഞ്ഞു. നിങ്ങള്‍ മാധ്യമ പ്രവര്‍ത്തക ആണെന്ന് തെങ്‌നൗപാലില്‍ എത്തുന്നത് വരെ പറയരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹത്തിന്റെ സ്റ്റാഫ് ആണെന്ന് പറയാനും നിര്‍ദേശിച്ചു. തൌബലിലെ മിലിങിൻ്റെ ഓഫീസിന് മുന്നിലൂടെ പോകുന്ന സര്‍വീസ് റോഡ്‌ വഴിയാണ് ഹൈവേയിലെയ്ക്ക് കയറിയത്. മണിപ്പൂരിലെ ഏറ്റവും നല്ല റോഡ്‌ മോറെയിലേയ്ക്കുള്ളതാണ്. 

യാത്രക്കിടെ ഞങ്ങള്‍ കലാപത്തെക്കുറിച്ച് സംസാരിച്ചു. കുക്കികള്‍ അനധികൃത കുടിയേറ്റക്കാര്‍ ആണെന്ന വാദം നാഗകള്‍ക്കും ഉണ്ടെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളില്‍ വ്യക്തമായിരുന്നു. ചുരാചന്ദ്പൂര്‍ ഒഴികെയുള്ള മലകള്‍ തങ്ങളുടെതാണ് എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. കുക്കികള്‍ക്ക് മണിപ്പൂരില്‍ പ്രത്യക ഭരണകേന്ദ്രം കൊടുക്കാന്‍ പാടില്ലെന്നും അങ്ങനെ ഒരു നീക്കം ഉണ്ടായാല്‍ നാഗകള്‍ പ്രത്യക്ഷമായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ ആദ്യം എത്തിയത് മയ്തേയികള്‍ ആണ്. അവര്‍ താഴ്വര (ഇംഫാൽ) എടുത്തു. അടുത്തതായി വന്നത് ഞങ്ങളാണ്. ഞങ്ങള്‍ പ്രധാനമായും വേട്ടക്കാര്‍ ആയിരുന്നതിനാല്‍ കാടിനോട് ചേര്‍ന്നാണ് താമസിക്കുക. മലകളുടെ അവകാശം ഞങ്ങള്‍ക്കാണ്. മൂന്നാമാതായാണ് കുക്കികള്‍ വന്നത്. അവര്‍ക്ക് അവകാശപ്പെട്ട പ്രദേശം ചുരാചന്ദ്പൂര്‍ മാത്രമാണ്. ബാക്കിയുള്ള മലകളില്‍ ഞങ്ങളാണ് അവര്‍ക്ക് അഭയം നല്‍കിയത്. അവരിപ്പോള്‍ ആവശ്യപ്പെടുന്ന പ്രത്യേക ഭരണകേന്ദ്രം പ്രായോഗികമല്ല.

അങ്ങനെ വന്നാല്‍ ഞങ്ങളുടെ മലകള്‍ ഞങ്ങള്‍ തിരിച്ചുപിടിക്കും. ഞങ്ങള്‍ മയ്തേയികളുടെ ഒപ്പം നില്‍ക്കും, കാരണം മയ്തേയികളുമായാണ് ഞങ്ങളുടെ ബിസിനസ് ബന്ധങ്ങള്‍ എല്ലാം ഉള്ളത്. കുക്കികളുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ല. കലാപമുണ്ടാക്കുന്ന കുക്കികള്‍ ബര്‍മ്മീസ് ആണ്. ഇവിടെ എന്‍ആര്‍സി നടപ്പാക്കണം. കയ്യേറ്റം തടയണം. കുക്കികള്‍ മയക്കുമരുന്ന് കൃഷി ചെയ്യുന്നുണ്ട്. അത് തടയണം. അവര്‍ ഇസ്രയേലില്‍ പോയി ആയുധ പരിശീലനം നേടുന്നുണ്ട്. അവര്‍ക്കുള്ള ആയുധങ്ങള്‍ ബര്‍മ്മയില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ഭൂമിയിലെ അവകാശം ഉന്നയിക്കാന്‍ പോവുകയാണ്., മിലിങ് പറഞ്ഞു. 

മൊറെയിലേക്കുള്ള ഹൈവേ നിര്‍മ്മിച്ചിരിക്കുന്നത് മലകള്‍ക്കിടയിലൂടെയാണ്. തൗബാല്‍ മുതല്‍ വഴിയുടനീളം അതിമനോഹരമായ കാഴ്ചയാണ്. ഇടക്കിടക്ക് റോഡിനോട്‌ ചേര്‍ന്ന് ചെറിയ കുക്കി ഗ്രാമങ്ങളും  വലിയ നാഗ ഗ്രാമങ്ങളും ഉണ്ട്. റോഡ്‌ സൈഡില്‍ ഇരുന്നുകൊണ്ട് കുക്കി സ്ത്രീകള്‍ ചോളം, താമരയുടെ വിത്ത്, പൈനാപ്പിള്‍ തുടങ്ങിയവ വില്‍ക്കുന്നത് കാണാം. തെങ്‌നൗപൽ എത്തുന്നത് വരെ കടകളോ, വ്യാപാര സ്ഥാപനങ്ങളോ ഒന്നും തന്നെ ഇല്ല. തെങ്‌നൗപൽ അതിര്‍ത്തി കടക്കുന്നതിനു മുമ്പായി സൈനികരുടെ ചെക്ക്പോസ്റ്റുണ്ട്. ആധാര്‍ കാര്‍ഡ്, പ്രസ് ഐഡി തുടങ്ങിയവ പരിശോധിച്ച ശേഷം മുന്നോട്ടു പോകാന്‍ അനുവദിച്ചു. 

വൈകുന്നേരമായി തെങ്‌നൗപലില്‍ എത്തിയപ്പോള്‍. കുക്കി ഭൂരിപക്ഷമുള്ള തെങ്‌നൗപല്‍ മണിപ്പൂരിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാണ്. കളക്ടര്‍ ഓഫീസ്, വിവിധ സൈനികരുടെ ഓഫീസുകള്‍, ക്വാര്‍ട്ടേഴ്സുകള്‍, വളരെ ചെറിയ കടകള്‍ തുടങ്ങിയവയാണ് തെങ്‌നൗപലില്‍ ഉള്ളത്. കളക്ടറും ഓഫീസിന് മുമ്പിലായി കുക്കികളുടെ സമരപ്പന്തല്‍ കാണാം. അവിടെ സ്ത്രീകളും കുട്ടികളും രാത്രിയിലും സജീവമാണ്. മൊറെയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ അവിടെവെച്ച് പരിശോധിച്ചാണ് വിടുക. 

army offices at Tengnoupal
തെങ്‌നൗപലിലെ സൈനിക ഓഫീസുകൾ Copyright@Woke Malayalam

എന്നെ കളക്ടറുടെ താമസസ്ഥലത്ത് വിട്ട് മിലിങ് മടങ്ങിപ്പോയി. മലയാളി അസിസ്റ്റന്റ്‌ കളക്ടര്‍ ജില്ലാ കളക്ടറെ പരിചയപ്പെടുത്തി. ഞങ്ങള്‍ സംസാരിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് തീര്‍ക്കാവുന്ന കലാപം മൂന്നുമാസത്തില്‍ എത്തി നിൽക്കാന്‍ കാരണം സര്‍ക്കാര്‍ ആണെന്നാണ് ഇവര്‍ പറയുന്നത്.

27 ന് മൊറെയില്‍ തുടങ്ങിവെച്ച കലാപത്തിൻ്റെ രണ്ടാം ഘട്ടം നേരത്തെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു. അതിൻ്റെ തലേ ദിവസം വരെ കളക്ടര്‍മാരും, ബിഎസ്എഫ് ഉദ്യോഗസ്ഥരും എല്ലാം അവിടെ ക്യാമ്പ് ചെയ്തിരുന്നു. എല്ലാം ശാന്തമായതിനു ശേഷമാണ് ഞങ്ങള്‍ തിരിച്ചു പോന്നത്. പിറ്റേ ദിവസം, അതായത് 27ന് മൊറെയിലും ചുരാചന്ദ്പൂരും ഒരേ സമയം മയ്തേയി ഗ്രാമങ്ങള്‍ കുക്കികള്‍ കത്തിക്കാന്‍ തുടങ്ങി. സുഗുനുവില്‍ കുക്കി ഗ്രാമങ്ങള്‍ മയ്തേയികളും കത്തിക്കാന്‍ തുടങ്ങി., അവര്‍ പറഞ്ഞു. 

30 ലക്ഷം ജനസംഖ്യയുള്ള മണിപ്പൂരില്‍ 60 എംഎല്‍എമാരുണ്ട്. 50000 പേര്‍ക്ക് ഒരു എംഎല്‍എ എന്ന നിലയില്‍. എന്നിട്ടും അനധികൃത കുടിയേറ്റം തടയാന്‍ ഇവര്‍ക്കാവുന്നില്ല. നിരവധി ആളുകള്‍ എത്തുന്നുണ്ട്. 1500 കിലോമീറ്ററോളം ഉള്ള അതിര്‍ത്തിയ്ക്ക് എങ്ങനെ ഫെന്‍സിംഗ് സ്ഥാപിക്കാനാണ്. അനധികൃത കുടിയേറ്റം പല കമ്മ്യൂണിറ്റികൾക്കിടയിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അനധികൃത കുടിയേറ്റം തടയണം. ഇവിടെ സൈന്യത്തെ വിന്യസിക്കണം., കലക്ടര്‍ പറഞ്ഞു. 

മണിപ്പൂരില്‍ അദാനിയുടെ പാം തോട്ടങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ കാണുന്നുണ്ട് എന്നതില്‍ വാസ്തവമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കലക്ടര്‍ പറഞ്ഞത്, അങ്ങനെയുള്ള നിക്ഷേപകര്‍ മണിപ്പൂരില്‍ വരില്ലാ എന്നാണ്. ചരിത്രാധികാലം മുതല്‍ക്കേ വിവിധ സമൂഹങ്ങള്‍ തമ്മില്‍ നിരന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് എങ്ങനെ നിക്ഷേപങ്ങള്‍ ഉണ്ടാവാനാണ് എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഇനി അങ്ങനെ ആരെങ്കിലും എന്തെങ്കിലും പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൊറെയിലും തെങ്‌നൗപലിലും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതില്‍ കളക്ടര്‍മാരുടെ ഇടപെടല്‍ നിര്‍ണായകമാണ്. കുക്കികൾക്കുള്ള അവശ്യ വസ്തുക്കള്‍, മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ഇത്തരം ഇടപെടലിലൂടെയാണ് സാധ്യമാക്കിയത്. കലാപം തുടങ്ങിയത് മുതല്‍ എല്ലാ കമ്മ്യൂണിറ്റികളിലെയും നേതാക്കളുമായി ഇവര്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഞാന്‍ അവിടെ ഉള്ളപ്പോഴും കുക്കി പ്രാദേശിക നേതാക്കളുമായി കളക്ടര്‍മാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവര്‍ പറയുന്നത് തെങ്‌നൗപാലിലെ സ്കൂളുകള്‍ തുറന്നാല്‍ ഇവിടെ കാര്യങ്ങള്‍ എല്ലാം സാധാരണനിലയിലായി എന്ന് സര്‍ക്കാരിന് തോന്നും. ഞങ്ങള്‍ കലാപത്തിൻ്റെ ഇരകള്‍ അല്ല എന്ന് തോന്നും. അതുകൊണ്ട് സ്കൂളുകള്‍ തുറക്കുന്നില്ല എന്നാണ്. ഇങ്ങനെയൊക്കയാണ് സര്‍ക്കാരിൻ്റെ നയങ്ങളെ കുക്കികള്‍ പ്രതിരോധിക്കുന്നത്. 

കളക്ടര്‍ ഓഫീസിനോട് ചേര്‍ന്ന റോഡിലൂടെ രാത്രി നടക്കാന്‍ ഇറങ്ങിയപ്പോള്‍ കുക്കി സ്ത്രീകളുമായി സംസാരിക്കുകയുണ്ടായി. അവര്‍ പറയുന്നത് ഏതു വിധേനയും മയ്‌തേയികള്‍ക്കെതിരെ പോരാട്ടം നടത്തും എന്നാണ്. ഒരു യുവതി പറഞ്ഞത് അവര്‍ക്ക് പല്ലേല്‍, ക്വാത്ത എന്നീ മയ്‌തേയി ഗ്രാമങ്ങള്‍ തീയിടാനുള്ള പദ്ധതി ഉണ്ടെന്നാണ്. അസിസ്റ്റന്റ് കളക്ടറോടാണ് അവരിത് പറയുന്നത്.

ഞങ്ങള്‍ പല്ലേലും ക്വാത്തയും തീയിടും. എന്നാല്‍ ആരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യില്ല.ആ ഉറപ്പ് മാത്രം നിങ്ങള്‍ക്ക് നല്‍കുന്നു. ആ യുവതി പറഞ്ഞു. അത് ഞങ്ങള്‍ അനുവധിക്കില്ലെന്ന് അസിസ്റ്റന്റ് കളക്ടര്‍ തിരിച്ചുപറഞ്ഞു. ഒന്നും ഒളിപ്പിച്ചുവെക്കാതെയാണ്‌ അവര്‍ കാര്യങ്ങള്‍ സംസാരിച്ചത്. ഇതുകേട്ടതും എനിക്ക് കുറച്ച് ഭീതിയൊക്കെ തോന്നിയെങ്കിലും അസിസ്റ്റന്റ് കലക്ടര്‍ കൂളായിരുന്നു. ഇവിടെ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന് അദ്ദേഹം പറഞ്ഞു.

pallel police barricade manipur
പല്ലേലിലെ പോലീസ് ബാരിക്കേഡ് Copyright@Woke Malayalam

തിരിച്ചുള്ള വഴിയില്‍ വലിയൊരു കാളക്കൂറ്റനെ കണ്ടു. മിഥുന്‍ എന്നാണ് ഇതിന്റെ പേര്. കുക്കികളുടെ പരമ്പരാഗത മൃഗം. എന്തെങ്കലും കുറ്റകൃത്യം നടന്നാല്‍ പ്രതിയോട് ഒരു മിഥുനെ അറുത്ത് ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് വീതം വെക്കാന്‍ ഗ്രാമത്തലവന്‍ നിര്‍ദേശിക്കും. അങ്ങനെ ചെയ്താല്‍ അയാള്‍ കുറ്റവിമുക്തനാവും. ഗോത്രാചാരമാണിത്. ബലാത്സംഗം നടന്നാല്‍ പോലും ഗ്രാമത്തലവൻ്റെ ഈ തീര്‍പ്പാണ് അവസാനവാക്ക്. നിയമനടപടിയുമായി മുന്നോട്ടുപോകല്‍ വിരളമാണ്.

ഒമ്പത് മണിയോടെ ഭക്ഷണം കഴിച്ച് എന്നെ അസിസ്റ്റന്റ് കളക്ടര്‍ താമസ്ഥലത്ത് കൊണ്ട് വിട്ടു. നല്ല തണുപ്പുണ്ട്. പാരാ മിലിറ്ററിക്കാരുടെ ക്വാര്‍ട്ടേഴ്സ് ആണ്. രണ്ടു പട്ടാളക്കര്‍ വന്ന് റൂം തുറന്നുതന്നു. പിറ്റേദിവസം മൊറെയിലേയ്ക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ മേജറെ (പേര് പറയരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്) പരിചയപ്പെട്ടു. ഹൈവേ റോഡ്‌ നിര്‍മാണത്തിൻ്റെ എഞ്ചിനീയറിംഗ് ജോലികളുടെ ചുമതല അദ്ദേഹത്തിനാണ്.

മണിപ്പൂരില്‍ പുതിയ നിയമനം ആയതിനാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ അദ്ദേഹത്തിന് കൃത്യമായി അറിയില്ല. എങ്കിലും പോപ്പി തോട്ടങ്ങളെ കുറിച്ചും കാടിനുള്ളില്‍ കുക്കി അണ്ടര്‍ഗ്രൗണ്ട് ഗ്രൂപ്പുകളുടെ താവളം കണ്ടതായും അദ്ദേഹം പറയുകയുണ്ടായി. സര്‍ക്കാര്‍ നശിപ്പിച്ച കാട്ടിനുള്ളില്‍ പോപ്പി തോട്ടങ്ങളിലാണ് തൻ്റെ കീഴിലുള്ള ചില ക്യാമ്പുകള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഒമ്പത് മണിയോടെ (26 ജൂലൈ 2023) കളക്ടറുടെ ഫോൺ കോള്‍ വന്നു. മൊറെയില്‍ കുക്കികള്‍ തീയിട്ടു തുടങ്ങി എന്നും യാത്ര ക്യാന്‍സല്‍ ചെയ്തു ഇംഫാലിലേയ്ക്ക് തിരിച്ചു പോണം എന്നും നിര്‍ദേശിച്ചു. ബാക്കിയുണ്ടായിരുന്ന മയ്തെയി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമാണ് കുക്കികള്‍ തീയിട്ടത്. സുരക്ഷാ പ്രശ്നം ഉള്ളതിനാല്‍ കിട്ടുന്ന വണ്ടിക്ക് ഇംഫാലിലേയ്ക്ക് പോകാനാണ് നിര്‍ദേശം. മേജറുടെ സഹായത്തോടെ ഗുഡ്സ് എടുക്കാന്‍ പോകുകയായിരുന്ന സൈനിക ലോറിയില്‍ ഇംഫാലിലേയ്ക്ക് തിരിച്ചു.

കളക്ടറുടെ ഓഫീസിന് മുന്നില്‍ കല്ലും മരവും വെച്ച് കുക്കികള്‍ റോഡ്‌ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഒരു വണ്ടിയും വിടുന്നില്ല. മോറെയിലും നിന്നും വരുന്ന വണ്ടികള്‍ എല്ലാം റോഡിൻ്റെ ഇരു വശങ്ങളിലും കാത്ത് കിടക്കുകയാണ്. രണ്ട് മണിക്കൂറിന് ശേഷം അവര്‍ വണ്ടികള്‍ കടത്തി വിട്ടു. അപ്പോഴേക്കും ഉച്ചയായി.

പല്ലേലില്‍ മയ്തെയികള്‍ ഹൈവേയിലെ ഒരു വഴി ബ്ലോക്ക് ചെയ്തു അതുവഴി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നും പണം പിരിക്കുന്നുണ്ട്. ലോറി ഓടിക്കുന്ന സൈനികന്‍ അവര്‍ക്ക് 200 രൂപ നല്‍കി. ഒരു റെസീറ്റും നല്‍കി. തിരിച്ചു പോകുമ്പോള്‍ അത് കാണിച്ചു കൊടുത്താല്‍ തടസ്സങ്ങള്‍ ഒന്നും ഇല്ലാതെ പോകാമെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടുമൊരു രണ്ട് മണിക്കൂറിനു ശേഷം ഇംഫാലില്‍ എത്തി. എന്നെ ഇമ മാര്‍ക്കറ്റിന് എതിര്‍വശം ഇറക്കി ലോറി കടന്നുപോയി. ഞാന്‍ ഹോട്ടലിലേയ്ക്ക് നടന്നു….

FAQs

എന്താണ് ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ?

ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായി നികുതി രഹിത സ്വതന്ത്ര വ്യാപാരം നടത്തുന്നതിനായി ഒപ്പുവച്ച കരാറാണ് ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ‍. തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്. 1967 ൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, മ്യാൻ‌മാർ, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി.

എന്താണ് ഇന്ത്യൻ പാരാമിലിട്ടറി?

ഇന്ത്യൻ സൈന്യത്തെപ്പോലെ അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സുരക്ഷ, തീവ്രവാദത്തെ ചെറുക്കുക, കലാപങ്ങൾ തടയൽ, യുദ്ധ കാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ (ഇന്ത്യൻ പാരാമിലിട്ടറി).

ആരാണ് ലാൽ ബഹാദൂർ ശാസ്ത്രി?

ലാൽ ബഹാദൂർ ശാസ്ത്രി സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം രണ്ടര വർഷക്കാലം ഇന്ത്യയെ നയിച്ചു. ജയ്‌ ജവാൻ ജയ്‌ കിസാൻ എന്ന പ്രശസ്തമായ മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത്‌ ശാസ്ത്രിയാണ്‌.

ആരാണ് ജനറൽ നി വിൻ?

1962-ൽ പട്ടാളവിപ്ലവത്തിലൂടെ മ്യാൻമാറിൻ്റെ (ബർമ്മ) ഭരണം പിടിച്ചെടുത്ത സൈനിക മേധാവിയാണ് ജനറൽ നി വിൻ. 26 വർഷത്തോളം ബർമ്മയുടെ സൈനിക മേധാവിയായിരുന്നു. 1962 മുതൽ 1974 വരെയും പ്രധാനമന്ത്രിയായും 1962 മുതൽ 1981 വരെ രാഷ്ട്രപതിയായും പ്രവർത്തിച്ചു.

Quotes

സഹോദരങ്ങളായി ഒരുമിച്ച് ജീവിക്കാൻ നാം പഠിക്കണം, അല്ലെങ്കിൽ വിഡ്ഢികളായി ഒരുമിച്ച് നശിക്കണം – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

 

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.