ഭൂമിയുടെ ജൈവവ്യൂഹത്തില്‍ മനുഷ്യരുടെ അതിരുകടന്ന ദുഃസ്വാധീനത്തിന്‍റെ സമീപകാല യുഗത്തെ സൂചിപിക്കുന്ന ഒരു സാങ്കേതിക പദമാണ് ആന്ത്രോപ്പോസീന്‍. 200 ല്‍ അധികം വര്‍ഷമായി മനുഷ്യരാശി പ്രകൃതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങള്‍ ഇന്ന് അനാവരണം ചെയ്യപ്പെടുന്നുണ്ട്.അണുവിസ്ഫോടനങ്ങളും അണുബോംബ് പരീക്ഷണങ്ങളും തുടങ്ങിയ പലവിധമായ മനുഷ്യ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ലോകത്തെ ആന്ത്രോപ്പോസീന്‍ യുഗത്തിലേക്ക് വലിച്ചു നീട്ടുന്നത്
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, സമുദ്രനിരപ്പിന്‍റെ ഉയര്‍ച്ച, ധ്രുവങ്ങളിലെ മഞ്ഞുരുകല്‍, ശക്തമായ ചുഴലിക്കാറ്റുകള്‍, ആവര്‍ത്തിച്ചു വരുന്ന വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ഭൂകമ്പങ്ങള്‍, വന്‍തോതിലുള്ള കാട്ടുതീ അങ്ങനെ തുടങ്ങി പ്രകൃതിയില്‍ ഈ ഇടയായി കണ്ടുവരുന്ന പ്രക്ഷോഭങ്ങളെയെല്ലാം ശാസ്ത്രലോകം ഭൂവിജ്ഞാനപരമായ പുതിയൊരു യുഗത്തിന്‍റെ ആവിര്‍ഭവമായി വിലയിരുത്തുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയ്ക്ക് ശേഷം മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ തോത് ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം അവയുടെ പുനരുല്പാദനത്തിന്‍റെ തോതിനേക്കാള്‍ ഏറെ മുകളിലാണ്. മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിലെ ഈ നശീകരണ സ്വഭാവം ഭൂമിയുടെ ജൈവവ്യൂഹത്തെ മാരകമായി ബാധിക്കുകയും, ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ കേടുവരുത്തുകയും ചെയ്യുന്നു.

ഹോളോസീന്‍ യുഗത്തിന്‍റെ അവസാനം
ഭൂമിയുണ്ടായത് മുതലുള്ള വലിയൊരു കാലസങ്കല്‍പ്പത്തെ ശാസ്ത്രലോകം പൊതുവെ ഗഹനകാലം (Deep Time) എന്നാണ് സൂചിപ്പിക്കുന്നത്. ഗഹനകാലമെന്നത് വ്യത്യസ്ഥ ഇയോണുകളുടെ പരമ്പരയാണ് (ഉദാ; പ്രോട്ടെറോസോയിക് ഇയോണ്‍, ഫാനെറോസോയിക് ഇയോണ്‍). ഈ ഇയോണുകളെ പലതരം എറകളായി (Era) തിരിക്കുന്നുണ്ട് (ഉദാ; സെന്‍സോയിക് എറ).
ഒരു എറ എന്നത് വ്യത്യസ്ഥ പീരീഡുകളുടെ (ഉദാ; ക്വാട്ടേണറി പീരീഡ്) സങ്കലനമാണ്, ഇങ്ങനെ ഒരു പീരീഡായ ക്വാട്ടേണറി പീരീഡിലെ അവസാന യുഗമായിരുന്നു (Epoch) ഹോളോസീന്‍. മനുഷ്യന്‍റെ സാന്നിധ്യം ഭൂമിയില്‍ മുഴുവനായി തെളിയിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഈ കാലഘട്ടത്തിന് നവീനമായ യുഗമെന്ന് അര്‍ത്ഥം വരുന്ന ഹോളോസീന്‍ എന്ന് പേര് നല്‍കി.
11700 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന മഹാശീതയുഗത്തിന് ശേഷമുണ്ടായ ഹോളോസീന്‍ കാലഘട്ടം കഴിഞ്ഞുവെന്നും ഭൂമിയിപ്പോള്‍ മനുഷ്യനിര്‍മ്മിതമായ ഒരു പുതുയുഗത്തിലേക്ക് പ്രവേശിച്ചുവെന്നും ശാസ്ത്രലോകം വാദിക്കുന്നു.
ഭൂമിയുടെ ചരിത്രം നിര്‍ണ്ണയിക്കുന്നതിന് ശിലകളുടെ അടരുകളുടെ (Rock Strata) സ്വഭാവവും ഉള്ളടക്കത്തെയുമാണ് ശാസ്ത്രലോകം ആശ്രയിക്കാറുള്ളത്. ഇതിന്‍റെ പ്രധാന ആധാരം ഫോസ്സില്‍ തെളിവുകളാണ്. അതുകൊണ്ടു തന്നെ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ശിലകളില്‍ നിന്ന് ഉരച്ചെടുക്കാന്‍ ശാസ്ത്രത്തിന് സാധിക്കുന്നു.
ഭൂമധ്യരേഖ വരെ മഞ്ഞുമൂടി കിടന്നിരുന്ന പ്ലീസ്റ്റോസീന്‍ യുഗമായിരുന്നു ഹോളോസീന്‍ യുഗത്തിനു തൊട്ടുമുന്‍പ് വരെയുണ്ടായിരുന്നത്. മനുഷ്യനുണ്ടായത് മുതലുള്ള കൃഷിയുടെ വളര്‍ച്ച, നാഗരികത, നഗരവത്കരണത്തിന്‍റെ ആരംഭം, സാങ്കേതികതയിലേക്കുള്ള ചുവടുവയ്പ്പുകള്‍, പ്രകൃതിയെ എല്ലാത്തരത്തിലും അസംസ്കൃത വസ്തുവാക്കിക്കൊണ്ടുള്ള മുന്നേറ്റങ്ങള്‍ എന്നിങ്ങനെ സ്വാഭാവിക പ്രകൃതിയ്ക്കുമേല്‍ മനുഷ്യര്‍ പുലര്‍ത്തുന്ന ആധിപത്യം ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്.

ഇന്‍റര്‍നാഷ്ണല്‍ യൂണിയന്‍ ഫോര്‍ ജിയോളജിക്കല്‍ സയന്‍സസ് ഹോളോസീന്‍ യുഗത്തെ മൂന്നായി തരംതിരിക്കുന്നു. 11700 വര്‍ഷം മുതല്‍ 8200 വര്‍ഷം വരെയുള്ള കാലഘട്ടത്തെ ഗ്രീന്‍ലാന്‍റിയന്‍ കാലം എന്നും 8200 മുതല്‍ 4200 വര്‍ഷം മുന്‍പ് വരെയുള്ള കാലഘട്ടത്തെ നോര്‍ത്ത്ഗ്രിപ്പിയന്‍ കാലമെന്നും 4200 മുതല്‍ ഈ തലമുറ വരെ നീളുന്ന കാലത്തെ മേഘാലയന്‍ കാലം എന്നുമാണ് തിരിച്ചിട്ടുള്ളത്. മേഘാലയയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്തിരുന്ന നീളവും ആഴവും കൂടിയ ഗുഹകളില്‍ നിന്ന് 4200 വര്‍ഷങ്ങള്‍ പഴക്കമുള്ള ശിലാപാളികള്‍ കണ്ടെടുത്തതിനാലാണ് ഈ പേര് വരാനുള്ള കാരണം.
ഹോളോസീന്‍ യുഗത്തിലായിരുന്നു കാട് വെട്ടിത്തെളിച്ച് മനുഷ്യര്‍ കൃഷി ചെയ്യാനും സ്ഥിരനിവാസം ചെയ്യാനും ആരംഭിച്ചത്. തീ, ആയുധങ്ങള്‍ ,ചക്രങ്ങള്‍, എന്നിങ്ങനെ പലതരം ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രകൃതി ശക്തികളെ നേരിട്ട് തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്.
പ്രകൃതിയ്ക്ക് മേലുള്ള ഈ കടന്നുകയറ്റങ്ങള്‍ പതിയെ മനുഷ്യരെ നാഗരികതയിലേക്ക് വളര്‍ത്തുകയുണ്ടായി. ഇത് ഭക്ഷ്യോല്‍പ്പാദനത്തെയും ഊര്‍ജ്ജോല്പ്പാദനത്തെയും ഗണ്യമായി വര്‍ദ്ധിപ്പിച്ചു. അതേ സമയം മനുഷ്യരുടെ ജനസംഖ്യയില്‍ വളരെ വേഗത്തിലുള്ള പെരുപ്പമുണ്ടായി. അതോടെ പ്രകൃതിയൊരു ചൂഷണവസ്തുവായി മാറി. പ്രകൃതിയുടെ എല്ലാ ഇടങ്ങളിലും മനുഷ്യന്‍റെ കരാള ഹസ്തങ്ങളുടെ മുദ്രകള്‍ പതിഞ്ഞു.
പിന്നീട് പുതിയ ഭൂഖണ്ഡങ്ങള്‍ തേടിപ്പിടിച്ച് അവിടങ്ങളിലേക്ക് മനുഷ്യര്‍ ജനവാസം ആരംഭിച്ചു, ഭക്ഷ്യശൃംഗലകളില്‍ കാര്യമായ ഇടപെടലുകളുണ്ടായി. അത് പല ജീവി വിഭാഗങ്ങളുടെയും വംശനാശത്തിലേക്കും അതുപോലെ പല ജീവികളുടെ പെരുക്കത്തിനും കാരണമായി. ഈ അവസ്ഥ പ്രകൃതിയുടെ സ്വാഭാവികമായ എല്ലാ സന്തുലനാവസ്ഥയേയും തകിടം മറിച്ചു.

ആന്ത്രോപ്പോസീന്‍റെ പിറവി
ആന്ത്രോപ്പോസീന്‍ യുഗത്തിന്‍റെ യഥാര്‍ത്ഥ കാലഘട്ടത്തെ ചൊല്ലി ഇപ്പോഴും ശാസ്ത്രലോകത്ത് തര്‍ക്കങ്ങള്‍ തുടരുകയാണ്. വ്യവസായ വിപ്ലവത്തോടനുബന്ധിച്ച് 1800 കളോട് കൂടി ആന്ത്രോപ്പോസീന്‍ യുഗം ആരംഭിച്ചതായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പറയുന്നു ,ജലസ്രോതസ്സുകളെ വലിയ നിലയില്‍ ചൂഷണം ചെയ്യുന്നതിലുടെയും കുന്നുകളും മലകളും ഇടിച്ചു നിരത്തി ജനവാസ മേഖലയാക്കി മാറ്റിയതിലൂടെയുമാണ് മനുഷ്യര്‍ തന്‍റെ അപ്രമാധിത്വം സ്ഥാപിച്ചെടുക്കാന്‍ തുടങ്ങിയതെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ യൂജീന്‍ സ്റ്റോമര്‍ 1980 കളില്‍ ആവിഷ്കരിച്ച പ്രയോഗമാണ് ആന്ത്രോപ്പോസീന്‍ എന്നത്. എങ്കിലും ഡച്ച് രസതന്ത്രജ്ഞനായ പോള്‍ ക്രൂട്സനാണ് ഇതിനെ ശാസ്ത്രീയ അടിത്തറയുള്ള വാദമായി അവതരിപ്പിച്ചത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 1950 കളിലാണ് ആന്ത്രോപ്പോസീനിന്‍റെ ഉദ്ഭവമെന്ന് ക്രൂട്സന്‍ വിലയിരുത്തുന്നു. അദ്ദേഹം ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ് ” മനുഷ്യപ്രവര്‍ത്തനങ്ങളുടെ ആഘാതം ഭൂമിയില്‍ വ്യക്തമായി തിരിച്ചറിയാന്‍ തുടങ്ങിയിട്ട് രണ്ടു നൂറ്റാണ്ടിലേറെയായി.
ആന്ത്രോപ്പോസീന്‍ ആരംഭിക്കുന്ന കൃത്യമായ ഒരു തീയതി നിജപ്പെടുത്താനാവില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതി മുതല്‍ ഇതിന്‍റെ സൂചനകള്‍ കാണാനാവുന്നുണ്ട്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡും മീഥേനും പോലെയുള്ള അനേകം ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രീകൃതസാന്നിധ്യം ഗണ്യമായി വര്‍ദ്ധിച്ചതും ഈ ഘട്ടം മുതലാണ്.
1784 ല്‍ ജെയിംസ് വാട്ട് ആവിയന്ത്രം കണ്ടുപിടിച്ചതും യാദൃശ്ചികമായി ഇതേ ചരിത്രസന്ധിയിലാണ്. പതിനെട്ടാം നൂറ്റാണ്ടിന് മുന്‍പുള്ളവയെ അപേക്ഷിച്ച് പ്രകൃതിയ്ക്ക് മേലുള്ള മനുഷ്യന്‍റെ കടന്നുകയറ്റങ്ങള്‍ വരുത്തിവയ്ക്കുന്ന അടയാളങ്ങള്‍ പില്‍ക്കാലത്ത് വളരെയധികം കൂടുതലാണെന്ന് ശിലാപാളികളില്‍ നടത്തിയ ജിയോളജിക്കല്‍ പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്നത് ആന്ത്രോപ്പോസീനിലേക്ക് നയിക്കുന്നതിന്‍റെ പ്രധാന സൂചനയാണ്.
മനുഷ്യകുലത്തിന്‍റെ പ്രകൃതിയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങള്‍ വലിയ അളവിലാണ് ഭൂമിയുടെ സന്തുലനാവസ്ഥയെ ബാധിച്ചത്. 2005 ല്‍ ഭൂമിയുടെ അഞ്ചില്‍ രണ്ടു കരഭാഗം കൃഷിയിടമായി മാറി, അതുപോലെ പത്തിലൊരു ഭാഗം കന്നുകാലികള്‍ മേയ്ക്കുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ലോകത്തെ മുഴുവന്‍ നഗരപ്രദേശങ്ങളുടെ വിസ്തീര്‍ണ്ണം ഏതാണ്ട് കരഭാഗത്തിന്‍റെ പത്തിലൊന്നോളം വരും. 1900 ല്‍ 160 കോടിയായിരുന്ന മനുഷ്യ ജനസംഖ്യ 2019 ഓടെ 767.35 കോടിയായി വര്‍ദ്ധിച്ചു. അതിനെ തുടര്‍ന്ന് കരസസ്യങ്ങളുടെ മൂന്നിലൊരു ഭാഗം ജൈവഇന്ധനമായി മനുഷ്യര്‍ ഉപയോഗപ്പെടുത്തുന്നു. അനിയന്ത്രിതമായ ഈ ജനപ്പെരുപ്പം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് 60 വര്‍ഷം കൊണ്ട് 40 പിപിഎമ്മില്‍ അധികമാണ് വര്‍ദ്ധിപ്പിച്ചത്.
അതുപോലെ അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ദ്ധനവ്, അനുദിനം വര്‍ദ്ധിക്കുന്ന സമുദ്രജലത്തിന്‍റെ അമ്ലത്വ സ്വഭാവം, ലോകത്തിന്‍റെ പലയിടങ്ങളിലായി നടന്നിട്ടുള്ള അണുവിസ്ഫോടനങ്ങളും അണുബോംബ് പരീക്ഷണങ്ങളും തുടങ്ങിയ പലവിധമായ മനുഷ്യ പ്രവര്‍ത്തനങ്ങളാണ് ഇന്ന് ലോകത്തെ ആന്ത്രോപ്പോസീന്‍ യുഗത്തിലേക്ക് വലിച്ചു നീട്ടുന്നത്.

മഹാകുതിപ്പ് അഥവ ഗ്രേറ്റ് ആക്സിലറേഷനെ ആന്ത്രോപ്പോസീന്‍ യുഗത്തിന്‍റെ ആരംഭമായി കാണണമെന്ന് വലിയ ശതമാനം ശാസ്ത്രജ്ഞരും വാദിക്കുന്നുണ്ട്. മനുഷ്യജനസംഖ്യ, ഫോസ്സില്‍ ഇന്ധനങ്ങള്‍ , ജലം ഭക്ഷണം എന്നിവയുടെ ഉപഭോഗത്തിലും അന്താരാഷ്ട്രവിനിമയസങ്കേതങ്ങളിലും വലിയൊരു കുതിച്ചുച്ചാട്ടമാണ് ഗ്രേറ്റ് ആക്സലറേഷന്‍ കാലത്ത് ഉണ്ടായിട്ടുള്ളത്.
2016 ല്‍ ആന്ത്രോപ്പോസീന്‍ പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍ അനുസരിച്ച് 1950 എന്ന വര്‍ഷം പുതിയൊരു യുഗത്തിന്‍റെ ആരംഭത്തിനു ചേര്‍ന്ന എല്ലാ തെളിവുകളും നല്‍കുന്നുണ്ട്. അണുബോംബ് പരീക്ഷണങ്ങളുടെ ഫലമായി ശിലാ അടരുകളില്‍ കാണപ്പെടുന്ന പ്ലൂട്ടോണിയം ഐസോടോപ്പിന്‍റെ സാന്നിധ്യം ഇതിനുദാഹരണമായി പറയാം.
അണുവിസ്ഫോടനങ്ങളുടെ അനന്തരഫലമായി 1945 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ ലോകമെമ്പാടും റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 1957 മുതല്‍ ന്യൂക്ലിയര്‍ പ്രോലിഫെറേഷന്‍ ട്രീറ്റികള്‍ (NPT) അമേരിക്ക പലരാജ്യങ്ങളുമായി ഒപ്പുവയ്ക്കുന്നുണ്ട്.
1963 ഓഗസ്റ്റ് 8 ന് യുഎസ്എസ്ആര്‍, ബ്രിട്ടണ്‍, വടക്കന്‍ ആയര്‍ലാന്‍റ് എന്നീ രാജ്യങ്ങളുമായി ഒപ്പുവെച്ച ഭാഗിക ആണവ പരീക്ഷണ നിരോധന ഉടമ്പടികള്‍ (Partial Test Ban Treaty) തെളിയിക്കുന്നത് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ന്യൂക്ലിയര്‍ പരീക്ഷണങ്ങളോ പ്രയോഗങ്ങളോ അന്തരീക്ഷത്തിലും ബഹിരാകാശത്തും സമുദ്രാന്തര്‍ഭാഗങ്ങളിലും നടന്നിട്ടില്ല എന്നതിന്‍റെ തെളിവാണ്.
ആന്ത്രോപ്പോസ്സീന്‍ യുഗത്തിന്‍റെ മറ്റൊരു പ്രധാന തെളിവ് കൊളംബിയന്‍ വിനിമയവുമായി ബന്ധപ്പെട്ടുള്ളതാണ്. 15,16 നൂറ്റാണ്ടുകളില്‍ പ്രാഗ് ലോകവും നവലോകവും തമ്മില്‍ നടന്ന പലതരം കൊടുക്കല്‍ വാങ്ങലുകളെയാണ് കൊളംബിയന്‍ വിനിമയം എന്നു പറയുന്നത്. ഇറ്റാലിയന്‍ നാവികനായ ക്രിസ്റ്റഫര്‍ കൊളമ്പസ് നടത്തിയ ലോക പര്യാടനങ്ങളും അതുവഴി പില്‍ക്കാലത്ത് സംഭവിച്ച അധിനിവേശങ്ങളുമാണ് ഈ പേരിനു പിന്നില്‍.
1492 ല്‍ കൊളമ്പസ് നടത്തിയ യാത്രയുടെ ഫലമായി യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കും തിരിച്ചും ചെടികള്‍, മൃഗങ്ങള്‍, ജനസംഘങ്ങള്‍ , സാങ്കേതികത, രോഗങ്ങള്‍, ആശയങ്ങള്‍ എന്നിവയുടെ പറിച്ചുനടല്‍ നടന്ന പ്രതിഭാസമാണിത്. ഇങ്ങനെ വിനിമയം ചെയ്യപ്പെടുന്നവകളില്‍ പത്തില്‍ ഒന്നും അധിനിവേശ ജീവികളോ സസ്യങ്ങളോ (Invasive Species) ആണ്. പറിച്ചുനടപ്പെട്ട പുതിയ പരിസരത്തില്‍ അനിയന്ത്രിതമായി പെരുകുന്ന ഇവ ആവാസവ്യവസ്ഥയ്ക്ക് മുഴുവനായി ഭീഷണിയാകുന്നു. സാംക്രമിക രോഗങ്ങളും ഇത്തരത്തിലുള്ള വിനിമയങ്ങളിലൂടെ ഉണ്ടാകുന്നതാണ്.
കൊളംബിയന്‍ വിനിമയത്തിന്‍റെ ഭാഗമായി ഇങ്ങനെ പറിച്ചുനടപ്പെട്ട് പ്രകൃതിയുടെ സന്തുലിതാവസ്ഥ മുഴുവനായി തകിടംമറിച്ച സസ്യ-ജീവി വര്‍ഗ്ഗങ്ങളാണ് ആന്ത്രോപ്പോസീനിന് മതിയായ തെളിവുകളായി അവശേഷിക്കുന്ന മറ്റൊരു വസ്തുത.
വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവശ്യങ്ങള്‍ക്കും ധൂര്‍ത്തിനുമുള്ള ഫോസ്സില്‍ ഇന്ധനങ്ങളുടെ അളവറ്റ ഉപയോഗം അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങളുടെ പെരുക്കത്തിന് പ്രധാന കാരണമാകുന്നുണ്ട്. ഒരു ചങ്ങല പ്രതിഭാസം പോലെ അത് ആഗോളതാപനത്തിന്‍റെ മുഖ്യ സംഭാവനക്കാരനാവുകയും ചെയ്യുന്നു. ഇവയുടെ ഉപയോഗം ഭൗമ ആഘാതം ശിലാ അടരുകളുടെ തലത്തിലേക്ക് വ്യാപിക്കുന്നതോടെ ഇതും ആന്ത്രോപ്പോസീനിന്‍റെ മുഖ്യ തെളിവായി മാറുന്നു.
ഭൂവിജ്ഞാനിയകാലമനുസരിച്ച് ഒരു ചെറിയ കാലഘട്ടത്തിനുള്ളില്‍ സസ്യ-ജീവി വര്‍ഗ്ഗങ്ങളുടെ ഏഴുപത്തഞ്ച് ശതമാനവും വംശനാശത്തിനു വിധേയമാകുന്ന പ്രതിഭാസമാണ് മഹാവംശനാശം (Mass Extinction) എന്നറിയപ്പെടുന്നത്.
ഇതുവരെയുണ്ടായ അഞ്ച് മഹാവംശനാശങ്ങളും പലതരം പ്രകൃതി പ്രതിഭാസങ്ങള്‍ മൂലമാണ് ഉണ്ടായതെങ്കില്‍ ആറാമത്തെ മഹാവംശനാശം വലിയ അളവോളം മനുഷ്യനിര്‍മ്മിതമാണെന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതുകൊണ്ട് ഇതിനെ അന്ത്രോപ്പോസീന്‍ വംശനാശം എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ മഹാവംശനാശത്തിന്‍റെ തോത് മുന്‍കാലത്തുണ്ടായതിലും ആയിരം മടങ്ങ് വേഗത്തിലാണ്. സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ലോകം മുഴുവന്‍ കൊറോണ പടര്‍ന്നു പിടിച്ച സമയത്ത് ഭൂരിഭാഗം മനുഷ്യരും വീടകങ്ങളിലേക്ക് പിന്‍വാങ്ങുന്ന സാഹചര്യമുണ്ടായി. ഈ ചെറിയ കാലയളവില്‍ തന്നെ പ്രകൃതി അതിന്‍റെ പ്രതാപകാലത്തിലേക്ക് തിരിച്ചു പോകാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതായി അടുത്തുണ്ടായ ശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതിലൂടെ മനുഷ്യന്‍ തന്‍റെ ദൈനംദിന ജീവിതത്തില്‍ എത്രമാത്രം പ്രകൃതിയെ കൊന്നുകൊണ്ടാണ് ജീവിക്കുന്നതെന്ന് മനസിലാക്കാം.
ചെയ്തികളില്‍ പശ്ചാതാപമില്ലാത്ത മനുഷ്യകുലത്തിന്‍റെ ഈ നിലയിലുള്ള പോക്ക് നാശത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടേയിരിക്കുകയാണ്. സാങ്കല്‍പ്പികമാണെങ്കിലും എല്ലാ മനുഷ്യരും വിവേകമുള്ളവരായി പ്രകൃതിയില്‍ ഇടപെടട്ടെ എന്ന്‍ പ്രത്യാശിക്കാനേ ഇനി സാധിക്കുകയുള്ളൂ.