Thu. Jan 23rd, 2025
T J Joseph

നിലവിളിയും ഗ്ലാസ് തകരുന്ന ശബ്ദവും കേട്ട് വീട്ടിൽ നിന്നും ഭാര്യയും മകനും ഓടിയെത്തി ജോസഫിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ജോസഫിന്‍റെ മകന്‍ അക്രമികളുമായി ഏറ്റുമുട്ടുകയും അതിനെ തുടര്‍ന്ന് 15 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു.

ന്ത്രണ്ട് വർഷങ്ങള്‍ക്കിപ്പുറം തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ഉള്‍പ്പടെയുള്ള ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി കേസിന് വിരാമമിട്ടിരിക്കുകയാണ്. മതിയായ തെളിവുകളുടെ അഭാവത്തിൽ അഞ്ചുപേരെ വെറുതെ വിടുകയുമുണ്ടായി. രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. 2010 ജൂലൈ നാലിനാണ് കേരളത്തെ നടുക്കിയ ഈ സംഭവമുണ്ടാകുന്നത്. ഇതിനു മാസങ്ങള്‍ക്ക് മുന്‍പ് മാർച്ച് 23 ല്‍ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ഭാഗമായി, ടി ജെ ജോസഫ് തയാറാക്കിയ ചോദ്യപ്പേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിനെ ചൊല്ലിയായിരുന്നു വിവാദമുണ്ടായത്. ഭാഷാ വ്യാകരണ പാഠഭാഗത്തെ ആസ്പദമാക്കി ചിഹ്നങ്ങൾ ചേർക്കുന്നതിനായി നൽകിയ ഗദ്യഭാഗങ്ങള്‍ പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ടി ജെ ജോസഫിനെ ആക്രമിച്ചത്.

ചോദ്യം മുതല്‍ ചോദ്യംചെയ്യല്‍ വരെ

ബികോം രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്റേര്‍ണല്‍ പരീക്ഷകള്‍ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അധ്യാപകര്‍. കോഴ്സിന്‍റെ സെക്കന്‍റ് ലാംഗ്വേജ് പേപ്പറായ മലയാളം പ്രധാനമായും രണ്ട് പുസ്തകങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. അതില്‍ എഴുത്തോല എന്ന പുസ്തകം ഭാഷാവ്യാകരണ സംബന്ധിയായ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുന്നതും നവകമെന്ന രണ്ടാമത്തെ പുസ്തകം സാഹിത്യ വിഷയം കൈകാര്യം ചെയ്യുന്നതുമായിരുന്നു. എഴുത്തോലയെന്ന പുസ്തകമായിരുന്നു രണ്ടാം സെമസ്റ്ററില്‍ ടി ജെ ജോസഫ്‌ പഠിപ്പിച്ചിരുന്നത്.

T J Joseph
പ്രൊ. ടി ജെ ജോസഫ് Screen-grab, Copyrights: Open the magazine

ഇന്റേര്‍ണല്‍ പരീക്ഷയുടെ മുന്നോടിയായി നവകമെന്ന പുസ്തകം പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ചോദ്യപേപ്പറിലേക്കുള്ള പകുതി ചോദ്യങ്ങള്‍ എഴുതി ഉച്ചയോടെ ടി ജെ ജോസഫിന്‍റെ പക്കല്‍ ഏല്‍പ്പിച്ചിരുന്നു. താന്‍ പഠിപ്പിച്ചിരുന്ന എഴുത്തോലയെന്ന പുസ്തകത്തിലെ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജോസഫ്‌ ചോദ്യപേപ്പര്‍ പൂര്‍ത്തിയാക്കി. മുന്‍ എം എല്‍ എയും ചലച്ചിത്രകാരനുമായ പി ടി കുഞ്ഞുമുഹമ്മദിന്‍റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ‘തിരക്കഥ- ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തിലെ ഭാഗങ്ങള്‍ ജോസഫ്‌ 11 ആം ചോദ്യത്തിനുവേണ്ടി തിരഞ്ഞെടുക്കുമ്പോള്‍ കരുതിയിരുന്നില്ല ആ വരികള്‍ തന്‍റെ കുടുംബത്തിന്‍റെ അടിത്തറയിളക്കാന്‍ പോന്നതാണെന്ന്. ചിഹ്നം ചേര്‍ക്കുന്നതിനായി ഈ കഥാഭാഗം ചേര്‍ത്തപ്പോള്‍ കഥയില്‍ ഭ്രാന്തന്‍ എന്ന കഥാപാത്രത്തിനു പകരം മുഹമ്മദ് എന്ന പേര് നല്‍കി. പിന്നീട് ഇത് പ്രവാചക നിന്ദയാണെന്ന വിവാദമുയര്‍ന്നതോടെ ചോദ്യപേപ്പര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രചരിപ്പിക്കുകയും തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തി.

newman college
ന്യൂമാന്‍ കോളേജ് തൊടുപുഴ Screen-grab, Copyrights: Joon square

അധികം വൈകാതെ തന്നെ വിവിധ സംഘടനകൾ കോളേജിനെതിരെ പ്രതിഷേധം ആരംഭിച്ചു. പക്ഷെ അപ്രതീക്ഷിതമായി ജോസഫിന്‍റെ വാദങ്ങളെ കോളേജ് ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്നതോടെ അദ്ദേഹം സംഭവത്തില്‍ ഒറ്റപ്പെട്ടു. ഉടനടി തന്നെ കോളേജിൽ നിന്ന് ജോസഫിനെ സസ്‌പെൻഡ് ചെയ്യുകയും കോളേജ് അധികൃതർ പരസ്യമായി മാപ്പു പറയുകയും ചെയ്തു. മതനിന്ദ കുറ്റം ചുമത്തി പോലീസ് സ്വമേധയാ കേസെടുത്തപ്പോഴേക്കും ജോസഫ് സംഭവ സ്ഥലത്ത് നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കപ്പെട്ടിരുന്നു. ജോസഫ് ഒളിവില്‍ പോയ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ 22 കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. ജോസഫിനെ കണ്ടെത്താനായി നാല് ടീമുകളെ പോലീസ് നിയമിക്കുകയും ചെയ്തു. തന്‍റെ മകനും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതോടെ, ആറ് ദിവസത്തിന് ശേഷം അദ്ദേഹം പോലീസിന് മുന്നിൽ കീഴടങ്ങി, റിമാന്‍റ് ചെയ്യപ്പെടുകയും ചെയ്തു.

controversial
ചോദ്യപേപ്പര്‍ Screen-grab, Copyrights: spider kerala

ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ജോസഫിനെത്തേടി പലതവണ അക്രമികൾ വന്നിരുന്നു. ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭയം ജോസഫിനേയും കുടുംബത്തെയും വല്ലാതെ അലട്ടിയിരുന്നു. അതിനാല്‍ വീടിനുള്ളില്‍ തന്നെ ഏറെ ദിവസം കുടുംബം കഴിഞ്ഞുകൂടി. നാളുകള്‍ക്ക് ശേഷം ജൂലൈ നാലിന് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കുറുബാന കൂടാനായി പള്ളിയില്‍ പോകുകയുണ്ടായി. കുറുബാനയ്ക്ക് ശേഷം തിരിച്ചു വരുന്ന വഴിയില്‍ ജോസഫിന്‍റെ വീടിനു സമീപത്തായി മിനിവാനിലെത്തിയ ആറംഗ സംഘം വഴിയിൽ തടഞ്ഞുനിർത്തി ജോസഫിനെ ആക്രമിക്കുകയായിരുന്നു. കോടാലിയുപയോഗിച്ച് കാറിന്‍റെ ചില്ല് തകർക്കുകയും വാതിൽ തുറന്ന് ഉള്ളിലുള്ള ജോസഫിനെ റോഡിലൂടെ വലിച്ചിഴച്ചു. കൈകളിലും കാലിലും ആഞ്ഞുവെട്ടി. ഇടതു കൈപ്പത്തി പൂർണമായും വെട്ടിമാറ്റുകയും വലതുകൈക്ക് സാരമായി വെട്ടേൽക്കുകയും ചെയ്തു. അമ്മയേയും സഹോദരിയേയും സംഘം മര്‍ദ്ദിക്കുകയും ചെയ്തു. നിലവിളിയും ഗ്ലാസ് തകരുന്ന ശബ്ദവും കേട്ട് വീട്ടിൽ നിന്നും ഭാര്യയും മകനും ഓടിയെത്തി ജോസഫിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ജോസഫിന്‍റെ മകന്‍ അക്രമികളുമായി ഏറ്റുമുട്ടുകയും അതിനെ തുടര്‍ന്ന് 15 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു. സാരമായ പരിക്കുകള്‍ പറ്റാതിരുന്ന മകന്‍ വീണിടത്തു നിന്നും തിരിച്ചെത്തിയപ്പോഴേക്കും പ്രതികൾ വാനിൽ കയറി സ്ഥലംവിട്ടിരുന്നു. ഉടന്‍ തന്നെ ജോസഫിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അയൽവാസിയുടെ പറമ്പിൽ നിന്ന് കണ്ടെത്തിയ ജോസഫിന്‍റെ ഇടത് കൈപ്പത്തിയും അവർ പ്രത്യേകം ബാഗിലാക്കി ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

TJ JOSEPH
കൈവെട്ട് കേസ് Screen-grab, Copyrights: BBC

അപ്പോഴേക്കും ജോസഫിന്‍റെ ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ഒരു മാസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും ജോസഫിനെ ന്യൂമാൻ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെയും പ്രതിഷേധങ്ങൾ ഉണ്ടായി. അദ്ദേഹത്തിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി അധ്യാപകർ പിരിവുകൾ സംഘടിപ്പിച്ചു. പുറത്താക്കലിനെതിരെ കോളേജിന് മുന്നിൽ സത്യഗ്രഹമിരുന്നു. വിരലുകള്‍ തുന്നിച്ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ അടയ്ക്കാതെ വന്നതോടെ കുടുംബം കടക്കെണിയില്‍ വീണു. തുടർച്ചയായ പ്രതിസന്ധികള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ ഭാര്യ സലോമി വിഷാദരോഗത്തിന് അടിമപ്പെട്ടു. 2014 മാർച്ചിൽ സലോമി ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇത് വീണ്ടും ജനരോഷത്തിനു കാരണമായി. വിരമിക്കാൻ മൂന്ന് ദിവസം ബാക്കിനിൽക്കെ, കോളേജ് ജോസഫിനെ തിരിച്ചുവിളിക്കുകയും പെൻഷൻ ആനുകൂല്യങ്ങൾക്ക് അദ്ദേഹം അർഹനാണെന്ന് കണ്ടെത്തി.

T J Joseph
ഭാര്യ സലോമിയോടൊപ്പം Screen-grab, Copyrights: BBC

അക്രമവുമായി ബന്ധപ്പെട്ട് 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ 2011 മാർച്ച് 9 ന് ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന്‌ ആദ്യഘട്ടം വിധിപറഞ്ഞു. സംഭവത്തിൽ 13 പേരെ കോടതി ശിക്ഷിച്ചതില്‍ 10 പേര്‍ക്ക് എട്ടുവർഷത്തെ തടവ് ലഭിച്ചു. ശേഷം തുടർന്നുണ്ടായ അന്വേഷണത്തിൽ 11 പേരെക്കൂടി അറസ്റ്റ് ചെയ്യുകയും.

കൈവെട്ടിയതിന്‍റെ നിയമവഴികള്‍

2013 ജൂലായിലായിരുന്നു കേസിന്‍റെ വിചാരണ ആരംഭിച്ചത്. എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം 37 പ്രതികള്‍, 300 പ്രോസിക്യൂഷന്‍ സാക്ഷികള്‍, 4 പ്രതിഭാഗം സാക്ഷികള്‍, ആയിരത്തോളം രേഖകള്‍, 200-ലേറെ വസ്തുവകകള്‍ എന്നിവ കേസിന്‍റെ ഭാഗമായിരുന്നു. പക്ഷേ 37 പ്രതികളില്‍ 31 പേരെ മാത്രമായിരുന്നു വിചാരണ ചെയ്തിരുന്നത്. 2015 ഏപ്രില്‍ 30 ന് പ്രസ്താവിച്ച കേസിന്‍റെ ആദ്യഘട്ട വിധിയില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തി. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേര്‍ക്കും (ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദീന്‍, ഷാനവാസ്, കെ.എ പരീത്) ഗൂഢാലോചനയില്‍ പങ്കെടുത്ത അഞ്ച് പേര്‍ക്കുമാണ് (യൂനസ് അലിയാര്‍, ജാഫര്‍, കെ.കെ അലി, ഷജീര്‍, കെ.ഇ കാസിം) എട്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇവരെല്ലാവരും തന്നെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകാരായിരുന്നു. വിചാരണ തടവ് ശിക്ഷാകാലാവധിയായി കണക്കാക്കിയുള്ള ബാക്കി ശിക്ഷ പ്രതികള്‍ അനുഭവിച്ചാല്‍ മതിയെന്നായിരുന്നു വിധി. പ്രതികളില്‍ നിന്ന് ഈടാക്കുന്ന നാലു ലക്ഷം രൂപ ജോസഫിന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്തരവായി. പ്രതികളെ ഒളിപ്പിച്ച കുറ്റത്തിന് അബ്ദുള്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവരെ രണ്ടു വര്‍ഷത്തെ തടവിനും കോടതി വിധിക്കുകയുണ്ടായി. എന്‍ ഐ എ സമര്‍പ്പിച്ച 31 പേരുടെ പ്രതിപ്പട്ടികയില്‍ നിന്ന് 18 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ 13 പേരില്‍ പത്ത് പേര്‍ക്ക് യുഎപിഎ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നു. ഈ പ്രതികള്‍ക്ക് ജീവപര്യന്തം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

victims
പി എഫ് ഐ Screen-grab, Copyrights:BBC

കേസിലെ രണ്ടാം ഘട്ട വിധിയാണ് 2023 ജൂലൈ 12 ന് ഉണ്ടായിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആറ് പ്രതികളെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഞ്ചുപേരെ വെറുതെ വിടുകയുമുണ്ടായി. സജല്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍കുഞ്ഞ്, അയൂബ് എന്നിവരാണ്‌ കുറ്റക്കാരായി കണ്ടെത്തിയ ആറ് പേര്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളായിരുന്നു സജല്‍, നാസറാണ് മുഖ്യസൂത്രധാരന്‍. ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതി സവാദിനെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന സവാദ് വിദേശരാജ്യങ്ങളില്‍ എവിടെയോ ഒളിവിലാണെന്നാണ് അന്വേഷക സംഘമായ എന്‍ഐഎ പറയുന്നത്.

തിരുത്താമായിരുന്ന തെറ്റുകള്‍

ചോദ്യപേപ്പര്‍ വിവാദവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ജോസഫിന്‍റെ ജീവിതം കീഴ്മേല്‍ മറിക്കുകയാണുണ്ടായത്. വലിയ മാനസിക സംഘര്‍ഷത്തിലേക്ക് വീണു പോയ ജോസഫിന്‍റെ കുടുംബത്തെ വലിയ നഷ്ടങ്ങളും, തിരിച്ചടികളുമായിരുന്നു കാത്തിരുന്നത്. ഒരുപക്ഷെ ചോദ്യപേപ്പര്‍ നിര്‍മ്മാണ സമയത്ത് കാര്യങ്ങളെക്കുറിച്ച് അല്പംകൂടി ചിന്തിച്ചിരുന്നെങ്കില്‍ ഈ ദുരന്തങ്ങളെല്ലാം ഒഴിവാക്കാന്‍ ജോസഫിന് സാധിക്കുമായിരുന്നു. പി ടി കുഞ്ഞുമുഹമ്മദിന്‍റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ‘തിരക്കഥ- ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍’ എന്ന ലേഖനത്തിലെ ഭാഗം വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. കാരണം വ്യാകരണ സംബന്ധിയായ ഒരു ചോദ്യത്തിനുതകുന്ന ഒട്ടേറെ സാഹിത്യ ഭാഗങ്ങള്‍ കണ്ടെത്താന്‍ ഒരു അധ്യാപകന് എളുപ്പത്തില്‍ കഴിയുമായിരുന്നു. അതുപോലെ ആ ലേഖനം തിരഞ്ഞെടുത്തെങ്കില്‍ തന്നെ അതിനെ അതേമട്ടില്‍ ഉപയോഗിക്കാമായിരുന്നു, ഭ്രാന്തന്‍ കഥാപാത്രത്തിന്‍റെ പേര് മുഹമ്മദ്‌ എന്ന് മാറ്റാതിരിക്കാമായിരുന്നു. മുഹമ്മദ്‌ എന്നതിനു പകരം മറ്റ് പേരുകള്‍ ഉപയോഗിക്കാമായിരുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ  ഈ വഴികളെല്ലാം നിരാകരിച്ചതിന്‍റെ പരിണിത ഫലങ്ങളാണ് ജോസഫിന് പിന്നീട് അനുഭവിക്കേണ്ടി വന്നത്.

സംഭവം നടന്നയുടനെ ജോസഫിന്‍റെ ഭാഗം കേള്‍ക്കാതെ അദ്ദേഹത്തെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞ മാനേജ്മെന്റും ഈ കാര്യത്തില്‍ തെറ്റുകാരാണ്. അല്പം കൂടി പക്വതയോടെ പ്രശ്നത്തെ കണ്ട് ഒരു ഒത്തുത്തീര്‍പ്പിലൂടെയോ മറ്റും ഈ പ്രശ്നം പരിഹരിക്കാനും സമാധാനത്തെ തിരികെ കൊണ്ടുവരാനും മാനേജ്മെന്‍റിന് കഴിയുമായിരുന്നു. പക്ഷെ ഇതൊന്നും ചെയ്യാതിരുന്ന മാനേജ്മെന്‍റ്   ടി ജെ ജോസഫിനെ മുഴുവനായും കൈയ്യൊഴിയുകയാണുണ്ടായത്. ആ ഒറ്റപ്പെടുത്തല്‍ കലാപകാരികള്‍ക്ക് അവസരമൊരുക്കി കൊടുക്കുകയും ചെയ്തു.

pfi
പി എഫ് ഐ Screen-grab, Copyrights: Hindustan Times

അറിഞ്ഞോ അറിയാതെയൊ ജോലിയില്‍ വന്ന ചെറിയൊരു പാളിച്ചയെ മതനിന്ദയാക്കി വ്യാഖ്യാനിക്കുകയും അതിനെ ഒരു വിവാദമായി ഉയര്‍ത്തിക്കൊണ്ടു വരികയും തുടര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജോസഫിനെ അക്രമിക്കുകയും ചെയ്തവര്‍ തന്നെയാണ് ഈ പ്രശ്നത്തില്‍ ഏറ്റവും വലിയ തെറ്റുകാര്‍. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ കൊലവിളി നടത്തുന്ന ഇത്തരം സംഘങ്ങളെ നിയന്ത്രിക്കേണ്ടത് വളരെ ആവശ്യമാണ്. മത സംരക്ഷണത്തിന്‍റെ പേരില്‍ സമൂഹത്തിലേക്ക് ഇത്തരം സംഘടനകള്‍ പടര്‍ത്തുന്ന പ്രാകൃതമായ വിശ്വാസങ്ങള്‍ മതേതര ഇന്ത്യയുടെ മൂല്യങ്ങള്‍ക്ക് നേരെ വിരുദ്ധമാണ്. ഏതു മതത്തിലും ഇത്തരം പ്രാകൃത വിശ്വാസങ്ങളെ പിന്‍പറ്റി കടുത്ത വര്‍ഗ്ഗീയത അഴിച്ചു വിടുന്ന വലിയ കൂട്ടങ്ങളുണ്ട്. ഈ സമീപനം ഒരു ഭീകരതയായി വളരാന്‍ വലിയ യുക്തിയും സമയവും ആവശ്യമില്ല. അതിനാല്‍ തന്നെ ഇത്തരം മതഭ്രാന്തുകളെ പിടിച്ചുകെട്ടാന്‍ സമൂഹത്തിനാകണം.

കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവം വന്നതിനു പിന്നാലെ ജോസഫ് നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു; ” ആക്രമണം നടത്തിയ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ രാജ്യത്ത് ഒരു നീതി നടപ്പിലാകുന്നു എന്ന് മാത്രമേ കരുതുന്നുള്ളൂ. പ്രാകൃത വിശ്വാസത്തിന്‍റെ പേരില്‍ മനുഷ്യത്വരഹിത പ്രവര്‍ത്തികള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ കുറ്റക്കാര്‍. ആദ്യം ജയിലടയ്‌ക്കേണ്ടത് ഇത്തരത്തിലുള്ള പ്രാകൃത വിശ്വാസങ്ങളെയാണ്. ആധുനിക മനുഷ്യരാകാന്‍ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്’. ജോസഫിന്‍റെ പ്രതികരണവും, പ്രതികളെ പിന്തുണയ്ക്കുന്നവരുടെ മനോഭാവവും തുലനം ചെയ്യുമ്പോഴാണ് പ്രാകൃത വിശ്വാസങ്ങള്‍ എത്രമാത്രം മനുഷ്യത്വരഹിതമാണെന്ന് നമുക്ക് വ്യക്തമാകുന്നത്. പണ്ട് വയലാര്‍ എഴുതിയ പാട്ടിലെ വരി പോലെ മനുഷ്യനാണ് മതങ്ങള്‍ സൃഷ്ടിച്ചത്, മതങ്ങള്‍ മനുഷ്യനെയല്ല സൃഷ്ടിക്കുകയുണ്ടായത്.

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി