Wed. Nov 6th, 2024

മണ്ണിനെയും പ്രകൃതിയെയും അറിയണോ? മനോജിനൊപ്പം ചേരാം… ഒന്നര ഏക്കർ ഭൂമിയിൽ മരങ്ങളും പക്ഷികളും ജീവജാലങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം

നുഷ്യനെ പോലെ സ്വതന്ത്രമായി വളരാൻ പ്രകൃതിയും ജീവജാലങ്ങളും ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? എറണാകുളം, എടവനക്കാട് സ്വദേശി മനോജിന്റെ കാഴ്ചപ്പാടാണിത്. നഗരത്തിൽ നിന്നും ഒട്ടും അകലെയല്ലാത്ത വൈപ്പിൻ എടവനക്കാട് ദ്വീപിൽ മനോജിനൊരു വനമുണ്ട്. സ്വന്തം വീടിനോട് ചേർന്നുള്ള ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വനഭൂമി. മരങ്ങളും ജീവജാലങ്ങളും ചേർന്ന മനോഹരമായ ഒരു ആവാസവ്യവസ്ഥ.

ചെരുപ്പുകൊണ്ടുപോലും മനോജ് അവരെ നോവിക്കാറില്ല അതുകൊണ്ടാകാം ഒരു മടിയുമില്ലാതെ അവ ഇങ്ങനെ ഫലഭൂഷ്ടമായി നിലനിൽക്കുന്നത്. ആധുനിക കൃഷിരീതികളുടെ കെട്ടുംമട്ടുമൊന്നുമില്ലാതെ പ്രകൃതിക്ക് ജൈവികമായി ഇവിടെ വളരാം. ആനപ്പനയും ദന്തപാലയും തുടങ്ങി മണിതക്കാളിയും ചീരയും വരെ ഇവിടെ സമൃദ്ധമാണ്. മുളയും കണ്ടൽക്കാടുകളും നീർ ചാലുകളുമുൾപ്പെടെ എല്ലാത്തിനും ഇവിടെ സ്ഥാനമുണ്ട്. മണ്ണിനെയും പ്രകൃതിയെയും ഇനിയും അറിയാത്തവർക്ക് മനോജിന്റെ ഈ വനത്തിലേക്ക് വരാം.

കൊച്ചിയിൽ നിന്നും അധികം അകലെയല്ല വൈപ്പിൻ എടവനക്കാട് എന്ന ചെറു ദ്വീപ്. കടലിനാൽ ചുറ്റപ്പെട്ട പ്രദേശം. പൊക്കാളിപ്പാടങ്ങളും ചെമ്മീൻകെട്ടുകളും സമൃദ്ധം. ഇവിടെയാണ് മനോജിന്റെ ഒന്നര ഏക്കർ ഭൂമി. 25 വർഷമായി മനോജ് അതിനെ സംരക്ഷിക്കാൻ തുടങ്ങിയിട്ട്.

കാടിനെ തികച്ചും സ്വാഭാവികമായി വളരാൻ അനുവദിക്കുക, പക്ഷികൾക്കും ജീവജാലങ്ങൾക്കും ആ ആവാസവ്യവസ്ഥയിൽ സ്വതന്ത്രമായി വിഹരിക്കാൻ അവസരമൊരുക്കുക ഇത്രമാത്രമേ ഇദ്ദേഹം ചെയ്തിട്ടുള്ളൂ. അതിന്റെ ഫലമോ സമ്പന്നമായ ഒരു വനഭൂമി. ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ, മുളങ്കാടുകൾ, നീരുറവകൾ, കണ്ടൽ ചെടികൾ അങ്ങനെ നൂറു കണക്കിന് സസ്യങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത ജീവജാലങ്ങളും ഇവിടെയുണ്ട്. പക്ഷികളുടെ ശബ്ദവും മരങ്ങളുടെ തണുപ്പും നൽകുന്ന സുഖത്തിൽ നിന്നും അല്പംപോലും മാറാൻ സാധിക്കില്ല ഈ എഞ്ചിനീയറിംഗ് ബിരുദധാരിക്ക്.

25 വർഷം മുൻപ് 10 സെൻ്റ് ഭൂമിയിലാണ് മനോജിന്റെ ആദ്യ പരീക്ഷണം. വീടിന് ചുറ്റുമുള്ള കരിയിലകളും ജൈവ മാലിന്യങ്ങളും ഈ സ്ഥലത്ത് നിറച്ചു. കൈയിൽ കിട്ടിയ വിത്തുകളും തൈകളുമെല്ലാം ഇവിടത്തേക്കായി മാറ്റിവെച്ചു. അങ്ങനെ തന്റെ പത്ത് സെന്റിൽ സംഭവിക്കുന്ന മണ്ണിന്റെ മാറ്റങ്ങളെയെല്ലാം മനോജ് തിരിച്ചറിയാൻ തുടങ്ങി. വന്ന പ്രതിസന്ധികളെയെല്ലാം ആ കൗതുകത്തിൽ ആ യുവാവ് നിർജ്ജീവമാക്കി. ഒടുവിൽ ഇന്ന് കാണുന്ന ഈ ആവാസവ്യവസ്ഥ തനിക്ക് ചുറ്റും സൃഷ്ടിച്ചെടുത്തു. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന മനുഷ്യൻ ഇതിൽപരം എങ്ങനെയാണ് മാതൃകയാകുക. വരും തലമുറ ഈ ആവാസവ്യവസ്ഥ സംരക്ഷിക്കണമെന്നും കാടിനെയും പ്രകൃതിയെയും സ്നേഹിക്കുന്നവർക്ക് അത് കണ്ടും അനുഭവിച്ചും അറിയാനുള്ള ഒരു ഇടം ഉണ്ടായിരക്കണമെന്നുമാണ് മനോജിന്റെ ലക്ഷ്യം.

ഒന്നര ഏക്കറിൽ ഒരിടംപോലും മനോജ് പാഴാക്കായിട്ടില്ല. കടലാക്രമണഭീതിയടക്കമുള്ള നിലവിലെ സാഹചര്യത്തിൽ കണ്ടൽക്കാടുകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മനസ്സിലാക്കി ഉപ്പുരസമുള്ള ചതുപ്പുകളിൽ കണ്ടൽക്കാടുകള്‍ നട്ടു പിടിപ്പിക്കാനാണ് ഇദ്ദേഹത്തിന്റെ പരിശ്രമം.

ചതുപ്പുകളിൽ വെറുതേ വെച്ചാൽപോലും സുലഭമായി വളരുന്ന കണ്ടൽക്കാടുകൾ ലക്ഷക്കണക്കിന് ജീവജാലങ്ങൾക്ക് ഭക്ഷണവും, ഉയർന്ന മത്സ്യസമ്പത്തും, മണ്ണിലെ കാർബണിനെ നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം സവിശേഷതകളെ മുന്നിൽ കണ്ടാണ് മനോജ് കണ്ടൽക്കാടുകൾക്കും പ്രാധാന്യം നൽകുന്നത്. ഇതിനോടകം തന്നെ സ്വന്തം ഭൂമിയിലും പരിസര പ്രദേശങ്ങളിലുമെല്ലാം കണ്ടൽക്കാടുകൾ സൃഷ്ടിക്കാനുള്ള ശ്രമം ആരഭിച്ചിട്ടുണ്ട്. ഓരോ ഇടങ്ങളിലും സ്വാഭാവികമായി വളരുന്ന സസ്യങ്ങളെയും മരങ്ങളെയും തിരിച്ചറിയുകയും അവയുടെ വളർച്ച ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയാണ് ഏറ്റവും അനുയോജ്യമെന്ന് തിരിച്ചറിഞ്ഞാണ് ഈ പ്രകൃതി സ്നേഹിയുടെ ഓരോ പ്രവർത്തനങ്ങളും.

കൃത്രിമമായി ഒന്നും തന്നെ മനോജിന്റെ വനത്തിലില്ല. നട്ടുപിടിപ്പിച്ചതും വളർന്നുവന്നതുമായ ചെടികളും വൃക്ഷങ്ങളും മാത്രം. അവയിൽ നിന്ന് പൊഴിഞ്ഞുവീഴുന്ന കരീലകൾ പോലും എടുത്തുമാറ്റാറില്ല. അതിങ്ങനെ വീണ്ടും മണ്ണിനോടും വേരിനോടും ചേർന്ന് ജീവിക്കുന്നു. കിട്ടുന്ന വിത്തുകളെ എല്ലാം സൂക്ഷിക്കും. ചിലത് തൈകളാക്കി മാറ്റി നടും. മറ്റു ചിലത് അതുപോലെയും. ഇതിനെല്ലാം പുറമെ കിളികളും പക്ഷികളും സമ്മാനിക്കുന്ന ചില ഫലവൃക്ഷങ്ങളും.

ആദ്യം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച മനോജിന് അത് വിജയിക്കാനായില്ല. മണ്ണിലെ ഉപ്പുരസം അവയ്ക്ക് അത്ര അനുയോജ്യമല്ല എന്ന് തിരിച്ചറിഞ്ഞാണ് സ്വഭാവികമായി വളരുന്ന സസ്യങ്ങളെയും മരങ്ങളെയും തന്റെ വനത്തിൽ വളരാൻ അനുവദിച്ചത്. ഇന്ന് ഈ വനഭൂമി ഫലഭൂഷ്ടമാണ്. മാവും പ്ലാവും പേരയുമെല്ലാം സമൃദ്ധമായി വളരുന്നുണ്ട്. മണ്ണിനെ തിരിച്ചറിഞ്ഞ 25 വർഷങ്ങൾ ഈ പ്രകൃതിസ്നേഹിയ്ക്ക് നൽകിയ അനുഭവപാഠങ്ങൾ ജീവിതത്തിൽ മുതൽകൂട്ടാകുമെന്നതിൽ സംശയമില്ല.

“ഇത് ഒരു തോട്ടമോ കൃഷിയിടമോ അല്ല, എന്റെ ഇഷ്ടത്തിനും ഈ ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ വളർന്നുവന്ന ഒരിടമാണ്. മണ്ണിലെ ഓരോ ജീവജാലങ്ങളും ചേർന്നാണ് ഈ വനം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ സ്വാഭാവികതയെ ഞാൻ അതുപോലെ നിലനിർത്തുന്നു. വരും തലമുറക്ക് വനവും അവിടുത്തെ ആവാസവ്യവസ്ഥയും കണ്ടുപഠിക്കാനുള്ള ഒരു പാഠശാലയാണ് ഇവിടം”. പ്രകൃതിയെ അറിയാനും അനുഭവിക്കാനും താല്പര്യമുള്ള ഏതൊരു വ്യക്തിക്കും ആർജ്ജവം നൽകുന്നതാണ് മനോജിന്റെ ഈ വാക്കുകൾ.

കുട്ടികൾക്കായി വിവിധ പരിപാടികളിൽ മനോജ് ഇതിനോടകം സജീവമാണ്. സ്കൂളുകളിലും വീടുകളിലുമെല്ലാം ചെറുവനങ്ങളും, ഔഷധസസ്യ തോട്ടങ്ങളും, ഫലവൃക്ഷ തോട്ടങ്ങളുമെല്ലാം സൗജന്യമായി നിർമ്മിച്ചു നൽകുന്നുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വനത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയണമെന്നും നിലവിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനായി മുന്നോട്ട് വരണമെന്നുമാണ് മനോജിന്റെ അഭിപ്രായം. ഈ മേഖലയിലെ ഇദ്ദേഹത്തിന്റെ പ്രവർത്തനത്തെ മുൻനിർത്തി കേരള വനം വന്യ ജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, കളേഴ്സ് ഹരിതമിത്രം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.