Wed. Nov 6th, 2024
Aanamala Kalim

ജീവഭയംകൊണ്ട് കലീമിന്‍റെ വയറിനടിയിൽ ഒളിക്കാനെ അവര്‍ക്ക് നിവൃത്തിയുണ്ടായുള്ളൂ. പൊരിഞ്ഞ പോരാട്ടത്തിനിടയിലും പളനിച്ചാമിയേയും ഗാര്‍ഡുകളെയും സംരക്ഷിച്ചുകൊണ്ട് കലീം പോരാടി, അതില്‍ വിജയിക്കുകയും ചെയ്തു.

നവേട്ടയ്ക്കായി വീരപ്പന്‍ സത്യമംഗലം കാടുകളിലേക്ക് ചേക്കേറുന്നത് 1972 ലാണ്. ഏതാണ്ട് ഇതേ കാലത്താണ് സത്യമംഗലം കാടുകളില്‍ നിന്ന് പത്തു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ലക്ഷണമൊത്തൊരു കുട്ടിക്കൊമ്പനെ ഫോറസ്റ്റുകാര്‍ക്ക് കിട്ടുന്നത്. വരഗളിയാര്‍ ആനപരിശീലന കളരിയിലെത്തിച്ച കുട്ടിക്കൊമ്പന്‍ ചട്ടംപഠിപ്പിക്കലിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ആള് ചില്ലറക്കാരനല്ലെന്ന് പാപ്പാന്മാര്‍ക്ക് മനസ്സിലായി. അങ്ങനെ അതിബുദ്ധിമനായ ആ കുട്ടിക്കൊമ്പനെ താപ്പാനയാക്കാമെന്ന് അവര്‍ ഉറപ്പിച്ചു. യഥാര്‍ത്ഥത്തില്‍ അവര്‍ മനസ്സിലാക്കിയതിനേക്കാള്‍ അപ്പുറം നില്‍ക്കുന്നവനായിരുന്നു ആ കുട്ടിക്കൊമ്പന്‍. ചെറുപ്പകാലം മുതല്‍ തന്നെ കുസൃതിത്തരം അല്പം കൂടിയതിനാല്‍ അവനെ സ്വതന്ത്രനായി വിടാന്‍ എല്ലാവരുമൊന്ന് മടിച്ചു. പക്ഷേ അവന്‍റെ കഥ ആരംഭമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. 1976 ല്‍ പളനിച്ചാമി എന്ന ചെറുപ്പക്കാരന്‍ ആ കുട്ടിക്കൊമ്പന്‍റെ നിയന്ത്രണമേറ്റെടുത്തതോടെയാണ് താപ്പാനകളുടെ ചരിത്രത്തിലേക്ക് ആനമല കലീം എന്ന പേര് ഇടം പിടിക്കുന്നത്. നീണ്ട നാല്പത് വര്‍ഷം വളര്‍ന്ന ഈ ആന-പാപ്പാന്‍‌ ബന്ധത്തില്‍, ഏറ്റെടുത്ത ഒരു ദൗത്യത്തിലും അവര്‍ പരാജയപ്പെട്ടിട്ടില്ല.

aanamala kaleem
ആനമല കലീം Screen-grab, Copyrights: The Pollachi Papyrus

ഇന്നത്തെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം എന്നറിയപ്പെട്ടിരുന്ന ആനമല ടൈഗര്‍ റിസര്‍വിന്  അധികം ദൂരത്തല്ലാതെയുള്ള ആനപരിശീലന കേന്ദ്രമായ കോഴിക്കാമുത്തി ടോപ്‌സ്ലിപ് ക്യാമ്പിലേക്കാണ് കലീമിന്‍റെയും പളനിച്ചാമിയുടേയും ജീവിതം തുടര്‍ന്നു നീളുന്നത്. കലീമിനൊപ്പം നഞ്ചൻ, ബാരി, റാം, ഭരണി, വിഘ്നേഷ് എന്നീ താപ്പാനകളുമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത് തീവണ്ടിപ്പാതയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമുള്ള മരം ആനമലക്കാട്ടില്‍ നിന്ന് മുറിച്ചെടുത്ത് പുഴവഴി താഴേക്ക് ഒഴുക്കിക്കൊണ്ട് പോകുകയായിരുന്നു പതിവ്. കടുവയും കരടിയും കാട്ടുനായയുമെല്ലാം റോന്തു ചുറ്റിനടന്നിരുന്ന ആനമലക്കാടിന്‍റെ നടുവിലാണ് ക്യാമ്പ് സ്ഥിതി ചെയ്തിരുന്നത്. പാമ്പാടി രാജനും തൃക്കടവൂര്‍ ശിവരാജനും തെച്ചിക്കോട്ട് രാമചന്ദ്രനും മാറി നില്‍ക്കുന്ന ഒട്ടേറെ ഗജവീരന്മാരുടെ ഇടമായിരുന്നു ടോപ്‌സ്ലിപ് ക്യാമ്പ്.

‘കുമാകി’ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് കുങ്കി എന്ന പദത്തിന്‍റെ പിറവി. സഹായി എന്നാണ് കുമാകിയുടെ അർത്ഥം. പാപ്പാൻമാരുമായുള്ള ആത്മബന്ധം കുങ്കികളുടെ പ്രത്യേകതയാണ്. എതിരെ നിൽക്കുന്നത് എന്തുതന്നെയായാലും മുതുകിലിരിക്കുന്ന പാപ്പാന്‍റെ നിർദ്ദേശം ലഭിച്ചാൽ കുങ്കികൾ ആക്രമിച്ചിരിക്കും. പാപ്പാനെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്ന ബോദ്ധ്യവും കുങ്കിയാനകളുടെ പ്രത്യേകതയാണ്. താപ്പാനപ്പണിയത്ര എളുപ്പമുള്ളതല്ല, അത്യന്തം അപകടം നിറഞ്ഞ ജോലിയാണ് ആനയ്ക്കും ആനക്കാരനും.

വിളകൾ നശിപ്പിക്കുന്നതും മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ വിഹരിക്കുന്നതുമായ കാട്ടാനകളെ തുരത്തുക, കൊള്ളാവുന്നവനെങ്കിൽ കയ്യോടെ പിടിക്കുക, അവനെ മെരുക്കിയെടുക്കുക, അപകടത്തിൽപ്പെട്ട കാട്ടാനകളെയും മറ്റു വന്യമൃഗങ്ങളെയും രക്ഷിക്കുക, നരഭോജികളായ കടുവകളെ തുരത്തുക, കാട്ടിലെ വഴികളിൽ വീണു കിടക്കുന്ന മരങ്ങൾ എടുത്തു മാറ്റുക തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പണികളുണ്ട് താപ്പാനകള്‍ക്ക്.

ഇതിലേറെ ബുദ്ധിമുട്ട് കാട്ടാനകളുമായുള്ള യുദ്ധങ്ങൾ തന്നെ. ശ്രദ്ധ ഒന്ന് പിഴച്ചാൽ ആനയ്ക്കും ആനക്കാരനും മരണം സുനിശ്ചിതം. ഇങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിലൂടെ യാത്രയില്‍ കലീം വിജയകരമായി പൂര്‍ത്തിയാക്കിയത് 99 ദൗത്യങ്ങളാണ്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലും കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലുമായാണ് കലീം തന്‍റെ പോരാട്ടങ്ങള്‍ നടത്തിയത്.

aanamala kaleem
ആനമല കലീം Screen-grab, Copyrights: The Pollachi Papyrus

ഇന്ന് ഏഷ്യയിലെ എറ്റവും മിടുക്കനായ താപ്പാന എന്ന ഖ്യാതി കലീമിന് സ്വന്തം. മറ്റൊരു താപ്പാനയിലും കാണാൻ കഴിയാത്ത വേഗവും അപാരമായ മെയ്ക്കരുത്തും കലീമിനെ വേറിട്ട്‌ നിർത്തുന്നു. എത്ര വലിയ കൊലകൊമ്പനായാലും അവരെ തറപറ്റിക്കാനുള്ള വിദ്യ കലീമിന്‍റെ കൈവശമുണ്ടായിരുന്നു. ബോക്സിംഗ് റിംഗിലെ മുഹമ്മദലിയെ പോലെ എതിരാളികളുടെ ചലനങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് നിര്‍ഭയം പൊരുതുന്ന ശീലമായിരുന്നു കലീമിന്. എതിരാളിക്ക് ഒരു പഴുതു പോലും കൊടുക്കാതെ കനത്ത മസ്തകം കൊണ്ട് ആനകളെ ഇടിച്ച് തിരിക്കും, കൂർത്ത കൊമ്പുകൾകൊണ്ട് എതിരാളികളെ വിരട്ടും, ചങ്ങലകള്‍കൊണ്ട് ആക്രമിച്ച് എതിരാളികളെ വിറപ്പിക്കും.

ഒരിക്കൽ ഒരു വലിയ കാട്ടാനയും അവന്‍റെ തുണയാനകളുമായി കലീമിന് കൊമ്പുകോര്‍ക്കേണ്ടി വന്നു. അപ്രതീക്ഷിതമായി വന്ന തുണയാനകള്‍ പളനിച്ചാമിയുടെയും കൂടെ ഉണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡുകളുടെയും സകല പ്ലാനുകളെയും തകര്‍ത്തു കളഞ്ഞു. ജീവഭയംകൊണ്ട് കലീമിന്‍റെ വയറിനടിയിൽ ഒളിക്കാനെ അവര്‍ക്ക് നിവൃത്തിയുണ്ടായുള്ളൂ. പൊരിഞ്ഞ പോരാട്ടത്തിനിടയിലും പളനിച്ചാമിയേയും ഗാര്‍ഡുകളെയും സംരക്ഷിച്ചുകൊണ്ട് കലീം പോരാടി, അതില്‍ വിജയികുകയും ചെയ്തു.

മറ്റൊരിക്കൽ കിണറ്റിൽ വീണ ഒരു കുട്ടിയാനയെ എടുക്കാൻ വേണ്ടി കലീമും സംഘവുമെത്തി. പക്ഷെ കിണറിനു ചുറ്റും 7 കാട്ടാനകൾ തമ്പടിച്ചിരുന്നു. കൂട്ടത്തിൽ വലിയ പിടിയാന കലീമിന് നേരെ വന്നു. പളനിച്ചാമിയെ പിടിക്കാൻ വേണ്ടി കയ്യുയർത്തിയപ്പൊളേക്കും കലീം ഇടപെട്ടു. ചുട്ട പെട കിട്ടിയ കാട്ടാനയും കൂടെ ഉണ്ടായിരുന്നവയും പറപറന്നു. കൊലകൊല്ലി വേട്ടക്കിടയില്‍ താട മുട്ടിയൊലിച്ചഴും പളനിചാമിയെ രക്ഷിക്കാൻ കലീമിന് സാധിച്ചു.

കലീമിന്‍റെ വീരകഥകള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ല, പക്ഷേ ചില സമയങ്ങളില്‍ കലീം തനി വില്ലനായി മാറിയിട്ടുമുണ്ട്. താപ്പാനകളിലെ കേമനായിരുന്ന ഐജി എന്ന കൊമ്പനെ ഒറ്റക്കുത്തിനു കാലപുരിക്കയച്ചിട്ടുണ്ട് കലീം. കലീമിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐജി എന്ന താപ്പാനയുടെ മകനാണ് ആനമല ടോപ്സ്ലിപ്പില്‍ കലീമിന് ഒപ്പമുണ്ടായിരുന്ന വിഘ്നേശ് എന്ന യുവരക്തം. 2008 ല്‍ മദപ്പാടിളകി കാട്ടിൽ ഇണയെ നോക്കി നടന്നിരുന്ന കലീം ചെന്നെത്തിയത് 3 പിടിയാനകളുമായി മലഞ്ചെരുവില്‍ നടന്നിരുന്ന താപ്പാനകളിലെ മറ്റൊരു സൂപ്പര്‍സ്റ്റാറായിരുന്ന പല്ലവന്‍റെ മുന്നിലേക്ക്, അതോടെ പല്ലവനും ഓര്‍മ്മയായി.

anamala kaleem
മണി Screen-grab, Copyrights: The Pollachi Papyrus

താപ്പാനകള്‍ക്ക് നേരെ മാത്രമായിരുന്നില്ല കലീമിന്‍റെ ആക്രമണം. ഒട്ടേറെ ആദിവാസിജനങ്ങള്‍ക്കും കലീമിന്‍റെ മുന്നില്‍ സ്വന്തം ജീവന്‍ പണയംവെക്കേണ്ടി വന്നിട്ടുണ്ട്. പളനിചാമിയില്ലാതെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പോലും കലീം അടുപ്പിച്ചിരുന്നില്ല. സകല അഭ്യാസവും പഠിച്ച കലീമിന്‍റെ മുന്നില്‍ പളനിചാമി ഒഴികെയുള്ള ആരുടേയും വിദ്യകള്‍ വിലപ്പോയിരുന്നില്ല. 40 വർഷത്തിലേറെയായി പളനിച്ചാമി എന്ത് പറയുന്നുവോ, അത് കലീം ചെയ്തിരിക്കും. അവനു പറ്റുന്നതേ അയാൾ പറയുകയുമുള്ളൂ.

പളനിച്ചാമിയോ സഹായി കാവടിയോ (കാവടി എന്നുള്ളത് പേരല്ല, അവിടെ ഇടച്ചട്ടം നിൽക്കുന്ന ആളെ കാവടി എന്നാണു വിളിക്കുന്നത്) ഇല്ലാത്തപ്പോൾ അവന്‍റെ അടുത്ത് ചെല്ലുന്നതിനു അവിടെ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. താട മുട്ടി ഒലിക്കുമ്പോൾ പോലും പളനിച്ചാമി ചെല്ലാം. ”എന്നടാ കണ്ണേ..”എന്ന ഒറ്റ വാക്കിൽ കൊലകൊമ്പനായ കലീം അലിഞ്ഞുപോകും . ഇത്ര വലിയ പ്രശ്നക്കാരന്‍ ആയിരുന്നെങ്കിലും ഗവണ്‍മെന്‍റ്  ഒരിക്കലും കലീമിനെ കൈയ്യൊഴിഞ്ഞിരുന്നില്ല. കാരണം ഗവണ്‍മെന്‍റിനും ജനങ്ങള്‍ക്കും കലീമിനെ അത്രമാത്രം വിശ്വാസമുണ്ടായിരുന്നു. അപ്രാപ്യമെന്ന് തോന്നിച്ച പല ദൗത്യത്തിലും വിജയം കൊണ്ടുവന്ന ഒരാളെ എങ്ങനെ വിശ്വസിക്കാതിരിക്കാനാവും.

പളനിച്ചാമിയുടെ മരണത്തെത്തുടര്‍ന്ന് മരുമകന്‍ മണി കലീമിന്‍റെ പപ്പാന്‍ സ്ഥാനമേറ്റെടുത്തു. മണി തന്‍റെ സഹോദരനെ പോലെയാണ് കലീമിനെ കാണുന്നത്. കലീമിന് 25 വയസ്സുള്ളപ്പോള്‍ നടന്ന ഒരു  ദൗത്യത്തില്‍  കലീമിനൊപ്പം പ്രവര്‍ത്തിച്ച മൃഗ സംരക്ഷണ വകുപ്പ് മുന്‍ ജോയിന്‍റ് ഡയറക്ടര്‍ എന്‍ എസ് മനോഹരന്‍ കലീമിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ” കലീം എനിക്ക് ഒരു സഹപ്രവർത്തകനെപ്പോലെയായിരുന്നു. ഒരു കുങ്കിയ്ക്കുവേണ്ട ആരോഗ്യനില തൊട്ട് കമാൻഡുകൾ വേഗത്തിൽ ഗ്രഹിക്കാനുള്ള കഴിവ് ഉള്‍പ്പെടെയുള്ള സകല ഗുണങ്ങളും കലീമിനുണ്ടായിരുന്നു. ആരോഗ്യനിലയുടെ ഏറ്റവും മികച്ച അവസ്ഥയില്‍ കലീമിന് അഞ്ച് ടണ്ണിലധികം ഭാരമുണ്ടായിരുന്നു. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും മികച്ച കുങ്കി കലീം തന്നെയായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഓപ്പറേഷനുകൾ പോലും കലീം എളുപ്പത്തില്‍ കൈകാര്യം ചെയ്തു. കലീം ഓപ്പറേഷനിൽ ഉണ്ടായിരുന്നപ്പോൾ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല,”

അങ്ങനെ സംഭവബഹുലമായ കലീമിന്‍റെ പോരാട്ടങ്ങള്‍ക്ക് 60 ആം വയസ്സില്‍ തിരശീല വീഴുകയാണ്. കോഴിക്കാമുത്തി ആനത്താവളത്തില്‍ നടന്ന വിരമിക്കല്‍ ചടങ്ങില്‍ ചുവന്ന പരവതാനി വിരിച്ച് ആനയിച്ച കലീമിനെ സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ആ സമയം ക്യാമ്പിലെ മറ്റുള്ള ആനകള്‍ ഐതിഹാസികനായ കലീമിനു നേരെ നിരനിരയായി നിന്ന് സല്യൂട്ട് ചെയ്തു. ചടങ്ങില്‍ വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വകുപ്പുകളിലെ പ്രമുഖരെത്തി. അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു കലീം വിരമിക്കുന്നതിലുള്ള വിഷമം ട്വിറ്ററില്‍ കുറിച്ചു.

 

കലീം വിരമിക്കുമ്പോഴും കലീമിന്‍റെ പാപ്പാന്‍‌ മണി തന്നെയാണ്. പളനിച്ചാമി പാപ്പാനായിരിക്കെ തന്നെ കാവടിയായി മണിയും കൂടെയുണ്ടായിരുന്നു. കാവടിയായിരുന്ന കാലത്തെ കലീമിന്‍റെ വീര സാഹസങ്ങള്‍ ഒട്ടേറെ മണി നേരിട്ട് കണ്ടിട്ടുണ്ട്. പാലക്കാട് വച്ച് കാട്ടാനയെ അടിച്ച് 30 കിലോ മീറ്റര്‍ ഓടിച്ച സംഭവവും ആ സമയങ്ങളിലെ ഇരുവരുടെയും ധൈര്യവുമാണ് മണിക്ക് പാപ്പാനും ആനയും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം മനസ്സിലാക്കിക്കൊടുത്തത്. തുടര്‍ന്ന് പത്തു വര്‍ഷത്തോളം പളനിച്ചാമിയുടെ സഹായിയായി നിന്ന ശേഷം പളനിച്ചാമി തന്നെ കലീമിന്‍റെ നിയന്ത്രണം മണിയെ ഏല്‍പ്പിച്ചു. പളനിച്ചാമിയുടെ നിര്യാണത്തോടെ കലീം കൂടുതല്‍ അസ്വസ്ഥനാകുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തിരുന്നു. പിന്നീട് പളനിച്ചാമിയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ തന്നെയാണ് കലീമിനെ പഴയ സ്ഥിതിയിലേക്ക് തിരികെയെത്തിക്കാനും സഹായകമായത്.

 

മണിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത് കലീമാണ്. കലീമിന്‍റെ ചങ്ങലയഴിക്കാന്‍ പേടിച്ചിരുന്ന, കലീമിന്‍റെ അരികില്‍ ചങ്കിടിപ്പോടെ ഇരുന്നിരുന്ന മണി തന്നെയാണ് പിന്നീട് കലീമുമായി ഓപ്പറേഷന്‍ മലൈ, ഓപ്പറേഷന്‍ മധുക്കരൈ മഹാരാജ്, ഓപ്പറേഷന്‍ അരസിരാജ, ഓപ്പറേഷന്‍ ചിന്നത്തമ്പി, ഓപ്പറേഷന്‍ ബാഹുബലി തുടങ്ങിയ ദൗത്യങ്ങളില്‍ പങ്കെടുത്തത്. 2017 ല്‍ അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമം കൂടി വിജയിക്കുകയായിരുന്നെങ്കില്‍ കലീമിന്‍റെ കരിയറില്‍ വിജയിച്ച ദൗത്യങ്ങളുടെ എണ്ണം സെഞ്ച്വറി തികച്ചേനെ. മുത്തമ്മ കോളനിക്കു സമീപം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ മൂന്നു തവണ മയക്കുവെടി വച്ചെങ്കിലും മയങ്ങിയില്ല. തുടര്‍ന്ന് അരിക്കൊമ്പനെ വരുതിയിലാക്കാന്‍ കലീം ശ്രമിച്ചുവെങ്കിലും അതില്‍ വിജയിക്കാനായില്ല.

അരിക്കൊമ്പന്‍റെ വരവോടെയാണ് കുങ്കിയാനകള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. അതോടെയാണ് ആനപ്രേമികളും പ്രകൃതി സ്നേഹികളും മനുഷ്യസ്നേഹികളും ചേരിയായി നിന്നുള്ള വാഗ്വാദങ്ങള്‍ നടക്കുന്നത്. കലീമിന്‍റെ കാലം കഴിഞ്ഞതോടെ ആനപ്രേമികള്‍ എല്ലാവരും ഇപ്പോള്‍ അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെയാണ്. കലീമിന്‍റെ പിന്‍ഗാമിയായി ചിന്നത്തമ്പിയെ ഏറെക്കുറെ പരിഗണിച്ചു തുടങ്ങി. അപ്പോഴും സംശയം പുതിയ കൊമ്പന്മാര്‍ കലീമിനെ പോലെയുള്ളവരാകുമോ എന്നാണ്. ഗവണ്‍മെന്റും ഉദ്യോഗസ്ഥരും കലീമില്‍ വിശ്വാസം അര്‍പ്പിച്ചതു പോലെ പുതിയ താപ്പാനകളെ വിശ്വസിക്കാനാകുമോ?

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി