Tue. Sep 10th, 2024

യിരത്തിയെണ്ണൂറുകളുടെ മധ്യംവരെ കര്‍ശനമായ ജാതി നിയമങ്ങളാല്‍ നിയന്ത്രിതമായ ഒരു സമൂഹമായിട്ടായിരുന്നു  തിരുവിതാംകൂറിന്റെ ഭരണത്തിന് കീഴിലുള്ള സമൂഹം ജീവിച്ചിരുന്നത്. ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ ഗ്രാമപ്രദേശത്തും വ്യത്യസ്ത ജാതി സമൂഹങ്ങള്‍ ജീവിച്ചിരുന്നതും. അന്നത്തെ തിരുവിതാംകൂര്‍ ഭരണം എന്നു പറയുന്നത്, ഒരു ബ്രാഹ്‌മണന്‍ എന്ത് ചെയ്യണമെന്നും പുലയന്‍ എന്തു ചെയ്യണമെന്നും പറയന്‍ എന്തുചെയ്യണമെന്നും നേരത്തെ തീരുമാനിക്കപ്പെട്ട, സമൂഹത്തില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത, നിശ്ചലമായ ഒരു കാലമായിരുന്നു.

അതായത് 19-ാം നൂറ്റാണ്ടു വരെയും ഒരു ദേശത്ത് ജനിച്ച് അവിടെ ജീവിച്ച് അവിടെ തന്നെ മരിക്കുന്ന സാമൂഹികമായ ചലനക്ഷമതയില്ലാത്ത നിശ്ചലമായ ഒരു സമൂഹമായിട്ടായിരുന്നു കേരള സമൂഹം കഴിഞ്ഞിരുന്നത്. ഈ സമൂഹത്തിലാണ് അതുവരെ തുടര്‍ന്നു പോന്നിരുന്ന ജാതീയമായ കീഴ്‌വഴക്കങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരെ അയ്യങ്കാളി ശബ്ദമുയര്‍ത്തുന്നത്.

അയ്യങ്കാളി Screen-grab, Copyrights: Deccan herald

1863 ഓഗസ്റ്റ് 28 ന് തിരുവിതാംകൂര്‍ എന്ന നാട്ടുരാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള വെങ്ങാനൂര്‍ എന്ന ഗ്രാമത്തില്‍ പരമേശ്വരന്‍ പിള്ള എന്ന നായര്‍ ജന്മിയുടെ തലപ്പുലയനായിരുന്ന അയ്യന്റെയും മാലയുടെയും മകനായിട്ടാണ് കാളി ജനിക്കുന്നത്. അധസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി നടത്തിയ സമരങ്ങളാണ് അദ്ദേഹത്തെ മഹാത്മ അയ്യങ്കാളിയാക്കിയത്. കീഴാള ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങള്‍ കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നാണ്.

അതുകൊണ്ട് തന്നെ കേരളത്തിന്റെ നവോത്ഥാനം ആരംഭിക്കുന്നത് കീഴാള സമൂഹത്തില്‍ നിന്നാണെന്ന് തന്നെ പറയാം. കേരളത്തിലെ നവോത്ഥാനം കീഴാളരില്‍ നിന്ന് ആരംഭിച്ചതുകൊണ്ടു തന്നെ സാമൂഹികമായ അടിമത്തം നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു അജണ്ടയായി മാറുകയും ചെയ്തു. കേരളത്തിലെ അടിത്തട്ടിലെ മനുഷ്യരുടെ പ്രശ്‌നം അഭിസംബോധന ചെയ്യാതെ കേരളത്തിലൊരു രാഷ്ട്രീയം സാധ്യമല്ലായിരുന്നു എന്നു വേണം പറയാന്‍.

ഇവയെല്ലാം മനസ്സിലാക്കി ആധുനിക കേരളത്തെ രൂപപ്പെടുത്തിയ നവോത്ഥാന നേതൃത്വമായിരുന്നു അയ്യങ്കാളി. കീഴാള സമൂഹത്തില്‍ നിന്ന് ആരംഭിച്ച കേരളത്തിന്റെ നവോത്ഥാനത്തില്‍ അയ്യങ്കാളി നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. സഞ്ചാര സ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി മനുഷ്യന്റെ ഏറ്റവും അടിസ്ഥാപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അയ്യങ്കാളി ശബ്ദമുയര്‍ത്തിയിരുന്നത്. തന്റെ പോരാട്ടങ്ങളിലൂടെ അദ്ദേഹം കേരളീയ സമൂഹത്തിന് അജ്ഞാതമായിരുന്ന ജനാധിപത്യബോധത്തെ കൂടി ഉണര്‍ത്തുകയാണ് ചെയ്തത്.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അടിമത്തവും ജാതിവ്യവസ്ഥയും ഉഴിയംവേലയും മൂലം മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അയിത്ത ജാതിസമൂഹങ്ങള്‍ക്കും സാധാരണജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടി, കേരളീയ സമൂഹത്തില്‍ ജനാധിപത്യപ്രക്രിയയെ കീഴ്ത്തട്ടിലും എത്തിക്കുക എന്ന മഹത്തായ പ്രവര്‍ത്തനമായിരുന്നു അദ്ദേഹം ഏറ്റെടുത്തത്. ഇങ്ങനെ കേരളീയ സമൂഹത്തിന് തികച്ചും അജ്ഞാതമായിരുന്ന പൊതുവഴിയെന്ന ഒരു ജനാധിപത്യ ബോധത്തെ ത്യാഗോജ്ജലമായ വില്ലുവണ്ടി സമരത്തിലൂടെ മുന്നോട്ട് നയിക്കുകയാണ് അദ്ദേഹം ചെയ്തത്.

വില്ലുവണ്ടി സമരത്തിന്‍റെ സ്മാരകം Screen-grab, Copyrights: Round table india

1893 ല്‍ അയ്യങ്കാളിയുടെ 28ാം വയസ്സിലായിരുന്നു പ്രശസ്തമായ വില്ലുവണ്ടി സമരം നടന്നത്. പൊതുവഴികളില്ലാതിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍. ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് വലിയ വഴികള്‍ നിര്‍മ്മിക്കുന്ന ആശയത്തിലേക്ക് തന്നെ നാട്ടുരാജ്യം നീങ്ങുന്നത്. തിരുവിതാംകൂറിനെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ ബന്ധിപ്പിക്കുന്ന പാതയെന്ന പൊതുമരാമത്ത് വകുപ്പിലെ ബ്രിട്ടീഷ് എഞ്ചിനീയറുടെ ആശയത്തോട് രാജാവ് വിമുഖത കാട്ടുകയാണ് ഉണ്ടായത്. 1860 ലാണ് തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പ് രൂപം കൊള്ളുന്നത്.

മുറജപം നടക്കാന്‍ പോകുന്നതിനാല്‍ വഴിപ്പണി ചെയ്യാന്‍ മറ്റുജാതിക്കാരെ വിട്ടുനല്‍കാന്‍ സാധിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വഴി നിര്‍മ്മിക്കുന്നതില്‍ തടസ്സം നിന്നു. എന്നാല്‍ ബ്രിട്ടീഷുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒടുവില്‍ തിരുവിതാംകൂറില്‍ വഴി നിര്‍മ്മിക്കാന്‍ രാജാവ് സമ്മതിക്കുകയായിരുന്നു. അതുവരെ ഓരോ ജാതിക്കാരും അവരവര്‍ക്ക് കല്‍പ്പിച്ചിരിക്കുന്ന കുലത്തൊഴില്‍ കൂലിയില്ലാതെ ചെയ്യണമെന്ന ഉഴിയംവേലയായിരുന്നു തിരുവിതാംകൂറില്‍ നിലനിന്നിരുന്നത്. ഉഴിയംവേലകള്‍ക്ക് ഭക്ഷ്യസാധനങ്ങളായിരുന്നു കൂലിയായി നല്‍കിയിരുന്നത്.

എന്നാല്‍ റോഡുപണി വന്നതോടെ ഇതില്‍ മാറ്റം വരികയും പണിക്കാര്‍ക്ക് കൂലി കൊടുത്ത് പണിയെടുപ്പിക്കുകയും ചെയ്തു. അങ്ങനെ പ്രധാന ഇടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രാജപാതകളും വലിയ ഭൂസ്വത്തുകാരുടെ സ്വകാര്യയിടങ്ങളിലേക്കുള്ള റോഡുകളും തിരുവിതാംകൂറില്‍ ഉണ്ടായി. പൊതുമരാമത്ത് നിര്‍മ്മിച്ച രാജപാത പൊതുവഴി എന്ന് തന്നെയായിരുന്ന വിളംബരം ചെയ്യപ്പെട്ടത്. എന്നാല്‍ എല്ലാവര്‍ക്കുമായുള്ള രാജപാതയിലൂടെയുള്ള കീഴ്ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം സവര്‍ണ്ണര്‍ തടഞ്ഞിടത്ത് നിന്നാണ് പൊതുവഴിയുടെ മേലുള്ള ജനാധിപത്യപരമായ അവകാശം സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തുന്നത്. വഴിനടപ്പിനായുള്ള തിരുവിതാംകൂറിലെ ആദ്യ സമരമായിരുന്നു വില്ലുവണ്ടി യാത്ര.

അയ്യങ്കാളി നേതൃത്വം കൊടുത്തു കൊണ്ടുള്ള വില്ലുവണ്ടി സമരവും രാജപാതകളിലേക്കുള്ള ബഹുജനങ്ങളുടെ ഒരു ഇരച്ചുകയറ്റവും നടന്നില്ലായിരുന്നെങ്കില്‍ കേരളത്തിലെ ജനാധിപത്യം ഇന്ന് എവിടെ നില്‍ക്കുമെന്നതും ചോദ്യചിഹ്നമായി മാറിയേനെ. അതുവരെ സവര്‍ണര്‍ മാത്രം നടന്നിരുന്ന പാതയിലൂടെയുള്ള അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര കേരളീയ സമൂഹത്തെ എത്രത്തോളം മൂന്നോട്ട് എടുത്തുവെന്ന് മനസ്സിലാക്കാവുന്നതാണ്.

റോഡ് വേണ്ടാത്ത തിരുവിതാംകൂറിനെ എല്ലാവരും നടക്കുന്ന റോഡുണ്ടാക്കുന്ന ജനാധിപത്യപരമായ ഒരു സ്ഥലമാക്കി മാറ്റുന്നതില്‍ മഹത്തായ സംഭാവന നല്‍കിയ സാമൂഹ്യ പരിഷ്‌കരണ വക്താവാണ് അയ്യങ്കാളിയെന്ന് നിസ്സംശയം പറയേണ്ടി വരും. വില്ലുവണ്ടി സമരത്തെ സാഹസിക പ്രക്ഷോഭത്തിനപ്പുറം, ചരിത്രത്തില്‍ റോഡുകളില്ലാത്ത തിരുവിതാംകൂറില്‍ എല്ലാവരും നടക്കുന്ന റോഡെന്ന ജനാധിപത്യ ബോധത്തിലേക്ക് നയിച്ച ഒരു സാമൂഹിക മൂന്നേറ്റം കൂടിയായിരുന്നു.

കർഷക സമരം (പ്രതീകാത്മക ചിത്രം) Screen-grab, Copyrights: ChetanAhimsa twitter

‘ഏങ്കളുടെ മക്കളെ കുടിപ്പള്ളിക്കൂടങ്ങളില്‍ കയറ്റുന്നില്ലെങ്കില്‍ ഈ പാടമായ പാടമെല്ലാം ഞങ്ങള്‍ മുട്ടിപ്പുല്ല് മുളപ്പിക്കും”. കീഴാളര്‍ സാക്ഷരരായാല്‍ സവര്‍ണരുടെ പാടങ്ങളില്‍ ആര് പണിയെടുക്കുമെന്ന മേലളന്മാരുടെ ചോദ്യത്തിനെതിരെയായിരുന്നു സവര്‍ണ പ്രമാണികളെ വെല്ലുവിളിച്ചു കൊണ്ട് അയ്യങ്കാളി ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ സാധുജനതയുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നേടിയെടുക്കുന്നതിലും എട്ട് മണിക്കൂര്‍ ജോലിയും ഒരു ദിവസം അവധിയുമെന്ന അവകാശം നേടിയെടുക്കാനും കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് അയ്യങ്കാളി നടത്തിയ കര്‍ഷക സമരവും ഒരു സാമൂഹിക മുന്നേറ്റമായിരുന്നു.

ലോകത്താദ്യമായി ഭൂരരഹിത കര്‍ഷകര്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി മുദ്രാവാക്യങ്ങളുമായി അണിനിരക്കുകയായിരുന്നു. അന്നത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റായിരുന്ന കണ്ടള നാഗംപിള്ളയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഒരു വര്‍ഷത്തോളം നീണ്ടു നിന്ന രാജ്യത്തെ ആദ്യത്തെ കര്‍ഷക സമരം ഒത്തുതീര്‍പ്പാകുന്നത്.

അയിത്തത്തിന്റെ പേരില്‍ കീഴാള വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ വാതില്‍ കൊട്ടിയടക്കപ്പെട്ടപ്പോള്‍, 1905 ല്‍ വെങ്ങാനൂരില്‍ ഒരു ബദല്‍ കുടിപള്ളിക്കൂടം സ്ഥാപിച്ച് അയ്യങ്കാളി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള അവസരവും ഒരുക്കി. അവര്‍ണരായ കുട്ടികള്‍ക്ക് അവര്‍ണര്‍ നിര്‍മ്മിച്ച ആദ്യത്തെ സ്‌കൂളും ഇതായിരുന്നു. പള്ളിക്കൂടം നിര്‍മ്മിച്ച അന്ന് തന്നെ തീയിട്ട് നശിപ്പിച്ച സവര്‍ണ പ്രമാണിമാരുമായും അയ്യങ്കാളി നിരന്തരമായി ഏറ്റുമുട്ടുകയും ഒടുവില്‍ സ്‌കൂള്‍ എന്ന അയ്യങ്കാളിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.

1907 ല്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാള്‍ ദളിതര്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിടുകയായിരുന്നു. നിരന്തരമായ പോരാട്ടത്തിലൂടെ കര്‍ഷക  തൊഴിലാളികളുടെ ജോലി സ്ഥിരത, ഉയര്‍ന്ന കൂലി, അവധി, വിദ്യാഭ്യാസത്തിനും വഴിനടക്കാനുമുള്ള അവകാശം തുടങ്ങിയവയെല്ലാം അംഗീകരിക്കപ്പെട്ടു. ഇതോടെ തൊഴിലാളി മുന്നേറ്റങ്ങള്‍ക്കുള്ള അടിത്തറ കൂടി അദ്ദേഹം പാകുകയായിരുന്നു.

കല്ലുമാല സമരം Screen-grab, Copyrights: Feminism in india

1914 ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കല്ലുമാല സമരം കീഴാള സമുദായത്തില്‍പ്പെട്ട സ്ത്രീകളുടെ വിമോചന പോരാട്ടങ്ങളിലൊന്നായിരുന്നു. പുലയര്‍ തുടങ്ങിയ അധസ്ഥിത വിഭാഗങ്ങളിലെ സ്ത്രീകള്‍ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയില്‍ കല്ല്, കുപ്പിച്ചില്ല് എന്നിവ ഘടിപ്പിച്ച ആഭരണങ്ങള്‍ ധരിക്കണമെന്ന ജാതീയമായ ആചാരം അക്കാലത്ത് നിലനിന്നിരുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കല്ലുമാലകള്‍ ബഹിഷ്‌കരിച്ചു കൊണ്ടുള്ള സമരം ജാതി ആചാരങ്ങളെ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റുന്നതിന് വേണ്ടിയായിരുന്നു.

എന്നാല്‍ കല്ലുമാല ബഹിഷ്‌കരണം ജാതിയാചാര ലംഘനമാണെന്നും പുലയ സ്ത്രീകള്‍ വീണ്ടും കല്ലുമാല ധരിക്കണമെന്നാവശ്യപ്പെട്ട് സവര്‍ണര്‍ സമരക്കാരെ ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ ധരിച്ചിരുന്ന റൗക്കകള്‍ പരസ്യമായി വലിച്ചുകീറിയും പലരുടെയും സ്തനങ്ങള്‍ അറുത്തുകളഞ്ഞുമായിരുന്നു സവര്‍ണ മേലാളന്മാര്‍ കല്ലുമാല സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത്. ഒരടിക്ക് പകരം രണ്ടടിയെന്ന അയ്യങ്കാളിയുടെ വിപ്ലവ മുദ്രാവാക്യത്തില്‍ ജനങ്ങള്‍ തിരിച്ചടിക്കുകയായിരുന്നു.

പെരിനാട് കലാപത്തെത്തുടര്‍ന്ന് കല്ലുമാല ബഹിഷ്‌കരണ സമരം രക്തരൂക്ഷിതമായതോടെ 1915 ല്‍ കൊല്ലം പീരങ്കി മൈതാനിയില്‍ അയ്യങ്കാളിയുടെനേതൃത്വത്തില്‍ വിപുലമായ സമ്മേളനം നടന്നു. പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന സമ്മേളനത്തില്‍ ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയുവാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു. കയ്യിലുണ്ടായിരുന്ന കൊയ്ത്തരിവാളുകള്‍ ഉപയോഗിച്ച് കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞ് ആ ദുരാചാരം അന്ന് അവസാനിപ്പിക്കുകയായിരുന്നു. കല്ലുമാല സമരത്തിലൂടെ തെക്കന്‍ തിരുവിതാംകൂറിലെ സാമൂഹിക സാമുദായിക രാഷ്ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമായത്.

സാമൂഹികമായി പിന്നാക്കം നിന്ന ജനതയ്ക്ക് വേണ്ടി 1905 ല്‍ അയ്യങ്കാളി സാധുജനപരിപാലന സംഘം രൂപീകരിച്ചു. അതൊരു സാമുദായിക സംഘടനയായിരുന്നില്ല, മറിച്ച് നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10 കൊല്ലത്തിനിടയില്‍ 17000 ദളിതരാണ് വിദ്യാഭ്യാസം നേടിയത്. ഇതോടെ ദളിതരുടെ സാക്ഷരതാ നിരക്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനും സാധിച്ചു.

അയ്യങ്കാളി Screen-grab, Copyrights: Mathrubhumi

സമൂഹത്തിലെ അധസ്ഥിതര്‍ക്കു വേണ്ടിയുള്ള അയ്യങ്കാളിയുടെ പോരാട്ടത്തെ തുടര്‍ന്ന് 1912 ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് സാമാജികനായി അദ്ദേഹത്തെ നോമിനേറ്റ് ചെയ്തുകൊണ്ട് ഉത്തരവുണ്ടാവുകയും രണ്ട് പതിറ്റാണ്ടോളം നിയമസഭാ സാമാജികനായി തുടരുകയും ചെയ്തു. വിദ്യാഭ്യാസമുള്ള എല്ലാ അധസ്ഥിതര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ ഫീസ് ഇളവും അവര്‍ക്ക് ഗ്രാന്റും അനുവദിക്കണമെന്നും 1932 മാര്‍ച്ച് 18 ന് അയങ്കാളി നിയമസഭയില്‍ ആവശ്യപ്പെട്ടു.

1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് പിന്നില്‍ അയ്യങ്കാളിയുടെ പ്രവര്‍ത്തനം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി ഗാന്ധിജി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ കാണുകയും ചെയ്തിരുന്നു. 1941 ജൂൺ 18 ന് അദ്ദേഹം അന്തരിച്ചു. അയ്യങ്കാളിയുടെ ജീവിതവും പോരാട്ടങ്ങളും കേരളീയ സമൂഹത്തിന്റെ ജനാധിപത്യ ബോധത്തിനും നവോത്ഥാനത്തിനും വഴികാട്ടുന്നവയായിരുന്നു. അന്തരിച്ച അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളാണ് ഇന്നും സാമൂഹിക നീതികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പ്രചോദിപ്പിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം