Sun. Dec 22nd, 2024

അറബിക്കടലില്‍ ചുഴറ്റിയടിച്ച അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് തീവ്രതയോടെ ആഞ്ഞടിക്കുകയാണ്. കനത്ത നാശം വിതച്ച് ഗുജറാത്ത് തീരത്ത് തുടരുന്ന കൊടുംങ്കാറ്റ് ആറ് പേരുടെ ജീവനാണ് ഇതുവരെ കവര്‍ന്നത്. മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വേഗതയിലാണ് സൗരാഷ്ട്ര ,കച്ച് തീരങ്ങളില്‍ ബിപോര്‍ജോയ് കരതൊട്ടത്. ചുഴലിക്കാറ്റ് തീരത്ത് പ്രവേശിച്ചതോടെ ഇന്നും നാളെയുമായി ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ ബിപോര്‍ജോയ് ഇതുവരെ സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ ചെറുതല്ല, 940 ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നിലക്കുകയും കച്ച്-സൗരാഷ്ട്ര മേഖലകളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീഴുകയും ചെയ്തു. തീരദേശ മേഖലകളില്‍ നിന്നുള്‍പ്പടെ ഒരു ലക്ഷത്തോളം പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ദേശീയ- സംസ്ഥാന ദുരന്തനിവാരണസേന, കര, നാവിക-വ്യോമ സേന, അതിര്‍ത്തി രക്ഷാസേന, തീരസംരക്ഷണസേന എന്നിവര്‍ രക്ഷാപ്രവര്‍ത്തനവുമായി രംഗത്തുണ്ട്.

ബിപർജോയ് ചുഴലിക്കാറ്റ് Screen-grab, Copyrights: ndtv

ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുന്ന ബിപോര്‍ജോയ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കാനും അതുപോലെ കൃഷിയിടങ്ങള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. ദിവസങ്ങള്‍ പിന്നിട്ടിട്ടും തീവ്രത കുറയാതെ ബിപോര്‍ജോയ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. ഗുജറാത്തിന് പുറമെ രാജസ്ഥാന്‍, ഡല്‍ഹി, മഹാരാഷ്ട്രയിലും കനത്ത ജാഗ്രതാ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റു തീരപ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകളാണ് അടിച്ചു കയറുന്നത്.

ബിപോര്‍ജോയിടെ ഭാഗമായി കേരള തീരത്തും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും അറബിക്കടലില്‍ മറ്റു പല ചുഴലിക്കാറ്റുകളും രൂപം കൊണ്ടിട്ടുണ്ട്. 2022 ല്‍ മാത്രം മൂന്ന് ചുഴലിക്കാറ്റുകളാണ് അറബിക്കടലില്‍ രൂപംകൊണ്ടത്. 2022 ലെ ആദ്യ ചുഴലിക്കാറ്റായിരുന്നു അസനി. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തീരങ്ങളില്‍ പ്രവേശിച്ച അസനി 2022 മെയ് 7 മുതല്‍ 12 വരെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായിരുന്നു. ഒക്ടോബര്‍ 22 മുതല്‍ 25 വരെ അസം, ഒഡീഷ, പശ്ചിമബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയെ ബാധിച്ച ചുഴലിക്കാറ്റായിരുന്നു സിട്രാംഗ്.

ഡിസംബര്‍ 14 ന് ചെന്നൈ തീരത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും ആഞ്ഞടിച്ച മാണ്ടൂസ് ചുഴലിക്കാറ്റായിരുന്നു 2022ല്‍ ഏറ്റവും ശക്തി പ്രാപിച്ചതും അവസാനത്തേതും. ഇവയെല്ലാം പെട്ടെന്ന് തന്നെ തീവ്രത കുറയുകയാണ് ഉണ്ടായത്. എന്നാല്‍ ജൂണ്‍ ആറിന് അറബിക്കടലില്‍ രൂപംപ്രാപിച്ച ബിപോര്‍ജോയ് ദിവസങ്ങള്‍ പിന്നിട്ടിട്ടും തീവ്രത കുറയാതെ ആഞ്ഞടിക്കുന്നതാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

   Biparjoy cyclone- picture from gujarat( internet)

ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളുന്നത് എന്തുകൊണ്ട്?

അറബിക്കടലിലെ താപനില പതിവിനേക്കാള്‍ ഉയരുന്നതാണ് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ കാരണമാകുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സമുദ്രോപരിതലത്തിലെ താപനില തുടര്‍ച്ചയായി ഉയരുകയും അറബിക്കടലിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറബിക്കടലിലെ ചൂട് ഒരു ഡിഗ്രിയിലധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

കടലിലെ ന്യൂനമര്‍ദ മേഖലയില്‍ രൂപപ്പെടുന്ന അന്തരീക്ഷ വ്യതിയാനങ്ങളെ തുടര്‍ന്നാണ് ചുഴലിക്കാറ്റ് ഉണ്ടാകുന്നത്. കൂടാതെ കാലാവസ്ഥാമാറ്റം, കാറ്റിന്റെ ഗതിയിലുണ്ടാകുന്ന മാറ്റം തുടങ്ങി മറ്റു കാരണങ്ങളും ചുഴലിക്കാറ്റിന് കാരണമാവാറുണ്ട്. കാറ്റിന്റെ  വേഗം 55 കിലോമീറ്ററില്‍ കൂടുതലാകുമ്പോഴാണ് ചുഴലിക്കാറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.

പ്രതിവര്‍ഷം ശരാശരി നാല് ചുഴലിക്കാറ്റുകളാണ് അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഉണ്ടാകുന്നത്. ഇപ്പോള്‍ ഒരാഴ്ചയിലേറെയായി ആശങ്ക സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബിപോര്‍ജോയിയെ അതിതീവ്ര സ്വഭാവമുള്ള ചുഴലിക്കാറ്റുകളുടെ സ്വഭാവമുള്ള ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചുഴലിക്കാറ്റുകളുടെ പേരുകളുടെ ഉത്ഭവം

നിലവില്‍ നാശം വിതച്ചു കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് ബംഗ്ലാദേശാണ് ‘ബിപോര്‍ജോയ്’ എന്ന പേര് നല്‍കിയിരിക്കുന്നത്. ബംഗാളില്‍ വിപത്ത്, അപകടം എന്നീ അര്‍ഥങ്ങള്‍ വരുന്ന വാക്കാണ് ബിപോര്‍ജോയ്. മുന്നറിയിപ്പുകള്‍ നല്‍കാനും വിവരങ്ങള്‍ നല്‍കാനും പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാണ് ഇവയക്ക് പേര് നല്‍കുന്നത്.

2000-ത്തിലാണ് ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലികള്‍ക്ക് ഈ രാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്.

13 രാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 2010 ല്‍ 169 പേരുകളടങ്ങിയ പട്ടിക ലോക കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയിരുന്നു. ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ പട്ടികയില്‍ അക്ഷരമാലക്രമത്തിലാണ് രാജ്യങ്ങളുള്ളത്. അതിനാല്‍ സ്ഥാനക്രമത്തിലാണ് ഓരോ രാജ്യങ്ങളും ചുഴലിക്കാറ്റിന് പേര് നിര്‍ദേശിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം