Fri. Nov 22nd, 2024

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ഒന്നാണ് ബന്ധു നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും. ചട്ടങ്ങളും നിയമങ്ങളും മറികടന്ന് പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം. ബന്ധു-പിന്‍വാതില്‍ നിയമനങ്ങളൊക്കെ പിണറായി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കുമ്പോഴും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കാൻ ചട്ടങ്ങൾ തിരുത്തി യോഗ്യതകള്‍ പോലും നോക്കാതെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നത് പാര്‍ട്ടി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഉന്നതസ്ഥാനങ്ങളിലേക്ക് അനര്‍ഹരായവരെ പാര്‍ട്ടി തിരുകി കയറ്റുന്നതിലൂടെ അര്‍ഹരായ നിരവധി ഉദ്യോഗാര്‍ത്ഥികളാണ് പെരുവഴിയിലാകുന്നത്. അതായത് പഠിച്ചവരെയും റാങ്ക്‌നേടിയവരെയും യോഗ്യതയുള്ളവരെയും നോക്കുകുത്തികളാക്കി കൊണ്ടാണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കളും മന്ത്രിമാരും അവരുടെ പ്രിയപ്പെട്ടവരെ  ഇന്ന് ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നത്. ബന്ധു നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും വ്യാജരേഖകള്‍ ചമച്ചുകൊണ്ടുള്ള നേതാക്കന്മാരുടെ ജോലി തേടലുമൊക്കെ സിപിഎമ്മില്‍ തുടര്‍ക്കഥയാവുകയാണ്. അതില്‍ ഏറ്റവും ഒടുവിലെ കണ്ണി വ്യാജരേഖ ചമച്ച് ജോലി നേടാന്‍ ശ്രമിച്ച മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയാണ്.

വ്യാജ രേഖ വിവാദം: കെ. വിദ്യ ഒളിവിൽ തന്നെ, ഉരുണ്ടുകളിച്ച് പോലീസ് | Kerala Police, fake document case, K Vidhya, Vidya SFI, Kerala, Latest News, News

മഹാരാജാസ് കോളേജിന്റെ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലി നേടിയതിലാണ് സജീവ മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ വിദ്യ ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. മഹാരാജാസ് കോളേജില്‍ താല്‍ക്കാലിക അധ്യാപികയായിരുന്നുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു വിദ്യ കാസര്‍ഗോഡ് കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ ജോലി നേടിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നുവെന്ന വ്യാജ രേഖയാണ് ഉണ്ടാക്കിയത്.

പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താത്കാലിക അധ്യാപക നിയമനത്തിനായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് വിദ്യയുടെ കള്ളത്തരം പുറത്തറിയുന്നതും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും. എന്നാല്‍ അത്തരമൊരു വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്നും തന്റെ കൈയ്യില്‍ അതില്ലെന്നും മാധ്യമങ്ങളില്‍ കണ്ടറിവ് മാത്രമാണുള്ളതെന്ന് പറയുമ്പോഴും വിദ്യ ഇപ്പോഴും ഒളിവിലാണ് എന്നതാണ് വാസ്തവം.

അടുത്ത സുഹൃത്തും എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയുടെ സഹായത്തോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന ആരോപണവും ഉയര്‍ന്നു വന്നു. എന്നാല്‍ വിവാദത്തില്‍ ഒരു പങ്കുമില്ലെന്ന ആര്‍ഷോയുടെ വിശദീകരണം പിന്തുണച്ച സിപിഎം വിദ്യയെ കയ്യൊഴിയുകയാണുണ്ടായത്. വിദ്യയുടെ പിഎച്ച്ഡി അഡ്മിഷനിലും സിപിഎം നേതൃത്വത്തിന്റെ പങ്കുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മുൻപ് പട്ടിക ജാതി സംവരണം അട്ടിമറിച്ചു പിച്‌ഡിക്ക് പ്രവേശനം നേടിയതും വിവാദം ആയിരുന്നു.

വ്യാജ രേഖകള്‍ ചമയ്ക്കല്‍ മാത്രമല്ല, സര്‍വകലാശാലകളിലെ സിപിഎം നേതാക്കന്മാരുടെ ഭാര്യമാരുടെയും ബന്ധുക്കളുടെയും അനധികൃത നിയമനങ്ങളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും വട്ടംകറക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗിസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നല്‍കാന്‍ ശ്രമിച്ചതും സര്‍ക്കാരിനെ ഏറെ വിവാദത്തിലാക്കിയിരുന്നു. സംഭവത്തില്‍ പ്രിയ വര്‍ഗീസ് അയോഗ്യയെന്ന ഹൈക്കോടതി വിധിയും സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു.

മതിയായ യോഗ്യതയില്ലാതെ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനായിരുന്നു നീക്കം. യുജിസിയുടെ നിബന്ധനയില്‍ പറഞ്ഞിരിക്കുന്ന അദ്ധ്യാപന പരിചയമില്ലാത്ത, മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായിരുന്ന പ്രിയയെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവീലൂടെ ഒന്നാമതെത്തിക്കുകയായിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പ്രിയ അനധികൃത നിയമനത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടത്.

സ്വജനപക്ഷപാതത്തെ തുടര്‍ന്നുണ്ടായ മറ്റൊരു നിയമനമാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതയായ മന്ത്രി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടേത്. ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയായിരുന്ന നിനിതയെ ഉയര്‍ന്ന യോഗ്യതയുള്ളവരെയെല്ലാം മാറ്റി നിര്‍ത്തി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിക്കുകയായിരുന്നു. ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യാപന പരിചയമുള്ളവരെയുമാണ് സിപിഎം നേതാവിന്റെ ഭാര്യയ്ക്കു വേണ്ടി മാറ്റി നിര്‍ത്തിയത്.

കോളേജ് അധ്യാപകരെ നിയമിക്കാനായി 2017 ല്‍ പിഎസ്‌സി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ 212ാം റാങ്കുകാരിയാണ് നിനിത കണിച്ചേരി. എന്നാല്‍ ഇതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളെ നിനിതയ്ക്ക് വേണ്ടി തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് തന്നെ ശീര്‍ഷാസനം ചെയ്തുപോയെന്ന ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം വിഭാഗം പ്രൊഫസര്‍ ഡോ. ഉമര്‍ തറമേലിന്റെ ആരോപണത്തെ തുടര്‍ന്നാണ് വിഷയം വിവാദമാകുന്നത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം കോടതി തടഞ്ഞതിലൂടെ മറ്റൊരു ബന്ധുനിയമനം ഇല്ലാതാക്കാന്‍ സാധിച്ചു. റാങ്ക് ലിസ്റ്റും സര്‍വകലാശാല വിഞ്ജാപനവും തിരുത്തിയാണ് എ എന്‍ ഷംസീറിന്റെ ഭാര്യ പി എം സഹലയെ നിയമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഇടപെട്ടത്. സംവരണാടിസ്ഥാനത്തിലാണ് നിയമനമെന്ന സര്‍വകലാശാല നല്‍കിയ വിശദീകരണത്തിലൂടെ സഹലയ്ക്ക് വേണ്ടി സംവംരണവും അട്ടിമറിച്ചുവെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു. സര്‍വകലാശാലകളില്‍ നേതാക്കന്മാരുടെ ഭാര്യമാരുടെയും ബന്ധുക്കളുടെയും നിയമനങ്ങള്‍ക്കായി അഭിമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരക്കിട്ട് നടത്തുകയാണ് ചെയ്യുന്നത്.

മുന്‍ എംപി പി കെ ബിജുവിന്റെ ഭാര്യ വിജി വിജയന് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ്റ് പ്രൊഫസറായിട്ട് നിയമനം നല്‍കിയതും രാഷ്ട്രീയ പിന്‍ബലത്തിന്റെ പേരിലായിരുന്നു. ഉയര്‍ന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുളള ഒട്ടനവധി ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് വിജി വിജയനെ നിയമിച്ചത്. ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് നിയമനം നല്‍കിയതെന്ന വിശദീകരണമായിരുന്നു സര്‍വകലാശാലയുടേത്. മന്ത്രി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചിന്‍ സര്‍വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറായി നിയമിച്ചതും ഇതേ പിന്‍വാതിലിലൂടെയായിരുന്നു.

2018 നവംബര്‍ 12 ന് മന്ത്രിയായിരുന്ന ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭക്കും ബന്ധുനിയമനത്തെ തുടര്‍ന്ന് കേരള സര്‍വകലാശാലയിലെ സ്വാശ്രയസ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജി വെയ്‌ക്കേണ്ടി വന്നു. ഓരോ കോഴ്‌സിനും ഒരോ ഡയറക്ടര്‍ എന്ന നിലവിലെ രീതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന് പുതിയ പദവി ഉണ്ടാക്കിയാണ് ജൂബിലിയെ നിയമിച്ചത്. പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണ് മാറ്റി മറിച്ചതെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു.

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് രാജിവെച്ച മന്ത്രിമാരും പിണറായി സര്‍ക്കാരിലുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ രാജിവെക്കേണ്ടി വന്നത് ബന്ധുനിയമനത്തെ തുടര്‍ന്നായിരുന്നു. ജയരാജന്റെ ഭാര്യാസഹോദരിയും സിപിഎം നേതാവുമായ പി കെ ശ്രീമതിയുടെ മകന്‍ സൂധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചതായിരുന്നു രാജിക്ക് വഴിവെച്ചത്. മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടുള്ള നിയമനമായിരുന്നു ജയരാജന്‍ നടത്തിയത്. 10 ദിവസത്തോളം വിവാദം ആളിക്കത്തിയതോടെയാണ് ജയരാജന് മന്ത്രി കസേര ഒഴിയേണ്ടി വന്നത്.

2021 ഏപ്രില്‍ 13-നാണ് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ ടി ജലീലിന് രാജിവെയ്‌ക്കേണ്ടി വന്നത്. ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചതാണ് ജലീലിനെ വിവാദത്തിലേക്ക് തള്ളിവിട്ടത്. യോഗ്യതാമാനദണ്ഡം തിരുത്തി കൊണ്ടുള്ളതായിരുന്നു നിയമനം. അദീബിന്റെ യോഗ്യതയ്ക്കനുസരിച്ച് തസ്തികയ്ക്കുള്ള യോഗ്യത മാറ്റാന്‍ കെ ടി ജലീല്‍ നിര്‍ദേശിച്ചെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ആരോപണം ആളിക്കത്തിയതോടെയാണ് സംഭവം മന്ത്രിയുടെ രാജിയില്‍ വരെ എത്തിയത്.

പാര്‍ട്ടിക്ക് വേണ്ടി കേസുകളിലകളില്‍പ്പെട്ടവര്‍ വരെ പോലീസ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സര്‍ക്കാരിന്റെ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വരെ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ പാര്‍ട്ടി കൊലപാതകങ്ങളില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഹകരണ ബാങ്കുകളിലും ആശുപത്രികളിലും ഒക്കെ ജോലി നല്‍കി അവരോടുള്ള കൂറ് പാര്‍ട്ടി പ്രകടമാക്കുന്നതും കണ്ടിട്ടുള്ളതാണ്. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും വ്യക്തിതാല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് നിയമങ്ങളെ അട്ടിമറിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെയും സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങള്‍. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തു കൊണ്ട്, യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ചാണ് ജനദ്രോഹപരമായ സര്‍ക്കാരിന്റെ നീക്കം. ഇങ്ങനെ സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയുള്ള പിന്‍വാതില്‍ നിയമനങ്ങളിലൂടെ അര്‍ഹരായവര്‍ക്ക് അവരുടെ സ്ഥാനങ്ങളും സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നവും അന്യമാവുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം