2021 മാർച്ചിൽ, 90 പ്രമുഖ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരും മെഡിക്കൽ പ്രൊഫഷണലുകളും NSW ഗവർണർക്ക് കാത്ലീന്‍ ഫോൾബിഗിനോട് മാപ്പ് പറഞ്ഞുകൊണ്ട് കത്തയച്ചു
ലോകത്തെ നീതിപീഠങ്ങളെല്ലാം തന്നെ സത്യങ്ങള്‍ക്കു മുകളില്‍ തെളിവുകളെ ആശ്രയിക്കുന്നവയാണ്. പക്ഷെ ഈ തെളിവുകള്‍ക്ക് എപ്പോഴും സത്യത്തെ എത്തിപ്പിടിക്കാന്‍ കഴിയണമെന്നില്ല. സത്യങ്ങള്‍ എപ്പോഴും നിലനില്‍ക്കുമെങ്കിലും അവയ്ക്കു മീതെ നിയമത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒരു പുകമറ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ തന്നെ അത് നിയമപോരാട്ടത്തിലെ വിജയമായി പരിഗണിക്കപ്പെടാറുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നുള്ള തത്വം പറഞ്ഞ് ഇവിടെ പിടിച്ചു നില്‍ക്കാമെങ്കിലും ഈ തത്വം എല്ലായപ്പോഴും പ്രയോഗത്തില്‍ വരാറില്ല. യഥാര്‍ത്ഥ സത്യത്തിനു മുകളില്‍ അസത്യങ്ങള്‍ ജയിച്ച അനേകം നിയമപോരാട്ടങ്ങള്‍ ലോകത്താകമാനം ഉണ്ടായിട്ടുണ്ട്. തങ്ങളുടെ സത്യസന്ധത ലോകത്തിനു മുന്‍പില്‍ തെളിയിക്കാനാകാതെ ഈ ലോകത്തോട് തന്നെ വിട പറഞ്ഞ ഒട്ടേറെ മനുഷ്യരും ഇവിടെ ഉണ്ടായിരുന്നു. തന്‍റെ ജീവിതകാലത്തിന്‍റെ ഓജസ്സുറ്റ സമയം മുഴുവന്‍ കാരാഗ്രഹത്തിന്‍റെ ഇരുട്ടില്‍ കഴിയേണ്ടി വന്ന മനുഷ്യരും ഈ ലോകത്തുണ്ട്. അത്തരത്തില്‍ താന്‍ ചെയ്യാത്ത കുറ്റത്തിന് അതും സ്വന്തം മക്കളെ കൊല പ്പെടുത്തിയവള്‍ എന്ന ലേബലില്‍ 20 വര്‍ഷക്കാലം ജയിലിലടയ്ക്കപ്പെടുകയും പിന്നീട് തന്നെ ഉള്‍ക്കൊള്ളാത്ത ലോകത്തിലേക്ക് തുറന്നു വിടപ്പെടുകയും ചെയ്ത ഒരാളുടെ കഥയാണ് കാത്ലീന്‍ ഫോള്‍ബിഗിന് പറയാനുള്ളത്.
1967 ജൂണ്‍ 14 ന് ഓസ്ട്രേലിയയിലെ ന്യൂ വെല്‍സ് മേഖലയില്‍ തോമസ് ജോണ്‍ ബ്രിട്ടണ്‍ , കാത്ലീന്‍ മേ ഡോണോവന്‍ എന്നീ ദമ്പതികളുടെ മകളായാണ് കാത്ലീന്‍ ഫോള്‍ബിഗ് ജനിക്കുന്നത്. അറിവ് തെളിയും മുന്‍പ് തന്നെ കാത്ലീനിന്‍റെ ജീവിതം കീഴ്മേല്‍ മറിഞ്ഞിരുന്നു. വീട്ടിലെ പതിവു വഴക്കുകള്‍ക്കിടയില്‍ അച്ഛന്‍ തോമസ് ജോണ്‍ ബ്രിട്ടണ്‍ കാത്ലീന്‍ ഫോള്‍ബിഗ്ഗിന്‍റെ അമ്മയെ ദാരുണമായി കുത്തി കൊലപ്പെടുത്തുകയുണ്ടായി. ശരീരത്തിലേറ്റ 24 മുറിവുകളിലൂടെ ചോരവാര്‍ന്ന് അമ്മ മരിക്കുമ്പോള്‍ കാത്ലീനിന് ഒന്നര വയസ്സ് മാത്രമായിരുന്നു പ്രായം. അറിവ് മുറ്റാത്ത കാലത്ത് മനസിലുണ്ടായ ഈ മുറിവുകള്‍ അവളെ ജീവിതകാലം മുഴുവന്‍ പിന്തുടരുകയാണ് ചെയ്തത്. 15 വര്‍ഷത്തെ ശിക്ഷ സ്വീകരിച്ച് കാത്ലീനിന്‍റെ അച്ഛന്‍ ജയിലിലായപ്പോള്‍ ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നമായി അവള്‍ക്കു മുന്നില്‍ നിന്നു. പിന്നീട് സര്‍ക്കാര്‍ അനാഥാലയത്തിലും മറ്റുമായ ബാല്യകാലം തള്ളി നീക്കിയ കാത്ലീനിനെ പിന്നീട് ന്യൂകാസ്റ്റിലിലേക്ക് ദത്തെടുക്കുകയുണ്ടായി. 18 വയസ്സിലാണ് കാത്ലീനിന്‍റെ ജീവിതത്തിലേക്ക് ക്രൈഗ് ഫോള്‍ബിഗ് എന്ന ചെറുപ്പക്കാരന്‍ കടന്നു വരുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം 1987 ല്‍ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1989 ഫെബ്രുവരി 1ന് ക്രൈഗിനും കാത്ലീനിനും ആദ്യ കുട്ടി ജനിക്കും വരെയും ഇരുവരുടെയും ജീവിതം സാധാരണമായിരുന്നു. എന്നാല്‍ 19 ദിവസങ്ങള്‍ക്കിപ്പുറം അവരുടെ ജീവിതം ദുരന്തങ്ങളുടെ കയത്തിലേക്ക് എടുത്തെറിയപ്പെടുകയാണുണ്ടായത്. ഒരു വര്‍ഷത്തിനു ശേഷം ഇരുവര്‍ക്കും പാട്രിക് എന്ന രണ്ടാമത്തെ കുട്ടി ജനിച്ചു. പക്ഷെ അപ്പോഴും ദുരന്തങ്ങള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു. 8 മാസം തികഞ്ഞപ്പോഴേക്കും, 1991 ഫെബ്രുവരി 13 ന് പാട്രിക്കിനേയും കാത്ലീനിനും ക്രൈഗിനും നഷ്ടമായി. ഇരുവരുടെയും ജീവിതം നിരാശയിലേക്ക് അപ്പോഴേക്കും കൂപ്പുകുത്തി തുടങ്ങിയിരുന്നു.
1993 ല്‍ ക്രൈഗിനും കാത്ലീനിനും ആദ്യമായി ഒരു പെണ്‍കുട്ടി ജനിക്കുകയുണ്ടായി, പക്ഷെ അപ്പോഴും അവര്‍ ദുരന്തങ്ങളുടെ പിടിയില്‍ നിന്നു മുക്തമായിരുന്നില്ല. വെറും 10 മാസം മാത്രമായിരുന്നു മൂന്നാമത്തെ കുട്ടിയായ സാറയുടെ ആയുസ്സ്. ക്രൈഗിന്‍റെയും കാത്ലീനിന്‍റെയും ജിവിതത്തിലേക്കുള്ള ദുരന്തങ്ങളുടെ നിരനിരയായുള്ള കടന്നു കയറ്റങ്ങള്‍ അവരെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒടുവില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം 1998 ല്‍ പിന്നീടും അവര്‍ക്ക് ലോറ എന്നു പേരുള്ള ഒരു പെണ്‍കുഞ്ഞ് ജനിച്ചു, ഭാഗ്യം അപ്പോഴും തുണച്ചില്ല. ഒന്നര വയസ്സ് തികയും മുന്‍പ് ലോറയും അവരെ വിട്ടു പിരിഞ്ഞു. ക്രൈഗും കാത്ലീനും ദുരന്തങ്ങളുടെ പടുകുഴിയിലിട്ട് മണ്ണുമൂടപ്പെട്ടു. പക്ഷെ അതുകൊണ്ടൊന്നും കാര്യങ്ങള്‍ അവസാനിച്ചില്ല. ദുരന്തങ്ങള്‍ വരുത്തിവച്ച നിരാശയില്‍ ഇരുവര്‍ക്കുമിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി. കുട്ടികളുടെ മരണത്തില്‍ ക്രൈഗ് കാത്ലീനിനെ കാര്യമായി സംശയിക്കാന്‍ തുടങ്ങി. ഇത് ചെന്നവസാനിച്ചത് കാത്ലീനിന്‍റെ അറസ്റ്റിലേക്കായിരുന്നു. 2001 ഏപ്രിലില്‍ കാത്ലീനിന് എതിരായുള്ള അന്വേഷണം ആരംഭിച്ചു. അനുദിനം ആരോപണങ്ങള്‍ ശക്തമാകാന്‍ തുടങ്ങി. കാത്ലീനിന്‍റെ ഭൂതകാലംകൂടി ആരോപണങ്ങള്‍ക്ക് ആക്കംകൂട്ടി. ഒടുവില്‍ സ്വന്തം മക്കളെ ദാരുണമായി കൊന്നു കളഞ്ഞ അമ്മ, സീരിയല്‍ കില്ലര്‍ എന്നിങ്ങനെയുള്ള പേരുകള്‍ കാത്ലീനിനു ചാര്‍ത്തിക്കിട്ടുകയും ചെയ്തു.
കള്ളസാക്ഷി പറഞ്ഞ ഡയറികള്‍
ലോറ മരിക്കുമ്പോള്‍ ക്രൈഗും കാത്ലീനും താമസിച്ചിരുന്നത് ന്യൂ കാസ്റ്റിലിനു 70 കിലോ മീറ്റര്‍ വടക്ക് – പടിഞ്ഞാറുള്ള ന്യൂ സൗത്ത് വെയ്ല്‍സിലെ സിംഗിള്‍ട്ടണിലാണ്. ലോറയുടെ മരണത്തോടെ പൂര്‍ണ്ണമായും തകര്‍ന്ന കാത്ലീനും ക്രൈഗും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധം പിരിയുകയുണ്ടായി. പിന്നീട് നടന്ന അന്വേഷണത്തില്‍ കാത്ലീനിന്‍റെ സ്വകാര്യ ഡയറി (1989 മുതല്‍ 1999 വരെയുള്ളത്) പോലീസ് തെളിവായി സ്വീകരിക്കുകയുണ്ടായി. കുറ്റസമ്മതം എന്ന നിലയില്‍ പരിഗണിച്ച ഈ ഡയറിക്കുറിപ്പുകള്‍ തന്നെയാണ് കാത്ലീനിനുമേല്‍ കൊലക്കുറ്റം ചുമത്തുന്നതിലേക്ക് നയിച്ചത്. ഡയറികുറിപ്പുകളെ അടിസ്ഥാനപ്പെടുത്തി കാത്ലീനിന് മാനസിക സമ്മര്‍ദ്ദം ഏറെയുണ്ടെന്നും അതിനാല്‍ തന്നെ ചിലപ്പോഴൊക്കെ കോപം നിയന്ത്രണാതീതമാകുമെന്നും തുടര്‍ന്ന് ഈ അവസ്ഥ കുട്ടികളെ ശ്വാസം മുട്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു എന്ന് പോലീസ് അന്വേഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഡയറിക്കുറിപ്പിലെ വാചകങ്ങളുടെ തെറ്റായ പോലീസ് വ്യാഖ്യാനങ്ങളെക്കുറിച്ച് ആ സമയങ്ങളില്‍ തന്നെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാത്ലീന്‍ ഫോള്‍ബിഗ്ഗിന്‍റെ അഭിഭാഷകയായിരുന്ന റാനി റെഗോ തന്നെ ഈ കാര്യത്തെ വിശദീകരിക്കുന്നുണ്ട്. പ്രോസിക്യൂഷന്‍ തിരഞ്ഞെടുത്ത വാചകങ്ങളുടെ മറ്റൊരു വ്യാഖ്യാനത്തെക്കുറിച്ച് ചിന്തിക്കാനോ വിദഗ്ധ അഭിപ്രായം നേടാനോ കോടതി ശ്രമിച്ചിരുന്നില്ലെന്നും ഡയറി മുഴുവനായി വായിച്ചു മനസിലാക്കാനുള്ള സാവകാശം നല്‍കിയിരുന്നില്ലെന്നും റെഗോ അഭിപ്രായപ്പെടുന്നുണ്ട്. കാത്ലീന്‍ തന്‍റെ കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ചു കൊന്നു എന്ന തീരുമാനം മുന്‍നിശ്ചിതമായിരുന്നുവെന്നും ഈ തീരുമാനത്തിനു ഫോറന്‍സിക് പാത്തോളജി റിപ്പോര്‍ട്ടിന്‍റെ പിന്തുണയില്ലെന്നും അഭിഭാഷക കൂട്ടിച്ചേര്‍ക്കുന്നു. കുട്ടികളുടെ മുഖത്ത് ശ്വാസം മുട്ടിച്ചതിന്‍റെ അടയാളങ്ങളൊന്നും തന്നെയില്ലാതിരുന്നതും റെഗോ ചൂണ്ടികാണിച്ചിരുന്നു. പക്ഷെ വ്യക്തമായ പാടുകള്‍ ഇല്ലാതെയും ശ്വാസം മുട്ടിക്കാന്‍ സാധിക്കുമെന്ന് പിന്നീട് നിയമോപദേശകന്‍ മറുപടി നല്‍കുകയും ചെയ്തു.
കാത്ലീനിന് 40 വര്‍ഷം തടവ് അനുവദിച്ച വാദത്തില്‍ പ്രോസിക്യൂഷന്‍ പ്രധാനമായും മുന്നോട്ടു വച്ച ആശയം ഈ കൊലപാതക ആരോപണത്തെ കുപ്രസിദ്ധ ശിശുരോഗ വിദഗ്ധന്‍ സാമുവല്‍ റോയ് മെഡോവിന്‍റെ അബദ്ധ ആശയങ്ങളുമായി കൂട്ടിയിണക്കുക എന്നതായിരുന്നു. ഒരു കുടുംബത്തിലെ മൂന്നോ അതിലധികമോ പെട്ടെന്നുള്ള ശിശുമരണങ്ങൾ മറ്റുവിധത്തിൽ തെളിയിക്കപ്പെടുന്നതുവരെ കൊലപാതകമായി തുടരുന്നു എന്നതാണ് മെഡോവിന്‍റെ കാഴ്ചപ്പാട്. യുകെയില്‍ സമാന കേസുകളില്‍ മെഡോസ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട സാലി ക്ലാര്‍ക്ക് , ആഞ്ചല കാനിംഗ്സ്, ഡോണ ആന്‍റണി എന്നിവരുടെ വിധികള്‍ അപ്പീലില്‍ റദ്ദാക്കിയിട്ടുണ്ട്. കാത്ലീനിന്‍റെ കേസ് നടക്കുന്ന അതേ സമയങ്ങളില്‍ തന്നെ അതിനോട് താരതമ്യപ്പെടുത്താവുന്ന അനവധി കേസുകള്‍ ഉണ്ടായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ നിയമ പ്രൊഫസറായ മെഹ്‌റ സാൻ റോക്ക് പറയുന്നുണ്ട്. എന്നിട്ടും അസംഭവ്യമല്ലാത്ത ഈ വാദഗതിയെ ചോദ്യം ചെയ്യാന്‍ കോടതി തയ്യാറാകാതിരുന്നത് വളരെ ആശ്ചര്യകരമാണെന്നും മെഹ്‌റ സാൻ റോക്ക് അഭിപ്രായപ്പെടുന്നുണ്ട്.
നിരവധി ചേരായ്മകള്‍ നിലനിന്നിരുന്ന കാത്ലീനിന്‍റെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമൂഹത്തിലെ ഉന്നതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മുന്നോട്ടു വന്നു. തെളിവുകളിലെ ഇത്തരം സംശയങ്ങളുടെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് കേസ് പുനരന്വേഷിപ്പിക്കുന്നതിനു കോടതിയെ നിര്‍ബന്ധിതമാക്കുന്നത്. അതിനെ തുടര്‍ന്ന്‍ 2019 ല്‍ നടന്ന തുടരന്വേഷണത്തിന്‍റെ ഭാഗമായി കാത്ലീനിന്‍റെ നാലു കുട്ടികളുടെയും ജീന്‍ സീക്വന്‍സിംഗ് നടത്തി. അതിലൂടെ കാത്ലീനിനും പെണ്മക്കളായ സാറ, ലോറ എന്നിവര്‍ക്കും CALM2 എന്ന വേരിയന്‍റിന്‍റെ സാന്നിധ്യം തെളിയുകയും ചെയ്തു. CALM2 ന്‍റെ മ്യൂട്ടേഷനുകള്‍ മുന്‍പ് പല കുട്ടികളിലും ശാരീരിക വൈകല്യത്തിനും മരണത്തിനും വരെ കാരണമായിട്ടുണ്ടെന്ന്‍ പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞു. പക്ഷെ 2019 ലെ അന്വേഷകര്‍ക്ക് ഈ ജീനിന്‍റെ മറ്റു സാധ്യതകളെക്കുറിച്ച് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതുപോലെ കാത്ലീനിന്‍റെ ഡയറി വ്യാഖ്യാനം ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുകയും ചെയ്തു. ഡയറി വ്യാഖ്യനത്തിനായി ചെലവാക്കിയ സമയം ശാസ്ത്രിയ തെളിവുകള്‍ക്കായി വിനിയോഗിച്ചിരുന്നുവെങ്കില്‍ കാത്ലീനിന്‍റെ ഭാഗത്തുള്ള സത്യം അന്നേ തെളിയുമായിരുന്നു എന്ന് സാന്‍ റോക്കിനെ പോലെയുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
സ്വാഭാവിക മരണമെന്ന ശാസ്ത്രവശം
2020 നവംബറില്‍ അന്തരാഷ്ട്ര ശാസ്ത്രജ്ഞരുടെ ഒരു സംഘം CALM2 , G114R എന്നീ ജീനുകള്‍ മനുഷ്യരില്‍ മാരകമായ ഹൃദയസംബന്ധ രോഗത്തിനു കാരണമാകുമെന്നു തെളിയിക്കുന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. കൂടാതെ കുട്ടികളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ ഈ അവസ്ഥയെ മരണത്തിലേക്ക് വഴി തെളിച്ചേക്കാമെന്നും തെളിഞ്ഞു. സാറ, ലോറ എന്നീ രണ്ടു കുട്ടികള്‍ക്കും മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ അണുബാധയുണ്ടെന്ന്‍ സ്ഥിരീകരിച്ചിരുന്നു. എലികളില്‍ മാരകമായ അപസ്മാരത്തിനു കാരണമാകുന്ന BSN ജീനുകളുടെ സാന്നിധ്യം കാത്ലീനിന്‍റെ രണ്ട് ആണ്‍കുട്ടികളിലും (കാലേബ്, പാട്രിക്) ഉള്ളതായി ജീന്‍ സീക്വന്‍സിംഗിലൂടെ തെളിഞ്ഞിരുന്നു. 2022 ല്‍ പുറത്തു വന്ന ഒരു ഗവേഷണ പ്രബന്ധത്തില്‍ അപസ്മാരം ബാധിച്ചു മരണപ്പെട്ട അഞ്ച് ആളുകളില്‍ BSN ജീനുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം പുറത്തു വന്നു. കാലേബിന്‍റെയും പാട്രിക്കിന്‍റെയും ജീനുകളില്‍ BSN ന്‍റെ ബിയലെലിക് വേരിയന്റുളുണ്ടെന്ന്‍ ഗവേഷകര്‍ കണ്ടെത്തി. ഇവ മാരകമായ അപസ്മാരത്തിനും ന്യൂറോണ്‍ വികസനത്തിനെ പതിയെയാക്കുന്നതിനും കാരണമാകുന്ന ജീനുകളാണ്. കൂടാതെ കുട്ടികളുടെ ജീന്‍ സീക്വന്‍സിംഗിലൂടെ കുട്ടികളില്‍ അച്ഛനില്‍ (ക്രൈഗ് ഫോള്‍ബിഗ്) നിന്നുള്ള മറ്റൊരു മോഡിഫിയര്‍ ജീനുകളുടെ (REM2 G96A) സാന്നിധ്യവും തെളിഞ്ഞു. ഇവ കുട്ടികളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ശാസ്ത്രീയ തെളിവുകള്‍ പുറത്തു വന്നതോടെ കാത്ലീനിന്‍റെ കുട്ടികളുടെ മരണം സ്വാഭാവിക മരണമാണെന്ന സംശയം ശക്തിപ്പെട്ടു. ഇതോടെ 2021 മാർച്ചിൽ, 90 പ്രമുഖ ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞരും മെഡിക്കൽ പ്രൊഫഷണലുകളും NSW ഗവർണർക്ക് കാത്ലീന്‍ ഫോൾബിഗിനോട് മാപ്പ് പറഞ്ഞുകൊണ്ട് കത്തയച്ചു. കത്തില്‍ ഒപ്പിട്ടവരില്‍ നോബൽ സമ്മാന ജേതാക്കളായ എലിസബത്ത് ബ്ലാക്ക്ബേൺ, പീറ്റർ ഡോഹെർട്ടി, ഓസ്‌ട്രേലിയയുടെ മുൻ ചീഫ് സയന്‍റിസ്റ്റ് ഇയാൻ ചുബ്, അന്നത്തെ ഓസ്‌ട്രേലിയൻ അക്കാദമി ഓഫ് സയൻസ് പ്രസിഡന്റ് ജോൺ ഷൈൻ എന്നിവരും ഉള്‍പ്പെടുന്നു. കാത്ലീനിന്‍റെ കേസ് അപകടകരമായ കീഴ്വഴക്കങ്ങളിലേക്ക് വഴിവെക്കുമെന്നും, ശാസ്ത്രീയ അടിത്തറയുള്ള തെളിവുകള്‍ക്കുമേല്‍ സാഹചര്യ തെളിവുകളെ ആശ്രയിക്കുന്ന രീതി വീണ്ടും വീണ്ടും തെറ്റുകളിലേക്ക് നയിക്കുമെന്നും ഈ കത്തില്‍ രേഖപ്പെടുത്തി.
കേസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരുന്നു, പുനരന്വേഷണത്തിലൂടെ കാത്ലീന്‍ ഫോള്‍ബിഗിന്‍റെ ഡയറി വാചകങ്ങളെ കുറ്റസമ്മതമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായവുമുണ്ടായി. ഒടുവില്‍ എല്ലാ ശാസ്ത്രീയ തെളിവുകളും നാലു കുട്ടികളുടെയും മരണം സ്വാഭാവിക മരണമാണെന്ന അവസ്ഥയിലേക്ക് വഴിവച്ചു. കോടതി ഈ തെളിവുകളെ അംഗീകരിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധം
ഓസ്ട്രേലിയന്‍ ഡിങ്കോയുടെ ആക്രമണത്തില്‍ കുഞ്ഞ് മരണപ്പെടുകയും അതേതുടര്‍ന്ന്‍ തെറ്റായി ശിക്ഷിക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത ലിണ്ടി ചേംബർലെയ്നിന്‍റെ കേസുമായി കാത്ലീനിന്‍റെ കേസിനു സാമ്യമുണ്ട്. കുട്ടികളുടെ മരണ സമയത്തെ പതിവു മാതൃകയിലല്ലാത്ത ഇരുവരുടെയും സ്വഭാവരീതികളാണ് കാര്യങ്ങളെ തെറ്റായി വ്യഖ്യാനിക്കപ്പെടാനുള്ള പ്രധാന കാരണമായി കാണുന്നതെന്ന്‍ UNSW ലെ ക്രിമിനോളജി ആൻഡ് ക്രിമിനൽ ലോ ലെക്ചറർ ഡോ. ലിയ വില്യംസ് അഭിപ്രായപ്പെടുന്നുണ്ട്. വ്യവസ്ഥാപിതമായ മാതൃത്വത്തിന്‍റെ മാതൃക പിന്തുടരാതിരുന്നതാണ് കാത്ലീന്‍ ചെയ്ത തെറ്റെന്ന് കാത്ലീനിന്‍റെ അഭിഭാഷക റെഗോ 1999 ലെ കേസിന്‍റെ വാദത്തില്‍ പറയുന്നുണ്ട്.
കേസിന്‍റെ രണ്ടാം പുനരന്വേഷണ റിപ്പോര്‍ട്ടിലെ തോമസ് ബാതർസ്റ്റിന്‍റെ നിഗമനങ്ങള്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചതോടെ ഓസ്ട്രേലിയന്‍ നിയമ വ്യവസ്ഥ തന്നെ കാത്ലീനിനോട് മാപ്പ് ചോദിക്കുകയാണ് (Royal Prerogative of Mercy) . ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീതി നിഷേധമായാണ് കാത്ലീന്‍ ഫോള്‍ബിഗിന്‍റെ കേസിനെ കണക്കാക്കുന്നത്. ചെയ്യാത്ത തെറ്റിന്‍റെ പേരില്‍ സാമൂഹികമായി ഒട്ടേറെ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങി ജീവിതത്തിന്‍റെ നല്ല കാലം മുഴുവന്‍ കാരഗ്രഹത്തിന്‍റെ ഇരുട്ടില്‍ കഴിയേണ്ടി വരുന്നത് ഒരു മനുഷ്യന്‍റെ നരകതുല്യമായ ജീവിതത്തെയാണ് സൂചിപിക്കുന്നത്. അറിവില്ലാത്ത കാലത്ത് തന്‍റെ ജീവിതത്തിലുണ്ടായ വലിയ ദുരന്തവും അവ മനസ്സില്‍ കോറിയിട്ട മുറിവുകളും കാത്ലീനിനെ ഏതെല്ലാം അവസ്ഥകളിലൂടെ കൊണ്ടുപോയി എന്ന സത്യാനുഭവം എല്ലാ മാതാപിതാക്കള്‍ക്കുമുള്ള ഒരോര്‍മ്മപ്പെടുത്തലാണ്.
ലോകത്ത് കാത്ലീനിനെ പോലെ കടുത്ത നീതി നിഷേധം അനുഭവിക്കുന്ന ഒട്ടേറെ പേരുണ്ട്. കാത്ലീനിനു വളരെ വൈകിയാണെങ്കിലും കിട്ടിയ ശാസ്ത്രത്തിന്‍റെ സഹായം കിട്ടാത്ത അനേകം ജീവിതങ്ങളുണ്ട്. ഇന്ന് സംഭവിക്കുന്ന കുറ്റകൃത്യങ്ങളുടെയെല്ലാം യാഥാര്‍ത്ഥ്യ സത്യമെന്തെന്ന ചോദ്യം കൂടിയാണ് കാത്ലീനിന്‍റെ ജീവിതം ചോദിക്കുന്നത്. നിയമവും നീതിയും എല്ലായപ്പോഴും ഒരു വശത്തായിരിക്കണമെന്നില്ല എന്ന് കാത്ലീന്‍ നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ്.