Fri. Nov 22nd, 2024

ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്കിന് മനുഷ്യരിലുള്ള ആദ്യ ക്ലിനിക്കല്‍ ട്രെയലിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. മസ്‌കും ന്യൂറലിങ്കും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഗുലേറ്ററി ക്ലിയറന്‍സാണ് ലഭിച്ചിരിക്കുന്നത്. തലച്ചോറില്‍ സ്ഥാപിക്കുന്ന ഇംപ്ലാന്റ് (സൂക്ഷ്‌മോപകരണം) മനുഷ്യരില്‍ പരീക്ഷിക്കാന്‍ ആറു മാസത്തിനുള്ളില്‍ അനുമതി തേടുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കി ആറ് മാസം പൂര്‍ത്തിയാകവെയാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ന്യൂറലിങ്കിന് അവര്‍ വികസിപ്പിച്ച ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത് ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കുരങ്ങന്മാരില്‍ ന്യൂറ ലിങ്ക് മസ്തിഷ്‌ക പരീക്ഷണം നടത്തിയത്. 2022 ല്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയിച്ചെന്നും, കുരങ്ങന്മാരില്‍ ബ്രെയിന്‍ ഇന്റര്‍ഫേസ് പ്രവര്‍ത്തിക്കുന്നതിന്റെ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിരുന്നു. ഇതോടെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ക്ക് കമ്പനി അനുമതി തേടിയപ്പോള്‍, ഇംപ്ലാന്റിന്റെ ലിഥിയം ബാറ്ററി, തലച്ചോറിനുള്ളിലെ വയറുകളുടെ മൈഗ്രേഷന്‍, മസ്തിഷ്‌ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഉപകരണം സുരക്ഷിതമായി വേര്‍തിരിച്ചെടുക്കല്‍ എന്നീ കാര്യങ്ങളില്‍ ആശങ്കകള്‍ ഉള്ളതിനാല്‍ എഫ്ഡിഎ അംഗീകാരം നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

ബ്രെയിന്‍ ഇംപ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും മനുഷ്യരിലെ ക്ലിനിക്കല്‍ ടെസ്റ്റുമായി മുന്നോട്ട് പോകാന്‍ അനുവദിച്ച എഫ്ഡിഎയുടെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നുവെന്ന് പെന്‍ സ്റ്റേറ്റിലെ റോക്ക് എത്തിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ എത്തിക്സിസ്റ്റായ ലോറ കാബ്രേര പറഞ്ഞു. മനുഷ്യരിലെ ക്ലിനിക്കല്‍ ട്രെയലിന് ധൃതിയില്‍ അനുമതി തേടിയുള്ള മസ്‌കിന്റെ നീക്കം സംശയാസ്പദമാണെന്ന് അവര്‍ പറഞ്ഞു. ബ്രെയിന്‍ സിഗ്‌നലുകള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള ഒരു മെഡിക്കല്‍ ഉപകരണത്തിന്റെ നിര്‍മ്മാണത്തിന് മസ്‌കിന് ഉചിതമായ മേല്‍നോട്ടം വഹിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ടെന്നും കാബ്രേര ചൂണ്ടിക്കാട്ടി.

കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് നിര്‍മ്മിക്കുന്ന ആദ്യ കമ്പനിയല്ല മസ്‌കിന്റെ ന്യൂറലിങ്ക്. ലോകമെമ്പാടുമുള്ള ഗവേഷകര്‍ വര്‍ഷങ്ങളായി പക്ഷാഘാതവും വിഷാദവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭേദമാക്കാനായി ഇംപ്ലാന്റുകളുടെയും ഗാഡ്ജെറ്റുകളുടെയും ഉപയോഗത്തെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരുകൂട്ടം ന്യൂറോ ശാസ്ത്രജ്ഞരും സര്‍ജന്മാരും ചേര്‍ന്ന് വികസിപ്പിച്ച ഇലക്ട്രോണിക് ഇംപ്ലാന്റ് വിജയകരമായിരുന്നു.

12 വര്‍ഷം മുമ്പ് സൈക്ലിങ്ങിനിടെ അപകടത്തില്‍പ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ് തളര്‍ന്നുപോയ 40 കാരനായ ഗെര്‍ട്ട്-ജാന്‍ ഓസ്‌കാം ഇംപ്ലാന്റുകളുടെ സഹായത്തോടെ വീണ്ടും നടന്നിരുന്നു. കാലിന്റെ പേശികളുടെ ചലനത്തെ ഉത്തേജിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌പൈനല്‍ കോഡ് ഇംപ്ലാന്റാണ് അന്ന് ഗവേഷകര്‍ വികസിപ്പിച്ചത്. ഇതില്‍ ഇലക്ട്രിക്കല്‍ പള്‍സുകള്‍ ഉപയോഗിച്ചാണ് പേശികളെ ഉത്തേജിപ്പിച്ചിരുന്നത്. തളര്‍വാതം ബാധിച്ച മൂന്ന് രോഗികള്‍ ഈ സ്‌പൈനല്‍ കോഡ് ഇംപ്ലാന്റ് ഉപയോഗിച്ച് നടന്നിരുന്നു. എന്നാല്‍ കാല്‍ ചലിപ്പിക്കാന്‍ രോഗികള്‍ക്ക് ഒരു ബട്ടണ്‍ അമത്തേണ്ടിയിരുന്നതിനാല്‍ സ്വാഭാവികമായ നടത്തമല്ലായിരുന്നു ഇവരുടേത്.

സ്‌പൈനല്‍ കോഡ് ഇംപ്ലാന്റില്‍ നിന്നും വ്യത്യസ്തമാണ് ന്യൂറലിങ്കിന്റെ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഎ). മസ്തിഷ്‌ക രോഗങ്ങള്‍, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍, പരിക്കുകള്‍ എന്നിവ ബ്രെയിന്‍ ഇംപ്ലാന്റിലൂടെ ഭേദപ്പെടുത്താന്‍ സഹായിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. പല കാരണങ്ങളാല്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് അതു വീണ്ടെടുക്കുന്നതിനും പേശികള്‍ക്ക് ചലനശേഷിയില്ലാത്തവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ന്യൂറലിങ്ക് വഴി സാധിക്കും. മനുഷ്യ മസ്തിഷ്‌കത്തെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഎ) എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മസ്‌കിന്റെ ന്യൂറലിങ്ക്. അതായത് മനുഷ്യന്റെ ചിന്തകളെ കമ്പ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്നതിനെയാണ് കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്നു പറയുന്നത്.

ബ്രെയിന്‍ ഇംപ്ലാന്റിലൂടെ ഒരു നാണയത്തിന്റെ വലിപ്പമുള്ള ചിപ്പ് തലയോട്ടിയില്‍ ഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ ഈ ചിപ്പില്‍ നിന്നും തലച്ചോറിലെ കോശങ്ങളിലേക്ക് 1024 നേര്‍ത്ത ഇലക്ട്രോഡ് ചാനലുകള്‍ ബന്ധിപ്പിക്കും. പിന്നീട് ആയിരക്കണക്കിന് ഇലക്ട്രോഡുകള്‍ കൂടി ചേര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കൂടുതല്‍ ഇലക്ടോഡുകള്‍ രോഗികള്‍ക്ക് കാര്യമായി സഹായകരമാകുമോ എന്ന ചോദ്യവും ബ്രെയിന്‍ ഇംപ്ലാന്റ് വിദഗ്ധര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നുണ്ട്. മനുഷ്യന്റെ മുടിനാരിനേക്കാള്‍ കനംകുറഞ്ഞ വയറുകളിലാണ് ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.

രക്തധമനികളെ ഒഴിവാക്കികൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ റോബോട്ടിനെ ഉപയോഗിച്ച് മസ്തിഷ്‌കകോശങ്ങളിലേക്ക് മൈക്രോസ്‌കോപ്പിക് വയറുകളെ തുന്നിച്ചേര്‍ക്കുന്ന രീതിയിലൂടെ ശസ്ത്രക്രിയയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ന്യൂറലിങ്ക് ലക്ഷ്യമിടുന്നത്. ഇങ്ങനെ തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പില്‍ നിന്നും ബ്ലൂടൂത്ത് വഴിയാണ് പുറത്തുള്ള ഉപകരണത്തിലേക്ക് വിവരങ്ങള്‍ കൈമാറുന്നത്. ശരീരം തളര്‍ന്നുപോയ ആളുകളെ ആശയവിനിമയം നടത്താനും അവരെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയുമാണ് ന്യൂറലിങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ഇംപ്ലാന്റില്‍ ഇലോണ്‍ മസ്‌കിന്റെ പ്രധാന എതിരാളിയാണ് സിണ്‍ക്രോണ്‍. സിണ്‍ക്രോണിനും ബിസിഐ ഇംപ്ലാന്റില്‍ മനുഷ്യരിലെ ക്ലിനിക്കല്‍ ട്രയലിനായി അനുമതി ലഭിച്ചിട്ടുണ്ട്. ന്യൂറലിങ്കിന് സമാനമായ പ്രവര്‍ത്തനം തന്നെയാണ് ബിസിഐ ഇംപ്ലാന്റിലൂടെ സിന്‍ക്രോണും ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ മനുഷ്യനിലെ ക്ലിനിക്കല്‍ ട്രെയലിന്റെ അനുമതി തേടുന്നതില്‍ പിന്നിലായതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നിക്ഷേപത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നതിനായി മസ്‌ക് സിന്‍ക്രോണുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ബ്രെയിന്‍ ഇംപ്ലാന്റ് വിപണനം ചെയ്യുന്നതിനായി ഒരു കമ്പനിക്കും എഫ്ഡിഎയുടെ അന്തിമ അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിസിഐ ഇംപ്ലാന്റിന് കമ്പനികളെ സഹായിക്കുന്നതിനായി സംഘടനകളും മുന്നോട്ട് വരുന്നുണ്ട്. മെഡിക്കല്‍ നവീകരണത്തെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്), നൂതനമായ ന്യൂറോ ടെക്‌നോളജികള്‍ വഴിയുള്ള ബ്രെയിന്‍ (BRAIN) പദ്ധതിയുടെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ബ്രെയിന്‍ ഇംപ്ലാന്റ് ഗവേഷണം നടത്തുന്ന കമ്പനികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. മെഡ്‌ട്രോണിക്, ബ്ലാക്ക്‌റോക്ക് ന്യൂറോടെക്ക് എന്നിവയുള്‍പ്പടെ 12 ഓളം സ്ഥാപനങ്ങള്‍ക്ക് ഈ സംഘടന ധനസഹായം നല്‍കുന്നുണ്ട്.

ഗ്രാന്റുകള്‍ നല്‍കുന്നതിനപ്പുറം, എഫ്ഡിഎ ക്ലിയറന്‍സ് എങ്ങനെ നേടാമെന്നും അതുപോലെ തന്നെ ഉപകരണം വിപണനം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശവും ഏജന്‍സി നല്‍കുന്നുണ്ട്. ന്യൂറലിങ്കിന് ഓര്‍ഗനൈസേഷന്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും കമ്പനി അത് നിരസിക്കുകയായിരുന്നുവെന്ന് ബ്രെയിന്‍ സംരംഭത്തിന്റെ ടീം തലവന്‍ നിക്ക് ലാംഗല്‍സ് പറഞ്ഞു. ” ന്യൂറലിങ്ക് പോലുള്ള കമ്പനിയെ തങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല, പക്ഷേ അവര്‍ക്ക് സഹായ വാഗ്ദാനം സ്വീകരിക്കാന്‍ താല്‍പ്പര്യമില്ല. കമ്പനി ഇതുവരെ അതിന്റെ കാരണങ്ങള്‍ വിശദീകരിച്ചിട്ടില്ല” ലംഗാല്‍സ് പറഞ്ഞു. എന്‍ഐഎച്ച് ഫണ്ടിംഗ് അനാവശ്യമായ പൊതുമേല്‍നോട്ടവും ബ്യൂറോക്രാറ്റിക് തടസ്സങ്ങളുടെ കൊണ്ടുവരുമെന്ന് മസ്‌ക് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ബ്രെയിന്‍ ഇംപ്ലാന്റ് ഗവേഷണം നടത്തുന്ന കമ്പനികള്‍

* ന്യൂറലിങ്ക്– 2016 ല്‍ സ്ഥാപിതമായ കമ്പനിയാണ് ന്യൂറലിങ്ക്. മസ്തിഷ്‌ക ചിപ്പിന്റെ മനുഷ്യരിലെ പരീക്ഷണത്തിനായി 2023 ല്‍ എഫ്ഡിഎ അംഗീകാരം ലഭിച്ചു. മറ്റ് ഇംപ്ലാന്റ് നിര്‍മ്മാതാക്കള്‍ എഫ്ഡിഎ റെഗുലേറ്ററി അംഗീകാരത്തിനായി വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ ആണ് ചിലവഴിച്ചത്.

* സിന്‍ക്രോണ്‍– ന്യൂറലിങ്ക് പോലെ ഗുരുതരമായ പക്ഷാഘാതമുള്ള രോഗികളെ ഡിജിറ്റല്‍ ഉപകരണങ്ങളെ നിയന്ത്രിക്കാന്‍ ബ്രെയിന്‍ ഇംപ്ലാന്റിലൂടെ സഹായിക്കുകയാണ് സിന്‍ക്രോണിന്റെ ലക്ഷ്യം. മനുഷ്യരിലെ പരീക്ഷണത്തിനായി അപേക്ഷിച്ചിട്ട് അഞ്ച് വര്‍ഷത്തിന് ശേഷം 2021 ജൂലൈയിലാണ് യുഎസ് എഫ്ഡിഎ അനുമതി നല്‍കുന്നത്. ഓസ്‌ട്രേലിയയിലെ നാല് രോഗികളിലാണ് കമ്പനി ആദ്യമായി പരീക്ഷണം നടത്തിയത്. പരീക്ഷണത്തില്‍ രോഗികള്‍ കൈകളുടെയോ സബ്ദത്തിന്റെയോ സഹായമില്ലാതെ മനസ്സില്‍ ചിന്തിച്ച കാര്യം സന്ദേശങ്ങളായി അയക്കുകയാണ് ചെയ്തത. ട്രെയലിന്റെ പ്രാരംഭ പഠനത്തില്‍ ഫെബ്രുവരി അവസാനത്തോടെ മൊത്തം ആറ് രോഗികളില്‍ സിന്‍ക്രോണ്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

* മെഡ്‌ട്രോണിക്– ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ പ്രധാനിയാണ് മെഡ്‌ട്രോണിക്. 1997 ല്‍ പാര്‍ക്കിണ്‍സണ്‍സ് രോഗത്തെ ചികിത്സിക്കുന്നതിനായി മെഡ്‌ട്രോണിക്‌സ് ഇംപ്ലാന്റിന് എഫ്ഡിഎ അംഗീകാരം നല്‍കി. അതിനുശേഷം 175,000ത്തിലധികം രോഗികള്‍ക്ക് ഈ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.

*ന്യൂറോപേസ്– 1997 ല്‍ സ്ഥാപിതമായ ന്യൂറോപേസിന് 2013 വരെ അപസ്മാരം ചികിത്സിക്കുന്നതിനായി ബ്രെയിന്‍ ഇംപ്ലാന്റിന് എഫ്ഡിഎ അംഗീകാരം ലഭിച്ചു. കുറഞ്ഞത് രണ്ട് മരുന്നുകളെങ്കിലും പരീക്ഷിച്ച പ്രായംചെന്ന രോഗികളിലാണ് ഈ ഉപകരണം ഉപയോഗിക്കുന്നതെന്ന കമ്പനി പറയുന്നു.

*ബ്ലാക്ക്‌റോക്ക് ന്യൂറോടെക്– 2008 ല്‍ സ്ഥാപിതമായ കമ്പനിയാണ് ബ്ലാക്ക്‌റോക്ക് ന്യൂറോടെക്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി മനുഷ്യരില്‍ ബ്രെയിന്‍ ഇംപ്ലാന്റ് പരീക്ഷിച്ചു. പക്ഷാഘാതമുള്ള ആളുകള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍, പ്രോസ്തെറ്റിക്സ്, സ്വന്തം കൈകാലുകള്‍ എന്നിവ നിയന്ത്രിക്കാന്‍ ഈ ഉപകരണം സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. മനുഷ്യരിലെ ക്ലിനിക്കല്‍ പരീക്ഷണ പൂര്‍ത്തിയായതോടെ കഴിഞ്ഞ വര്‍ഷത്തോടെ എഫ്ഡിഎയില്‍ നിന്ന് ഇംപ്ലാന്റ് വാണിജ്യവല്‍ക്കരിക്കാന്‍ അനുമതി ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഇംപ്ലാന്റിന്റെ വിപണനത്തിനായുള്ള അനുമതിക്കായി കമ്പനി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്.

* പ്രിസിഷന്‍ ന്യൂറോസയന്‍സ്- 2021 ലാണ് കമ്പനി സ്ഥാപിതമായത്. മുന്‍ ന്യൂറലിങ്ക് സ്ഥാപക അംഗമായ ബെഞ്ചമിന്‍ റാപോപോര്‍ട്ടാണ് പ്രിസിഷന്‍ ന്യൂറോസയന്‍സിന്റെ സഹസ്ഥാപകന്‍. കമ്പനി തങ്ങളുടെ ഉപകരണത്തെ മിനിമലി ഇന്‍വേസിവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ടേപ്പിന്റെ ആകൃതിയിലുള്ള ഈ ഉപകരണം തലച്ചോറിന്റെ ഉപരിതലത്തിന് അനുസൃതമായിട്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം