Fri. Nov 22nd, 2024

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ നാല് മലയാളികള്‍ രക്ഷപ്പെട്ടു. തൃശൂര്‍ അന്തിക്കാട് സ്വദേശികളായ രഘു, കിരണ്‍, ബിജേഷ്, വൈശാഖ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സ്ലീപ്പര്‍ ട്രെയിനിന്റെ കോച്ചില്‍ നില്‍ക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് സാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികള്‍ പറയുന്നു.  രണ്ട് വട്ടം ട്രെയിന്‍ ഇടത്തേക്ക് മറിഞ്ഞുവെന്നാണ് ഇവര്‍ പറയുന്നത്. ‘കോച്ചില്‍ ഒപ്പം യാത്ര ചെയ്ത ആളുകളില്‍ പലരും മരിച്ചു. നില്‍ക്കുകയായിരുന്നത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം എമര്‍ജന്‍സി വാതില്‍ പൊളിച്ചാണ് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി’ എന്ന് രക്ഷപ്പെട്ട കിരണ്‍ പറയുന്നു. ഒരു ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൊല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേര്‍ ട്രെയിനില്‍ തിരികെ വരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം