Sun. Dec 22nd, 2024
anti gay bill uganda

എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ഉഗാണ്ടയിലെ പ്രധാന പത്രങ്ങളിലൊന്നായ റെഡ് പെപ്പര്‍ സ്വവര്‍ഗ്ഗാനുരാഗികളായ 45 പേരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടു 

മുന്‍ ഉഗാണ്ടന്‍ പ്രസിഡന്‍റ് ഇദി അമീന്‍റെ കാലം മുതല്‍ക്ക് തന്നെ ഉഗാണ്ടയിലെ മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ച് പരക്കെയുള്ള ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് യോവേരി മുസേവേനിയുടെ അധികാരത്തിന് കീഴിലേക്ക് ഉഗാണ്ട ഞെരുങ്ങുമ്പോഴും ഗാണ്ട ജനതകളുടെ ജീവിതങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല.

മനുഷ്യാവകാശത്തിനുമേലുള്ള കടന്നു കയറ്റങ്ങള്‍ പുതിയ നിറം സ്വീകരിക്കുന്നതല്ലാതെ ഉഗാണ്ടയിലെ അവസ്ഥകള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. ആ നിരയിലേക്കു ചേര്‍ക്കാവുന്ന അവകാശ ധ്വംസനത്തിന്‍റെ മറ്റൊരു പരുക്കന്‍ അദ്ധ്യായമാണ് കഴിഞ്ഞ തിങ്കളാഴ്ച തലസ്ഥാന നഗരിയായ കമ്പാലയിലെ പാര്‍ലമെന്‍റില്‍ വച്ച് ഒപ്പിട്ടു പാസ്സാക്കിയത്. സ്വവര്‍ഗ്ഗാനുരാഗം ഉഗാണ്ടയില്‍ കൊടിയ പാപങ്ങളുടെ പട്ടികയിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായി സ്വവര്‍ഗ്ഗലൈംഗികതയെ ഉഗാണ്ടയിലെ അധികാര വര്‍ഗ്ഗം അംഗീകരിച്ചിരിക്കുകയാണ്. യോവേരി മുസേവേനിയുടെ ഈ തീരുമാനം ലോകമനഃസാക്ഷിയെ ആഴത്തില്‍ മുറിവേല്പിക്കുന്നതാണ്. മനുഷ്യന്‍ എന്ന പരിഗണന പോലും നല്‍കാതെ ഒരു കൂട്ടം ജനതയെ മരണത്തിലേക്ക് തള്ളി വിടുന്ന ഈ നടപടി അധികാര വര്‍ഗ്ഗത്തിന്‍റെയുള്ളില്‍ കൂമ്പാരം കൂട്ടുന്ന തീവ്ര വെറുപ്പിന്‍റെ അടയാളമാണ്.

Uganda Anti LGBTQ Bill

ഉഗാണ്ടയുടെ സ്വവർഗ്ഗാനുരാഗ വിരുദ്ധ ബില്ലിന്‍റെ ഉത്ഭവം മനസ്സിലാക്കാൻ, രാജ്യത്തെ LGBTQ+ കമ്മ്യൂണിറ്റിയുടെ ചരിത്രവഴികളെ മനസ്സിലാക്കേണ്ടത് നിർണായകമാണ്. LGBTQ+ ആയി തിരിച്ചറിയുന്ന വ്യക്തികളോടുള്ള വിവേചനത്തിന്‍റെയും ശത്രുതയുടെയും നീണ്ട ചരിത്രമാണ് ഉഗാണ്ടയ്ക്കുള്ളത്. ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ തന്നെ സ്വവർഗരതി രാജ്യത്ത് ക്രിമിനൽ കുറ്റമാക്കിയിരുന്നു. ഉഗാണ്ടയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും അവ അതേമട്ടില്‍ തുടര്‍ന്നു പോന്നു.

1950 ലാണ് സ്വവര്‍ഗ്ഗരതിയ്ക്കെതിരായ നിയമം (Penal code Act ,150 section 145 – 147) ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ കാലത്ത് പാസ്സാക്കപ്പെടുന്നത്. അക്കാലത്ത് തന്നെ ജീവപര്യന്തം തടവു ലഭിക്കുന്ന കുറ്റമായിരുന്നു സ്വവര്‍ഗ്ഗരതി. പ്രകൃതി വിരുദ്ധമായും പൊതുമര്യാദയില്ലായ്മയായുമൊക്കെയാണ് സ്വവര്‍ഗ്ഗരതിയെ ഈ നിയമം കണ്ടിട്ടുള്ളത്‌. 1962 ല്‍ ഉഗാണ്ട ഒരു സ്വതന്ത്രരാജ്യമായപ്പോഴും കൊളോണിയലിസത്തിന്‍റെ അവശേഷിപ്പുകളോടൊപ്പം ഈ നിയമവും ഇതിനു പിന്നിലെ വെറുപ്പും കൈമാറ്റം ചെയ്യപ്പെട്ടു. പിന്നീട് വര്‍ഷങ്ങളോളം ഈ നിയമം വലിയ മാറ്റങ്ങള്‍ സംഭവിക്കാതെ നിലനിന്നുപോന്നു. അതോടൊപ്പം ഒരു വശത്ത് അനുദിനം അധികാര വര്‍ഗ്ഗത്തിന്‍റെ വെറുപ്പിന്‍റെ അളവും LGBTQ+ കമ്മ്യൂണിറ്റിയുടെ പ്രതിഷേധങ്ങളുടെ ശക്തിയും കൂടി വന്നു. 

Uganda Anti LGBTQ Bill

2000 ല്‍ അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനും സ്വവര്‍ഗ്ഗരതിയുടെ കടുത്ത വിമര്‍ശകനുമായ സ്കോട്ട് ലൈവ്ലി ഉഗാണ്ടയിലെ സ്വവര്‍ഗ്ഗലൈംഗികതയ്ക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്റ്റീഫന്‍ ലാംഗ, മാര്‍ട്ടിന്‍ സെമ്പ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ സംഭവത്തോടെയാണ്, രാജ്യത്തെ സ്വവര്‍ഗ്ഗരതിയോടുള്ള വെറുപ്പ് ഉഗാണ്ടയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നത്. സെമ്പയുടെയും ലാംഗയുടെയും പൂര്‍വ്വ കഥകളില്‍ നിന്നും ഉഗാണ്ടയില്‍ അക്കാലത്ത് നിലനിന്നിരുന്ന സ്വവര്‍ഗ്ഗരതിയോടുള്ള കടുത്ത വിവേചനത്തിന്‍റെ ആഴം വ്യക്തമാകുന്നതാണ്.

തുടര്‍ന്ന് 2004 ല്‍ തല്‍സമയ റേഡിയോ സംവാദ പരിപാടിയില്‍ LGBTQ+ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചതിനു റേഡിയോ സിംബയ്ക്കുമേല്‍ ബ്രോഡ്‌കാസ്റ്റിംഗ് കൗണ്‍സില്‍ പിഴ ചുമത്തുകയും പരസ്യമായി ക്ഷമാപണം നടത്താന്‍ ഉത്തരവിടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ കാഠിന്യമുള്ളതായിമാറി. ഇതോടനുബന്ധിച്ച് ജൂലിയറ്റ് വിക്ടര്‍ മുകാസ ഉള്‍പ്പടെയുള്ള LGBTQ+ ആക്ടിവിസ്റ്റുകളുടെ വീടുകളില്‍ വ്യാപകമായി റെയ്ഡ് നടക്കുകയും ചെയ്തതോടെ LGBTQ+ കമ്മ്യൂണിറ്റിയുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നത്തിലായി.

ഒരു വര്‍ഷം പിന്നിടുന്നതിനു മുന്‍പു തന്നെ യോവേരി മുസേവേനി ഭരണഘടന ഭേദഗതി വരുത്തി സ്വവര്‍ഗ്ഗ വിവാഹം നിരോധിച്ചു. എരി തീയില്‍ എണ്ണയൊഴിക്കുന്ന പോലെ ഉഗാണ്ടയിലെ പ്രധാന പത്രങ്ങളിലൊന്നായ റെഡ് പെപ്പര്‍ സ്വവര്‍ഗ്ഗാനുരാഗികളായ 45 പേരുടെ പേരുവിവരങ്ങള്‍ പുറത്തു വിടുകയും ചെയ്തു.

Uganda Anti LGBTQ Bill

യാഥാസ്ഥിതിക മത – രാഷ്ട്രീയനേതാക്കളുടെ പിന്തുണ വേണ്ടുവോളം ലഭിച്ചതോടെ 2009 ല്‍ പാര്‍ലമെന്‍റ് അംഗമായ ഡേവിഡ്‌ ബഹാട്ടി കുപ്രസിദ്ധമായ ‘കില്‍ ദി ഗേയ്സ്‘ (സ്വവര്‍ഗ്ഗാനുരാഗികളെ കൊല്ലുക) എന്ന ബില്ല് അവതരിപ്പിക്കുകയുണ്ടായി. സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടാല്‍ വധശിക്ഷ നല്‍കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത് ഈ ബില്ലിലൂടെയാണ്. 2009 ലെ ഈ വിവാദ സ്വവർഗരതി വിരുദ്ധ ബിൽ അവതരിപ്പിക്കപ്പെട്ടതിനുശേഷം അന്താരാഷ്ട്ര തലത്തില്‍ കടുത്ത വിമര്‍ശനവും രോഷവും സര്‍ക്കാര്‍ നേരിട്ടു.

മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും വിദേശ ഗവൺമെന്‍റുകളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനത്തെക്കുറിച്ചും LGBTQ+ കമ്മ്യൂണിറ്റിക്കെതിരായ അക്രമം വർദ്ധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകള്‍  ഉന്നയിച്ചു. അന്താരാഷ്‌ട്ര തലത്തില്‍ നിന്നുള്ള കടുത്ത സമ്മർദത്തെ തുടര്‍ന്ന് വിവാദ ബിൽ സര്‍ക്കാരിനു ഉപേക്ഷിക്കേണ്ടി വന്നു.

എന്നാല്‍ അവിടെയും തീര്‍ന്നില്ല, വിവാദ ബില്ലിനെ പരിഷ്കരിച്ചുകൊണ്ട് 2014 ല്‍ പ്രസിഡന്‍റ് യോവേരി മുസേവേനി വീണ്ടും സ്വവർഗ്ഗരതി വിരുദ്ധ നിയമത്തില്‍ ഒപ്പുവച്ചു. ഈ നിയമം സ്വവർഗ്ഗലൈംഗികതയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുകയും LGBTQ+ അവകാശങ്ങൾക്കായി വാദിക്കുകയോ LGBTQ+ വ്യക്തികൾക്ക് പിന്തുണ നൽകുകയോ ചെയ്യുന്നതുൾപ്പെടെ സ്വവർഗരതിയുടെ ഏതുവിധേനയുമുള്ള പ്രോത്സാഹനത്തെ കുറ്റകരമായി കാണുകയും ചെയ്തു. നിയമം നടപ്പിലായതോടെ രാജ്യത്തെ LGBTQ+ കമ്മ്യൂണിറ്റിയ്ക്ക് നേരെയുള്ള വിവേചനങ്ങളും പീഡനങ്ങളും ഗണ്യമായി വര്‍ദ്ധിച്ചു, അവകാശങ്ങൾക്കായി പോരാടാനുള്ള അവരുടെ എല്ലാ ശ്രമത്തെയും നിശബ്ദമാക്കുകയും ചെയ്തു.

yoweri museveni

കഴിഞ്ഞ ദിവസം പാസ്സാക്കപ്പെട്ട ബില്ല് LGBTQ+ കമ്മ്യൂണിറ്റിക്കെതിരായ ഗവൺമെന്‍റിന്‍റെ ആക്രമണത്തിന്‍റെ തുടർച്ചയെ സൂചിപ്പിക്കുന്നതാണ്. സ്വവർഗ്ഗ ബന്ധങ്ങളുടെ ക്രിമിനൽവത്കരണം വിപുലീകരിക്കാനും LGBTQ+ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് കർശനമായ പിഴ ചുമത്താനും ബിൽ നിർദ്ദേശിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗികളെ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ശിക്ഷ നേരിടേണ്ടി വരുമെന്ന നിയമത്തിന്‍റെ ഭീഷണിയുടെ സ്വരം പുതിയ ബില്ലിന്‍റെ കാര്‍ക്കശ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഈ അവസ്ഥ വരും ദിനങ്ങളില്‍ കൂടുതല്‍ പീഡനങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഭയത്തിന്‍റെയും പാര്‍ശ്വവത്ക്കരണത്തിന്‍റെയും അരക്ഷിതമായ അന്തരീക്ഷത്തെ സൃഷ്ടിക്കുമെന്നതിലും സംശയമില്ല. 

Uganda Anti LGBTQ Bill

അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് പുതിയ ഈ ബില്ല്. LGBTQ+ കമ്മ്യൂണിറ്റിയിലുള്ള വ്യക്തികൾക്കെതിരായ വിവേചനം, പീഡനം, അക്രമം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരം ഈ സാഹചാര്യം വളര്‍ത്തുക തന്നെ ചെയ്യും, അവരുടെ മാനസികാരോഗ്യം, ക്ഷേമം, സംതൃപ്തമായ ജീവിതം നയിക്കാനുള്ള കഴിവ് എന്നിവയെ സാരമായി അവസ്ഥ ബാധിക്കുകയും ചെയ്യും. കൂടാതെ, ഈ ബില്ല് സമൂഹത്തിനു ദോഷകരമായ ഒട്ടേറെ ശീലത്തെ ഊട്ടിയുറപ്പിക്കുകയും അത് വരും തലമുറയെ പരസ്പര സ്നേഹമില്ലാത്തവരും സഹിഷ്ണുതയില്ലാത്തവരുമാക്കി മാറ്റുകയും ചെയ്യും. ഇത് ഉഗാണ്ടയുടെ യഥാദിശയിലുള്ള സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തുക തന്നെ ചെയ്യും. 

Uganda Anti LGBTQ Bill

കമ്പാലയിലെ ബില്ല് അവതരണത്തിനു പിന്നാലെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിയമനിർമ്മാണം പിൻവലിക്കാൻ ഉഗാണ്ടൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പിന്തിരിപ്പൻ നടപടികൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുക മാത്രമല്ല, LGBTQ+ അവകാശങ്ങളും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിൽ ആഗോളതലത്തിൽ കൈവരിച്ച പുരോഗതിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.

ലൈംഗിക ആഭിമുഖ്യമോ ലിംഗ വ്യക്തിത്വമോ പരിഗണിക്കാതെ എല്ലാ വ്യക്തികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഉഗാണ്ടയിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരേണ്ടതുണ്ട്. ഉപരോധങ്ങൾ, നയതന്ത്ര ശ്രമങ്ങൾ, വാദങ്ങള്‍ എന്നിവയ്ക്ക് നിയമ പരിഷ്കരണത്തിനായി പ്രേരിപ്പിക്കുന്നതിലും അവയുടെ മറ്റു വശങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പ്രോത്സാഹിപ്പിക്കുന്നതിലും മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതിന്‍റെയും സംരക്ഷിക്കുന്നതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലും നിർണായക പങ്ക് വഹിക്കാനാകും.

Anti Gay Bill

ഒരു ആഗോള സമൂഹമെന്ന നിലയിൽ, നാം ഓരോരുത്തരും ഉഗാണ്ടയിലെ LGBTQ+ കമ്മ്യൂണിറ്റികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും പുതിയ പിന്തിരിപ്പൻ നിയമനിർമ്മാണത്തെ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിക്കുകയും വേണം. ജാതി – മത – വര്‍ഗ്ഗ – വര്‍ണ്ണ വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യനെന്ന ഒറ്റക്കുടക്കീഴില്‍ ഒന്നിക്കേണ്ടതും ഈ വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും, സമത്വത്തോടെ ജീവിക്കാനും, മനുഷ്യാവകാശങ്ങളോടുള്ള ആദരവ് നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതും നീതിയുക്തവും പരസ്പര സൗഹൃദവുമുള്ള ഒരു സമൂഹത്തിന്‍റെ ആവശ്യമാണ്. ഈ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ വൈവിധ്യത്തെ വിലമതിക്കുന്ന, ഓരോ മനുഷ്യന്‍റെയുള്ളിലും അന്തർലീനമായ മഹത്വത്തെ ആഘോഷിക്കുന്ന ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയൂ.

 

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി