എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനം കര്‍ഷക കോളനിയിലെ മനോഹരനെ സ്വന്തം വീടിന് 20 മീറ്റര്‍ അപ്പുറത്ത് വളവുള്ള ഇടവഴിയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച് മുന്നോട്ടുനീക്കി ബൈക്ക് നിര്‍ത്തി എന്നതിന്റെ പേരിലാണ് മനോഹരന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. ദൃക്സാക്ഷികള്‍ പറയുന്നത് യാതൊരു പ്രകോപനവും ഇല്ലാതെ പൊലീസ് മനോഹരനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ്. അടിയുറച്ച ഇടതുപക്ഷ അനുഭാവിയായ മനോഹരന്‍ മരണപ്പെട്ടത് അതേ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസുകാരാലാണ്. മനോഹരനെ എന്തിന്റെ പേരിലാണ് കസ്റ്റഡിയില്‍ എടുത്തത് എന്നതിന് പൊലീസിന് കൃത്യമായ വിശദീകരണമില്ല. മര്‍ദ്ദിച്ച എസ്.ഐയെ സസ്പെന്റ് ചെയ്തെങ്കിലും ആഭ്യന്തര വകുപ്പിന്റെ കഴിവുകേടിനെ എങ്ങനെ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?