Mon. Dec 23rd, 2024

 

ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍ത്തോട് ബീച്ച് വരെ 7.5 കി.മീ ദൂരത്തിലാണ് നിലവില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മിച്ചിട്ടുള്ളത്. ഇതോടെ ചെല്ലാനക്കാരുടെ വര്‍ഷങ്ങളായുള്ള കടലാക്രമണ ഭീഷണിയ്ക്ക് പരിഹാരമായിരിക്കുകയാണ്. എന്നാല്‍ ചെല്ലാനത്തിന്റെ വടക്ക് വശത്തുള്ള ചെറിയകടവ്, കമ്പനിപ്പടി, കണ്ണമാലി, പുത്തന്‍തോട്, വേളാങ്കണ്ണി, ബസാര്‍, ചാളക്കടവ്, മാലാഖപ്പടി എന്നീ സ്ഥലങ്ങള്‍ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. 2022 ല്‍ കടല്‍ക്ഷോഭത്തില്‍ ടെട്രാപോഡ് കടല്‍ഭിത്തിയുള്ള ഭാഗങ്ങള്‍ സുരക്ഷിതമായപ്പോള്‍ കണ്ണമാലി, ചെറിയകടവ് ഭാഗങ്ങളില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. ഓരോ വര്‍ഷവും ന്യൂനമര്‍ദ്ദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അതിശക്തമായ കടല്‍ക്ഷോഭമായിരിക്കും ഉണ്ടാവുക. ഈ ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്.

2021 ജൂണ്‍ 10 നാണ് സംസ്ഥാന സര്‍ക്കാര്‍ ചെല്ലാനം തീര സംരക്ഷണ പദ്ധതി ആവിഷ്‌കരിക്കുന്നത്. പദ്ധതി പ്രകാരം 344 കോടി മുതല്‍ മുടക്കി 17.9 കിലോമീറ്റര്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണമാണ് നടക്കേണ്ടത്. ചെല്ലാനം ഹാര്‍ബര്‍ മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയാണ് പദ്ധതി പ്രദേശം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഘട്ട നിര്‍മാണം മാര്‍ച്ചില്‍ തുടങ്ങുമെന്ന് അറിയിച്ചെങ്കിലും ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയാക്കിയിട്ടില്ല. 2021 ലെ ടൗട്ടെ ചുഴലിക്കാറ്റില്‍ കണ്ണമാലി ചെറിയക്കടവ് ഭാഗങ്ങളിലെ കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്നു പോയിട്ടുണ്ട്. കടല്‍ക്ഷോഭത്തിന് ശേഷം പഞ്ചായത്തും ഇറിഗേഷന്‍ വകുപ്പും ചേര്‍ന്ന് നിര്‍മ്മിച്ച ജിയോ ബാഗുകള്‍ കൊണ്ടുള്ള താല്‍ക്കാലിക തടയണ മാത്രമാണ് ഇപ്പോള്‍ ആശ്വാസം. അതുകൊണ്ട് ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണം എന്നാണ് ഇവിടുത്തുകാരുടെ ആവശ്യം.

ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ചെല്ലാനം മുതല്‍ കടല്‍ക്ഷോഭ സാധ്യതയുള്ള എല്ലാ മേഖലയില്‍ നിന്നും മത്സ്യത്തൊഴിലാളികളോട് മാറിത്താമസിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2019 ല്‍ സര്‍ക്കാര്‍ തുടങ്ങിയ പുനര്‍ഗേഹം പദ്ധതി പ്രകാരമാണ് ഇവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കടല്‍ തീരങ്ങളില്‍ 50 മീറ്റര്‍ പരിധിയിലുള്ള സ്വന്തം സ്ഥലത്ത് വീടുവെച്ച് താമസിക്കുന്നവരെ തീരങ്ങളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുന്ന പദ്ധതിയാണിത്. വീടിനും സ്ഥലം വാങ്ങാനും ആകെ 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുക. കടല്‍ക്ഷോഭവും മറ്റും മുന്നില്‍ കണ്ടു കൊണ്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌ക്കരിച്ചത് എന്നിരിക്കെ കടല്‍ക്ഷോഭം ഉണ്ടാകാനുള്ള കാരങ്ങളെ പരിഹരിക്കാതെ എന്തിനാണ് സര്‍ക്കാര്‍ തീരദേശത്ത്നിന്നും മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നത്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.