ബ്രഹ്മപുരം തീപ്പിടിത്തം മൂലമുണ്ടായ മലിനീകരണത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഒഴിവാക്കി കിട്ടാൻ സുപ്രീം കോടതിയെയോ ഹൈകോടതിയെയോ സമീപിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ. ഇത് സംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ച് വരികയാണ്. കോർപറേഷന്റെ വാദം കേൾക്കാതെയാണ് തീരുമാനമെന്നും നഷ്ടം കണക്കാക്കാതെയാണ് പിഴ ചുമത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. ബ്രഹ്മപുരം വിഷയം ആവർത്തിക്കാതിരിക്കാൻ മാലിന്യ സംസ്കരണത്തിൽ കോർപറേഷൻ കർമ്മ പദ്ധതി തയ്യാറാക്കി. ഉറവിട മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്തവരിൽ നിന്ന് മാലിന്യം തരംതിരിച്ച് കോർപറേഷൻ തൊഴിലാളികൾ വീടുകളിലെത്തി ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രഹ്മപുരത്തേക്ക് എത്തുന്ന മാലിന്യം പരമാവധി കുറയ്ക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.