Thu. Jan 23rd, 2025

2024ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചരി​ത്ര വിജയം നേടുമെന്ന് പ്രവചിച്ച് ഇലോൺ മസ്‌ക്. ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് സംഭവിച്ചാൽ തീർച്ചയായും ട്രംപ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടും എന്നാണ് മസ്‌ക് ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് താൻ ജയിലിലടക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്നും തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും  രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്രംപ് ആരോപിച്ചു. 

പോൺ സ്റ്റാർ സ്റ്റോമി ഡാനിയലിന‌് 1,30,000 ഡോളർ നൽകിയ സംഭവത്തിൽ ട്രംപിനെതിരെ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി അന്വേഷണം നടത്തുകയാണ് . ട്രംപ‌് സ്റ്റോമി ഡാനിയലുമായി ബന്ധം പുലർത്തിയിരുന്നതായും 2016ലെ തെരഞ്ഞെടുപ്പുസമയത്ത‌് ഇവർ ഇക്കാര്യം പുറത്തുപറയാതിരിക്കാൻ പ്രചാരണ ഫണ്ടില്‍ നിന്ന് പണം നല്‍കിയെന്നുമാണ് ആരോപണം.  പിന്നീട് പണം നൽകിയിരുന്നുവെന്ന് സമ്മതിച്ച ട്രംപ് അത് പ്രചാരണഫണ്ടിൽ നിന്നല്ല എന്നും പറഞ്ഞിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.